Saturday, March 10, 2012

നാടുവാഴുന്ന ഖനിമാഫിയ

മധ്യപ്രദേശില്‍ ഖനി മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ ചന്ദ്രികറായിയും കുടുംബവും കൊലചെയ്യപ്പെട്ടത് ഫെബ്രുവരി 18നാണ്. നവഭാരത് എന്ന ഹിന്ദി പത്രത്തിനും ഹിതവാദ എന്ന ഇംഗ്ലീഷ് പത്രത്തിനും വാര്‍ത്തകള്‍ എഴുതിയിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായി, ഭാര്യ ദുര്‍ഗ, മക്കളായ ജലജ്, നിഷ എന്നിവരെ ഭോപാലിലെ വസതിയില്‍വച്ചാണ് ഖനി മാഫിയാസംഘം വെട്ടി കൊലപ്പെടുത്തിയത്. ഉമാരിയ ജില്ലയിലെ അനധികൃത ഖനനത്തെക്കുറിച്ച് ചന്ദ്രികാറായി നിരന്തരം എഴുതിയ വാര്‍ത്തകളാണ് കൂട്ടക്കൊലപാതകത്തിന് ഖാനിമാഫിയയെ പ്രേരിപ്പിച്ചത്. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിയും ഭരണ സംവിധാനങ്ങളെ ഉള്ളംെകൈയിലൊതുക്കിയും ഖനിമാഫിയ ഭൂമിതുരന്നപ്പോള്‍ ചന്ദ്രികാറായി വാര്‍ത്തകളിലൂടെ പ്രതിരോധം തീര്‍ത്തു.

ഖനിമുതലാളിമാരുടെ രക്ഷകര്‍തൃത്വം പ്രാദേശിക ബിജെപി നേതാവിനാണ്. ആ നേതാവിന്റെ പേരെടുത്തുപറഞ്ഞ്, മാഫിയ- രാഷ്ട്രീയ കൂട്ടുകെട്ടിനെ അദ്ദേഹം തുറന്നുകാട്ടി. പ്രലോഭനവും ഭീഷണിയും ഫലിക്കാതെ വന്നപ്പോള്‍ റായിയെ കുടുംബത്തോടെ ഉന്മൂലനംചെയ്തു. മധ്യപ്രദേശില്‍ ഇത്തരം സംഭവങ്ങള്‍ പതിവായിരിക്കുന്നു. അതിന്റെ ഒടുവിലത്തെ ഇരയാണ്, അനധികൃത ഖനനം തടയാന്‍ ശ്രമിക്കവെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയ ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ സിങ് (30). ബാന്‍മോര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറായ സിങ് മൊറേന ജില്ലയിലെ ബാന്‍മോറിലാണ് ചതഞ്ഞരഞ്ഞ് മരിച്ചത്. ജാര്‍ഖണ്ഡിലെ ഗോത്രവര്‍ഗക്കാര്‍ പാര്‍ക്കുന്ന ഭൂമിയില്‍ കല്‍ക്കരി ഖനനം നടത്തുന്ന സ്വകാര്യ ഖനന സ്ഥാപനത്തിനെതിരെ പ്രതിഷേധിച്ചതിനാണ് മലയാളി കന്യാസ്ത്രീ സിസ്റ്റര്‍ വല്‍സാ ജോണി (52)നെ കൊലപ്പെടുത്തിയതും. ജാര്‍ഖണ്ഡിലെ പാകൂര്‍ ജില്ലയില്‍ കത്തോലിക്കാ സഭയിലെ സിസ്റ്റേഴ്സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി മഠത്തിലെ സിസ്റ്റര്‍ വല്‍സയെ വീട്ടില്‍ക്കയറിയാണ് ഖനി മാഫിയയുടെ വാടകഗുണ്ടകള്‍ കൊലപ്പെടുത്തിയത്.

മധ്യപ്രദേശില്‍ മാത്രം ഒതുങ്ങുന്നതല്ല, പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്നവരുടെ തേര്‍വാഴ്ച എന്നാണ് സിസ്റ്റര്‍ വല്‍സ സംഭവം തെളിയിച്ചത്. മാധ്യമപ്രവര്‍ത്തകനും കന്യാസ്ത്രീയും മാത്രമല്ല, പൊലീസ് സേനയെ നയിക്കാന്‍ നിയോഗിക്കപ്പെടുന്ന ഉന്നത ഉദ്യോഗസ്ഥനെയും തങ്ങള്‍ കൊല്ലും എന്ന പ്രഖ്യാപനമാണ് നരേന്ദ്രകുമാര്‍ സിങ്ങിനെ പൈശാചികമായി കൊലപ്പെടുത്തിയതിലൂടെ ഖനിമാഫിയ നടത്തിയത്. മുംബൈ- ആഗ്ര ദേശീയപാതയില്‍ ബാന്‍മോറിനടുത്ത് പട്രോളിങ് നടത്തവെ, പാറക്കഷണങ്ങള്‍ നിറച്ചുവന്ന ട്രാക്ടര്‍ നിര്‍ത്തിക്കാന്‍ ശ്രമിച്ചതേയുള്ളൂ നരേന്ദ്രകുമാര്‍ . നിര്‍ത്താതെ പോയപ്പോള്‍ പിന്തുടര്‍ന്ന് മുന്നിലെത്തിയ ഓഫീസറെ ട്രാക്ടര്‍ ഡ്രൈവര്‍ ഇടിച്ചുവീഴ്ത്തുകയാണുണ്ടായത്. കൊലപാതകത്തിനുപിന്നില്‍ ഖനിമാഫിയ ആണെന്ന് പൊലീസ് മേധാവികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

അനധികൃത ഖനന പ്രവര്‍ത്തനങ്ങളില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്, പങ്കുണ്ടെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദിഗ്വിജയ് സിങ് ആരോപിച്ചിട്ടുണ്ട്. ചൗഹാന്റെയും ബിജെപി നേതാക്കളുടെയും ഒത്താശയോടെയാണ്&ലമരൗലേ;ഖനി മാഫിയ പ്രവര്‍ത്തിക്കുന്നതെന്നും ദിഗ്വിജയ് സിങ്ങ് പറയുന്നു. ബിജെപിയായാലും കോണ്‍ഗ്രസായാലും ഇത്തരം മാഫിയകളുടെ സംരക്ഷണം മടിയില്ലാതെ ഏറ്റെടുക്കുന്നു എന്നതാണ് വാസ്തവം. പ്രകൃതിസമ്പത്ത് കൊള്ളയടിച്ച് കോടികള്‍ കൊയ്യുന്ന സംഘങ്ങളുടെ ഒത്താശക്കാരായി ഭരണാധികാരികള്‍ മാറുകയാണ്. മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ഒഡിഷ, ബിഹാര്‍ , ഗോവ, ആന്ധ്രപ്രദേശ്, ഛത്തീസ്ഗഢ്, കര്‍ണാടക സംസ്ഥാനങ്ങളിലെല്ലാം ഏറിയും കുറഞ്ഞും ഈപ്രവണത കാണാം. കര്‍ണാടകയിലെ ബെല്ലാരി ജില്ലയില്‍ ഖനി മാഫിയ തലവന്മാരായ റെഡ്ഡി സഹോദരന്മാര്‍ യെദ്യൂരപ്പ സര്‍ക്കാരില്‍ മന്ത്രിമാരായിരുന്നു. ബിജെപി നേതാവും പ്രതിപക്ഷ നേതാവുമായ സുഷമസ്വരാജിന്റെ അടുപ്പക്കാരാണ് ഈ സഹോദരന്മാര്‍ എന്നതും രഹസ്യമല്ല. കര്‍ണാടക അതിര്‍ത്തിയോടുചേര്‍ന്ന ആന്ധ്രയില്‍ കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. റെഡ്ഡി സഹോദരന്മാര്‍ നടത്തുന്ന ഖനനത്തില്‍ അവിടെ കോണ്‍ഗ്രസാണ് പങ്കാളികള്‍ . മധ്യപ്രദേശില്‍ കോണ്‍ഗ്രസ് നേതാക്കളാണ് അനധികൃത ഖനനക്കാര്‍ക്കുവേണ്ടി കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍ ഒഴിവാക്കുന്നത്. ഖനന മേഖലയില്‍ മാത്രം 10,000 മാഫിയാ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നെന്നാണ് പൊലീസിന്റെ കണക്ക്.

ഖനിമാഫിയക്കെതിരെ പൊലീസ് എടുക്കുന്ന ഒരു കേസില്‍പ്പോലും പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ല. "സൗത്ത് ഈസ്റ്റേണ്‍ കോള്‍ഫീല്‍ഡ് ലിമിറ്റഡ്" എന്ന സ്ഥാപനത്തിനു കീഴിലാണ് മധ്യപ്രദേശിലെ കല്‍ക്കരിഖനികള്‍ . ഇന്ത്യയിലെ കല്‍ക്കരിഖനികളുടെ കേന്ദ്രമാണ് ഭോപാല്‍ . ഒന്നരക്കോടി ടണ്‍ കല്‍ക്കരിശേഖരമാണ് ഇനിയും ഈ പ്രദേശത്തുള്ളത്. ശരിയാംവിധം ടെന്‍ഡറില്‍ പങ്കെടുത്ത് അനുവദിച്ച സ്ഥലത്ത് ഖനനം നടത്തുകയെന്ന നിയമപരമായ രീതി കാറ്റില്‍പ്പറത്തി അനധികൃത ഖനനത്തിലൂടെ കൊള്ള നടത്തുകയാണ് മാഫിയകള്‍ . അതിന്റെ വിഹിതം കൃത്യമായി ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പണപ്പെട്ടികളിലെത്തുന്നു. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു ഖനി ഉടമയോ ട്രാക്ടര്‍ ഡ്രൈവറോ മാത്രമല്ല നന്ദ്രേകുമാര്‍ വധത്തിലെ കുറ്റവാളികള്‍ . ഇവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന ഉന്നത രാഷ്ട്രീയ നേതാക്കളാണ്് യഥാര്‍ത്ഥ പ്രതികള്‍ . ഉന്നത പൊലീസുദ്യോഗസ്ഥരെപ്പോലും കൊലപ്പെടുത്താന്‍ മാഫിയക്ക് ധൈര്യം നല്‍കുന്നത് ആ പിന്തുണയാണ്. ഖനി മാഫിയ നാടുവാഴുകയും ബിജെപി-കോണ്‍ഗ്രസ് നേതാക്കള്‍ അവരെ സേവിക്കുകയും ചെയ്യുന്ന ദു:സ്ഥിതിയാണ് നന്ദ്രേകുമാറിന്റെ വധത്തിലേക്ക് നയിച്ചത്.

deshabhimani editorial 100312

2 comments:

  1. മധ്യപ്രദേശില്‍ ഖനി മാഫിയക്കെതിരെ ശബ്ദമുയര്‍ത്തിയ പത്രപ്രവര്‍ത്തകന്‍ ചന്ദ്രികറായിയും കുടുംബവും കൊലചെയ്യപ്പെട്ടത് ഫെബ്രുവരി 18നാണ്. നവഭാരത് എന്ന ഹിന്ദി പത്രത്തിനും ഹിതവാദ എന്ന ഇംഗ്ലീഷ് പത്രത്തിനും വാര്‍ത്തകള്‍ എഴുതിയിരുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തകനായ ചന്ദ്രികറായി, ഭാര്യ ദുര്‍ഗ, മക്കളായ ജലജ്, നിഷ എന്നിവരെ ഭോപാലിലെ വസതിയില്‍വച്ചാണ് ഖനി മാഫിയാസംഘം വെട്ടി കൊലപ്പെടുത്തിയത്. ഉമാരിയ ജില്ലയിലെ അനധികൃത ഖനനത്തെക്കുറിച്ച് ചന്ദ്രികാറായി നിരന്തരം എഴുതിയ വാര്‍ത്തകളാണ് കൂട്ടക്കൊലപാതകത്തിന് ഖാനിമാഫിയയെ പ്രേരിപ്പിച്ചത്. എല്ലാ നിയമങ്ങളെയും കാറ്റില്‍പറത്തിയും ഭരണ സംവിധാനങ്ങളെ ഉള്ളംെകൈയിലൊതുക്കിയും ഖനിമാഫിയ ഭൂമിതുരന്നപ്പോള്‍ ചന്ദ്രികാറായി വാര്‍ത്തകളിലൂടെ പ്രതിരോധം തീര്‍ത്തു.

    ReplyDelete
  2. മധ്യപ്രദേശില്‍ യുവ ഐപിഎസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ സിങ്ങിനെ ഖനി മാഫിയ ട്രാക്ടര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. കൊലപാതകം ആസൂത്രിതമാണെന്ന് കരുതാനാകില്ലെന്നാണ് മധ്യപ്രദേശ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍ . എന്നാല്‍ , നരേന്ദ്രകുമാര്‍വധത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്ന് പിതാവ് കേശവ് ദേവ് ആരോപിച്ചു. പ്രാദേശിക പൊലീസില്‍നിന്നും മറ്റ് അധികാരികളില്‍നിന്നും മകന് ആവശ്യമായ സഹകരണം ലഭിച്ചില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. നരേന്ദ്രകുമാറിന്റെ മൃതദേഹം മഥുരയ്ക്കടുത്തുള്ള അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമത്തില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രസവാവധിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥയായ ഭാര്യ മധുറാണി തിവാട്ടിയാണ് ചിതയ്ക്ക് തീകൊളുത്തിയത്. കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി മുഖ്യമന്ത്രി ശിവരാജ്സിങ് ചൗഹാനാണ് മാധ്യമപ്രവര്‍ത്തകരെ അറിയിച്ചത്. നരേന്ദ്രകുമാറിന്റെ കൊലപാതകം ആസൂത്രിതമാണെന്ന നിഗമനത്തിലെത്താനുള്ള തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് ചമ്പല്‍ റേഞ്ച് ഡിഐജി ഡി പി ഗുപ്ത പറഞ്ഞു. അതേസമയം, പൊലീസ് ഉദ്യോഗസ്ഥന്റെ വധം ആസൂത്രിതമാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ടികള്‍ ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. ബാന്‍മോര്‍ സബ് ഡിവിഷണല്‍ പൊലീസ് ഓഫീസറായ നരേന്ദ്രകുമാര്‍ സിങ്ങിനെ മൊറേന ജില്ലയിലെ ബാന്‍മോര്‍ പട്ടണത്തില്‍വച്ച് വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഖനി മാഫിയ കൊലപ്പെടുത്തിയത്. അനധികൃത ഖനനം തടയാന്‍ ശ്രമിക്കുമ്പോഴാണ് ട്രാക്ടര്‍ കയറ്റി കൊന്നത്.

    ReplyDelete