Friday, March 2, 2012

നയരാഹിത്യം നിറഞ്ഞ തെരഞ്ഞെടുപ്പഭ്യാസം

ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗം യുഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രസംഗമായി തരംതാഴ്ന്നു. പുതിയ സഹസ്രാബ്ദഘട്ടത്തിന്റെ രണ്ടാം പതിറ്റാണ്ടിലൂടെയാണ് കേരളം നീങ്ങുന്നതെന്നതോ, ഈ കാലം മുന്നോട്ടുവയ്ക്കുന്ന വികസനസംബന്ധമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നതോ നയപ്രഖ്യാപനപ്രസംഗത്തില്‍ പ്രതിഫലിച്ചു കാണുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തെ വികസനത്തിനുള്ള കരട് നയരേഖയോ, താല്‍ക്കാലികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമരുളാനുള്ള നയസമീപനമോ പ്രസംഗത്തിലില്ല. നിത്യേനയെന്നോണം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിന്റെ ദാരുണ ചിത്രമോ കര്‍ഷക ജനസാമാന്യത്തിന്റെ ദുസ്സഹമായ കര്‍ഷകഭാരത്തിന് ഇളവു നല്‍കാനുള്ള മനോഭാവമോ ഇതിലില്ല. നടപ്പ് പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കര്‍മപരിപാടികളോ പുതിയ പദ്ധതികള്‍ ആസൂത്രണംചെയ്യാനുള്ള സന്നദ്ധതയോ ഇതിലില്ല.

മൂവായിരം കോടി രൂപയുടെ നീക്കിബാക്കി ഏറ്റെടുത്തു ആരംഭിച്ച യുഡിഎഫ് ഭരണം ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് സാമ്പത്തികപ്രതിസന്ധിയിലായി എങ്കില്‍ അതെങ്ങനെ എന്നതിന്റെ വിശദീകരണമില്ല. ഉണ്ടെന്നു പറയുന്ന സാമ്പത്തികപ്രതിസന്ധിയെ മുറിച്ചുകടക്കാനുള്ള വിഭവസമാഹരണ ശ്രമങ്ങളെക്കുറിച്ച് സൂചനപോലുമില്ല. പ്രഖ്യാപിക്കപ്പെട്ട കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികള്‍ രാഷ്ട്രീയ ഇടപെടലിലൂടെ അവതാളത്തിലാക്കിയതിന്റെ കാരണങ്ങളോ, അവ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമമോ നയപ്രഖ്യാപന പ്രസംഗത്തിലെവിടെയുമില്ല. ഭരണവുമായി ബന്ധപ്പെട്ട കര്‍ത്തവ്യത്തെ അപ്പാടെ മറക്കുന്നതും തെരഞ്ഞെടുപ്പു രാഷ്ട്രീയത്തിന്റെ സങ്കുചിതത്വത്തില്‍ പരിമിതപ്പെട്ടുപോയതുമായ ഒരു ചപ്പടാച്ചിയായി ഗവര്‍ണറുടെ നയപ്രഖ്യാപനം തരംതാണത് ഭരണാധികാരികളുടെ ഭാവനാരാഹിത്യത്തെയും പിടിപ്പുകേടിനെയും മാത്രമാണ് ജനസമക്ഷം വെളിവാക്കിത്തരുന്നത്. മുല്ലപ്പെരിയാറിന്റെ താഴ്വാരത്തിലെ ജലപ്രവാഹപ്രദേശത്താണ് പിറവം എന്നതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ടിനെക്കുറിച്ചു പറയുന്നുണ്ട്. ബജറ്റില്‍ പണം നീക്കിവച്ച് സമയബന്ധിതമായി അണക്കെട്ട് നിര്‍മിക്കുമെന്നല്ല, മറിച്ച് "പുതിയ ഡാം പണിയുന്നതിന് പ്രതിജ്ഞാബദ്ധമായ പതറാത്ത പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുകൊണ്ട് പ്രതിസന്ധിക്ക് രമ്യമായ പരിഹാരം സ്വാഗതംചെയ്യുന്നു" എന്നാണ് ഗവര്‍ണര്‍ പറയുന്നത്. ഇതിനെ ചപ്പടാച്ചി എന്നല്ലാതെ മറ്റെന്താണ് വിളിക്കുക. പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തില്‍ സമ്മര്‍ദം ചെലുത്തുമെന്നോ, അണക്കെട്ട് നിര്‍മിക്കുമെന്നോ, അതിന് ബജറ്റില്‍ പണം വകയിരുത്തുമെന്നോ ഒക്കെ പറഞ്ഞാല്‍ മനസ്സിലാക്കാം. എന്നാല്‍ , അതൊന്നും പറയാനില്ല. അതുകൊണ്ടാണ് "പ്രതിജ്ഞാബദ്ധമായ പതറാത്ത പ്രവര്‍ത്തനങ്ങള്‍" എന്നൊക്കെ ജനങ്ങള്‍ക്ക് അപരിചിതമായ സാഹിത്യം പറയുന്നത് എന്ന് ആര്‍ക്കാണ് മനസ്സിലാകാത്തത്. പിറവം ഉപതെരഞ്ഞെടുപ്പ് മുമ്പില്‍ വന്നുനില്‍ക്കുന്നതുകൊണ്ട് മുല്ലപ്പെരിയാര്‍ അണക്കെട്ട് നിര്‍മിക്കുമെന്ന് സര്‍ക്കാര്‍ പറഞ്ഞതായ പ്രതീതി വരുത്തണം; അതേസമയം, ഉത്തരവാദിത്തം ഏറ്റെടുക്കാതിരിക്കുകയും വേണം. അതിനുള്ളതാണ് യുഡിഎഫ് രാഷ്ട്രീയത്തിനുചേരുന്ന ഈ വഴുവഴുപ്പന്‍ ഭാഷ.

ഉപതെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് കുറെ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇതൊക്കെ പിറവത്തെ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള മൂന്നാംകിട വിദ്യകള്‍മാത്രം. അവിടത്തെ ജനങ്ങള്‍ ഇതില്‍ ഭ്രമിച്ചുവശാകുമെന്ന മിഥ്യാധാരണയിലായിരിക്കണം ഉമ്മന്‍ചാണ്ടിയും കൂട്ടരും. മുല്ലപ്പെരിയാര്‍ എന്ന് അലറിവിളിച്ച് കെ എം മാണിയും ജോസഫും മറ്റും ഡല്‍ഹിക്ക് പോയതും പഞ്ചപുച്ഛമടക്കി നിശബ്ദരായി തിരിച്ചുവന്ന് തപസനുഷ്ഠിക്കുന്നതും കാണാത്തവരല്ല പിറവത്തെ വോട്ടര്‍മാര്‍ . പ്രശ്നപരിഹാരത്തിനായി ഇടപെടും പ്രധാനമന്ത്രി എന്ന ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനവും തുടര്‍ന്ന് പ്രധാനമന്ത്രിയില്‍നിന്നുണ്ടായ പെരുമാറ്റരീതികളും തിരിച്ചറിയാന്‍ കഴിയാത്തവരല്ല പിറവത്തെ വോട്ടര്‍മാര്‍ . അവരെ മയക്കിക്കിടത്താന്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഉതകുന്നെങ്കില്‍ ഉതകട്ടെ എന്നേ യുഡിഎഫ് ചിന്തിക്കുന്നുണ്ടാകൂ. ഉപതെരഞ്ഞെടുപ്പുവേളയില്‍ പിറവത്തുപോയി തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളില്‍ പ്രഖ്യാപിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ആഗ്രഹിക്കുന്നതും തെരഞ്ഞെടുപ്പു കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടം ബാധകമാകുമെന്നതുകൊണ്ടുമാത്രം പ്രഖ്യാപിക്കാതിരിക്കുന്നതുമായ കുറെ മോഹനവാഗ്ദാനങ്ങളുണ്ട്. ആ മയക്കു വാഗ്ദാനങ്ങളൊക്കെ നയപ്രഖ്യാപന പ്രസംഗത്തില്‍ കുത്തിത്തിരുകിയിട്ടുമുണ്ട്.

തെരഞ്ഞെടുപ്പു കമീഷന്റെ മാതൃകാ പെരുമാറ്റച്ചട്ടത്തെ മറികടക്കാന്‍ യുഡിഎഫ് കണ്ട വിദ്യയാണോ ഈ നയപ്രഖ്യാപനപ്രസംഗമെന്ന് തോന്നും അതിലൂടെ കടന്നുപോകുമ്പോള്‍ . എല്‍ഡിഎഫ് സര്‍ക്കാരിനെ ഭര്‍ത്സിക്കാനുള്ള രാഷ്ട്രീയ വിഷവാക്കുകള്‍ അങ്ങിങ്ങായി നയപ്രഖ്യാപനപ്രസംഗത്തില്‍ വിതറിയിട്ടുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പദ്ധതി നടത്തിപ്പ് ശരിയായില്ല എന്നൊരു ആക്ഷേപം അതില്‍ കാണാം. വാര്‍ഷികപദ്ധതികള്‍ ലക്ഷ്യത്തിലെത്തിച്ച ചരിത്രമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുള്ളത്. പ്രതികൂല സാമ്പത്തികസാഹചര്യങ്ങളില്‍പ്പോലും മൊത്തം പദ്ധതി അടങ്കലിന്റെ 90 ശതമാനത്തിലേറെ നടപ്പാക്കിയിട്ടുണ്ട് എല്‍ഡിഎഫ് സര്‍ക്കാര്‍ . യുഡിഎഫോ? ഉമ്മന്‍ചാണ്ടി ഭരണത്തില്‍ സാമ്പത്തികവര്‍ഷം കഴിയാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കുന്ന ഈ ഘട്ടത്തിലും പദ്ധതിയുടെ 70 ശതമാനംവരെ നടപ്പാക്കാതെ വിട്ടുകളഞ്ഞിരിക്കുകയാണ്. പ്രഖ്യാപിക്കുന്ന പദ്ധതി വെട്ടിച്ചുരുക്കുകയും വെട്ടിച്ചുരുക്കിയ പദ്ധതിയുടെപോലും മുക്കാല്‍ പങ്കും നടപ്പാക്കാതെ വിടുകയുംചെയ്യുന്ന പിടിപ്പുകേടിന്റെ ഭരണാധികാരികളാണ് ഈ രാഷ്ട്രീയ വിമര്‍ശം നയപ്രഖ്യാപനപ്രസംഗത്തിലൂടെ ഗവര്‍ണറെക്കൊണ്ട് ഉന്നയിപ്പിച്ചത്!

കേരള ഹൈക്കോടതിയില്‍നിന്ന് തുടരെ നിശിത വിമര്‍ശങ്ങള്‍ യുഡിഎഫ് സര്‍ക്കാര്‍ ഏറ്റുവാങ്ങി നാലുനാള്‍ തികയുംമുമ്പാണ് സര്‍ക്കാര്‍ ആദരവും പ്രശംസയും പിടിച്ചുപറ്റിയെന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഗവര്‍ണറെക്കൊണ്ട് പറയിച്ചിരിക്കുന്നത്. കേന്ദ്രപദ്ധതികള്‍ കേരളത്തിന്റേതാക്കി അവതരിപ്പിക്കുക, മുമ്പേ പ്രഖ്യാപിച്ച പദ്ധതികള്‍ പുതുക്കി പ്രഖ്യാപിക്കുക എന്നിവയൊക്കെ നയപ്രഖ്യാപനപ്രസംഗത്തില്‍ ധാരാളമായി കാണാം. എന്നാല്‍ , ഏറെ അമ്പരപ്പിക്കുന്നത് പുതുതായി തുടങ്ങുന്ന സ്ഥാപനങ്ങളുടെ ലിസ്റ്റാണ്. ടിസിഎസ്, ഒറാക്കിള്‍ , കോഗ്നിസെന്റ് തുടങ്ങിയവയാണതിലുള്ളത്. ഇതു കണ്ടാല്‍ തോന്നുക, ഈ സ്വകാര്യസ്ഥാപനങ്ങളെല്ലാം യുഡിഎഫ് സര്‍ക്കാരിന്റെ ഡിപ്പാര്‍ട്മെന്റുകളാണ് എന്നാണ്. ആരെ കബളിപ്പിക്കാനാണ് ഈ തന്ത്രങ്ങള്‍ ? പുസ്തകം പ്രസിദ്ധീകരിച്ചതും മരം വച്ചുപിടപ്പിക്കുന്നതും ഒക്കെ സര്‍ക്കാരിന്റെ വമ്പന്‍ നേട്ടങ്ങളായി ഉയര്‍ത്തിക്കാണിക്കുന്ന നയപ്രഖ്യാപനപ്രസംഗം കര്‍ഷക ആത്മഹത്യാകാലം തിരികെ വന്നതും വൈദ്യുതികമ്മിയുടെ അവസ്ഥ തിരികെവന്നതും വര്‍ഗീയ പിരിമുറുക്കത്തിന്റെ അന്തരീക്ഷം സമൂഹത്തെ ചൂഴുന്നതും ഒക്കെ മറച്ചുപിടിക്കുന്നു. ചുരുക്കത്തില്‍ ഒമ്പതുമാസത്തെ ഭരണനിഷ്ക്രിയത്വത്തിനും വരുംനാളുകളിലേക്കുള്ള ആസൂത്രണരാഹിത്യത്തിനുംമാത്രം ദൃഷ്ടാന്തമാകുന്ന നയപ്രഖ്യാപനപ്രസംഗം യുഡിഎഫിന്റെ പൊള്ളയായ രാഷ്ട്രീയവാഗ്ദാനങ്ങള്‍ കുത്തിനിറച്ച ഒരു വലതുപക്ഷ കവലപ്രസംഗമായി തരംതാണിരിക്കുന്നു.

deshabhimani editorial 020312

1 comment:

  1. ഗവര്‍ണര്‍ എച്ച് ആര്‍ ഭരദ്വാജ് സര്‍ക്കാരിനുവേണ്ടി നിയമസഭയില്‍ നടത്തിയ നയപ്രഖ്യാപനപ്രസംഗം യുഡിഎഫിന്റെ ഉപതെരഞ്ഞെടുപ്പ് രാഷ്ട്രീയ പ്രസംഗമായി തരംതാഴ്ന്നു. പുതിയ സഹസ്രാബ്ദഘട്ടത്തിന്റെ രണ്ടാം പതിറ്റാണ്ടിലൂടെയാണ് കേരളം നീങ്ങുന്നതെന്നതോ, ഈ കാലം മുന്നോട്ടുവയ്ക്കുന്ന വികസനസംബന്ധമായ വെല്ലുവിളികളെ നേരിടേണ്ടതുണ്ടെന്നതോ നയപ്രഖ്യാപനപ്രസംഗത്തില്‍ പ്രതിഫലിച്ചു കാണുന്നില്ല. ദീര്‍ഘകാലാടിസ്ഥാനത്തെ വികസനത്തിനുള്ള കരട് നയരേഖയോ, താല്‍ക്കാലികാടിസ്ഥാനത്തില്‍ ജനങ്ങള്‍ക്ക് ആശ്വാസമരുളാനുള്ള നയസമീപനമോ പ്രസംഗത്തിലില്ല. നിത്യേനയെന്നോണം കര്‍ഷകര്‍ ആത്മഹത്യചെയ്യുന്നതിന്റെ ദാരുണ ചിത്രമോ കര്‍ഷക ജനസാമാന്യത്തിന്റെ ദുസ്സഹമായ കര്‍ഷകഭാരത്തിന് ഇളവു നല്‍കാനുള്ള മനോഭാവമോ ഇതിലില്ല. നടപ്പ് പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകാനുള്ള കര്‍മപരിപാടികളോ പുതിയ പദ്ധതികള്‍ ആസൂത്രണംചെയ്യാനുള്ള സന്നദ്ധതയോ ഇതിലില്ല.

    ReplyDelete