Friday, March 2, 2012

ട്രാഫിക് കുറ്റങ്ങള്‍ക്കുള്ള ശിക്ഷ അഞ്ചുമടങ്ങ് വര്‍ധിപ്പിക്കും

ട്രാഫിക് കുറ്റങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും പലമടങ്ങ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മോട്ടോള്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. മദ്യപിച്ച് വാഹനമോടിക്കുക, ചുവപ്പു ലൈറ്റ് മറികടക്കുക, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുമടങ്ങ് വരെയാണ് പിഴ വര്‍ധിക്കുക. അപകടകരമായി വണ്ടിയോടിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിക്കുക എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴയും വര്‍ധിക്കും. വാഹനാപകടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കും. ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും പിഴയും കൂടുതല്‍ കടുപ്പമുള്ളതാകും.

മദ്യപിച്ച് വാഹനമോടിക്കുന്നവരില്‍നിന്ന് കുടിച്ച മദ്യത്തിന്റെ അളവനുസരിച്ച് 2,000 രൂപ മുതല്‍ 10,000 രൂപ വരെ പിഴ ഈടാക്കും. ആറുമാസം മുതല്‍ നാലുവര്‍ഷംവരെ തടവും നിര്‍ദേശിച്ചിട്ടുണ്ട്. രക്തത്തിലെ മദ്യത്തിന്റെ അളവ് 100 എംഎല്ലിന് 30 എംജി വരെയാണെങ്കില്‍ ശിക്ഷയുണ്ടാവില്ല. 30 മുതല്‍ 60 എംജി വരെയാണെങ്കില്‍ ആറുമാസം തടവും 2,000 രൂപയും ആണ് ശിക്ഷ. 60 മുതല്‍ 150 എംജി വരെയാണെങ്കില്‍ ശിക്ഷ ഒരു വര്‍ഷം തടവോ നാലായിരം രൂപ പിഴയോ രണ്ടുംകൂടിയോ ആകാം. മൂന്നുവര്‍ഷത്തിനുള്ളില്‍ കുറ്റം ആവര്‍ത്തിച്ചാല്‍ തടവ് മൂന്നുവര്‍ഷമായും പിഴ 8000 രൂപയായും ഉയരും. രക്തത്തിലെ മദ്യത്തിന്റെ അളവ് 150 എംജിക്കും മുകളില്‍ അമിതമായി മദ്യപിച്ച നിലയിലാണെങ്കില്‍ രണ്ടുവര്‍ഷം തടവും 5000 രൂപ പിഴയും ലഭിക്കും. സമാന കുറ്റം മൂന്നുവര്‍ഷത്തിനുള്ളില്‍ ആവര്‍ത്തിച്ചാല്‍ തടവ് നാലുവര്‍ഷവും പിഴ 10000 രൂപയുമാകും. ലഹരിമരുന്ന് ഉപയോഗിച്ചശേഷം വാഹനം ഓടിക്കുന്നവര്‍ക്ക് ആറുമാസം തടവോ 5000 രൂപവരെ പിഴയോ അനുഭവിക്കേണ്ടിവരും.

വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ തുടക്കത്തില്‍ 500 രൂപയായിരിക്കും പിഴ. ആവര്‍ത്തിച്ചാല്‍ 2000 മുതല്‍ 5000 രൂപവരെ പിഴ ഉയരും. മൊബൈല്‍ ഫോണിന്റെ നിര്‍വചനത്തിലും കൃത്യത വരുത്തും. ശബ്ദം, സന്ദേശം, ചിത്രങ്ങള്‍ എന്നിവ സ്വീകരിക്കാനും അയക്കാനും സാധിക്കുന്ന ഏത് ഉപകരണവും മൊബൈല്‍ ഫോണായി കണക്കാക്കും. സന്ദേശങ്ങള്‍ അയക്കുന്നതും ഹാന്‍ഡ്സ് ഫ്രീ ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതും ശിക്ഷാര്‍ഹമാണ്.

ചുവപ്പുലൈറ്റ് മറികടന്നാല്‍ ആദ്യതവണ 100 രൂപ മുതല്‍ 500 രൂപവരെ പിഴ നല്‍കേണ്ടിവരും. ആവര്‍ത്തിച്ചാല്‍ മൂന്നൂറ് മുതല്‍ 1500 രൂപ വരെയായിരിക്കും പിഴ. അമിതവേഗത്തില്‍ വാഹനമോടിക്കുന്നതിന് നിലവില്‍ 400 രൂപയാണ് പിഴ. ഇത് 1000 രൂപ വരെയാക്കി. ആവര്‍ത്തിച്ചാല്‍ 1000 മുതല്‍ 5000 വരെ പിഴയൊടുക്കണം. അപകടകരമായി വാഹനമോടിച്ചാല്‍ 1000 രൂപവരെ പിഴയും ആറുമാസം തടവുമെന്ന നിലവിലുള്ള വ്യവസ്ഥയില്‍ മാറ്റമുണ്ടാവില്ല. എന്നാല്‍ , ആവര്‍ത്തിച്ചാല്‍ 2000 മുതല്‍ 5000 വരെ പിഴയും രണ്ടുവര്‍ഷംവരെ തടവുമായി ശിക്ഷ ഉയര്‍ത്തി. തടവും പിഴയും ഉള്ളതില്‍ ഏതെങ്കിലും ഒന്നുമാത്രമോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. റോഡപകടത്തിന് ഇരയാകുന്നവര്‍ക്ക് തേര്‍ഡ്പാര്‍ടി ഇന്‍ഷുറന്‍സിന് കീഴില്‍ നഷ്ടപരിഹാരം കണക്കാക്കുന്ന സൂത്രവാക്യം കൂടുതല്‍ യുക്തിസഹമാക്കുകയെന്ന നിര്‍ദേശവുമുണ്ട്. ലക്ഷക്കണക്കിന് ഇന്‍ഷുറന്‍സ് ക്ലെയിം കേസുകള്‍ കോടതികളിലും ട്രിബ്യൂണലുകളിലും കെട്ടിക്കിടക്കുന്നത് കണക്കിലെടുത്താണിത്. ഡ്രൈവിങ്ലൈസന്‍സ്, ആര്‍സി ബുക്ക്, പെര്‍മിറ്റ്-ഫിറ്റ്നെസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ അനുവദിക്കുന്നതില്‍ സംസ്ഥാനങ്ങള്‍ക്ക് കൂടുതല്‍ അധികാരം നല്‍കാനും കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു.

deshabhimani 020312

1 comment:

  1. ട്രാഫിക് കുറ്റങ്ങള്‍ക്കുള്ള പിഴയും ശിക്ഷയും പലമടങ്ങ് വര്‍ധിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭ തീരുമാനിച്ചു. മോട്ടോള്‍ വാഹനനിയമത്തില്‍ ഭേദഗതി വരുത്തി പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തില്‍ അവതരിപ്പിക്കാനാണ് തീരുമാനം. മദ്യപിച്ച് വാഹനമോടിക്കുക, ചുവപ്പു ലൈറ്റ് മറികടക്കുക, അമിതവേഗം, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് അഞ്ചുമടങ്ങ് വരെയാണ് പിഴ വര്‍ധിക്കുക. അപകടകരമായി വണ്ടിയോടിക്കുക, സീറ്റ് ബെല്‍റ്റ് ഇടാതിരിക്കുക, ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് വയ്ക്കാതെ സഞ്ചരിക്കുക എന്നീ കുറ്റങ്ങള്‍ക്കുള്ള പിഴയും വര്‍ധിക്കും. വാഹനാപകടത്തിന് ഇരയാകുന്നവര്‍ക്ക് നഷ്ടപരിഹാരം വര്‍ധിപ്പിക്കും. ട്രാഫിക് നിയമങ്ങള്‍ തുടര്‍ച്ചയായി ലംഘിക്കുന്നവര്‍ക്ക് ശിക്ഷയും പിഴയും കൂടുതല്‍ കടുപ്പമുള്ളതാകും.

    ReplyDelete