Tuesday, March 20, 2012

ഇന്ത്യന്‍ കടല്‍മത്സ്യസമ്പത്ത് കൊള്ളയടിക്കപ്പെടുന്നു

ഇന്ത്യയുടെ സമ്പന്നമായ മത്സ്യസ്രോതസുകള്‍ വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ ഒ പി) ഉപയോഗപ്പെടുത്തിയാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഈ പകല്‍ക്കൊള്ളയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോകത്തില്‍ അവശേഷിക്കുന്ന മികച്ച ടൂണ മത്സ്യസമ്പത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കകത്താണ്. ഈ കൊള്ള ദശലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനത്തെ തകര്‍ക്കും. മത്സ്യബന്ധന വ്യവസായത്തിന് പ്രതികൂലമാകും. രാജ്യത്തിന്റെ റവന്യൂവരുമാനത്തിനും സമുദ്ര ആവാസവ്യവസ്ഥക്കും ഹാനികരമാണ്.

കൊള്ളയ്ക്കുള്ള അനുമതിപത്രം (ലൈസന്‍സ് ടു ലൂട്ട്) എന്ന ഗ്രീന്‍പീസ് റിപ്പോര്‍ട്ടാണ് ഉത്കണ്ഠാജനകമായ വിവരങ്ങള്‍ പുറത്തുകൊണ്ടുവന്നത്. റിപ്പോര്‍ട്ടിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം (എന്‍ എഫ് എഫ്), അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ ഫിഷറീസ് ഇന്‍ഡസ്ട്രീസ് (എ ഐ എഫ് ഐ), ഗ്രീന്‍പീസ് ഇന്ത്യ എന്നീ സംഘടനകള്‍ എല്‍ ഒ പി പദ്ധതി അവസാനിപ്പിച്ച് പ്രശ്‌നത്തെപ്പറ്റിയുള്ള അന്വേഷണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി ശരദ്പവാറിനോടാവശ്യപ്പെട്ടു.
ഗ്രീന്‍പീസ് റിപ്പോര്‍ട്ട് പുറത്തിറക്കിക്കൊണ്ട് 'രാജ്യത്തിന്റെ മത്സ്യ മാനേജ്‌മെന്റ് എങ്ങനെ അപകടത്തിലാക്കാമെന്നതിന്റെ ഉത്തമോദാഹരണമാണ് എല്‍ ഒ പി പദ്ധതി' എന്ന് നാഷണല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറം ജനറല്‍ സെക്രട്ടറി ആര്‍ കെ പാട്ടീല്‍ പറഞ്ഞു.

എല്‍ ഒ പി പദ്ധതിയില്‍ നടക്കുന്ന നിയമലംഘനങ്ങളും നിയമവിരുദ്ധ ഇടപാടുകളും രാജ്യത്തിന് വന്‍നഷ്ടവും മത്സ്യബന്ധനത്തൊഴിലാളികള്‍ക്ക് ദാരിദ്ര്യവുമാണ് നല്‍കുന്നതെന്ന് പാട്ടീല്‍ പറഞ്ഞു.

നിയമവിരുദ്ധമായ ഇരട്ട രജിസ്‌ട്രേഷന്‍, പിടിച്ചെടുത്ത മത്സ്യം കരയില്‍ കൊണ്ടുവരാതെ കടത്തിക്കൊണ്ടുപോവുക, മൂന്നാമതൊരു രാജ്യത്തിന്റെ രജിസ്‌ട്രേഷന്‍ കൈവശപ്പെടുത്തി നടത്തുന്ന വ്യാജ ഇടപാടുകള്‍ എന്നിവയാണ് കൊള്ള നടക്കുന്ന വഴികള്‍.

janayugom 190312

1 comment:

  1. ഇന്ത്യയുടെ സമ്പന്നമായ മത്സ്യസ്രോതസുകള്‍ വന്‍തോതില്‍ കൊള്ളയടിക്കപ്പെടുന്നു. കേന്ദ്ര കൃഷിമന്ത്രാലയം നല്‍കുന്ന ലെറ്റര്‍ ഓഫ് പെര്‍മിറ്റ് (എല്‍ ഒ പി) ഉപയോഗപ്പെടുത്തിയാണ് വിദേശ മത്സ്യബന്ധന കപ്പലുകള്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഈ പകല്‍ക്കൊള്ളയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ലോകത്തില്‍ അവശേഷിക്കുന്ന മികച്ച ടൂണ മത്സ്യസമ്പത്ത് ഇന്ത്യന്‍ സമുദ്രാതിര്‍ത്തിക്കകത്താണ്. ഈ കൊള്ള ദശലക്ഷക്കണക്കിന് മത്സ്യബന്ധനത്തൊഴിലാളികളുടെ ജീവനത്തെ തകര്‍ക്കും. മത്സ്യബന്ധന വ്യവസായത്തിന് പ്രതികൂലമാകും. രാജ്യത്തിന്റെ റവന്യൂവരുമാനത്തിനും സമുദ്ര ആവാസവ്യവസ്ഥക്കും ഹാനികരമാണ്.

    ReplyDelete