Tuesday, March 13, 2012

വിദേശ കപ്പലുകള്‍ക്ക് കേരള തീരം സുരക്ഷിതപാത; കപ്പല്‍ച്ചാല്‍ സാങ്കല്‍പ്പികം

കേരളതീരത്ത് കപ്പല്‍ച്ചാല്‍ വെറും സങ്കല്‍പ്പം. കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്തതിനാല്‍ ഇന്ത്യയുടെ തീരക്കടല്‍ വിദേശ കപ്പലുകള്‍ക്ക് സുരക്ഷിത പാത. വിദേശകപ്പലുകള്‍ക്കള്‍ക്ക് നിയമപരമായ ഒരു നിയന്ത്രണവും നിലവിലില്ലാത്ത ഏക സമുദ്രാതിര്‍ത്തി കേരളത്തിന്റേത്. കടലിലെ അപകടങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തില്‍ "സുരക്ഷ: തീരദേശത്തും കടലിലും" എന്ന വിഷയത്തില്‍ കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദത്തിലാണ് കേരള തീരത്ത് കപ്പലുകളുടെ അപഥസഞ്ചാരം ചര്‍ച്ചയായത്.

കേരളത്തിന്റെ സമുദ്രപരിധിയില്‍ കപ്പലുകള്‍ക്ക് സഞ്ചരിക്കാനുള്ള കപ്പല്‍ച്ചാല്‍ വെറും സങ്കല്‍പ്പമാണെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത് ക്യാപ്റ്റന്‍ ബിനു വര്‍ഗീസ് പറഞ്ഞു. കേരളതീരത്ത് കപ്പലുകള്‍ക്ക് കടന്നുപോകാനുള്ള ദൂരപരിധി അടയാളപ്പെടുത്തിയിട്ടില്ല. കേരള തീരത്തുനിന്ന് പന്ത്രണ്ടും പതിനഞ്ചും ഇരുപത്തഞ്ചും മൈല്‍ അകലെക്കൂടി കപ്പലുകള്‍ സാധാരണ സഞ്ചരിക്കാറുണ്ട്. കടലിലെ അടിയൊഴുക്കിനനുസരിച്ചും കപ്പിത്താന്മാര്‍ കേരള തീരത്തുകൂടിയുള്ള സഞ്ചാരപാത തെരഞ്ഞെടുക്കാറുണ്ട്. അടിയൊഴുക്ക് അനുകൂലമായാല്‍ ദിവസവും കുറഞ്ഞത് 50 മൈല്‍ അധികം കപ്പല്‍ ഓടിക്കാം. ഇന്ധനവും ലാഭിക്കാം. പകല്‍ 3.30നുശേഷം വേലിയിറക്കം തുടങ്ങുന്നതിനാല്‍ അതിനുമുമ്പ് തുറമുഖത്ത് കപ്പല്‍ എത്തിക്കാന്‍ കപ്പിത്താന്മാര്‍ ശ്രമിക്കും. അല്ലെങ്കില്‍ രാത്രി പുറംകടലില്‍ കാത്തുകിടക്കേണ്ടിവരും. അതിലൂടെ ദിവസം കുറഞ്ഞത് 25 ലക്ഷം രൂപയുടെ നഷ്ടം കപ്പലുടമയ്ക്ക് ഉണ്ടാകും. അത്തരമൊരു സാഹസത്തിന് കപ്പിത്താന്മാര്‍ തുനിയാറില്ല.

തീരത്തുനിന്ന് 200 മൈല്‍വരെ ഇന്ത്യയുടെ പ്രത്യേക സാമ്പത്തികമേഖലയാണ്. അവിടെ മത്സ്യബന്ധനത്തിനും പ്രകൃതിവിഭവങ്ങളുടെ ചൂഷണത്തിനും ഇന്ത്യയ്ക്കാണ് അവകാശം. അവിടെ വിദേശ ട്രോളറുകള്‍ കടക്കാന്‍ പാടില്ലെന്നാണ് നിയമം. എന്നാല്‍ , നമ്മുടെ തീരത്ത് നിയമലംഘനം വ്യാപകമാണ്. കേരള തീരത്ത് കപ്പലുകള്‍ക്ക് ചിട്ടയായ ട്രാഫിക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടത് അനിവാര്യമാണ്. അതുപോലെ കപ്പലുകള്‍ക്ക് കൃത്യമായ സഞ്ചാരപാതയും നിര്‍ണയിക്കണം. ഐക്യരാഷ്ട്രസഭ അംഗീകരിച്ച കപ്പലോട്ടനിയമം എല്ലാ രാജ്യങ്ങള്‍ക്കും ബാധകമാണ്. വലവിരിച്ച് നങ്കൂരമിട്ടിരിക്കുന്ന ബോട്ടുകള്‍ക്കിടയിലൂടെ കപ്പലുകള്‍ ഓടിച്ചുകയറ്റുന്നത് പതിവാണെന്ന് ഇറ്റാലിയന്‍ കപ്പലില്‍നിന്ന് വെടിയേറ്റ് രണ്ടു മത്സ്യത്തൊഴിലാളികള്‍ മരിച്ച സെന്റ് ആന്റണി ബോട്ടിന്റെ ഉടമ ഫ്രെഡി പറഞ്ഞു.

രാത്രി കൂട്ടമായി നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടുകളിലെ സിഗ്നല്‍ ലൈറ്റുകള്‍ കപ്പലുകള്‍ക്ക് 12 കിലോമീറ്റര്‍ ദൂരെനിന്ന് കാണാം. മൂന്നുവര്‍ഷത്തിനുള്ളിലാണ് തീരത്തുകൂടി കപ്പലുകള്‍ വന്നുതുടങ്ങിയത്. ജീവന്‍ പണയപ്പെടുത്തിയാണ് കടലില്‍ പോകുന്നത്. മാസം ഒന്നരലക്ഷം വരുമാനമുണ്ടായിരുന്ന ബോട്ടായിരുന്നു. രണ്ടുപേരുടെ മരണം സംഭവിച്ച ബോട്ടില്‍ പണിയെടുക്കാന്‍ ഇനി ആരും വരില്ലെന്നും അര്‍ഹമായ നഷ്ടപരിഹാരം ലഭിക്കണമെന്നും ഫ്രെഡി പറഞ്ഞു. അത്യാധുനിക സുരക്ഷാസംവിധാനങ്ങളും വാര്‍ത്താവിനിമയ ഉപകരണങ്ങളും മത്സ്യബന്ധനബോട്ടുകളില്‍ ഉറപ്പാക്കണം. 15 വയസ്സിനു താഴെയുള്ളവര്‍ കടലില്‍പോകുന്നത് ബാലവേലയായി കണക്കാക്കി കര്‍ശനമായി തടയണമെന്നും അഭിപ്രായം ഉയര്‍ന്നു. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ പിടിയില്‍ കഴിയുന്നവരില്‍ 35 ശതമാനം ഇന്ത്യക്കാരാണ്. 22 പേര്‍ ഇവിടെ ജയിലുകളിലുണ്ട്. മലയാളിയായ എ കെ ആന്റണി പ്രതിരോധമന്ത്രിയായിട്ടും അവരുടെ മോചനത്തിന് സര്‍ക്കാര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. "സമകാലികം-2012" ന്റെ ഭാഗമായാണ് സംവാദം സംഘടിപ്പിച്ചത്.

കപ്പലില്‍നിന്ന് വെടിവച്ചത് ഗുരുതര കുറ്റം

വല വിരിച്ച വിവരം കപ്പിത്താന്റെ ശ്രദ്ധയില്‍പെടുത്താന്‍ മത്സ്യത്തൊഴിലാളികള്‍ പങ്കായം ഉയര്‍ത്തി കപ്പലിനുനേരെ ബോട്ട് ഓടിച്ചുവരുന്നത് പതിവാണെന്ന് ക്യാപ്റ്റന്‍ ബിനു വര്‍ഗീസ് പറഞ്ഞു.

ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കപ്പലിലേക്ക് പാഞ്ഞുവന്ന ബോട്ട് കടല്‍ക്കൊള്ളക്കാരുടേതാണെന്ന് തെറ്റിദ്ധരിച്ച് വെടിവച്ചതാകാം. എന്നാല്‍ , നാവികര്‍ മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടി ഉതിര്‍ത്തത് ഗുരുതരമായ തെറ്റാണ്. മുന്നറിയിപ്പായി ആകാശത്തേക്കും വെള്ളത്തിലേക്കും വെടിവയ്ക്കാന്‍ മാത്രമാണ് അവര്‍ക്ക് അനുമതിയുള്ളത്. കപ്പലിലെ എല്ലാ ജീവനക്കാരും കപ്പിത്താന്റെ പൂര്‍ണ നിയന്ത്രണത്തിലാണ്. കപ്പിത്താന്റെ ഉത്തരവില്ലാതെ സുരക്ഷാഭടന്മാര്‍ക്ക് വെടിവയ്ക്കാന്‍ കഴിയില്ല. അപകടമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താനും കോസ്റ്റ് ഗാര്‍ഡിനെയും നാവികസേനയെയും വിവരം അറിയിക്കാനുമുള്ള ഉത്തരവാദിത്തം കപ്പലിനുണ്ട്. ആലപ്പുഴ തീരത്ത് ബോട്ട് ഇടിച്ചു തകര്‍ത്ത കപ്പല്‍ ലൈറ്റ് അണച്ച് വേഗംകൂട്ടി പോയത് ഭീരുത്വമാണെന്നും ക്യാപ്റ്റന്‍ ബിനു വര്‍ഗീസ് പറഞ്ഞു.

deshabhimani 130312

1 comment:

  1. കേരളതീരത്ത് കപ്പല്‍ച്ചാല്‍ വെറും സങ്കല്‍പ്പം. കടല്‍ക്കൊള്ളക്കാരുടെ ഭീഷണിയില്ലാത്തതിനാല്‍ ഇന്ത്യയുടെ തീരക്കടല്‍ വിദേശ കപ്പലുകള്‍ക്ക് സുരക്ഷിത പാത. വിദേശകപ്പലുകള്‍ക്കള്‍ക്ക് നിയമപരമായ ഒരു നിയന്ത്രണവും നിലവിലില്ലാത്ത ഏക സമുദ്രാതിര്‍ത്തി കേരളത്തിന്റേത്. കടലിലെ അപകടങ്ങള്‍ പതിവാകുന്ന പശ്ചാത്തലത്തില്‍ "സുരക്ഷ: തീരദേശത്തും കടലിലും" എന്ന വിഷയത്തില്‍ കൊല്ലം പ്രസ്ക്ലബ് സംഘടിപ്പിച്ച സംവാദത്തിലാണ് കേരള തീരത്ത് കപ്പലുകളുടെ അപഥസഞ്ചാരം ചര്‍ച്ചയായത്

    ReplyDelete