Monday, March 19, 2012

നികുതി വര്‍ധന വിലക്കയറ്റം ഉണ്ടാക്കില്ലെന്ന് പ്രണബ്

എക്സൈസ്- സേവന നികുതികള്‍ വര്‍ധിപ്പിച്ചത് വന്‍ വിലക്കയറ്റത്തിന് ഇടയാക്കില്ലെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി. ചെറിയതോതിലുള്ള വിലക്കയറ്റത്തിന് മാത്രമാണ് സാധ്യതയെന്ന് ധനകാര്യ പത്രങ്ങളിലെ മുതിര്‍ന്ന എഡിറ്റര്‍മാരുമായി നടത്തിയ മുഖാമുഖത്തില്‍ ധനമന്ത്രി പറഞ്ഞു.

എക്സൈസ്- സേവന നികുതികള്‍ രണ്ടുശതമാനം വര്‍ധിപ്പിച്ചത്് പണപ്പെരുപ്പത്തിന് വഴിയൊരുക്കില്ല. നേരിയ മാറ്റത്തിനെ സാധ്യതയുള്ളൂ. എക്സൈസ് തീരുവ രണ്ടുശതമാനം വര്‍ധിപ്പിച്ചത് പുതിയ നികുതി ചുമത്തലല്ല. 2008ല്‍ ആഗോളസാമ്പത്തികമാന്ദ്യത്തെ തുടര്‍ന്ന് വെട്ടിക്കുറച്ച നികുതിയുടെ ഒരു ഭാഗം പുനഃസ്ഥാപിച്ചതാണ്. 2008ന് മുമ്പ് 14 ശതമാനമായിരുന്നു എക്സൈസ് തീരുവ. ധനബില്ല് പാര്‍ലമെന്റ് പാസാക്കിയ ശേഷം ജൂണ്‍മുതല്‍ മാത്രമേ പുതിയ സേവന നികുതി നിലവില്‍ വരൂ. സേവന നികുതിയില്‍നിന്ന് ഒഴിവാക്കിയ സേവനങ്ങളുടെ പട്ടിക സര്‍ക്കാര്‍ അടുത്തുതന്നെ വിജ്ഞാപനം ചെയ്യും. ഈ മാസം അവസാനത്തോടെ പണപ്പെരുപ്പം 6.5- 7 ശതമാനത്തിലെത്തി സ്ഥിരത കൈവരിക്കുമെന്നാണ് പ്രതീക്ഷ. അടുത്ത സാമ്പത്തികവര്‍ഷം ഈ നിരക്കില്‍ പണപ്പെരുപ്പം തുടര്‍ന്നേക്കും. എക്സൈസ്- സേവന നികുതികള്‍ വര്‍ധിപ്പിച്ചത് ഒറ്റപ്പെട്ട നടപടിയല്ല. ചരക്കു-സേവന നികുതി രീതിയിലേക്ക് രാജ്യത്തെ കൊണ്ടുപോകുന്നതിന്റെ ഭാഗമാണ്. ആകെ നികുതിവരുമാനത്തിന്റെ 15 ശതമാനം സേവനമേഖലയില്‍നിന്ന് ലഭിക്കുന്ന സ്ഥിതിവിശേഷം അടുത്തുതന്നെയുണ്ടാകും. സേവനനികുതി ഇനത്തില്‍ ഈ വര്‍ഷം 16,600 കോടി രൂപയുടെ അധികവരുമാനമാണ് പ്രതീക്ഷിക്കുന്നത്. 2012-13 സാമ്പത്തികവര്‍ഷം 1,24,000 കോടി രൂപയാണ് സേവനനികുതിയിനത്തില്‍ പ്രതീക്ഷിക്കുന്നത്. ചെറിയ നികുതി വര്‍ധന ഉപഭോക്തൃ ഉല്‍പ്പന്നങ്ങളുടെയും മറ്റ് ഉല്‍പ്പന്നങ്ങളുടെയും ചോദനത്തെ(ആവശ്യകത) ബാധിക്കുമെന്ന വാദത്തിലും കഴമ്പില്ല.

മൂലധന വിപണിക്ക് ഉണര്‍വ് പകരാന്‍ ഒട്ടേറെ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പശ്ചാത്തലസൗകര്യത്തിനും കോര്‍പറേറ്റ് മേഖലയ്ക്കും കൂടുതല്‍ വിഭവങ്ങള്‍ ഒരുക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു. വിദേശത്തുനിന്നുള്ള കടമെടുപ്പ് കൂടുതല്‍ ഉദാരമാക്കിയത് സാമ്പത്തികപ്രവര്‍ത്തനങ്ങള്‍ക്ക് ഉത്തേജനമാകും. ആഭ്യന്തര ചോദനത്തിന്റെ കരുത്തിലുള്ള വളര്‍ച്ചയ്ക്കാണ് ബജറ്റ് ഊന്നല്‍ നല്‍കുന്നത്. ആഗോളസാമ്പത്തികാവസ്ഥ അത്ര മെച്ചമല്ലാത്ത സാഹചര്യത്തില്‍ ഇതാണ് മികച്ച തന്ത്രം. ഗ്രാമീണ ചോദനം ഉയര്‍ത്തുന്നതിനും നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയിലെ സ്വത്തുക്കള്‍ ഉള്‍പ്പെടുന്ന ലയനങ്ങള്‍ക്കും ഏറ്റെടുക്കലുകള്‍ക്കും അവ വിദേശരാജ്യങ്ങളിലാണ് നടക്കുന്നതെങ്കില്‍പോലും നികുതി ചുമത്താനുള്ള തീരുമാനം വിദേശനിക്ഷേപത്തെ ബാധിക്കില്ല. നികുതിയെ ആശ്രയിച്ചല്ല വിദേശനിക്ഷേപം നിലകൊള്ളുന്നത്. ആഭ്യന്തരവിപണി, കുറഞ്ഞ ചെലവില്‍ പ്രവര്‍ത്തന സാഹചര്യം, വിദഗ്ധ തൊഴിലാളികള്‍ എന്നിവയെല്ലാം ആശ്രയിച്ചാണിതെന്നും മുഖര്‍ജി പറഞ്ഞു.

deshabhimani 190312

No comments:

Post a Comment