Friday, March 2, 2012

തടവറ ഒഴിവാക്കാന്‍ ഇടപെട്ടു: ഇറ്റലി

കൊടു കൈ....:)

മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന രണ്ട് സൈനികരെ ജയിലിലടയ്ക്കാതിരിക്കുന്നത് തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് ഇറ്റലി. പ്രതികളെ വെല്ലിങ്ടണ്‍ ഗസ്റ്റ്ഹൗസില്‍ത്തന്നെ തുടര്‍ന്നും താമസിപ്പിക്കാനാണ് ശ്രമമെന്നും ഇന്ത്യയുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നും ഇറ്റാലിയന്‍ ഉപവിദേശമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞതായി ആ രാജ്യത്തിന്റെ വിദേശമന്ത്രാലയം വെളിപ്പെടുത്തി. സോണിയയുടെ പാര്‍ടി എന്ന് കോണ്‍ഗ്രസിനെ വിശേഷിപ്പിക്കുന്ന അഭിമുഖം http://www.esteri.it/MAE/EN യാണ് പ്രസിദ്ധീകരിച്ചത്.

ഇറ്റാലിയന്‍ നാവികര്‍ അറസ്റ്റിലായ ഉടനെ ഇന്ത്യയിലെത്തിയ മിസ്തുര കേന്ദ്രമന്ത്രിമാരെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും നയതന്ത്രജ്ഞരെയും കണ്ട ശേഷമാണ് മടങ്ങിയത്. കോട്ടയത്തായിരുന്നു മിസ്തുര-ഉമ്മന്‍ചാണ്ടി കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ സോണിയ ഗാന്ധിയുടെ പാര്‍ടിയും മാര്‍ക്സിസ്റ്റുകാരും തമ്മില്‍ ഏറ്റമുട്ടുന്ന സാഹചര്യത്തിലാണ് സംഭവത്തിന്റെ ആദ്യഘട്ടം സംഘര്‍ഷഭരിതമായതെന്നും സ്ഥിതിഗതി തങ്ങള്‍ക്ക് പ്രതികൂലമാകില്ലെന്നും ഇറ്റാലിയന്‍ മന്ത്രി ഉറപ്പിച്ചുപറയുന്നു. കൊച്ചിയില്‍വച്ചാണ് മന്ത്രി ഇറ്റലിയിലെ ഏറ്റവും വലിയ പത്രമായ "ലാ സ്റ്റംപ" ലേഖകന് അഭിമുഖം നല്‍കിയത്. അഭിമുഖത്തിന്റെ പൂര്‍ണരൂപം വിദേശമന്ത്രാലയ വെബ്സൈറ്റ് പ്രസിദ്ധീകരിച്ചു.

കേസില്‍ കേരള ഹൈക്കോടതി വാദം കേള്‍ക്കുമ്പോള്‍ ഇറ്റലിക്ക് അനുകൂലവിധി ലഭിക്കാനുള്ള സാധ്യത എന്താണെന്ന ചോദ്യത്തിന് മന്ത്രിയുടെ മറുപടി ഇങ്ങനെ: നമ്മളും ഇന്ത്യന്‍ അധികൃതരും തമ്മില്‍ ഇക്കാര്യത്തില്‍ അഭിപ്രായഭിന്നതയുണ്ട്. അന്താരാഷ്ട്ര കപ്പല്‍പ്പാതയിലാണ് സംഭവം നടന്നതെന്നാണ് നമ്മുടെ നിലപാട്. അവര്‍ അത് കാര്യമാക്കുന്നില്ല. അതുകൊണ്ട് നമ്മള്‍ കാത്തിരിക്കുകയാണ്. ഈ ഘട്ടത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ ബന്ധം എങ്ങനെയെന്ന ചോദ്യത്തിന് മറുപടിയായാണ് ഉപതെരഞ്ഞെടുപ്പ് പരാമര്‍ശിക്കുന്നത്. "കേരളത്തില്‍ തെരഞ്ഞെടുപ്പ്് അടുത്തിരിക്കെയാണ് സംഭവം നടന്നത്. സോണിയ ഗാന്ധിയുടെ പാര്‍ടിയും മാര്‍ക്സിസ്റ്റ് ചിന്താഗതിയുള്ള പാര്‍ടികളും തമ്മിലാണ് മത്സരിക്കുന്നത്. രാഷ്ട്രീയ പ്രത്യാഘാതം ഉണ്ടാകാമെന്നതിനാല്‍ വെടിവയ്പ് സംഭവത്തിന്റെ തുടക്കത്തില്‍ അന്തരീക്ഷം പിരിമുറുക്കത്തിന്റേതായിരുന്നു. എന്നാല്‍ , സ്ഥിതി പൂര്‍ണമായി മാറിയിട്ടുണ്ട്- മിസ്തുര പറഞ്ഞു. ഇറ്റാലിയന്‍ അന്വേഷകരുടെ സാന്നിധ്യം ഇന്ത്യ അനുവദിച്ചത് വലിയ നേട്ടമായി മിസ്തുര വിലയിരുത്തുന്നു. ഇന്ത്യയിലെ നിയമം അംഗീകരിക്കാത്ത നടപടിയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈനിമിഷംവരെ നമ്മുടെ സഹതാപം അറിയിക്കുക മാത്രമാണ് ചെയ്തത്. മാപ്പ് പറഞ്ഞിട്ടില്ല. ഇറ്റലിയും ഇന്ത്യയും തമ്മില്‍ എല്ലാക്കാലത്തും ശക്തമായ ബന്ധമാണുള്ളതെന്നും പ്രശ്നപരിഹാരത്തിന് സംയുക്തമായി ശ്രമിക്കുകയാണെന്നും മിസ്തുര അനുസ്മരിക്കുന്നു.

കടല്‍ക്കൊലപാതക പ്രശ്നത്തില്‍ ഇറ്റലിക്കനുകൂലമായി കേന്ദ്ര മന്ത്രി കെ വി തോമസ് ഇടപെടുകയാണെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരിയുടെ വാക്കുകളിലൂടെ നേരത്തേതന്നെ വെളിപ്പെട്ടിരുന്നു. വലിയ വിവാദം ഉയര്‍ന്നെങ്കിലും കെ വി തോമസിനെക്കുറിച്ചുള്ള പരാമര്‍ശം കര്‍ദിനാള്‍ ഇതുവരെ തിരുത്തിയിട്ടില്ല. അതിനുപിന്നാലെയാണ്, ഇറ്റാലിയന്‍ മന്ത്രി തന്നെ, ഇന്ത്യയില്‍ കൊലപാതകക്കുറ്റത്തിന് പിടിയിലായവരെ ജയിലിലടയ്ക്കാതിരിക്കുന്നത് തങ്ങളുടെ സ്വാധീനംകൊണ്ടാണെന്ന് വെളിപ്പെടുത്തുന്നത്. കൊലയ്ക്കുപയോഗിച്ച ആയുധങ്ങള്‍ കണ്ടെടുക്കുകയും കൂടുതല്‍ പ്രതികളില്ലെന്ന നിഗമനത്തില്‍ അന്വേഷകസംഘം എത്തുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും പ്രതികളുടെ സുഖസമൃദ്ധമായ പൊലീസ് കസ്റ്റഡി നീട്ടുകയാണ്. വെടിയേറ്റവര്‍ സഞ്ചരിച്ച ബോട്ട് പരിശോധിക്കാന്‍ ഇറ്റലിക്കാരെ അനുവദിച്ചതും ഇറ്റാലിയന്‍ ചാരസംഘടനയില്‍പെട്ടവര്‍ എന്ന് കരുതുന്നവരുടെ സന്ദര്‍ശനവും ഇതിനകംതന്നെ വിമര്‍ശിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യയിലെ പൊലീസിന്റെ പ്രവര്‍ത്തനത്തിലടക്കം ഇറ്റലിക്ക് ആധികാരികമായി ഇടപെടാനാകുന്നു എന്നാണ് ഇറ്റാലിയന്‍ മന്ത്രി വെളിപ്പെടുത്തിയതെന്നിരിക്കെ കോണ്‍ഗ്രസ് കൂടുതല്‍ കുഴപ്പത്തിലാകുകയാണ്. ആ പാര്‍ടിയുടെ പേര് പോലും മാറ്റി സോണിയയുടെ പാര്‍ടി എന്ന് വിളിക്കാന്‍ ഇറ്റാലിയന്‍ മന്ത്രി തയ്യാറായത്, വഴിവിട്ട ബന്ധത്തിലേക്കുള്ള ചൂണ്ടുപലകയാണ്.

deshabhimani 030312

1 comment:

  1. മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന രണ്ട് സൈനികരെ ജയിലിലടയ്ക്കാതിരിക്കുന്നത് തങ്ങളുടെ ഇടപെടല്‍ മൂലമെന്ന് ഇറ്റലി. പ്രതികളെ വെല്ലിങ്ടണ്‍ ഗസ്റ്റ്ഹൗസില്‍ത്തന്നെ തുടര്‍ന്നും താമസിപ്പിക്കാനാണ് ശ്രമമെന്നും ഇന്ത്യയുമായി ചേര്‍ന്ന് പ്രശ്നം പരിഹരിക്കുമെന്നും ഇറ്റാലിയന്‍ ഉപവിദേശമന്ത്രി സ്റ്റഫാന്‍ ഡി മിസ്തുര പറഞ്ഞതായി ആ രാജ്യത്തിന്റെ വിദേശമന്ത്രാലയം വെളിപ്പെടുത്തി.

    ReplyDelete