Wednesday, March 21, 2012

റേഷന്‍ ഡിപ്പോകളില്‍ റെയ്ഡ്; വന്‍ ക്രമക്കേട് കണ്ടെത്തി

സംസ്ഥാനത്ത് സിവില്‍ സപ്ലൈസ് ഓഫീസുകളിലും ഗോഡൗണുകളിലും റേഷന്‍ മൊത്തവ്യാപാര ഡിപ്പോകളിലും ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും വിജിലന്‍സ് നടത്തിയ റെയ്ഡില്‍ വ്യാപകമായ ക്രമക്കേടുകള്‍ കണ്ടെത്തി. തൊണ്ണൂറോളം മൊത്ത വിതരണ ഡിപ്പോകളിലും നൂറോളം ചില്ലറ വില്‍പ്പന കേന്ദ്രങ്ങളിലും സിവില്‍ സപ്ലൈസ് ഓഫീസുകളിലുമാണ് ചൊവ്വാഴ്ച ഒരേ സമയം റെയ്ഡ് നടത്തിയത്. തൊടുപുഴയിലെ മണ്ണെണ്ണ മൊത്തവ്യാപാര കടയില്‍നിന്നും മൂവാറ്റുപുഴയിലെ വാര്‍ണിഷ് കടയിലേക്ക് കടത്താന്‍ ശ്രമിച്ച 360 ലിറ്റര്‍ മണ്ണെണ്ണ പിടികൂടി. മിക്ക കടകളിലും അരിയും ഗോതമ്പും മണ്ണെണ്ണയും കണക്കില്‍ വളരെ കൂടുതലോ കുറവായോ കണ്ടെത്തി. തിരുവനന്തപുരം ചാലയില്‍ സിവില്‍ സപ്ലൈസ് ഡിപ്പോയില്‍ 14 ക്വിന്റല്‍ ഗോതമ്പ് അധികമായി കണ്ടെത്തി. പറവൂരിലെ ഒരു മൊത്തവ്യാപാര ഡിപ്പോയില്‍ 390 ക്വിന്റല്‍ അരിയും 860 ക്വിന്റല്‍ ഗോതമ്പും അധികമായി കണ്ടെത്തി. കിളിമാന്നൂരില്‍ 59 ക്വിന്റല്‍ പുഴുക്കലരിയും 111 ക്വിന്റല്‍ ഗോതമ്പും കുറവായി കണ്ടെത്തി. ഇവിടെ 110 ക്വിന്റല്‍ പച്ചരി അധികമാണ്. മാവേലിക്കരയില്‍ ഡിപ്പോയിലേക്ക് 65 ക്വിന്റല്‍ അരി എടുത്തുവെങ്കിലും ഡിപ്പോയില്‍ എത്തിയില്ല. വര്‍ക്കലയില്‍ 2007ല്‍ ലൈസന്‍സ് കാലാവധി കഴിഞ്ഞ മണ്ണെണ്ണ ഡിപ്പോ പ്രവര്‍ത്തിക്കുന്നതായും റെയ്ഡില്‍ കണ്ടെത്തി. സബ്സിഡിയോടെ ലിറ്ററിന് 14 രൂപ മാത്രം വിലയുള്ള മണ്ണെണ്ണ 40 രൂപയ്ക്കാണ് കരിഞ്ചന്തയില്‍ വില്‍ക്കുന്നത്.

പാലക്കാട് ജില്ലയിലെ ആലത്തൂര്‍ , ചിറ്റൂര്‍ , കല്ലേക്കാട് ഡിപ്പോകളിലും ക്രമക്കേട് കണ്ടെത്തി. ഇരിങ്ങാലക്കുട മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം സി പോളിന്റെ ഉടമസ്ഥതയില്‍ കത്തീഡ്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എം സി പോള്‍ റേഷന്‍ മൊത്തവിതരണ ഡിപ്പോയോട് അനുബന്ധിച്ച് അനധികൃത അരിപ്പൊടിക്കല്‍ മില്ലും പാക്കിങ് യൂണിറ്റും കണ്ടെത്തി. ഗോഡൗണില്‍ കണക്കില്‍പ്പെടാത്ത എഫ്സിഐ ലേബലുള്ള നൂറുചാക്കിലേറെ അരിയും ഗോതമ്പും കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ കൂടിയ അളവില്‍ റേഷന്‍ അരി സൂക്ഷിച്ചതായും വ്യക്തമായി. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം പി ജാക്സന്റെ പിതാവാണ് എം സി പോള്‍ . മുമ്പ് നിയമസഭയിലേക്കും പോള്‍ മത്സരിച്ചിട്ടുണ്ട്. പ്രദേശത്തെ ആദ്യകാല റേഷന്‍ ഡിപ്പോയായ ഇവിടെ അരിപൊടിപ്പിച്ച് പാക്കറ്റിലാക്കി വന്‍ തുകയ്ക്ക് വില്‍ക്കുന്നതായി ആരോപണമുണ്ട്.
ഇരിങ്ങാലക്കുട മാര്‍ക്കറ്റിലുള്ള തളിയത്ത് പോളിന്റെ ഉടമസ്ഥതയിലുള്ള മണ്ണെണ്ണ ഗോഡൗണില്‍ നടത്തിയ റെയ്ഡില്‍ 2300 ലിറ്റര്‍ മണ്ണെണ്ണ കണക്കില്‍പ്പെടാതെ സൂക്ഷിച്ചതായും വിജിലന്‍സ് കണ്ടെത്തി. മഞ്ചേരി, പെരിന്തല്‍മണ്ണ, തിരൂര്‍ , തിരൂരങ്ങാടി, പൊന്നാനി എന്നിവിടങ്ങളില്‍ കേന്ദ്രീകരിച്ചാണ് മലപ്പുറം ജില്ലയില്‍ റെയ്ഡ് നടന്നത്. പയ്യനാട് റേഷന്‍ കടയില്‍ 480 കിലോ റേഷന്‍ അരി കുറവാണെന്ന് കണ്ടെത്തി. പെരിന്തല്‍മണ്ണ മൊത്തവിതരണ കേന്ദ്രത്തില്‍ 180 ലിറ്റര്‍ മണ്ണെണ്ണയുടെ കുറവുണ്ട്. കൊല്ലം ജില്ലയിലെ 12 റേഷന്‍ പൊതുവിതരണകേന്ദ്രങ്ങളില്‍ വിജിലന്‍സ് റെയ്ഡ് നടന്നു. വ്യാപക ക്രമക്കേടുകള്‍ കണ്ടെത്തിയെന്നാണു സൂചന.


റേഷന്‍ ഡിപ്പോകളില്‍ വിജിലന്‍സ് റെയ്ഡ് കോണ്‍ഗ്രസ് നേതാക്കള്‍ മറിച്ചുവിറ്റത്ബിപിഎല്ലുകാര്‍ക്കുള്ള ഭക്ഷ്യധാന്യം

ജില്ലയില്‍ കോണ്‍ഗ്രസ് നേതാക്കളുടെ റേഷന്‍ ഡിപ്പോകളിലടക്കം വിജിലന്‍സ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയത് പൂഴ്ത്തിവയപ്പടക്കം വന്‍ ക്രമക്കേടുകള്‍ . ഇരിങ്ങാലക്കുടയില്‍ മുന്‍ നഗരസഭാ ചെയര്‍മാനും കോണ്‍ഗ്രസ് നേതാവുമായ എം സി പോളിന്റെ ഉടമസ്ഥതയിലും പുതുക്കാട്ട് മുന്‍ ബ്ലോക്ക് ഭാരവാഹി കെ എം ബാബുരാജിന്റെ കോതപറമ്പിലുള്ള ഡിപ്പോകളിലുമാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവര്‍ക്ക് നല്‍കാനുള്ളതടക്കം ഭക്ഷ്യധാന്യങ്ങള്‍ മറിച്ചുവില്‍ക്കാന്‍ സൂക്ഷിച്ചത് പിടിച്ചത്. മറ്റ് രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനയിലും മണ്ണെണ്ണയും ഭക്ഷ്യധാന്യവും മറിച്ചുകൊടുത്തതും കണക്കില്‍പ്പെടാത്ത അളവില്‍ സൂക്ഷിച്ചതുമായ ക്രമക്കേടുകള്‍ കണ്ടെത്തി. ബാബുരാജിന്റെ ഗോഡൗണില്‍ ബിപിഎല്‍ - എപിഎല്ലുകാര്‍ക്ക് കൊടുക്കേണ്ട രണ്ട് ക്വിന്റല്‍ പുഴുക്കലരി, നാലു ക്വിന്റല്‍ പച്ചരി, എപിഎല്ലുകാര്‍ക്ക് കൊടുക്കേണ്ട 16ക്വിന്റല്‍ പുഴുക്കലരിയും രണ്ട് ടണ്‍ ഗോതമ്പും വിതരണം ചെയ്യാതെ സൂക്ഷിച്ചിരിക്കുന്നതും പിടിച്ചെടുത്തിട്ടുണ്ട്. ജില്ലയില്‍ മൂന്നിടത്ത് വന്‍ ഗോഡൗണുകളുള്ള മൊത്ത വ്യാപാരി ബാബുരാജിന്റെ ഗോഡൗണില്‍നിന്ന് കരിഞ്ചന്തയിലേക്ക് കടത്തിയ രണ്ട് ലോഡ് ഗോതമ്പ് കഴിഞ്ഞ വര്‍ഷം പിടികൂടിയത് വന്‍ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഉന്നതന്റെ വലംകൈയായ ഇയാള്‍ സ്ഥാനമൊഴിഞ്ഞു. എന്നാല്‍ പാര്‍ടിയില്‍നിന്ന് പുറത്താക്കാതെ ഉന്നത നേതാവ് കാത്തു.

എം സി പോളിന്റെ ഉടമസ്ഥതയില്‍ ഇരിങ്ങാലക്കുട കത്തീഡ്രല്‍ ജങ്ഷനില്‍ പ്രവര്‍ത്തിക്കുന്ന എം സി പോള്‍ റേഷന്‍ ഹോള്‍സെയില്‍ ഡിപ്പോയില്‍ അനധികൃത അരിപൊടിക്കല്‍ മില്ലും പാക്കിങ് യൂണിറ്റും കണ്ടെത്തി. സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തിയതിനേക്കാള്‍ 1120 ക്വിന്റല്‍ റേഷനരി അധികം സൂക്ഷിച്ചതും പിടിച്ചെടുത്തു. എഫ്സിഐ ലേബലിലുള്ള ചാക്കുകളിലാണിവയുള്ളത്. ഡിസിസി ജനറല്‍ സെക്രട്ടറിയും മുന്‍ നഗരസഭാ ചെയര്‍മാനുമായ എം പി ജാക്സന്റെ പിതാവാണ് എം സി പോള്‍ . മറിച്ച് വില്‍പ്പനയടക്കം ഗുരുതര ക്രമക്കേടുകളാണ് ഇവിടെ വിജിലന്‍സ് റെയ്ഡില്‍ കണ്ടെത്തിയത്. ലൈസന്‍സില്ലാത്ത ഫ്ളവര്‍ മില്ലാണ് പോളിന്റെ ഡിപ്പോയില്‍ പ്രവര്‍ത്തിക്കുന്നത്. ബിപിഎല്‍ കാര്‍ഡുകാര്‍ക്ക് നല്‍കാനുള്ള ആറു ചാക്ക് ഗോതമ്പും അരിയും പൊടിച്ച് പാക്ക് ചെയ്യുന്നതിനായി സൂക്ഷിച്ചതും കണ്ടെത്തി. ബിപിഎല്ലുകാര്‍ക്ക് നല്‍കാനുള്ള ധാന്യം പൊടിച്ച പാക്കറ്റുകളിലാക്കി വില്‍പ്പനക്ക് സൂക്ഷിച്ചതും പിടിച്ചിട്ടുണ്ട്. നിത്യ ഫഡ് എന്ന ബ്രാന്റ് നെയിമിലാണ് ഇത് വില്‍ക്കുന്നത്. മാത്രമല്ല ഇയാള്‍ക്ക് സ്വന്തമായി ഒരു സൂപ്പര്‍ മാര്‍ക്കറ്റുമുണ്ടെന്ന് വിജിലന്‍സിന് വ്യക്തമായിട്ടുണ്ട്. പോളിനെതിരെ അവശ്യ വസ്തു ആക്ട് പ്രകാരം കേസെടുക്കാന്‍ ഇരിങ്ങാലക്കുട സിഐക്ക് നിര്‍ദേശം നല്‍കി. സംസ്ഥാനത്തുടനീളം റേഷന്‍ ഡിപ്പോകളില്‍ വിജിലന്‍സ് നടത്തിയ പരിശോധനയുടെ ഭാഗമായി ചൊവ്വാഴ്ച ഡിവൈഎസ്പി എസ് ആര്‍ ജ്യോതിഷ്കുമാറിന്റെ നേതൃത്വത്തിലാണ് ഇരിങ്ങാലക്കുടയില്‍ റെയ്ഡ് നടത്തിയത്. പ്രദേശത്തെ ആദ്യകാല റേഷന്‍ ഡിപ്പോയായ ഇവിടെ അരിപൊടിപ്പിച്ച് പാക്കറ്റിലാക്കി വന്‍ തുകയ്ക്ക് വില്‍ക്കുന്നതായി നേരത്തെ ആരോപണമുണ്ട്.


deshabhimani 210312

1 comment:

  1. റേഷന്‍ ഡിപ്പോകളില്‍ വിജിലന്‍സ് റെയ്ഡ് കോണ്‍ഗ്രസ് നേതാക്കള്‍ മറിച്ചുവിറ്റത്ബിപിഎല്ലുകാര്‍ക്കുള്ള ഭക്ഷ്യധാന്യം

    ReplyDelete