Wednesday, March 21, 2012

മെയ്ദിനപണിമുടക്ക് വിജയിപ്പിക്കണം: വാള്‍സ്ട്രീറ്റ് സമരസമിതി

ന്യൂയോര്‍ക്ക്: വാള്‍സ്ട്രീറ്റ് കൈയ്യടക്കല്‍ സമരത്തോട് അനുഭാവം പ്രകടിപ്പിക്കുന്നവര്‍ മെയ് ഒന്നിനു നടക്കുന്ന പണിമുടക്ക് സമരത്തില്‍ അണിചേരണമെന്ന് സമരസമിതി അഭ്യര്‍ഥിച്ചു. സമരത്തെ പരാജയപ്പെടുത്താന്‍ ഈയാഴ്ച മാത്രം ന്യൂയോര്‍ക്കില്‍ 73 പേരെ അറസ്റ്റ് ചെയ്തതായി സമരസമിതി അഭ്യര്‍ഥിച്ചു. ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ അമേരിക്കയിലെമ്പാടും പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാനും സമരസമിതി ആഹ്വാനംചെയ്തു.

ന്യൂയോര്‍ക്കിലെ സുക്കോട്ടി പാര്‍ക്കില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ പൊലീസിന്റെ പീഡനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ന്നു. വാള്‍സ്ട്രീറ്റ് സമരം ആറുമാസം പിന്നിട്ട കഴിഞ്ഞ ശനിയാഴ്ച  അനുസ്മരണത്തിനായി സുക്കോട്ടി പാര്‍ക്കിലെത്തിയ നൂറുകണക്കിന് പ്രക്ഷോഭകരെ പൊലീസ് തടവിലാക്കിയിരുന്നു.  രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നടന്ന കയ്യടക്കല്‍ സമരത്തില്‍ പങ്കെടുത്തവരുടെ പൊതുവേദിയാകും മെയ്ദിന പണിമുടക്ക്.

തൊഴിലില്‍ നിന്ന് വിട്ടു നില്‍ക്കാനും കുട്ടികളെ സ്‌കൂളില്‍ അയയ്ക്കാതിരിക്കുന്നതിനുമൊപ്പം  അന്നത്തെ ദിവസം ധനവിനിയോഗം ഒഴിവാക്കാനും സമരസമിതി അഭ്യര്‍ഥിച്ചു. സംയുക്ത തൊഴിലാളി സംഘടനയുടെ നേതൃത്വത്തില്‍ ന്യൂയോര്‍ക്ക് നഗരത്തില്‍ ശക്തമായ പ്രതിഷേധറാലി സംഘടിപ്പിക്കാനും പ്രക്ഷോഭകര്‍ തീരുമാനമെടുത്തിട്ടുണ്ട്. പൊലീസിന്റെ അതിക്രമങ്ങള്‍ക്കെതിരെ പ്രക്ഷോഭകരുടെ അടിസ്ഥാന അവകാശങ്ങള്‍ എന്ന പേരില്‍ രേഖ പുറത്തുവിടുമെന്നും സമരസമിതി അറിയിച്ചു.

 മെയ്ദിന പണിമുടക്കിനോട് അനുഭാവം പ്രകടിപ്പിച്ച് ന്യൂയോര്‍ക്ക്, ഫിലാഡല്‍ഫിയ, ലോസ് എയ്ഞ്ചല്‍സ് എന്നിവിടങ്ങളില്‍ പ്രകടനം നടന്നു.

janayugom 210312

No comments:

Post a Comment