Tuesday, March 20, 2012

നാടെങ്ങും യുവജനരോഷം


പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം വന്നതോടെ സംസ്ഥാനമൊട്ടാകെ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിവൈഎഫ്ഐയുടെ നിയമസഭാ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച വൈകിട്ട് കിളിമാനൂരില്‍ പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തൃശൂരില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി സി സുമേഷ് അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. നേതാക്കളടക്കം 26 പേരെ അറസ്റ്റ് ചെയ്തു. പാളയം ആശാന്‍ സ്ക്വയറില്‍നിന്ന് ആരംഭിച്ച, നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത നിയമസഭാമാര്‍ച്ചിനു നേരെ പ്രകോപനമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് മുദ്രാവാക്യം മുഴക്കി.

മാര്‍ച്ച് നേരിടാന്‍ യുദ്ധസ്മാരകത്തിനു സമീപം വന്‍ പൊലീസ് സന്നാഹം തമ്പടിച്ചു. മാര്‍ച്ച് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എസ് പി ദീപക് ഉദ്ഘാടനംചെയ്തു. തിങ്കളാഴ്ച പകല്‍ മൂന്നരയോടെ തൃശൂര്‍ യൂത്ത് സെന്ററില്‍നിന്ന് ചെമ്പൂക്കാവിലെ താലൂക്ക് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനുനേരെ സാഹിത്യ അക്കാദമിക്കു മുന്നില്‍വച്ച് പൊലീസ് പ്രകോപനമില്ലാതെ ലാത്തിവീശി. താലൂക്ക് ഓഫീസ് പരിസരത്തുവച്ച് പ്രവര്‍ത്തകരെ വളഞ്ഞിട്ടു തല്ലുകയും വലിച്ചിഴയ്ക്കുകയും വസ്ത്രങ്ങള്‍ കീറുകയും ചെയ്തു. നിരവധി പ്രവര്‍ത്തകരുടെ തലയ്ക്കടിയേറ്റു.

ലാത്തിച്ചാര്‍ജില്‍ പ്രതിഷേധിച്ച് പ്രവര്‍ത്തകര്‍ താലൂക്ക് ഓഫീസിനു മുന്നില്‍ കുത്തിയിരുന്നു. തുടര്‍ന്നാണ് ജില്ലാ സെക്രട്ടറി അടക്കമുള്ളവരെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ഇതില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. എഐവൈഎഫ് പ്രവര്‍ത്തകര്‍ സെക്രട്ടറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് മീനാങ്കല്‍ കുമാര്‍ ഉദ്ഘാടനംചെയ്തു. ആര്‍വൈഎഫിന്റെ സെക്രട്ടറിയറ്റ് മാര്‍ച്ച് സംസ്ഥാന ജോയിന്റ് സെക്രട്ടറി അഡ്വ.എം കെ അജയഘോഷ് ഉദ്ഘാടനംചെയ്തു. നിയമസഭാ മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ മന്ത്രി കെ എം മാണിയുടെ കോലം കത്തിച്ചു. കിളിമാനൂരില്‍ മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടിയ ഡിവൈഎഫ്ഐ-എഐവൈഎഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.

ഇടതു യുവജന സംഘടനകളുടെ നിയമസഭാ, കലക്ടറേറ്റ് മാര്‍ച്ച് നാളെ

പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച നിയമസഭയിലേക്കും കലക്ടറേറ്റുകളിലേക്കും സംയുക്തമാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഇടതുപക്ഷ യുവജന സംഘടനാ നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷന്‍പ്രായം ഉയര്‍ത്താനുള്ള തീരുമാനം യുവാക്കളോടുള്ള വെല്ലുവിളിയാണ്. ഈ വര്‍ഷം 45,000 പേര്‍ വിരമിക്കാന്‍ പോവുകയാണ്. ഈ ഒഴിവുകളില്‍ ഒരാള്‍ക്കുപോലും നിയമനം ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞ ഒരു വര്‍ഷം വിവിധ തസ്തികയിലേക്ക് പിഎസ്സി മുഖേന അപേക്ഷിച്ചവരുടെ എണ്ണം 30 ലക്ഷമാണ്. യുവജനങ്ങളെ തീര്‍ത്തും അവഗണിച്ച ബജറ്റാണ് കെ എം മാണി അവതരിപ്പിച്ചത്. പെന്‍ഷന്‍പ്രായം അറുപതാക്കി ഉയര്‍ത്തുമെന്ന് കെ എം മാണി പറഞ്ഞിരുന്നു. ഓരോ വര്‍ഷവും പെന്‍ഷന്‍പ്രായം വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. റാങ്ക് ലിസ്റ്റില്‍ ഇടം നേടിയവരും പ്രായപരിധി കഴിഞ്ഞവരുമായ പതിനായിരക്കണക്കിനു യുവാക്കളെ ആത്മഹത്യയിലേക്ക് തള്ളിവിടുന്ന തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. കലക്ടറേറ്റ് മാര്‍ച്ച് വിജയിപ്പിക്കാന്‍ എല്ലാ യുവജനങ്ങളും രംഗത്തിറങ്ങണമെന്ന് യുവജന നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി ടി വി രാജേഷ്, ട്രഷറര്‍ കെ എസ് സുനില്‍കുമാര്‍ , കെ രാജന്‍ (എഐവൈഎഫ്), സന്തോഷ് ശിവശങ്കരന്‍ (യൂത്ത്ഫ്രണ്ട്) എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

പെന്‍ഷന്‍പ്രായം കൂട്ടിയത് പിന്‍വലിക്കണം: യൂത്ത് കോണ്‍ഗ്രസ്

സംസ്ഥാന ബജറ്റില്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ച തീരുമാനം പിന്‍വലിക്കണമെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പെന്‍ഷന്‍ പ്രായം 56 ആക്കിയ തീരുമാനത്തോട് ഒരുതരത്തിലും യോജിക്കാനാകില്ല. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതിനുമുമ്പ് സര്‍വീസ് സംഘടനകളുമായും യുവജന നേതാക്കളുമായും ചര്‍ച്ച നടത്താതിരുന്നത് ദൗര്‍ഭാഗ്യമാണ്. പെന്‍ഷന്‍ പ്രായം സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ സര്‍ക്കാര്‍ അടിയന്തരമായി യോഗം വിളിക്കണം. പെന്‍ഷന്‍ പ്രായം സംബന്ധിച്ച യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട് മുഖ്യമന്ത്രിയെയും ധനമന്ത്രിയെയും രേഖാമൂലം അറിയിക്കും. പിഎസ്സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള കുറഞ്ഞ പ്രായം 35ല്‍നിന്ന് 37 ആക്കി ഉയര്‍ത്തണമെന്നും വിഷ്ണുനാഥ് ആവശ്യപ്പെട്ടു. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിലും പെന്‍ഷന്‍ പ്രായം വര്‍ധനയ്ക്കെതിരെ രൂക്ഷവിമര്‍ശം ഉയര്‍ന്നു.

deshabhimani 200312

1 comment:

  1. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയ ബജറ്റ് പ്രഖ്യാപനം വന്നതോടെ സംസ്ഥാനമൊട്ടാകെ വിവിധ യുവജന സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. ഡിവൈഎഫ്ഐയുടെ നിയമസഭാ മാര്‍ച്ചിനുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തിങ്കളാഴ്ച വൈകിട്ട് കിളിമാനൂരില്‍ പൊതുപരിപാടിക്കെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഡിവൈഎഫ്ഐ, എഐവൈഎഫ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തൃശൂരില്‍ ഡിവൈഎഫ്ഐ മാര്‍ച്ചിനു നേരെയുണ്ടായ ലാത്തിച്ചാര്‍ജില്‍ ജില്ലാ സെക്രട്ടറി സി സുമേഷ് അടക്കം പത്തുപേര്‍ക്ക് പരിക്കേറ്റു. നേതാക്കളടക്കം 26 പേരെ അറസ്റ്റ് ചെയ്തു. പാളയം ആശാന്‍ സ്ക്വയറില്‍നിന്ന് ആരംഭിച്ച, നൂറുകണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുത്ത നിയമസഭാമാര്‍ച്ചിനു നേരെ പ്രകോപനമില്ലാതെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിരിഞ്ഞുപോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ റോഡില്‍ കിടന്ന് മുദ്രാവാക്യം മുഴക്കി.

    ReplyDelete