പശ്ചാത്തലസൗകര്യ വികസനത്തിന്റെ പേരില്‍ കാര്‍ഷികരംഗം പൂര്‍ണമായും സ്വകാര്യമേഖലയ്ക്ക് തീറെഴുതാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 2011-12 സാമ്പത്തിക സര്‍വേയിലെ നിര്‍ദേശം പൊതുബജറ്റില്‍ അതേപടി നടപ്പാക്കുകയാണ്. സാമ്പത്തികസര്‍വേയിലെ കൃഷിയും ഭക്ഷണവും എന്ന അധ്യായത്തിലാണ് സ്വകാര്യവല്‍ക്കരണം ത്വരിതപ്പെടുത്താനുള്ള നിര്‍ദേശമുള്ളത്. ചെറുകിട കര്‍ഷകരുടെ ആധിപത്യംമൂലം കാര്‍ഷികരംഗത്ത് ആധുനിക യന്ത്രവല്‍ക്കരണം സാധ്യമാക്കാന്‍ കഴിഞ്ഞില്ലെന്ന് സര്‍വേ പറയുന്നു. ഈ രംഗത്ത് വലിയ സ്വകാര്യ മുതല്‍മുടക്ക് ആവശ്യമാണെന്നും സര്‍വേ നിര്‍ദേശിക്കുന്നു. കാര്‍ഷികരംഗത്തെ ജലവിതരണം, ഗതാഗതം, വാര്‍ത്താവിനിമയം, സംഭരണം എന്നീ പ്രധാനമേഖലകളില്‍ സ്വകാര്യവല്‍ക്കരണം ശക്തമാക്കാനാണ് സര്‍ക്കാര്‍ തീരുമാനം. പുതിയ ജലപദ്ധതികള്‍ക്ക് സ്വകാര്യപങ്കാളിത്തം തേടുമെന്ന് ബജറ്റില്‍ ധനമന്ത്രി പ്രണബ് മുഖര്‍ജി പ്രഖ്യാപിച്ചു. ഇതോടെ ജലസേചനസൗകര്യത്തിന് വന്‍തുക കൊടുക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാകും.
കാര്‍ഷിക വിപണിയില്‍ നടപ്പാക്കേണ്ട പരിഷ്കരണവും സ്വകാര്യവല്‍ക്കരണം ലാക്കാക്കിയുള്ളതാണ്. പൊതുവിതരണ സംവിധാനത്തിന്റെ ആവശ്യത്തെക്കുറിച്ച് പറയുമ്പോഴും കര്‍ഷകരില്‍നിന്ന് നേരിട്ട് ഭക്ഷ്യധാന്യം ശേഖരിച്ച് വില്‍ക്കാന്‍ സ്വകാര്യമേഖലയെ അനുവദിക്കണമെന്നാണ് നിര്‍ദേശം. ഗുണമേന്മയുള്ള വിത്ത് കര്‍ഷകര്‍ക്ക് ലഭ്യമാക്കാന്‍ എന്ന പേരില്‍ വിദേശനിക്ഷേപം 100ശതമാനമാക്കിയിരുന്നു. ഭക്ഷ്യധാന്യങ്ങള്‍ സംഭരിക്കുന്നതിലും സ്വകാര്യവല്‍ക്കരണത്തിന്റെ പ്രാധാന്യമാണ് സാമ്പത്തികസര്‍വേ എടുത്തുകാട്ടുന്നത്. കേന്ദ്രപൂളിന്റെ സംഭരണ ശേഷിയിലെ കുറവ് പരിഹരിക്കാന്‍ സ്വകാര്യ സംരംഭക ഗ്യാരന്റി സ്കീമില്‍ ഉള്‍പ്പെടുത്തി 19 സംസ്ഥാനങ്ങളില്‍ ഗോഡൗണുകള്‍ നിര്‍മിക്കാനാണ് നീക്കം. സംഭരണത്തിലെ പ്രശ്നം പരിഹരിക്കാന്‍ നിയമിച്ച ഉന്നതതല സമിതി 151 ലക്ഷം ടണ്‍ സംഭരണശേഷിയുള്ള ഗോഡൗണ്‍ നിര്‍മിക്കാന്‍ അംഗീകാരം നല്‍കി. ഇതും സ്വകാര്യപങ്കാളിത്തത്തോടെയാണ്. കാര്‍ഷിക വളര്‍ച്ചാനിരക്ക് നടപ്പ് പഞ്ചവത്സര പദ്ധതിക്കാലത്ത് പ്രതീക്ഷിച്ചതിലും താഴെയാണ്. നാലുശതമാനം വളര്‍ച്ചയാണ് ലക്ഷ്യമിട്ടതെങ്കിലും നേടാനായത് 3.28 ശതമാനമാണ്.
(പി വി അഭിജിത്)
deshabhimani 190312
No comments:
Post a Comment