Saturday, March 17, 2012

ഗജരാജന് മാലിന്യക്കൂമ്പാരത്തില്‍ നരകയാതന; പോരാത്തതിന് മദപ്പാടും

അഞ്ചാലുംമൂട്: അവഗണനയുടെ അഴുക്കുചാലില്‍കിടന്ന് മനംമടുത്ത ശിവരാജുവിന് വീണ്ടും മദപ്പാട്. മയക്കുവെടി വയ്ക്കാനെത്തിയ ദേവസ്വം ഡോക്ടര്‍ രാജീവിനെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ആനയെ വെടിവയ്ക്കാതെ തളയ്ക്കണമെന്നാണ് അവരുടെ ആവശ്യം. മദപ്പാടിനെ തുടര്‍ന്ന് ഏഴുമാസത്തിലേറെയായി ദുരിതപൂര്‍ണമായ ചുറ്റുപാടില്‍ ചങ്ങലയില്‍ ചികിത്സയിലായിരുന്നു ശിവരാജു. വെള്ളിയാഴ്ച രാവിലെ കൂച്ചുവിലങ്ങുകള്‍ തകര്‍ന്ന് ഒറ്റച്ചങ്ങലയിലാണ് ആനയുടെ നില്‍പ്പ്. പരിസരത്തെ മരങ്ങള്‍ പിഴുതുമറിച്ചു. കാണാനെത്തുന്നവരോടും അക്രമാസക്തമായാണ് ആനയുടെ പെരുമാറ്റം. വേനല്‍ച്ചൂടില്‍നിന്ന് ആശ്വാസമേകാന്‍ തണ്ണിമത്തന്‍ നല്‍കി അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് ക്ഷേത്രഭാരവാഹികള്‍ . ഒരുവര്‍ഷംമുമ്പ് ആനപ്രേമികള്‍ ചേര്‍ന്ന് ശിവരാജുവിനെ ഗജരാജപ്പട്ടം നല്‍കി ആദരിച്ചിരുന്നു. അന്നുമുതല്‍ ആരാധകരുടെ അതിരുകവിഞ്ഞ സ്നേഹപ്രകടനത്തില്‍ പൊറുതിമുട്ടി കഴിയുകയായിരുന്നു ശിവരാജു.

ആനയുടെ അപദാനങ്ങള്‍ വാഴ്ത്തിയവര്‍ മിണ്ടാപ്രാണിയുടെ കഷ്ടത കണ്ടറിഞ്ഞില്ല. ആവശ്യമായ ചികിത്സയും പരിചരണവും കിട്ടാതെ ആന അവശനായി. ഒടുവില്‍ കഴിഞ്ഞ മാര്‍ച്ചില്‍ ഉമയനല്ലൂര്‍ ആനവാല്‍ പിടി ഉത്സവത്തിനിടെ ഇടഞ്ഞ ശിവരാജു പാപ്പാനെ നിലത്തടിച്ച് കൊന്നു. അതോടെ ശിവരാജുവിന്റെ കഷ്ടകാലവും തുടങ്ങി. കഴിഞ്ഞ ഏഴുമാസത്തിലേറെയായി മദപ്പാടിന്റെ പേരില്‍ മാലിന്യക്കൂമ്പാരങ്ങള്‍ക്കിടയില്‍ അനാഥനായി കഴിഞ്ഞുകൂടുന്ന ആനയെ ആരാധകര്‍ തിരിഞ്ഞുനോക്കിയില്ല. സംഭവം ശ്രദ്ധയില്‍പ്പെട്ടതോടെ ദേവസ്വം അധികൃതര്‍ സ്ഥലത്തെത്തി. ഇതേത്തുടര്‍ന്ന് കുറച്ചുനാള്‍ ആനയ്ക്ക് അധികൃതരുടെ ശ്രദ്ധകിട്ടിയെങ്കിലും അവസ്ഥ വീണ്ടും പഴയനിലയിലായി. ഇതിനിടെയാണ് ഇപ്പോള്‍ വീണ്ടും മദപ്പാട് കണ്ടത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് സ്ഥലത്തത്തി ആനയെ നിരീക്ഷിച്ച ഡോ. രാജീവ് വൈകിട്ടോടെ മയക്കുവെടിക്ക് തയ്യാറായപ്പോഴാണ് നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. അവശനായ ആനയെ വെടിവയ്ക്കാതെ തളയ്ക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് തര്‍ക്കമായതോടെ സിഐ കമറുദീന്റെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തത്തി.

deshabhimani 170312

2 comments:

  1. അവഗണനയുടെ അഴുക്കുചാലില്‍കിടന്ന് മനംമടുത്ത ശിവരാജുവിന് വീണ്ടും മദപ്പാട്. മയക്കുവെടി വയ്ക്കാനെത്തിയ ദേവസ്വം ഡോക്ടര്‍ രാജീവിനെ നാട്ടുകാരില്‍ ചിലര്‍ തടഞ്ഞു. ആനയെ വെടിവയ്ക്കാതെ തളയ്ക്കണമെന്നാണ് അവരുടെ ആവശ്യം. മദപ്പാടിനെ തുടര്‍ന്ന് ഏഴുമാസത്തിലേറെയായി ദുരിതപൂര്‍ണമായ ചുറ്റുപാടില്‍ ചങ്ങലയില്‍ ചികിത്സയിലായിരുന്നു ശിവരാജു. വെള്ളിയാഴ്ച രാവിലെ കൂച്ചുവിലങ്ങുകള്‍ തകര്‍ന്ന് ഒറ്റച്ചങ്ങലയിലാണ് ആനയുടെ നില്‍പ്പ്.

    ReplyDelete
  2. ശിവരാജുവിനെ മയക്കുവെടിവച്ചത് നിരോധിച്ച സംഘടനയിലെ ഡോക്ടര്‍ . രണ്ടുതവണ വെടിവച്ചിട്ടും മയങ്ങാതിരുന്ന ആനയെ തളച്ചത് ക്രൂരമായ രീതിയിലൂടെ. മദപ്പാടുള്ള ആനയെ മയക്കുവെടി വയ്ക്കാനെത്തിയ ദേവസ്വം ഡോക്ടറെ തടഞ്ഞ് പിന്‍തിരിപ്പിച്ച ശേഷമായിരുന്നു നിരോധിത എലിഫന്റ് സ്ക്വാഡ് "ദയ"യിലെ ഡോക്ടര്‍ വെടിവച്ചത്. മദമിളകിയ ആനയെ മയക്കുവെടി വച്ച് തളയ്ക്കുകയോ വന്യജീവികളെ നിയന്ത്രിക്കുകയോ ചെയ്യുന്നതില്‍നിന്ന് സംസ്ഥാന ചീഫ് വൈല്‍ഡ്ലൈഫ് വാര്‍ഡന്‍ ദയയെ നിരോധിച്ചുകൊണ്ട് ഉത്തരവിറങ്ങിയത് ദിവസങ്ങള്‍ക്കു മുമ്പാണ്. പത്തനംതിട്ട കോന്നി ഫോറസ്റ്റ് ഡിവിഷനില്‍പെട്ട ആങ്ങാമൂഴിയില്‍ രണ്ടാഴ്ച മുമ്പ് ഭീതിപരത്തിയ പുലിയെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവവുമായി ബന്ധപ്പെട്ടാണ് ദയയെ നിരോധിച്ചത്. മൃഗസംരക്ഷണവകുപ്പിലെ വെറ്ററിനറി സര്‍ജനും കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ നേതാവുമായ പി കെ ജേക്കബ് ആണ് ദയ (എലിഫന്റ് സ്ക്വാഡ് ആന്‍ഡ് കെന്നല്‍ ക്ലബ്)യുടെ സാരഥി. ശനിയാഴ്ച പുലര്‍ച്ചെ നാലിനും 5.30നും രണ്ടുതവണ ദയയിലെ ഡോ. പി അലോഷ്യസ് ഇടഞ്ഞ ആനയെ മയക്കുവെടിവച്ചെങ്കിലും ഗജരാജന്‍ കുലുങ്ങിയില്ല. ഒടുവില്‍ പകല്‍ 11ന് ദയയിലെ ഗജപരിപാലന സംഘത്തിന്റെ നേതൃത്വത്തില്‍ ക്യാച്ചര്‍ ബല്‍റ്റ് ഉപയോഗിച്ചാണ് ആനയെ തളച്ചത്. ക്യാച്ചര്‍ ബല്‍റ്റ് ഉപയോഗിക്കുന്നത് ക്രൂരമായ രീതിയായതിനാലാണ് സാധാരണ മയക്കുവെടി വച്ച് ആനയെ മയക്കിയശേഷം കെട്ടുന്നത്.

    ReplyDelete