Friday, March 2, 2012

സമുദ്ര സുരക്ഷാ നിയമം ഇന്ത്യ നടപ്പാക്കിയില്ല

ഓരോ രാജ്യവും സമുദ്രപരിധി സുരക്ഷിതമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ ഐക്യരാഷ്ട്രസഭ 32 വര്‍ഷംമുമ്പ് നിര്‍ദേശിച്ചെങ്കിലും ഇന്ത്യ ഇതുവരെ നടപ്പാക്കിയില്ല. മാത്രമല്ല, 2009ല്‍ നടപ്പാക്കിയ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഇഷ്ടംപോലെ കടന്നുകയറാന്‍ അവസരമൊരുക്കി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഭീഷണിമൂലം പരമാവധി തീരത്തോടു ചേര്‍ന്ന് സഞ്ചരിക്കാന്‍ കപ്പല്‍കമ്പനികള്‍ നിര്‍ദേശിക്കുകകൂടി ചെയ്തതോടെ ഇന്ത്യന്‍ തീരക്കടലില്‍ മത്സ്യത്തൊഴിലാളി ജീവന് വിലയില്ലാതായി. കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവം ഇന്ത്യന്‍ തീരക്കടല്‍ കുരുതിക്കളമാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മറൈന്‍ ക്രൈംസ് വിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ തീരക്കടലില്‍ പ്രതിവര്‍ഷം ശരാശരി 56 പേര്‍ അപകടങ്ങളില്‍ മരിക്കുന്നു. ഇതു തടയാന്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

കപ്പലുകള്‍ തീരത്തോടു ചേര്‍ന്ന് സഞ്ചരിക്കുന്നത് അപകടഭീഷണി ഉയര്‍ത്തുന്നതായി മൂന്നുവര്‍ഷം മുമ്പുതന്നെ മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തെ അറിയിച്ചിരുന്നതായി മത്സ്യത്തൊഴിലാളി സംഘടനകള്‍ പറയുന്നു. എന്നാല്‍ , ഇതിനെതിരെയും നടപടിയുണ്ടായില്ല. കപ്പലുകളെ നിയന്ത്രിക്കാന്‍ കോസ്റ്റ്ഗാര്‍ഡും വേണ്ടത്ര ശ്രദ്ധിക്കുന്നില്ല. അന്താരാഷ്ട്ര കപ്പലോട്ട നിയമപ്രകാരം ഏതു രാജ്യത്തിന്റെയും തീരപ്രദേശംവഴി പ്രശ്നങ്ങളില്ലാതെ സഞ്ചരിക്കാനുള്ള അവകാശം (റൈറ്റ് ടു ഇന്നസെന്റ് പാസേജ്) കപ്പലുകള്‍ക്കുണ്ട്. എന്നാല്‍ , മറ്റു കടല്‍യാനങ്ങളുടെ സുരക്ഷ ഇവര്‍ ഉറപ്പുവരുത്തണം. ഇതിനുവേണ്ട സംവിധാനങ്ങള്‍ കപ്പലുകളിലുണ്ട്. 140 നോട്ടിക്കല്‍ മൈല്‍ വരെ അകലെയുള്ള വസ്തുക്കള്‍ കാണാനാവുന്ന ഉപകരണങ്ങള്‍ , നാവിഗേഷന്‍ ചാര്‍ട്ട്, ലോങ് റേഞ്ച് ഐഡന്റിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവയുമുണ്ട്. അപകടസാധ്യത കണ്ടാല്‍ കപ്പലിലെ നാവിഗേഷന്‍ ഓഫീസറുടെ നിര്‍ദേശം അനുസരിച്ച് പ്രവര്‍ത്തിക്കണം. മുമ്പില്‍ മറ്റ് യാനങ്ങള്‍ കണ്ടാല്‍ ഫോഗ്ഹോണ്‍ മുഴക്കണം. എന്നാല്‍ , അര്‍ത്തുങ്കലില്‍ അപകടം സൃഷ്ടിച്ച കപ്പല്‍ ഈ സംവിധാനങ്ങളൊന്നും ഉപയോഗിച്ചില്ല. അപകടം ഉണ്ടായാല്‍ ഉടന്‍ കപ്പല്‍ നങ്കൂരമിട്ട് ബന്ധപ്പെട്ടവരെ അറിയിക്കേണ്ടതിനു പകരം കപ്പലിലെ വിളക്കുകള്‍ അണച്ച് രക്ഷപ്പെടുകയാണ് ഇവര്‍ ചെയ്തതെന്ന് അപകടത്തിനിരയായ ബോട്ടിലെ തൊഴിലാളികള്‍ പറയുന്നു. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക ലെക്സിയും ചട്ടങ്ങള്‍ പാലിച്ചിരുന്നില്ല.

കടലില്‍ കപ്പലുകള്‍ അപകടത്തിനോ ആക്രമണത്തിനോ ഇരയായാല്‍ മുംബൈയിലെ മാരിടൈം റെസ്ക്യൂ കോ-ഓര്‍ഡിനേഷന്‍ സെന്ററില്‍ (എംആര്‍സിസി) അറിയിക്കണമെന്ന് നിയമമുണ്ട്. എന്നാല്‍ , ഇറ്റാലിയന്‍ കപ്പലും അര്‍ത്തുങ്കലില്‍ ബോട്ട് തകര്‍ത്ത കപ്പലും ഇതു പാലിച്ചില്ല. അര്‍ത്തുങ്കലിലെ കപ്പല്‍ ഇതുവരെ കണ്ടെത്താനാകാത്തത് രാജ്യത്തിന്റെ സുരക്ഷാപാളിച്ച കൂടുതല്‍ വ്യക്തമാക്കുന്നു. അപകടവിവരം അറിഞ്ഞശേഷം കപ്പല്‍ കണ്ടെത്തുന്നതില്‍ എംആര്‍സിസി കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. മാലദ്വീപ് തീരംമുതല്‍ പേര്‍ഷ്യന്‍ ഉള്‍ക്കടല്‍വരെയുള്ള കടല്‍യാനങ്ങളെ നിരീക്ഷിക്കുകയും സ്ഥാനം നിര്‍ണയിക്കുകയും ചെയ്യാവുന്ന ലോങ്റേഞ്ച് ട്രാക്കിങ് ആന്‍ഡ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം, ലോങ് റേഞ്ച് റഡാര്‍ എന്നീ ആധുനിക സംവിധാനങ്ങള്‍ ഉണ്ടായിട്ടും എംആര്‍സിസിക്ക് കപ്പല്‍ കണ്ടെത്താനായില്ല.
(അഞ്ജുനാഥ്)

deshabhimani 020312

1 comment:

  1. ഓരോ രാജ്യവും സമുദ്രപരിധി സുരക്ഷിതമാക്കുന്നതിന് നിയമനിര്‍മാണം നടത്താന്‍ ഐക്യരാഷ്ട്രസഭ 32 വര്‍ഷംമുമ്പ് നിര്‍ദേശിച്ചെങ്കിലും ഇന്ത്യ ഇതുവരെ നടപ്പാക്കിയില്ല. മാത്രമല്ല, 2009ല്‍ നടപ്പാക്കിയ മറൈന്‍ ഫിഷറീസ് റെഗുലേഷന്‍ ആക്ട് വിദേശ മീന്‍പിടിത്ത കപ്പലുകള്‍ക്ക് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ഇഷ്ടംപോലെ കടന്നുകയറാന്‍ അവസരമൊരുക്കി. സൊമാലിയന്‍ കടല്‍ക്കൊള്ളക്കാരുടെ ഭീഷണിമൂലം പരമാവധി തീരത്തോടു ചേര്‍ന്ന് സഞ്ചരിക്കാന്‍ കപ്പല്‍കമ്പനികള്‍ നിര്‍ദേശിക്കുകകൂടി ചെയ്തതോടെ ഇന്ത്യന്‍ തീരക്കടലില്‍ മത്സ്യത്തൊഴിലാളി ജീവന് വിലയില്ലാതായി. കേന്ദ്രസര്‍ക്കാരിന്റെ ഗുരുതരമായ അലംഭാവം ഇന്ത്യന്‍ തീരക്കടല്‍ കുരുതിക്കളമാക്കുകയാണ്. കേന്ദ്രസര്‍ക്കാരിന്റെ മറൈന്‍ ക്രൈംസ് വിഭാഗത്തിന്റെ കണക്കനുസരിച്ച് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ ഇന്ത്യന്‍ തീരക്കടലില്‍ പ്രതിവര്‍ഷം ശരാശരി 56 പേര്‍ അപകടങ്ങളില്‍ മരിക്കുന്നു. ഇതു തടയാന്‍ ഫലപ്രദമായ നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.

    ReplyDelete