Friday, March 2, 2012

കമ്പോളാധിഷ്ഠിത വിലനിയന്ത്രണം ആരോഗ്യ മേഖലയെ തകര്‍ക്കും: ഡോ. ബി ഇക്ബാല്‍


കമ്പോളാധിഷ്ഠിത വിലനിയന്ത്രണം നടപ്പാക്കുന്നതോടെ ആരോഗ്യമേഖലയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്ന് ഡോ. ബി ഇക്ബാല്‍ . സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘവും കെഎംഎസ്ആര്‍എയും സംയുക്തമായി സംഘടിപ്പിച്ച "ഇന്ത്യന്‍ ഔഷധവ്യവസായം എങ്ങോട്ട്?" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇതുവരെ ഉത്പാദന ചെലവിനനുസരിച്ചായിരുന്നു മരുന്നുകളുടെ വില നിശ്ചയിച്ചിരുന്നത്. എന്നാല്‍ കമ്പോളാധിഷ്ഠിത വില നിയന്ത്രണം പെ്രടോള്‍ , പ്രകൃതിവാതകം വിലവര്‍ധനവിനേക്കാള്‍ വലിയ ദുരന്തമാണ് വരുത്തിവയ്ക്കുക. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന നവ ഉദാരവത്കരണ നയങ്ങളുടെ ആദ്യ രക്തസാക്ഷിയാണ് ഔഷധ മേഖല. സ്വാതന്ത്ര്യത്തിന് ശേഷം ഈ മേഖലയില്‍ കൈവരിച്ച നേട്ടങ്ങള്‍ ഓരോന്നായി നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. പേറ്റന്റ് നിയമവും വിലനിയന്ത്രണ നിയമവും നിമിത്തം ഉണ്ടായ വലിയ നേട്ടങ്ങള്‍ നഷ്ടമാവുകയാണ്.

2005ല്‍ പേറ്റന്റ് നിയമം സമഗ്രമായി മാറ്റിയതോടെ വികസ്വര രാജ്യങ്ങളുടെ ഔഷധശാലയെന്ന് വിശേഷിക്കപ്പെട്ട ഇന്ത്യയിലെ സ്വകാര്യ- പൊതു മേഖല മരുന്ന് കമ്പനികള്‍ അടച്ചുപൂട്ടുകയാണ്. പേറ്റന്റ് ഏഴ് വര്‍ഷമെന്നത് 20 വര്‍ഷമായി വര്‍ധിപ്പിച്ചത് മരുന്നുകമ്പനികള്‍ക്ക് യഥേഷ്ടം വില വര്‍ധിപ്പിക്കാന്‍ വഴിയൊരുക്കി. വില നിയന്ത്രണ പട്ടികയില്‍ ഉണ്ടായ മരുന്നുകളുടെ എണ്ണം കുറച്ചു. വിദേശ കമ്പനികള്‍ ഇന്ന് ഇന്ത്യന്‍ ഔഷധമേഖലയെ വിഴുങ്ങുകയാണ്. ആഗോളതലത്തില്‍ വന്‍കിട മരുന്ന് കമ്പനികളുമായി മത്സരിച്ച് പിടിച്ചുനില്‍ക്കാനാകാതെ ഇന്ത്യന്‍ കമ്പനികള്‍ പിന്നോക്കം പോവുകയാണ്. എയ്ഡ്സിനെതിരായ മരുന്നുകളില്‍ 40 ശതമാനവും ഇന്ത്യയില്‍ ഉത്പാദിപ്പിക്കുന്നവയായിരുന്നു. പ്രക്രിയ പേറ്റന്റ് പ്രകാരം നവീകരണ മരുന്നുകള്‍ ആദ്യമെത്തിയത് ഇന്ത്യയിലായിരുന്നു. എന്നാല്‍ പേറ്റന്റ് നിയമം അഴിച്ചുപണിതതോടെ സ്ഥിതി മാറി. പല പുതിയ മരുന്നുകളും ഇന്ന് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയാത്ത സ്ഥിതിയാണുള്ളത്. മൊത്തം ആരോഗ്യച്ചെലവിന്റെ 65 ശതമാനവും ഔഷധത്തിന് വേണ്ടി മാറ്റിവയ്ക്കുന്ന കാഴ്ചയാണുള്ളത്. ചികിത്സക്ക് വേണ്ടി മാത്രം പണം ചെലവാക്കി മൂന്ന് കോടിയോളം പേരാണ് രാജ്യത്ത് ദരിദ്രരായി തീര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു.

ടൗണ്‍ഹാളില്‍ നടന്ന സെമിനാറില്‍ കെഎംഎസ്ആര്‍എ ജില്ലാ പ്രസിഡന്റ് വൈ മാധവപ്രസാദ് അധ്യക്ഷനായി. സിഐടിയു ദേശീയ പ്രവര്‍ത്തക സമിതി അംഗം അമിതാവ ഗുഹ, കെഎംഎസ്ആര്‍എ പ്രസിഡന്റ് ജി മധു, എഐഒസിഡി കോ- ഓര്‍ഡിനേറ്റര്‍ രമേഷ് കമ്മത്ത് എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം മെഡിക്കല്‍ സബ് കമ്മിറ്റി കണ്‍വീനര്‍ വി വി രാജ സ്വാഗതവും സി വത്സകുമാര്‍ നന്ദിയും പറഞ്ഞു.

deshabhimani 020312

1 comment:

  1. കമ്പോളാധിഷ്ഠിത വിലനിയന്ത്രണം നടപ്പാക്കുന്നതോടെ ആരോഗ്യമേഖലയുടെ തകര്‍ച്ച പൂര്‍ത്തിയാകുമെന്ന് ഡോ. ബി ഇക്ബാല്‍ . സിപിഐ എം 20-ാം പാര്‍ടി കോണ്‍ഗ്രസ് സ്വാഗതസംഘവും കെഎംഎസ്ആര്‍എയും സംയുക്തമായി സംഘടിപ്പിച്ച "ഇന്ത്യന്‍ ഔഷധവ്യവസായം എങ്ങോട്ട്?" എന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

    ReplyDelete