Tuesday, March 20, 2012

ആറന്മുള വിമാനത്താവളം പ്രക്ഷോഭത്തില്‍നിന്ന് പിന്മാറിയെന്ന പ്രചാരണം വസ്തുതാവിരുദ്ധം

വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ആറന്മുളയില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തില്‍നിന്ന് സിപിഐ എം പിന്മാറിയെന്ന നിലയിലുള്ള പ്രചാരണം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആറന്മുളയില്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനായി ആരംഭഘട്ടം മുതല്‍ ശക്തമായ സമരം സംഘടിപ്പിച്ചത് സിപിഐ എമ്മും കെഎസ്കെടിയുവുമാണ്. വസ്തുഉടമ നല്‍കിയ കേസില്‍ തര്‍ക്കം ഉന്നയിക്കുകയും നിയമാനുസൃത അനുവാദം ഇല്ലാതെ ഭൂമിയില്‍ നിര്‍മാണ- വികസന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പാടില്ലെന്ന് 2005-ല്‍ ഹൈക്കോടതിയില്‍നിന്ന് വിധി സമ്പാദിക്കുകയും ചെയ്തത് സിപിഐ എം പ്രവര്‍ത്തകരുടെ ഇടപെടലിന്റെ ഫലമായാണ്. വ്യാവസായിക പ്രദേശ പ്രഖ്യാപനത്തോട് പാര്‍ടിക്ക് യോജിപ്പില്ല. ചെറു ഭൂമികളില്‍നിന്ന് ഉടമകളെ പുറത്താക്കാനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇപ്പോഴത്തെ പ്രശ്നം ഉയര്‍ന്നു വന്നപ്പോള്‍ കക്ഷിരാഷ്ട്രീയത്തിന് അതീതമായി പൊതുപ്രശ്നം എന്ന നിലയില്‍ മുഴുവന്‍ ജനങ്ങളെയും സംഘടിപ്പിച്ച് സമരപരിപാടികള്‍ നടത്തുന്നതിനാണ് സിപിഐ എം ശ്രമിച്ചത്. ആ പ്രവര്‍ത്തനങ്ങളില്‍ ഏറെ മുന്നോട്ട് പോകാനും കഴിഞ്ഞു.

ആറന്മുളയില്‍ നിര്‍ദേശിക്കപ്പെട്ട സ്ഥലത്ത് വിമാനത്താവളം സ്ഥാപിക്കുകയെന്നത് വിവിധ കാരണങ്ങളാല്‍ അപ്രായോഗികമാണ്. തണ്ണീര്‍ത്തടം നശിക്കുന്നത് പ്രദേശത്തിന്റെ ആവാസ വ്യവസ്ഥ തകര്‍ക്കും. വസ്തു ഉടമകളെന്ന് അവകാശപ്പെടുന്നവരുടെ ഉദ്ദേശശുദ്ധിയും സംശയാസ്പദമാണ്. പല കൈമാറ്റം നടന്ന ഭൂമിയിടപാടില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. സിപിഐ എമ്മിന്റെ നിലപാടിന്റെ കൂടി അടിസ്ഥാനത്തില്‍ വ്യവസായ മേഖല പ്രഖ്യാപനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം തീരുമാനിക്കുകയും അതിന് നടപടി സ്വീകരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉറപ്പു നല്‍കുകയും ചെയ്തതാണ്. എന്നാല്‍ , നാളിതുവരെ അത് നടന്നില്ല. ആറന്മുള എംഎല്‍എയും പത്തനംതിട്ട എംപിയും ഈ പ്രശ്നത്തില്‍ ഒളിച്ചുകളി നടത്തുകയാണ്.

ജനങ്ങളെ താമസസ്ഥലത്തുനിന്ന് ബലമായി കുടിയൊഴിപ്പിച്ചും നെല്‍വയലുകള്‍ മണ്ണിട്ട് പരിവര്‍ത്തനം വരുത്തിയുമുള്ള വികസനത്തെ സിപിഐ എം അംഗീകരിക്കുന്നില്ല. വിമാനത്താവളത്തിനെന്ന വ്യാജേന നിയമവിരുദ്ധമായി നിലം നികത്തുന്നതിനിട്ട മണ്ണ് എടുത്തുമാറ്റി പഴയനില പുനഃസ്ഥാപിക്കുക, 2005 ഫെബ്രുവരി 24ന്റെ ഹൈക്കോടതി വിധി നടപ്പാക്കുക, തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് സിപിഐ എം തനിച്ചും മറ്റുള്ളവരുമായി യോജിച്ചും വമ്പിച്ച സമര പരിപാടികള്‍ തുടര്‍ന്നും നടത്തും. ജില്ലയില്‍ എയര്‍സ്ട്രിപ്പ് വരുന്നതിനെ പാര്‍ടി അംഗീകരിക്കുന്നതായി ചോദ്യത്തിനുത്തരമായി സെക്രട്ടറി പറഞ്ഞു. ലക്ഷക്കണക്കായ ശബരിമല തീര്‍ഥാടകര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാകത്തക്ക നിലയില്‍ സൗകര്യപ്രദമായ സ്ഥലത്ത് മെഡിക്കല്‍ കോളേജ് വേണമെന്നാണ് പാര്‍ടിയുടെ അഭിപ്രായം. അത് ഇന്ന സ്ഥലത്ത് വേണമെന്ന് പാര്‍ടി ആവശ്യപ്പെടുന്നില്ല.

എന്നാല്‍ , പത്തനംതിട്ടയില്‍ കേന്ദ്ര മെഡിക്കല്‍ കോളേജ് അനുവദിച്ചെന്ന് ചില മാധ്യമങ്ങളുടെ സഹായത്തോടെ എംപി നടത്തിയ പ്രചാരണം ശുദ്ധ അസംബന്ധമാണെന്ന് അന്നേ പാര്‍ടി പറഞ്ഞിരുന്നു. അങ്ങനൊരു കോളേജ് കേന്ദ്രം അനുവദിച്ചിട്ടില്ല. പത്തു വര്‍ഷത്തേക്ക് മെഡിക്കല്‍ കോളേജ് അനുവദിക്കില്ലെന്ന് കേന്ദ്രം നേരത്തെ പറഞ്ഞിരുന്നതാണ്. വസ്തുതാപരമല്ലാത്ത പ്രസ്താവന നടത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് എംപി ശ്രമിച്ചതെന്നും അനന്തഗോപന്‍ പറഞ്ഞു. ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ എ പത്മകുമാര്‍ , ബാബു കോയിക്കലേത്ത്, ഭൂസംരക്ഷണ ജനകീയവേദി പ്രസിഡന്റ് ആര്‍ അജയകുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 210312

1 comment:

  1. വിമാനത്താവള നിര്‍മാണവുമായി ബന്ധപ്പെട്ട് ആറന്മുളയില്‍ നടന്നുവരുന്ന ജനകീയ പ്രക്ഷോഭത്തില്‍നിന്ന് സിപിഐ എം പിന്മാറിയെന്ന നിലയിലുള്ള പ്രചാരണം തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവുമാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി അഡ്വ. കെ അനന്തഗോപന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

    ReplyDelete