Wednesday, March 21, 2012

ധവളപത്രത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് മാണി വ്യക്തമാക്കണം: ഐസക്

യുഡിഎഫ് സര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ധനമന്ത്രി കെ എം മാണി വ്യക്തമാക്കണമെന്ന് ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ ആവശ്യപ്പെട്ടു. ധവളപത്രത്തിലൂടെയും മറ്റു രൂപത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് മാണി നടത്തിയ പ്രചാരണങ്ങള്‍ തെറ്റാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ബജറ്റ് രേഖകളും വ്യക്തമാക്കുന്നു. ധവളപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ധനമന്ത്രി തയ്യാറായാല്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ഐസക് പറഞ്ഞു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തികപ്രതിസന്ധി ഉണ്ടായില്ല. സാമ്പത്തികവളര്‍ച്ച നേടാന്‍ സംസ്ഥാനത്തിനായി. റവന്യൂവരുമാനം വര്‍ധിച്ചു. കേന്ദ്രവിഹിതം കുറഞ്ഞിട്ടും വികസന-മൂലധനചെലവ് വര്‍ധിച്ചു. കടബാധ്യത സുസ്ഥിരസ്ഥിതിയിലെത്തി. ഇതെല്ലാം മറച്ചുവയ്ക്കാന്‍ , കണക്കുകള്‍ മൂടിവയ്ക്കാന്‍ ശ്രമിക്കുകയാണ് ധനമന്ത്രി. അദ്ദേഹം വാചകമടിയുടെ തടവുകാരനായിക്കഴിഞ്ഞു. ബജറ്റ് പ്രസംഗത്തിനുശേഷം മാണിക്കുണ്ടായ ദുരവസ്ഥ അത്യപൂര്‍വമാണ.് ഇത് സംസ്ഥാനത്തിന്റെ സാമ്പത്തികനയത്തെ വല്ലാതെ ബാധിക്കുന്നു. വലിയ കടബാധ്യതയാണെന്നും അത് കുറയ്ക്കണമെന്നുമാണ് മന്ത്രിയുടെ വാദം. ഈ വര്‍ഷം 3.5 ശതമാനം ധനകമ്മിയാകാമെന്ന് ധനകമീഷന്‍ അംഗീകരിച്ചിട്ടും ഇത് 2.74 ശതമാനമായി ചുരുക്കി. എന്നിട്ട് വലിയ കേമത്തമായി എന്നാണ് ധനമന്ത്രി അവകാശപ്പെടുന്നത്. ബജറ്റില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 705 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്. ധനകമ്മി ധനകമീഷന്‍ അംഗീകരിച്ചതുപോലെ 3.5ശതമാനമായി നിശ്ചയിച്ചിരുന്നുവെങ്കില്‍ 3000 കോടിയെങ്കിലും ഈ ആവശ്യത്തിനായി നീക്കിവയ്ക്കാമായിരുന്നു. ആഗോളമാന്ദ്യത്തിന്റെ അടിസ്ഥാനത്തില്‍ അഞ്ചുശതമാനത്തില്‍ കൂടുതലായി ധനകമ്മി നിര്‍ദേശിച്ചാണ് കേന്ദ്രബജറ്റ് അവതരിപ്പിച്ചിരിക്കുന്നതെന്നത് കാണാതെ പോകരുത്. കടബാധ്യത സുസ്ഥിരമെങ്കില്‍ കൂടുതല്‍ കടമെടുക്കാനുള്ള ആര്‍ജവം കാട്ടണം.

ട്രഷറിവഴി സമാഹരിക്കുന്ന വന്‍നിക്ഷേപം നാടിന്റെ വികസനത്തിനായി കടം എടുക്കുന്നതിനുള്ള അവസരമാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നത്. ശമ്പളവിതരണം ബാങ്ക്വഴിയാക്കിയതിലൂടെ അഞ്ചുവര്‍ഷത്തിനുള്ളില്‍ 5000 കോടിയോളം രൂപയുടെ ട്രഷറി നിക്ഷേപ സാധ്യതയാണ് നശിപ്പിക്കുന്നത്. മെച്ചപ്പെടുന്ന ധനകാര്യത്തിന്റെ സാധ്യത പ്രയോജനപ്പെടുത്താന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഇട്ടാവട്ടം രാഷ്ട്രീയത്തിന്റെ പേരില്‍ ബഹളം ഉണ്ടാക്കി ഇതിനിടയില്‍ വികസനസാധ്യതകള്‍ ഇല്ലാതാക്കുന്നു. നിക്ഷേപ പദ്ധതികള്‍ക്ക് പണം കണ്ടെത്താന്‍ സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയാണ് ആവശ്യം. ഇതിന് ഉദാഹരണമായ ഇ എം എസ് ഭവനപദ്ധതി യുഡിഎഫ് സര്‍ക്കാര്‍ നിര്‍ജീവമാക്കി. ബാങ്കുകള്‍ക്ക് പലിശ നല്‍കാത്തതിനാല്‍ അവസാന ഗഡുക്കള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല. വീടുകളുടെ നിര്‍മാണം പകുതി പൂര്‍ത്തിയായ നിലയില്‍ നിശ്ചലമായി. ചവറ് സംസ്കരണത്തിനും ശൗച്യാലയവും കാത്തിരിപ്പുകേന്ദ്രങ്ങളും നിര്‍മിക്കാനും പൊതു-സ്വകാര്യ- പഞ്ചായത്ത് പങ്കാളിത്തം ധനമന്ത്രി നിര്‍ദേശിക്കുന്നു. ലാഭേച്ഛയോടെ എത്തുന്ന സ്വകാര്യസംരംഭകര്‍ ഇത്തരം കാര്യങ്ങളില്‍ നിക്ഷേപത്തിന് തയ്യാറാകുമോ എന്നത് പരിശോധിക്കാന്‍ തയ്യാറാകണമെന്നും തോമസ് ഐസക് പറഞ്ഞു.

deshabhimani 210312

1 comment:

  1. യുഡിഎഫ് സര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ സമര്‍പ്പിച്ച ധവളപത്രത്തില്‍ ഉറച്ചുനില്‍ക്കുന്നുവോയെന്ന് ധനമന്ത്രി കെ എം മാണി വ്യക്തമാക്കണമെന്ന് ഡോ. ടി എം തോമസ് ഐസക് നിയമസഭയില്‍ ആവശ്യപ്പെട്ടു. ധവളപത്രത്തിലൂടെയും മറ്റു രൂപത്തിലും സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെക്കുറിച്ച് മാണി നടത്തിയ പ്രചാരണങ്ങള്‍ തെറ്റാണെന്ന് സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ടും ബജറ്റ് രേഖകളും വ്യക്തമാക്കുന്നു. ധവളപത്രത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ആവര്‍ത്തിക്കാന്‍ ധനമന്ത്രി തയ്യാറായാല്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കുമെന്നും ഐസക് പറഞ്ഞു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

    ReplyDelete