Saturday, March 10, 2012

കുതിരക്കച്ചവടം : തിരക്കഥ മുന്‍കൂട്ടി തയ്യാറാക്കിയത്

ഭരണം നിലനിര്‍ത്താന്‍ കുതിരക്കച്ചവടം

ആര്‍ സെല്‍വരാജ് നിയമസഭാംഗത്വം രാജിവച്ചതിനു പിന്നില്‍ പിറവത്തെ യുഡിഎഫ് തോല്‍വി മുന്നില്‍ക്കണ്ടുള്ള ഗൂഢാലോചനയും കുതിരക്കച്ചവടവും. നൂലിഴ ഭൂരിപക്ഷത്തില്‍ അധികാരത്തിലാണെങ്കിലും പിറവത്തെ തോല്‍വിയോടെ പടിയിറങ്ങേണ്ടിവരുമെന്ന് കണക്കുകൂട്ടിയ യുഡിഎഫ് നേതൃത്വം എംഎല്‍എയെ വിലയ്ക്കെടുക്കുകയായിരുന്നു.

സര്‍ക്കാര്‍പദവി വഹിക്കുന്ന യുഡിഎഫിലെ വിവാദ നായകനായ എംഎല്‍എയുടെയും നെയ്യാറ്റിന്‍കരയിലെ യുഡിഎഫ് സഹയാത്രികനായ ജാതിസംഘടനാ നേതാവിന്റെയും കൂടെ വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചോടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വീട്ടില്‍ചെന്ന് കണ്ട് രഹസ്യകൂടിക്കാഴ്ച നടത്തിയാണ് യുഡിഎഫുമായുള്ള കരാര്‍ അന്തിമമായി ഉറപ്പിച്ചത്. കെഎല്‍ 01 എ ഡബ്ല്യു-900 നമ്പരുള്ള ഇന്നോവ കാറിലാണ് ഇവര്‍ മുഖ്യമന്ത്രിയുടെ ജഗതിയിലുള്ള "പുതുപ്പള്ളി" വീട്ടിലെത്തിയത്. ഒരു മണിക്കൂറോളം ചര്‍ച്ച നീണ്ടു. പിന്നീട് അതേ കാറില്‍ തിരിച്ച് എംഎല്‍എ ഹോസ്റ്റലിലേക്ക് പോയി. മോളി തോമസ് എന്ന സ്ത്രീയുടെ പേരിലാണ് കാറിന്റെ രജിസ്ട്രേഷന്‍ . വിവാദ എംഎല്‍എയുടെ പിഎയുടെ അടുത്ത ബന്ധുവാണ് ഇവര്‍ . അവിടെനിന്നാണ് മറ്റൊരു കാറില്‍ സെല്‍വരാജ് സ്പീക്കറുടെ വസതിയിലേക്ക് പോയത്.

കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ 25 കോടി രൂപയുടെ മരാമത്ത് പ്രവര്‍ത്തനങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഒറ്റയടിക്ക് അംഗീകാരം നല്‍കിയത്. പ്രത്യേക പ്രാധാന്യമില്ലെങ്കിലും "അടിയന്തര പ്രാധാന്യമുള്ള ജോലികള്‍" എന്ന പേരിലാണ് അംഗീകാരം നല്‍കിയത്. രാജിവയ്ക്കുംമുമ്പ് ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചനയുടെ തെളിവുകളിലൊന്നാണിത്. കഴിഞ്ഞ ദിവസംവരെ പാര്‍ടി യോഗങ്ങളിലും പരിപാടികളിലും സജീവമായി പങ്കെടുത്ത സെല്‍വരാജിന് രാജിവയ്ക്കാന്‍ പ്രത്യേക കാരണമൊന്നുമില്ലായിരുന്നു. എന്നാല്‍ , ഈ നിയമസഭാ സമ്മേളനം തുടങ്ങിയ നാള്‍തൊട്ട് എംഎല്‍എ ഹോസ്റ്റല്‍ കേന്ദ്രീകരിച്ച് വിവാദ എംഎല്‍എയുടെ നേതൃത്വത്തില്‍ ചര്‍ച്ച തുടങ്ങിയിരുന്നു. ഇതിനൊടുവിലാണ് വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ടശേഷം സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയത്. മാര്‍ച്ച് 17ന് പിറവം ഉപതെരഞ്ഞെടുപ്പ് കഴിയുംവരെ യുഡിഎഫുമായി ഒരു ബന്ധവുമില്ലെന്ന് പുറമെ പറയാനാണ് ഉമ്മന്‍ചാണ്ടിയുമായി ഉണ്ടാക്കിയ ധാരണ. ഉപതെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ സ്വതന്ത്രനായി പത്രിക നല്‍കും. തുടര്‍ന്ന് യുഡിഎഫ് പിന്തുണ നല്‍കാമെന്നും ജയിച്ചാല്‍ മന്ത്രിയാക്കാമെന്നും കരാര്‍ ഉറപ്പിച്ചു. ഇതിനുപുറമെ കോടികളുടെ സാമ്പത്തിക ഇടപാട് സംബന്ധിച്ചും സൂചനയുണ്ട്. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍ ശക്തനും കുതിരക്കച്ചവടത്തിന് ചുക്കാന്‍ പിടിച്ചവരിലുണ്ടെന്നാണ് സൂചന.

യുഡിഎഫുമായി ഒരു ബന്ധവുമുണ്ടാകില്ലെന്നാണ് വാര്‍ത്താസമ്മേളനത്തില്‍ സെല്‍വരാജ് പറഞ്ഞതെങ്കിലും ഇത് മുന്‍കൂട്ടി തയ്യാറാക്കിയ ഒരു തിരക്കഥമാത്രമാണ്. ഇപ്പോള്‍ യുഡിഎഫിലേക്ക് പോകുമെന്നു പറഞ്ഞാല്‍ പിറവത്ത് ഗുണംചെയ്യില്ലെന്നാണ് ഉമ്മന്‍ചാണ്ടി നല്‍കിയ ഉപദേശം. എന്നാല്‍ , പിറവം തെരഞ്ഞെടുപ്പിനുശേഷം നിലപാട് മാറ്റും. പാറശാല മണ്ഡലത്തെ പ്രതിനിധാനംചെയ്ത് എംഎല്‍എ ആയിരുന്ന സെല്‍വരാജിനെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നെയ്യാറ്റിന്‍കരയില്‍ മത്സരിപ്പിക്കാനാണ് പാര്‍ടി തീരുമാനിച്ചത്. നെയ്യാറ്റിന്‍കരയില്‍ സെല്‍വരാജ് മത്സരിക്കുന്നതാണ് കൂടുതല്‍ ഗുണംചെയ്യുകയെന്ന വിലയിരുത്തലിനെത്തുടര്‍ന്നായിരുന്നു ഈ തീരുമാനം. എന്നാല്‍ , പാറശാലയില്‍നിന്ന് തന്നെ മാറ്റുന്നത് തോല്‍പ്പിക്കാനാണെന്ന് സെല്‍വരാജ് പരക്കെ പറഞ്ഞു നടന്നു. എന്നാല്‍ , പാര്‍ടി വിലയിരുത്തലാണ് ശരിയെന്ന് തെരഞ്ഞെടുപ്പു ഫലം തെളിയിച്ചു. താന്‍ തോല്‍ക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച മണ്ഡലത്തില്‍ തിളക്കമാര്‍ന്ന വിജയം നേടി. അതേസമയം, സെല്‍വരാജിന്റെ നിലപാട് പാറശാലയിലെ തെരഞ്ഞെടുപ്പുഫലത്തെ സ്വാധീനിച്ചു. നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് ജയിച്ചു. ഇതേത്തുടര്‍ന്ന് സെല്‍വരാജിനെതിരെ പാര്‍ടി അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഇടയില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നിട്ടും സെല്‍വരാജിനെ പാര്‍ടി ജില്ലാകമ്മിറ്റിയില്‍ത്തന്നെ നിലനിര്‍ത്തി തെറ്റുതിരുത്താന്‍ അവസരം നല്‍കി. പക്ഷേ പ്രലോഭനത്തിനും സാമ്പത്തിക ലാഭത്തിനും വഴങ്ങി വര്‍ഗവഞ്ചകരുടെ പാളയത്തില്‍ ചേക്കേറുകയായിരുന്നു സെല്‍വരാജ്. രാജി പ്രഖ്യാപനത്തെ തുടര്‍ന്ന് നെയ്യാറ്റിന്‍കര ടൗണില്‍ സെല്‍വരാജിന്റെ കോലംകത്തിച്ചു. പരക്കേ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു.
(എം രഘുനാഥ്)

തിരക്കഥ മുന്‍കൂട്ടി തയ്യാറാക്കിയത്

ആര്‍ സെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട നാടകങ്ങളുടെ തിരക്കഥ തയ്യാറാക്കിയത് എംഎല്‍എ ഹോസ്റ്റലില്‍ സര്‍ക്കാര്‍പദവിയിലുള്ള വിവാദ അംഗത്തിന്റെ മുറിയില്‍ . ഒരാഴ്ചകൊണ്ട് തയ്യാറാക്കിയ നാടകത്തിന്റെ കര്‍ട്ടണ്‍ ഉയര്‍ത്തിയത് വെള്ളിയാഴ്ച നെയ്യാറ്റിന്‍കരയില്‍ . നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ചു. കെഎല്‍ -01 എ ഡബ്ല്യു 900 നമ്പര്‍ കാറില്‍ ഡ്രൈവര്‍ക്കു പുറമെ മൂന്ന് യാത്രക്കാര്‍.മുന്‍സീറ്റില്‍ വിവാദ എംഎല്‍എ.പുറകില്‍ സെല്‍വരാജും സുഹൃത്തും സമുദായ സംഘടനാ നേതാവുമായ യുഡിഎഫ് സഹയാത്രികന്‍ . അഞ്ചുമണിക്ക് ജഗതിയില്‍ മുഖ്യമന്ത്രിയുടെ "പുതുപ്പള്ളി" വീട്ടിലെത്തുന്നു. അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച. തിരിച്ച് വീണ്ടും എംഎല്‍എ ഹോസ്റ്റലിലേക്ക്. അവിടെനിന്ന് ഒരുമണിക്കൂറിനകം സ്പീക്കറുടെ ഔദ്യോഗികവസതിയില്‍ ചെന്ന് രാജിക്കത്ത് നല്‍കുന്നു. തുടര്‍ന്ന് തമ്പാനൂരിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് പ്രാതല്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കരയ്ക്ക് മടക്കം. അപ്പോഴേക്കും ചാനലുകളില്‍ ഫ്ളാഷ് മിന്നിത്തുടങ്ങി.

നെയ്യാറ്റിന്‍കര റസ്റ്റ്ഹൗസില്‍ അടച്ചിട്ട മുറിയില്‍ ആരെയും കടത്തിവിടുന്നില്ലെന്ന് വയ്പ്. പക്ഷേ, ഓരോ ചാനല്‍ പ്രതിനിധികളുമായി രഹസ്യമായ അഭിമുഖം. പത്തരയ്ക്ക് വാര്‍ത്താസമ്മേളനം നടത്തുമെന്ന് അറിയിപ്പ്. ഇത് 11.15ന് തുടങ്ങി. അതുവരെ യുഡിഎഫ് നേതാക്കളുമായി ഫോണിലൂടെ ചര്‍ച്ച. മുന്‍കൂട്ടി തീരുമാനിച്ചതനുസരിച്ച് സുഹൃത്തായ സമുദായ സംഘടനയുടെ നേതാവിന്റെ ഏതാനും അനുയായികള്‍ റസ്റ്റ്ഹൗസില്‍ എത്തി. വിവരമറിഞ്ഞ് പ്രതിഷേധവുമായി സിപിഐ എം പ്രവര്‍ത്തകരും അനുഭാവികളും വന്നു. യുഡിഎഫുമായി കച്ചവടമുറപ്പിച്ചതിനാല്‍ നിലപാട് മാറ്റാതെ മുന്‍നിലപാടില്‍ ഉറച്ചുനിന്നു. വാര്‍ത്താസമ്മേളനത്തിലാകട്ടെ, ഇതുവരെ പാര്‍ടി വേദിയിലോ പുറത്ത് സഹപ്രവര്‍ത്തകരോടോ ഉന്നയിക്കാത്ത ആക്ഷേപങ്ങള്‍ . കടുത്ത പാര്‍ടിവിരുദ്ധര്‍പോലും ഉന്നയിക്കാത്ത വിഷംകലര്‍ന്ന വാക്കുകള്‍ . വാര്‍ത്താസമ്മേളനത്തിനുശേഷം പൊലീസ് ബന്തവസ്സോടെ തിരിച്ചുപോക്ക്. പുറത്ത് വര്‍ഗവഞ്ചകര്‍ക്ക് മാപ്പില്ലെന്ന് പ്രഖ്യാപിച്ച് ബഹുജനങ്ങളുടെ ശക്തമായ പ്രതിഷേധം.

മുഖ്യമന്ത്രിയെ കണ്ടില്ലെന്നും കണ്ടെന്നും പി സി ജോര്‍ജ്

ആര്‍ സെല്‍വരാജിനൊപ്പം മുഖ്യമന്ത്രിയെ കാണാന്‍ ഒരു യുഡിഎഫ് നേതാവ് പോയെന്ന് സിപിഐ എം നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ആദ്യം പ്രതികരിച്ചത് ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ്. ആ നേതാവ് താനല്ലെന്ന് പി സി ജോര്‍ജ് ദൃശ്യമാധ്യമങ്ങളോട് പറഞ്ഞു. വെള്ളിയാഴ്ച മുഖ്യമന്ത്രിയെ കണ്ടിട്ടേയില്ലെന്നായിരുന്നു ജോര്‍ജ് പ്രതികരിച്ചത്. എന്നാല്‍ , വൈകിട്ടായതോടെ ജോര്‍ജ് നിലപാട് മാറ്റി. മുഖ്യമന്ത്രിയെ കണ്ടെന്നും അത് മണ്ഡലത്തിലെ കാര്യങ്ങള്‍ സംസാരിക്കാനായിരുന്നെന്നും തിരുത്തി. രാവിലെ ഒമ്പതിന് മുഖ്യമന്ത്രിയെ കണ്ടെന്നായിരുന്നു അവകാശവാദം.

കഴിഞ്ഞ ദിവസങ്ങളിലൊക്കെ മുഖ്യമന്ത്രിയും ജോര്‍ജും മുഴുവന്‍ സമയവും സഭയിലുണ്ടായിരുന്നു. ഇത്തരം വികസനകാര്യങ്ങള്‍ സഭയ്ക്കകത്തുവച്ച് ചര്‍ച്ച ചെയ്യുന്നതാണ് പതിവും. കൂടാതെ, എപ്പോഴും മുഖ്യമന്ത്രിക്കും മറ്റു മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കും അടുത്ത് പോയി കുശുകുശുക്കുന്ന അംഗംകൂടിയാണ് ജോര്‍ജ്. അങ്ങനെയൊരു അംഗം മണ്ഡലത്തിലെ കാര്യം പറയാന്‍ മുഖ്യമന്ത്രിയുടെ വീട്ടില്‍ പോയി കണ്ടെന്നു പറയുന്നത് അദ്ദേഹത്തെ അറിയുന്ന ആരും വിശ്വസിക്കില്ല.

സെല്‍വരാജിന് ആഴ്ചകള്‍ക്കുമുമ്പേ വിലപറഞ്ഞു

മല്ലപ്പള്ളി: സെല്‍വരാജിന് യുഡിഎഫ് നേതൃത്വം ആഴ്ചകള്‍ക്ക് മുമ്പേ വിലപറഞ്ഞതിന് തെളിവ് പുറത്തുവന്നു. സര്‍ക്കാര്‍ ചീഫ്വിപ്പ് പി സി ജോര്‍ജാണ് ഇതിന്റെ സൂചന നല്‍കിയത്. മാര്‍ച്ച് മൂന്നിന് തുരുത്തിക്കാട് ബിഎഎം കോളേജ് പൂര്‍വ വിദ്യാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് കാലുമാറ്റത്തിന്റെ സൂചനകള്‍ നല്‍കി ജോര്‍ജ് പ്രസംഗിച്ചത്.

"അടുത്ത ഒരാഴ്ച എന്ന് പറയുന്നത്, കേരള രാഷ്ട്രീയം എങ്ങോട്ട് പോകുന്നു എന്ന് ലോകം അറിയാന്‍ പോകുന്ന ഒരാഴ്ചയാണ്. ആകാംക്ഷയോടു കൂടി നിങ്ങള്‍ കാത്തിരിക്കുക" എന്ന് മാത്രം പറഞ്ഞ് വിശദാംശങ്ങളിലേക്ക് കടക്കാതെ പ്രസംഗം അവസാനിപ്പിക്കുകയായിരുന്നു.

സെല്‍വരാജ് മലക്കംമറിഞ്ഞു; മന്ത്രിക്കാര്യം പിന്നീടെന്ന്

രാജിക്കാര്യം വിശദീകരിക്കാന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞ കാര്യം മണിക്കൂറുകള്‍ക്കകം ആര്‍ സെല്‍വരാജ് വിഴുങ്ങി. യുഡിഎഫിലേക്ക് പോകില്ലെന്നും അങ്ങനെ പോകുന്നതിനേക്കാളും നല്ലത് ആത്മഹത്യ ചെയ്യുന്നതാണെന്നുമാണ് പകല്‍ പതിനൊന്നരയ്ക്ക് നെയ്യാറ്റിന്‍കരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. വൈകിട്ട് ഏഴിന് ചാനലുകളുമായി വീണ്ടും അഭിമുഖത്തിനെത്തിയപ്പോള്‍ നിലപാട് പാടെ മാറ്റി. ഇപ്പോള്‍ യുഡിഎഫിലേക്ക് പോകുന്നില്ലെന്നായി ആദ്യം. ജനങ്ങള്‍ ആവശ്യപ്പെട്ടാല്‍ പോകുമെന്ന് പിന്നീട്.

ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുകയും ജയിക്കുകയും ചെയ്താല്‍ മന്ത്രിസ്ഥാനം സ്വീകരിക്കുമോ എന്ന് ചോദിച്ചപ്പോള്‍ അത്തരം ഒരു സാഹചര്യം ഉണ്ടായാല്‍അപ്പോള്‍ ആലോചിക്കാമെന്നായി മറുപടി. സിപിഐ എം നേതാക്കള്‍ ഉന്നയിച്ചത് ശരിയെന്ന് വ്യക്തമാക്കുന്നതായി വൈകിട്ട് ചാനലുകളിലൂടെയുള്ള പ്രതികരണം.

സെല്‍വരാജിന്റേത് കൊടുംവഞ്ചന: കടകംപള്ളി

പാര്‍ടിശത്രുക്കളുടെ പ്രലോഭനങ്ങള്‍ക്ക് വഴങ്ങിയും സാമ്പത്തികനേട്ടത്തിനു വേണ്ടിയും എംഎല്‍എസ്ഥാനം രാജിവച്ച സെല്‍വരാജ് പാര്‍ടിയോട് കാണിച്ചത് കൊടുംവഞ്ചനയാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ആരും കാട്ടാന്‍ പാടില്ലാത്ത ചതിയാണ് ഏതാനും സ്വര്‍ണത്തുട്ട് കിട്ടിയപ്പോള്‍ സെല്‍വരാജ് ചെയ്തത്. പുലര്‍ച്ചെ അഞ്ചിന് ഒരു ഇന്നോവ കാറില്‍ യുഡിഎഫ് നേതാവിന്റെ കൂടെയാണ് മുഖ്യമന്ത്രിയെ കണ്ടത്. കൂട്ടത്തില്‍ സെല്‍വരാജിന്റെ സുഹൃത്തുമുണ്ടായിരുന്നു. പിന്നീട് സ്പീക്കര്‍ക്ക് രാജിക്കത്ത് നല്‍കിയശേഷം നഗരത്തിലെ ഒരു പ്രമുഖ ഹോട്ടലില്‍ നിന്ന് പ്രാതല്‍ കഴിച്ചാണ് നെയ്യാറ്റിന്‍കരയിലേക്ക് പോയതെന്ന് വിവരം കിട്ടിയിട്ടുണ്ടെന്നും കടകംപള്ളി പറഞ്ഞു.

കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത രാഷ്ട്രീയ കുതിരക്കച്ചവടമാണ് രാജിക്ക് പിന്നില്‍ . പിറവം തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള ഗൂഢാലോചനയാണ് നടന്നത്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നേരിട്ട് ഗൂഢാലോചനയില്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ പഴയ സ്ഥിതി എല്ലാവര്‍ക്കും അറിയാം. അവിടെനിന്ന് സംഘടനാരംഗത്തേക്ക് ഉയര്‍ത്തിക്കൊണ്ടുവന്ന് ഇന്നത്തെ നിലയില്‍ എത്തിച്ചത് പാര്‍ടിയാണ്. മൂന്ന് തവണ നിയമസഭയിലേക്ക് മല്‍സരിക്കാന്‍ അവസരം കൊടുത്തു. രണ്ടു തവണ വിജയിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റാക്കി. കഴിഞ്ഞ തവണ വിജയസാധ്യത കണക്കാക്കിയാണ് നെയ്യാറ്റിന്‍കരയില്‍ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ , തോല്‍ക്കുമെന്ന് അദ്ദേഹം ഭയന്നു. ഇത് പരസ്യമായി പലരോടും പറഞ്ഞു. തോല്‍പ്പിക്കാനാണ് നെയ്യാറ്റിന്‍കരയില്‍ നിര്‍ത്തിയത് എന്നുവരെ പറഞ്ഞുനടന്നു. എന്നിട്ടും പാര്‍ടി തെറ്റുതിരുത്താനാണ് അവസരം കൊടുത്തത്. പാര്‍ടിപ്രവര്‍ത്തകര്‍ ചോര നീരാക്കി പ്രവര്‍ത്തിച്ചതിനാലാണ് വീണ്ടും എംഎല്‍എ ആയത്. സെല്‍വരാജിന് തോല്‍ക്കുമെന്ന് സംശയമുണ്ടായിരുന്നെങ്കിലും പാര്‍ടിക്ക് സംശയമുണ്ടായിരുന്നില്ല. പാര്‍ടി നിലപാടാണ് ശരിയെന്ന് തെരഞ്ഞെടുപ്പ് ഫലം തെളിയിച്ചു. അങ്ങനെയുള്ള പാര്‍ടിയെയാണ് സുപ്രധാനഘട്ടത്തില്‍ വഞ്ചിച്ച് രാഷ്ട്രീയ ശത്രുക്കളുടെ ആയുധമായത്.

രാജിക്ക് ആധാരമായി സെല്‍വരാജ് ഉന്നയിക്കുന്ന ആക്ഷേപങ്ങളെല്ലാം പൂര്‍ണമായും അടിസ്ഥാനരഹിതമാണ്. ഇപ്പോള്‍ ഉന്നയിക്കുന്ന ആക്ഷേപങ്ങളിലൊന്നുപോലും മുമ്പ് ഉന്നയിച്ചിട്ടില്ല. മാത്രമല്ല, സ്വകാര്യമായിപ്പോലും ആരോടും പറഞ്ഞിട്ടില്ല. വ്യാഴാഴ്ച രാവിലെയും വിളിച്ചിരുന്നു. ഒമാനില്‍ മരിച്ചവരുടെ സംസ്കാരച്ചടങ്ങിന് പോകുന്ന കാര്യം പറയാനാണ് വിളിച്ചത്. അപ്പോഴും സാധാരണ നിലയിലാണ് സംസാരിച്ചത്.

ജില്ലാ കമ്മിറ്റി ചേരുമ്പോള്‍ 42 അംഗങ്ങള്‍ക്കും സംസാരിക്കാന്‍ അവസരമുണ്ട്. രാവിലെ ആരംഭിക്കുന്ന യോഗം ഏറെ വൈകുംവരെ നീളാറുണ്ട്. ഓരോ അംഗവും വിവിധ വിഷയങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതുകൊണ്ടാണിത്. എന്നാല്‍ , ഒരിക്കല്‍പ്പോലും സെല്‍വരാജ് ഇന്ന് ഉന്നയിക്കുന്ന കാര്യങ്ങള്‍ പറഞ്ഞിട്ടില്ല. ഒടുവില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലും പങ്കെടുത്തു. തന്റെ വഞ്ചനയ്ക്ക് മറപിടിക്കാനുള്ള ആക്ഷേപങ്ങളാണ് ആരോ തയ്യാറാക്കിക്കൊടുത്ത വാര്‍ത്താക്കുറിപ്പിലൂടെ സെല്‍വരാജ് ഉന്നയിച്ചത്. വല്ലാത്ത ജാള്യത്തോടെയാണ് സെല്‍വരാജ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചത്. രാജിനാടകത്തിനു പിന്നില്‍ നടന്ന ഗൂഢാലോചന പാര്‍ടിക്ക് മുന്‍കൂട്ടി കാണാനായില്ല. അത് പോരായ്മയാണ്. വര്‍ഗവഞ്ചകര്‍ക്ക് നല്ല പാഠം നല്‍കിയ നാടാണ് നെയ്യാറ്റിന്‍കര. അത് ആവര്‍ത്തിക്കുമെന്നും കടകംപള്ളി പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍ , ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ വി ശിവന്‍കുട്ടി, സി ജയന്‍ബാബു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

രാജിവയ്പ്പിച്ച് പിറവത്ത് നേടാമെന്ന സൂത്രം വേവില്ല: ചന്ദ്രചൂഢന്‍

ആലപ്പുഴ: എംഎല്‍എയെ രാജിവെപ്പിച്ച് പിറവത്ത് ജയിക്കാമെന്ന സൂത്രം കേരളത്തില്‍ വേവില്ലെന്ന് ആര്‍എസ്പി ജനറല്‍ സെക്രട്ടറി പ്രൊഫ. ടി ജെ ചന്ദ്രചൂഢന്‍ . ആലപ്പുഴ ടൗണ്‍ഹാളില്‍ ടി കെ ദിവാകരന്‍ നഗറില്‍ ആര്‍എസ്പി സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പിറവത്ത് യുഡിഎഫ് അധികാര ദുര്‍വിനിയോഗവും സൃഗാല തന്ത്രവും പയറ്റുകയാണ്. മുഖ്യമന്ത്രിയുടെ വാക്കും പ്രവൃത്തിയും തമ്മില്‍ പൊരുത്തമില്ല. സര്‍വ്വ ജാതിമത സമുദായിക സംഘടനകളെയും ഒരു ചരടില്‍കോര്‍ത്ത് നിര്‍ത്തിയിരിക്കയാണ്. ഒടുവില്‍ എല്‍ഡിഎഫ് എംഎല്‍എയെ രാജിവെപ്പിച്ചു. ഇതുകേട്ട് അന്ധാളിച്ച ജനം ഒന്നായിവന്ന് യുഡിഎഫിന് വോട്ടുചെയ്യുമെന്നാണ് യുഡിഎഫ് കരുതുന്നത്. ആ പരിപ്പ് ഇവിടെ വേവില്ല. പിറവം തോറ്റാലും യുഡിഎഫ് ഭരിക്കുമെന്നാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ പറഞ്ഞത്. നേരായ വഴിയിലൂടെയല്ലാതെ അധികാരത്തില്‍ വരില്ലെന്ന് ഇടതുപക്ഷം വ്യക്തമാക്കിയിട്ടും ഉമ്മന്‍ചാണ്ടിക്ക് സംശയമാണ്. പിറവത്തെ പരാജയത്തോടെ കയ്യുംകാലുമിട്ടടിക്കുന്ന യുഡിഎഫിനെയാകും തെരഞ്ഞെടുപ്പിനുശേഷം കാണുക. ബിജെപിക്കും കോണ്‍ഗ്രസിനും എതിരെ രാജ്യത്ത് മൂന്നാം ശക്തിക്കായി ജനം ആഗ്രഹിക്കുന്നുവെന്ന് അഞ്ചുസംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പ് തെളിയിക്കുന്നതായും ചന്ദ്രചൂഢന്‍ പറഞ്ഞു. ഉദ്ഘാടന സമ്മേളനത്തില്‍ കെ ശങ്കരന്‍ നായര്‍ അധ്യക്ഷനായി.

സെല്‍വരാജിനെ ക്ഷണിച്ചത് സ്വാഭാവികം: ചെന്നിത്തല

പിറവം: രാജിവച്ച എംഎല്‍എ ആര്‍ സെല്‍വരാജിനെ യുഡിഎഫിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള യുഡിഎഫ് നേതാക്കളുടെ പ്രതികരണം സ്വാഭാവികമാണെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല. പിറവത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പിറവം ഉപതെരഞ്ഞെടുപ്പിനെ നേരിടുന്ന സാഹചര്യത്തില്‍ സെല്‍വരാജിന്റെ രാജി രാഷ്ട്രീയ വഞ്ചനയല്ലെ എന്ന ചോദ്യത്തിന് സാധാരണഗതിയില്‍ അങ്ങനെ ചെയ്യാവുന്നതാണെന്നായിരുന്നു ചെന്നിത്തലയുടെ മറുപടി.

ഉമ്മന്‍ചാണ്ടി കുതിരക്കച്ചവടം തുടങ്ങി: ഇ പി

പിറവം: യുഡിഎഫ് പിറവത്ത് തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എംഎല്‍എമാരെ വിലയ്ക്കെടുക്കാനുള്ള കുതിരക്കച്ചവടം ആരംഭിച്ചതായി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം ഇ പി ജയരാജന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ് സെല്‍വരാജിന്റെ രാജി.യഥാര്‍ഥത്തില്‍ സെല്‍വരാജ് വലിയ വിലയ്ക്ക് എംഎല്‍എസ്ഥാനം യുഡിഎഫിന് വില്‍ക്കുകയായിരുന്നു. വര്‍ഗവഞ്ചനയാണ് അയാള്‍ നടത്തിയത്. പിറവത്ത് യുഡിഎഫ് തോല്‍വി സമ്മതിച്ചു. കുതിരക്കച്ചവടം നടത്തി സര്‍ക്കാരിനെ നിലനിര്‍ത്താന്‍ കഴിയുമെന്ന് ഉമ്മന്‍ചാണ്ടി വ്യാമോഹിക്കേണ്ട. സെല്‍വരാജ് ഇപ്പോള്‍ പറയുന്ന ആക്ഷേപം ഇതിനുമുമ്പ് ഒരിക്കലും പാര്‍ടിയില്‍ പറഞ്ഞിട്ടില്ല. - ഇ പി പറഞ്ഞു.

ചാക്കിട്ടുപിടിക്കേണ്ട കാര്യമില്ല: ഉമ്മന്‍ചാണ്ടി

എംഎല്‍എമാരെ ചാക്കിട്ടുപിടിക്കേണ്ട കാര്യമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. യുഡിഎഫിന് ഭൂരിപക്ഷമുണ്ടെന്നും പിറവത്ത് ജയിക്കുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. സിപിഐ എമ്മിലെ പ്രതിസന്ധിയെ ആശ്രയിച്ചല്ല യുഡിഎഫിന്റെ വിജയം. ഒമ്പതുമാസമായി യുഡിഎഫ് ഭരിക്കുന്നു. ഇതുവരെ ഭൂരിപക്ഷം സംബന്ധിച്ച പ്രശ്നം വന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

deshabhimani 100312

2 comments:

  1. ആര്‍ സെല്‍വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട നാടകങ്ങളുടെ തിരക്കഥ തയ്യാറാക്കിയത് എംഎല്‍എ ഹോസ്റ്റലില്‍ സര്‍ക്കാര്‍പദവിയിലുള്ള വിവാദ അംഗത്തിന്റെ മുറിയില്‍ . ഒരാഴ്ചകൊണ്ട് തയ്യാറാക്കിയ നാടകത്തിന്റെ കര്‍ട്ടണ്‍ ഉയര്‍ത്തിയത് വെള്ളിയാഴ്ച നെയ്യാറ്റിന്‍കരയില്‍ . നാടകത്തിന്റെ ഫൈനല്‍ റിഹേഴ്സല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ ആരംഭിച്ചു. കെഎല്‍ -01 എ ഡബ്ല്യു 900 നമ്പര്‍ കാറില്‍ ഡ്രൈവര്‍ക്കു പുറമെ മൂന്ന് യാത്രക്കാര്‍.മുന്‍സീറ്റില്‍ വിവാദ എംഎല്‍എ.പുറകില്‍ സെല്‍വരാജും സുഹൃത്തും സമുദായ സംഘടനാ നേതാവുമായ യുഡിഎഫ് സഹയാത്രികന്‍ . അഞ്ചുമണിക്ക് ജഗതിയില്‍ മുഖ്യമന്ത്രിയുടെ "പുതുപ്പള്ളി" വീട്ടിലെത്തുന്നു. അടച്ചിട്ട മുറിയില്‍ ഒരുമണിക്കൂര്‍ നീണ്ട ചര്‍ച്ച. തിരിച്ച് വീണ്ടും എംഎല്‍എ ഹോസ്റ്റലിലേക്ക്. അവിടെനിന്ന് ഒരുമണിക്കൂറിനകം സ്പീക്കറുടെ ഔദ്യോഗികവസതിയില്‍ ചെന്ന് രാജിക്കത്ത് നല്‍കുന്നു. തുടര്‍ന്ന് തമ്പാനൂരിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍നിന്ന് പ്രാതല്‍ കഴിഞ്ഞ് നെയ്യാറ്റിന്‍കരയ്ക്ക് മടക്കം. അപ്പോഴേക്കും ചാനലുകളില്‍ ഫ്ളാഷ് മിന്നിത്തുടങ്ങി.

    ReplyDelete
  2. എം വീ രാഘവന്‍ പാര്‍ട്ടി വിട്ട വന്നപ്പോള്‍ കരുണാകരന്‍ തന്റെ ബാധ ശത്രു ആയിരുന്നിട്ടും സപ്പോര്‍ട്ട് നല്‍കി രാഘവനെ രക്ഷിച്ചു അതാണ്‌ രാഷ്ട്രീയ തന്ത്രം അത് ഉമ്മന്‍ ചാണ്ടിയും ചെയ്തു കാണും അത് കോമന്‍ സെന്‍സ് അത് ചെയ്യാത്തത് ആണ്ടനിയെപോലെ അങ്ങിനെ പോയാലും തന്റെ മുഖം മാത്രം മിനുങ്ങണം എന്ന് വിചാരമുള്ളവര്‍ മാത്രം

    സീ പീ എം നേതാക്കളുടെ ചെല്ലം ചുമക്കാന്‍ മനസ്സില്ലാത്ത ഒരു നട്ടെല്ലുള്ള പ്രാദേശിക പ്രവര്‍ത്തകന്‍ ആണ് ശേല്‍വരാജന്‍, പിന്നെ സീ പീ എം പോലെ ഒരു പാര്‍ടിക്ക് പണി കൊടുത്തു പോകുമ്പോള്‍ ജീവന് തന്നെ ആപത്താണ് ആ സമയം മറ്റൊരു സപ്പോര്‍തില്ലാതെ ജീവിക്കാന്‍ കഴിയില്ല നെയ്യടിന്‍ കരയില്‍ കുറെ പദ്ധതികള്‍ പെട്ടെന്ന് അനുവദിച്ചാല്‍ അത് നെയ്യാടിന്‍ കരക്കാര്‍ക്കല്ലേ ഗുണം അല്ലാതെ കൊണ്ട്രക്ടര്‍ ശെല്‍വ രാജന്‍ അല്ലല്ലോ , നിങ്ങള്‍ പറയുന്ന കോടികള്‍ ഒക്കെ അപ്പോള്‍ പണ്ട് ഒറ്റ രാത്രി കൊണ്ട് ഭരണം വലിച്ച നമ്പാടനും കിട്ടിക്കാണുമല്ലോ ? കോടികള്‍ വാങ്ങിയാല്‍ അത് ഒന്നുകില്‍ വല്ലയിടത്തും വെയ്ക്കണം അല്ലെങ്കില്‍ ബാങ്കില്‍ ഇടണം അത് നിങ്ങള്‍ക്ക്ക് കണ്ടു പിടിച്ചു കാട്ടമല്ലോ? പാര്ര്ടിയില്‍ നിന്നും പുറത്താക്കല്‍ പ്രഖ്യാപിച്ച മഹാന്മാരെപോലെ പണം ഒന്നും ശെല്‍വ രാജന്‍ സംപാദിച്ചിട്ടില്ല. ആറുമാസത്തിനകം ഇലക്ഷന്‍ വരുമ്പോള്‍ ശേല്‍വരാജനെക്കള്‍ മികച്ച ഒരാളിനെ നിര്‍ത്തി ജയിക്കാമല്ലോ? ഏതായാലും ഭരണം ഇപ്പോള്‍ വേണ്ട എന്ന് പറഞ്ഞു പിന്നെ എന്തിനു ഇത്ര ബേജാര്?
    അവരെക്കാള്‍ ഇമേജു ഉണ്ട് അക്കാര്യത്തില്‍ ശെല്‍വ രാജന് , അബ്ദുള്ള കുട്ടി സീ പീ എം വിട് കണ്ണൂര്‍ ജയിച് എം എല്‍ എ ആയല്ലോ അതുപോലെ ശെല്‍വ രാജന്‍ കൊണ്ഗ്രസില്‍ വന്നാല്‍ സ്വീകരിക്കും അതുപോലെ കൊണ്ഗ്രസില്‍ നിന്നും ഒരാള്‍ പോയാല്‍ അയാളോട് വൈര നിര്യാതനവും ഇല്ല

    ReplyDelete