Saturday, March 3, 2012

ഒരു മാസത്തിനുള്ളില്‍ രണ്ട് ടെണ്ടര്‍:അഴിമതിയില്‍ മുങ്ങി സപ്ലൈകോ

നാട്ടുനടപ്പില്ലാത്ത വിലയില്‍ നിത്യോപയോഗ സാധനങ്ങളുടെ ടെണ്ടറുമായി സപ്ലൈകോ അധികൃതര്‍ വീണ്ടും രംഗത്ത്. ഫെബ്രുവരി മാസം 29 നാണ് പുതിയ ടെണ്ടര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ ടെണ്ടര്‍ സംബന്ധിച്ച പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഓണം, വിഷു, ബക്രീദ് എന്നീ സന്ദര്‍ഭങ്ങളിലല്ലാതെ ഒരു മാസത്തില്‍ തന്നെ രണ്ട് ടെണ്ടറുകള്‍ വിളിക്കുന്ന കീഴ്‌വഴക്കം സപ്ലൈകോയില്‍ ഇല്ലാത്തതാണ്. എന്നാല്‍ ഈ മാസം എട്ടിന് കൂടിയ വിലയ്ക്ക് ചെറുപയര്‍ അടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെ ടെണ്ടര്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് പുതിയ ടെണ്ടര്‍ ഉറപ്പിച്ചിട്ടുള്ളത്.

കഴിഞ്ഞ ടെണ്ടറില്‍ പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിയ നിത്യോപയോഗ സാധനങ്ങള്‍ സപ്ലൈകോയില്‍ എത്തുന്നതിന് മുമ്പാണ് പുതിയ ടെണ്ടര്‍ ഉറപ്പിച്ചിട്ടുള്ളത്. മുന്‍ ടെണ്ടറിലെന്നതുപോലെ പുതിയതിലും ദേശീയ ശരാശരിയേക്കാള്‍ ഉയര്‍ന്ന വിലയ്ക്കാണ് സാധനങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചിട്ടുള്ളത്. ചെറുപയര്‍ മുതല്‍ ഉലുവ വരെ എട്ട് നിത്യോപയോഗസാധനങ്ങള്‍ക്ക് വിവിധ കരാറുകാര്‍ നല്‍കിയിട്ടുള്ള ടെണ്ടറുകള്‍ പരിശോധിക്കുമ്പോള്‍ സപ്ലൈകോ അടിസ്ഥാനമാക്കിയിട്ടുള്ള വിലയുമായി ഒത്തുപോകുന്ന തരത്തിലാണ് കരാറുകാര്‍ ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഈ മാസം 17 ന് പിറവം ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് പരമാവധി സാധനങ്ങള്‍ വാങ്ങി ഗോഡൗണുകളില്‍ എത്തിക്കാനാണ് ഉദ്യോഗസ്ഥര്‍ക്ക് വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ടെണ്ടറില്‍ ഏറ്റവും കൂടുതല്‍ കരാറുകാര്‍ പങ്കെടുത്തിട്ടുള്ളത് ചെറുപയര്‍ എന്ന ഇനത്തിലാണ്. 32 പേരാണ് ഈ ഇനത്തില്‍ ടെണ്ടര്‍ സമര്‍പ്പിച്ചിട്ടുള്ളത്.

ഫെബ്രുവരി മാസം എട്ടാം തീയതി വിളിച്ച ടെണ്ടറിന്റെ പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത് ആ മാസം 18നാണ്. ഈ ഓര്‍ഡറിന്റെ അടിസ്ഥാനത്തില്‍ മൂന്ന് ലോഡ് സാധനങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഗോഡൗണുകളില്‍ എത്തിയിട്ടുള്ളത്. സപ്ലൈകോ ഫണ്ട് സംബന്ധിച്ച് നിരവധി ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുമ്പോഴാണ് സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കുന്ന തരത്തില്‍ പുതിയ ടെണ്ടര്‍ അഴിമതി ആരംഭിക്കുന്നത്. ഫണ്ടില്ലാത്തതിനാല്‍ നെല്ല് സംഭരിച്ചതിന്റെ വില നല്‍കാനാവാതെ കറങ്ങുകയാണ് സപ്ലൈകോ അധികൃതര്‍. നെല്ല് സംഭരിച്ചതിന് ശേഷം 15 ദിവസത്തിനകം വില നല്‍കണമെന്ന വ്യവസ്ഥ പാലിക്കാന്‍ സപ്ലൈകോയ്ക്ക് കഴിഞ്ഞിട്ടില്ല.

ടെണ്ടര്‍ അഴിമതി സംബന്ധിച്ച് ജനയുഗമടക്കമുള്ള മാധ്യമങ്ങളില്‍ വാര്‍ത്തകള്‍ വരികയും ഇതിനെതിരെ മുന്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി സി. ദിവാകരനടക്കം രംഗത്തുവന്നിട്ടും രണ്ടാം ടെണ്ടറിലൂടെ അഴിമതിപ്പണം നേടിയെടുക്കാനുള്ള ശ്രമത്തിലാണ് ഉദ്യോഗസ്ഥര്‍.
(ആര്‍.ഗോപകുമാര്‍)

janayugom 030312

1 comment:

  1. നാട്ടുനടപ്പില്ലാത്ത വിലയില്‍ നിത്യോപയോഗ സാധനങ്ങളുടെ ടെണ്ടറുമായി സപ്ലൈകോ അധികൃതര്‍ വീണ്ടും രംഗത്ത്. ഫെബ്രുവരി മാസം 29 നാണ് പുതിയ ടെണ്ടര്‍ സ്വീകരിച്ചിട്ടുള്ളത്. ഈ ടെണ്ടര്‍ സംബന്ധിച്ച പര്‍ച്ചേയ്‌സ് ഓര്‍ഡര്‍ ഇന്നോ നാളെയോ പുറത്തിറങ്ങുമെന്നാണ് കരുതുന്നത്. ഓണം, വിഷു, ബക്രീദ് എന്നീ സന്ദര്‍ഭങ്ങളിലല്ലാതെ ഒരു മാസത്തില്‍ തന്നെ രണ്ട് ടെണ്ടറുകള്‍ വിളിക്കുന്ന കീഴ്‌വഴക്കം സപ്ലൈകോയില്‍ ഇല്ലാത്തതാണ്. എന്നാല്‍ ഈ മാസം എട്ടിന് കൂടിയ വിലയ്ക്ക് ചെറുപയര്‍ അടക്കമുള്ള നിത്യോപയോഗസാധനങ്ങളുടെ ടെണ്ടര്‍ ഉറപ്പിച്ചതിന് പിന്നാലെയാണ് പുതിയ ടെണ്ടര്‍ ഉറപ്പിച്ചിട്ടുള്ളത്.

    ReplyDelete