Sunday, March 18, 2012

ലീഗ് തീവ്രവാദത്തിനും യുഡിഎഫ് ഗൂഢാലോചനയ്ക്കും വളമേകി മാധ്യമങ്ങള്‍

ഷുക്കൂര്‍ വധാന്വേഷണ സംഘത്തിന്റെ "കണ്ടെത്തല്‍" എന്ന പേരില്‍ മനോരമയും മാതൃഭൂമിയും ചമയ്ക്കുന്ന നുണക്കഥകള്‍ക്ക് പിന്നില്‍ നിരപരാധികളെ കേസില്‍ കുടുക്കാനുള്ള യുഡിഎഫ് ഗുഢാലോചനയും. സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കം ലീഗ് തീവ്രവാദത്തിന് വളമേകുമെന്ന് അറിഞ്ഞുതന്നെയാണ് ഈ പത്രങ്ങളുടെ നീക്കം. മുഖ്യധാര മാധ്യമങ്ങളില്‍ ഓരോ ദിവസവും സിപിഐ എം വിരുദ്ധകഥകള്‍ വരുംതോറും തീവ്രവാദത്തിന് വളമേകുകയാണെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാവുന്നു. അനുരഞ്ജന യോഗങ്ങള്‍ പലതു നടന്നിട്ടും ലീഗുകാര്‍ അക്രമം അവസാനിപ്പിക്കുന്നില്ല. ഏറ്റവും ഒടുവില്‍ രാമന്തളിയിലെ ഗാന്ധിസ്മാരക വായനശാല കത്തിച്ചു. അന്വേഷണസംഘത്തിന് തെളിവുലഭിച്ചു എന്ന പേരില്‍ ഓരോദിവസവും പുതിയ കഥകള്‍ ഇറക്കുകയാണ്. ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് ഫോണില്‍ വിളിച്ചുസഹായം ആവശ്യപ്പെട്ടുവെന്ന പറയുന്ന രാജീവനെ കേസില്‍ കുടുക്കി ജയിലിലടച്ചു. കൂടുതല്‍ നിരപരാധികളെ കുടുക്കാനുള്ള തിരക്കഥകളാണ് മനോരമയും മാതൃഭൂമിയും തുടരെ സൃഷ്ടിക്കുന്നത്.

"പട്ടുവത്തെ ഒരു പ്രാദേശിക നേതാവ് തളിപ്പറമ്പില്‍നിന്ന് ഒട്ടോറിക്ഷയില്‍ കണ്ണപുരം കീഴറയിലെത്തി ഇരുവരുടെയും ഫോട്ടോ കണ്ട് ഉറപ്പുവരുത്തിയതിന് പൊലീസിന് തെളിവു ലഭിച്ചിട്ടുണ്ട്." ഇതാണ് മനോരമയുടെ ഏറ്റവും പുതിയ കഥ. മൊബൈലില്‍ ഫോട്ടോ എടുത്തുവെന്ന കള്ളക്കഥ, എഫ്ഐആര്‍ പുറത്തുവന്നതോടെ പൊളിഞ്ഞുവെങ്കിലും ഭാവനാവിലാസം തുടരുകയാണ്. സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറി എന്നാണ് എഫ്ഐആറില്‍ സഖറിയ പറയുന്നത്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആള്‍ സംഭവങ്ങളുടെ തുടക്കം എങ്ങനെയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞതും വായിച്ചുകേട്ട് ഒപ്പിട്ടതുമായ കാര്യമാണ് ഇപ്പോള്‍ കോടതിയുടെ മുന്നിലുള്ളത്. അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ ഒരു വീട്ടില്‍ അഭയംതേടി എന്ന കല്‍പിതകഥയാക്കി ഇതിനെ മാറ്റിത്തീര്‍ക്കാന്‍ ഭരണകക്ഷിക്കും ഒപ്പമുള്ള പത്രങ്ങള്‍ക്കും മടിയില്ല. 48 സിപിഐ എം പ്രവര്‍ത്തകര്‍ക്ക് സംഭവത്തില്‍ പങ്കുണ്ടെന്ന് പൊലീസിന് തെളിവുലഭിച്ചതായി മാതൃഭൂമിയിലുണ്ട്. ഭരണകക്ഷിക്കാര്‍ തീരുമാനിക്കുന്നവരെ കേസില്‍പെടുത്താനുള്ള വഴിയൊരുക്കിക്കൊടുക്കുകയാണ് വാര്‍ത്തകളുടെ ലക്ഷ്യം. രണ്ടര മണിക്കൂര്‍ നേരത്തെ വിചാരണക്കൊടുവിലാണ് കൊലപാതകം നടന്നതെന്ന് പൊലീസിന്റെ കണ്ടെത്തലിനെ സിപിഐ എം ഇതുവരെ നിരാകരിച്ചിട്ടില്ല എന്നും മാതൃഭൂമി ആരോപിക്കുന്നു.

ഷുക്കൂര്‍ വധത്തെ തുറന്ന് അപലപിച്ച സിപിഐ എം വ്യക്തമായ നിലപാടാണ് ഇക്കാര്യത്തില്‍ എടുത്തിട്ടുള്ളത്. സ്വതന്ത്രമായ അന്വേഷണം സ്വാഗതം ചെയ്ത സിപിഐ എം, പാതിവഴിയില്‍ മാധ്യമങ്ങളില്‍ വരുന്ന കഥകളോട് പ്രതികരിക്കണമെന്ന് ആവശ്യപ്പെടുന്നത് എന്ത് മാധ്യമധര്‍മ്മമാണ്. അന്വേഷണം വഴിതെറ്റിച്ച് ഭരണപക്ഷത്തിന്റെ ഇംഗിതത്തിനനുസരിച്ച് പ്രതിപ്പട്ടിക തയ്യാറാക്കുന്നതിനെയാണ് സിപിഐ എം എതിര്‍ത്തത്. ഇതിനുവേണ്ടി മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ ദുരുപയോഗിച്ചതിനെയാണ് തുറന്നുകാട്ടിയത്. പിറവം തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് "പാര്‍ടിക്കോടതി" വാര്‍ത്ത കൊടുത്തതും അന്നു തന്നെ ലീഗ് എംഎല്‍എമാര്‍ അരിയില്‍ സന്ദര്‍ശിച്ച് വാര്‍ത്താസമ്മേളനം നടത്തിയതും കള്ളക്കേസിന്റെ നിലമൊരുക്കലായിരുന്നെന്ന് തെളിഞ്ഞു. ശനിയാഴ്ച യുഡിഎഫ് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മുഖ്യസാക്ഷിയായ സഖറിയയുടെ മൊഴി നിരാകരിച്ചുകൊണ്ടാണ് സംഭവത്തെ സിപിഐ എമ്മിനെതിരെ തിരിക്കാനുള്ള ശ്രമം നടത്തുന്നത്.

ഷുക്കൂര്‍ വധം: സാക്ഷിമൊഴി നിരാകരിച്ച് യുഡിഎഫ്

ഷുക്കൂര്‍ വധക്കേസില്‍ എഫ്ഐആര്‍ അവസാനവാക്കല്ലെന്ന് യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സണ്ണിജോസഫ് എംഎല്‍എ. സംഭവത്തില്‍ പരിക്കേറ്റ പ്രധാനസാക്ഷി സഖറിയ പൊലീസിന് നല്‍കിയ മൊഴിയാണ് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ നിരാകരിച്ചത്. കീഴറയില്‍ അക്രമികളില്‍നിന്ന് രക്ഷപ്പെടാന്‍ അഞ്ച് ലീഗ് പ്രവര്‍ത്തകര്‍ ഒരു വീട്ടില്‍ അഭയം പ്രാപിക്കുകയായിരുന്നുവെന്ന് സണ്ണിജോസഫും മറ്റു യുഡിഎഫ് നേതാക്കളും പറഞ്ഞു. സുഹൃത്തിന്റെ വീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയതെന്നാണ് സഖറിയ പൊലീസിന് നല്‍കിയ മൊഴിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു മറുപടി. കൊലപാതകത്തില്‍ സിപിഐ എം നേതാക്കളുടെ പങ്ക് പുറത്തുകൊണ്ടുവരാനുള്ള സൂചനകളാണ് തങ്ങള്‍ നല്‍കുന്നത്. യുഡിഎഫ് നേതാക്കള്‍ പേര് പറഞ്ഞവര്‍ പ്രതികളാക്കപ്പെടുമോ എന്ന ചോദ്യത്തിന് അന്വേഷണം പുരോഗമിക്കുന്നെന്നായിരുന്നു മറുപടി. സംഭവത്തിലെ യഥാര്‍ഥ പ്രതികളെ ശാസ്ത്രീയ അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണം.

ഫേസ്ബുക്കിലൂടെ കേസില്‍ സിപിഐ എം നേതാക്കള്‍ക്കെതിരെ നടന്ന പ്രചാരണങ്ങളില്‍ യുഡിഎഫിന് പങ്കില്ല. പൊലീസിന്റെ ഭാഗത്തുണ്ടായ വീഴ്ച പരിശോധിക്കണം. ഇവിടെനിന്നുള്ള ഏജന്‍സികള്‍തന്നെ അന്വേഷിച്ചാല്‍ മതിയെന്ന് സണ്ണിജോസഫ് പറഞ്ഞു. പള്ളികളില്‍ ഫണ്ട് പിരിക്കുന്നതിനോട് മുസ്ലിംലീഗിന് യോജിപ്പില്ലെന്ന് ജില്ലാ പ്രസിഡന്റ് അബ്ദുല്‍ഖാദര്‍ മൗലവി ചോദ്യത്തിന് മറുപടി നല്‍കി.

deshabhimani 180312

1 comment:

  1. ഷുക്കൂര്‍ വധാന്വേഷണ സംഘത്തിന്റെ "കണ്ടെത്തല്‍" എന്ന പേരില്‍ മനോരമയും മാതൃഭൂമിയും ചമയ്ക്കുന്ന നുണക്കഥകള്‍ക്ക് പിന്നില്‍ നിരപരാധികളെ കേസില്‍ കുടുക്കാനുള്ള യുഡിഎഫ് ഗുഢാലോചനയും. സിപിഐ എമ്മിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള ഈ നീക്കം ലീഗ് തീവ്രവാദത്തിന് വളമേകുമെന്ന് അറിഞ്ഞുതന്നെയാണ് ഈ പത്രങ്ങളുടെ നീക്കം. മുഖ്യധാര മാധ്യമങ്ങളില്‍ ഓരോ ദിവസവും സിപിഐ എം വിരുദ്ധകഥകള്‍ വരുംതോറും തീവ്രവാദത്തിന് വളമേകുകയാണെന്ന് അവരുടെ പ്രതികരണങ്ങളില്‍നിന്ന് വ്യക്തമാവുന്നു. അനുരഞ്ജന യോഗങ്ങള്‍ പലതു നടന്നിട്ടും ലീഗുകാര്‍ അക്രമം അവസാനിപ്പിക്കുന്നില്ല. ഏറ്റവും ഒടുവില്‍ രാമന്തളിയിലെ ഗാന്ധിസ്മാരക വായനശാല കത്തിച്ചു. അന്വേഷണസംഘത്തിന് തെളിവുലഭിച്ചു എന്ന പേരില്‍ ഓരോദിവസവും പുതിയ കഥകള്‍ ഇറക്കുകയാണ്. ഷുക്കൂറിന്റെ സഹോദരന്‍ ദാവൂദ് ഫോണില്‍ വിളിച്ചുസഹായം ആവശ്യപ്പെട്ടുവെന്ന പറയുന്ന രാജീവനെ കേസില്‍ കുടുക്കി ജയിലിലടച്ചു. കൂടുതല്‍ നിരപരാധികളെ കുടുക്കാനുള്ള തിരക്കഥകളാണ് മനോരമയും മാതൃഭൂമിയും തുടരെ സൃഷ്ടിക്കുന്നത്.

    ReplyDelete