Tuesday, March 13, 2012

ശെന്തരുണിക്കാട്ടില്‍ സിംഹവാലനും കുട്ടിത്തേവാങ്കും


പുനലൂര്‍ : ശെന്തരുണിക്കാടുകള്‍ സിംഹവാലന്‍ കുരങ്ങുകളാലും അത്യപൂര്‍വയിനം കുട്ടിത്തേവാങ്കുകളാലും കരിങ്കുരങ്ങുകളാലും സമൃദ്ധം. ശെന്തരുണിയില്‍ മൂന്നുദിവസമായി നടത്തിയ കുരങ്ങുവര്‍ഗങ്ങളുടെ പ്രത്യേക സര്‍വ്വേയില്‍ പരിസ്ഥിതി സ്നേഹികള്‍ക്കും നിരീക്ഷകര്‍ക്കും ആഹ്ലാദമേകുന്ന നിരവധി കണ്ടെത്തലുകളുണ്ട്. 1990-കളില്‍ പ്രാഥമിക സര്‍വെ നടന്നിരുന്നുവെങ്കിലും വിപുലമായ രീതിയില്‍ കുരങ്ങുവര്‍ഗ സര്‍വ്വെ കിഴക്കന്‍ വനങ്ങളില്‍ നടത്തപ്പെട്ടത് ഇപ്പോള്‍ മാത്രമാണ്. തിരുവനന്തപരും യൂണിവേഴ്സിറ്റി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇ കുഞ്ഞുകൃഷ്ണന്റെയും ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ടിഎന്‍എച്ച്എസ്)യിലെ ഡോ. കലേഷിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ വിവിധ കോളേജുകളില്‍നിന്നുള്ള നാല്‍പ്പതോളം വിദ്യാര്‍ഥിവിദ്യാര്‍ഥിനികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വനപാലകരുമാണ് സര്‍വേയ്ക്കായി മുന്നു ദിവസം ഉള്‍വനത്തില്‍ സാഹസികമായി കയറിയത്.

ഉമയാര്‍ , റോക്ക്വുഡ്, കട്ടിളപ്പാറ, കല്ലാര്‍ , പാണ്ടിമൊട്ട, ദര്‍പ്പക്കുളം എന്നിവിടങ്ങളിലായിരുന്നു സര്‍വ്വെസംഘത്തിന്റെ ക്യാമ്പുകള്‍ . നൂറുകണക്കിന് സിംഹവാലന്‍ കുരങ്ങുകളെയും (ലയണ്‍ ടൈല്‍സ് മെക്കാക്കി), കരിങ്കുരങ്ങുകളെലും (നീലഗിരി ലങ്കൂര്‍) സര്‍വെസംഘം കണ്ടെത്തി ചിത്രങ്ങള്‍ പകര്‍ത്തി. ബോണറ്റ് മക്കാക്ക എന്ന സാധാരണ കുരങ്ങുകളും ഇവിടെ ധാരാളമുണ്ട്. അത്യപൂര്‍വമായി മാത്രം കാണപ്പെടുന്ന രാത്രീഞ്ചരന്മാരായ സ്ലെന്റര്‍ ലോറിസ് എന്ന കുട്ടിത്തേവാങ്കുകളെയും സര്‍വെസംഘത്തിന് നേരിട്ട് കാണാനായി. ആദിവാസികളുടെ സഹായത്തോടെ രാത്രി ഒന്നിനാണ് ഉള്‍വനത്തിലെ കൂറ്റന്‍ മരങ്ങളില്‍ ഇവയെ കണ്ടെത്തിയത്. കല്ലാര്‍ , കട്ടിളപ്പാറ എന്നിവിടങ്ങളിലാണ് കുട്ടിത്തേവാങ്കുകളെ കണ്ടത്. റോക്കുവുഡില്‍ ഇവയുടെ സാന്നിധ്യം തിരിച്ചറിയാനായി.

കേരളത്തില്‍ ആകെയുള്ള അഞ്ചിനം കുരങ്ങുവര്‍ഗങ്ങളില്‍ ഹനുമാന്‍ കുരങ്ങുകളൊഴികെ എല്ലാറ്റിനെയും ശെന്തരുണിക്കാട്ടില്‍ കാണാന്‍ കഴിഞ്ഞു. നിത്യഹരിത വനത്തിലാണ് സിംഹവാലന്‍ കുരങ്ങുകളുടെ സങ്കേതം. ശെന്തരുണിക്കാട്ടില്‍ സമൃദ്ധമായുള്ള വെടിപ്ലാവുകളുടെ ചക്കയാണ് ഇവയുടെ പ്രിയപ്പെട്ട ആഹാരം. പാണ്ടിമൊട്ട, ഉമയാര്‍ , റോക്ക്വുഡ്, ദര്‍പ്പക്കുളം എന്നിവിടങ്ങളിലാണ് സിംഹവാലന്‍ കുരങ്ങുകളെ കണ്ടെത്തിയത്. തമിഴ്നാട്ടിലെ കളക്കാട് മുണ്ടന്‍തുറ കടുവാസങ്കേതത്തില്‍നിന്ന് സിംഹവാലനും കരിങ്കുരങ്ങും ശെന്തരുണിക്കാട്ടിലേക്ക് എത്തുന്നുണ്ട്. കുരങ്ങുകളെത്തേടി ഉള്‍വനത്തില്‍ കയറിയ സര്‍വെസംഘത്തെ കല്ലാറില്‍ എതിരേറ്റത് പുള്ളിപ്പുലിയായിരുന്നു. പുലിയുടെ മുന്നിലകപ്പെട്ടവര്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അഞ്ച് മുതല്‍ എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ ഓരോദിവസവും വിവരങ്ങള്‍ ശേഖരിച്ചു.
(അരുണ്‍ മണിയാര്‍)

deshabhimani 130312

1 comment:

  1. ശെന്തരുണിക്കാടുകള്‍ സിംഹവാലന്‍ കുരങ്ങുകളാലും അത്യപൂര്‍വയിനം കുട്ടിത്തേവാങ്കുകളാലും കരിങ്കുരങ്ങുകളാലും സമൃദ്ധം. ശെന്തരുണിയില്‍ മൂന്നുദിവസമായി നടത്തിയ കുരങ്ങുവര്‍ഗങ്ങളുടെ പ്രത്യേക സര്‍വ്വേയില്‍ പരിസ്ഥിതി സ്നേഹികള്‍ക്കും നിരീക്ഷകര്‍ക്കും ആഹ്ലാദമേകുന്ന നിരവധി കണ്ടെത്തലുകളുണ്ട്. 1990-കളില്‍ പ്രാഥമിക സര്‍വെ നടന്നിരുന്നുവെങ്കിലും വിപുലമായ രീതിയില്‍ കുരങ്ങുവര്‍ഗ സര്‍വ്വെ കിഴക്കന്‍ വനങ്ങളില്‍ നടത്തപ്പെട്ടത് ഇപ്പോള്‍ മാത്രമാണ്. തിരുവനന്തപരും യൂണിവേഴ്സിറ്റി കോളേജിലെ ജന്തുശാസ്ത്രവിഭാഗം അസോസിയേറ്റ് പ്രൊഫസര്‍ ഇ കുഞ്ഞുകൃഷ്ണന്റെയും ട്രാവന്‍കൂര്‍ നാച്ചുറല്‍ ഹിസ്റ്ററി സൊസൈറ്റി (ടിഎന്‍എച്ച്എസ്)യിലെ ഡോ. കലേഷിന്റെയും നേതൃത്വത്തില്‍ കേരളത്തിലെ വിവിധ കോളേജുകളില്‍നിന്നുള്ള നാല്‍പ്പതോളം വിദ്യാര്‍ഥിവിദ്യാര്‍ഥിനികളും സന്നദ്ധസംഘടനാ പ്രവര്‍ത്തകരും വനപാലകരുമാണ് സര്‍വേയ്ക്കായി മുന്നു ദിവസം ഉള്‍വനത്തില്‍ സാഹസികമായി കയറിയത്.

    ReplyDelete