Friday, March 2, 2012

നദീസംയോജനം: സര്‍ക്കാര്‍ സര്‍വ്വകക്ഷിയോഗം വിളിക്കണം- പിണറായി

നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാര്‍ഗം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിധി നടപ്പായാല്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ കൊടുംവരള്‍ച്ചയിലാവും. ഇപ്രകാരമൊരു വിധി സുപ്രീംകോടതിയില്‍നിന്നും ഉണ്ടായത് കേസ് നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടാണ്. അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് കോടതി വിധി കേരളത്തിന് ബാധകമാകില്ല എന്ന ആശ്വാസവചനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രി കെ എം മാണിയും നല്‍കിയിരിക്കുന്നത്. ഇത് കേരളത്തെ വഞ്ചിക്കലാണ്. ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയുമൊക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതിയുടെ കല്‍പ്പന.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ എന്നതുപോലെ നദീജല സംയോജന പ്രശ്നത്തിലും ഗുരുതരമായ പിടിപ്പുകേടാണ് യുഡിഎഫ് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. ഹരീഷ് സാല്‍വെയെപ്പോലെയുള്ള മുതിര്‍ന്ന അഭിഭാഷകരെ എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തിനുവേണ്ടി വാദിക്കാന്‍ മുമ്പ് നിയോഗിച്ചിരുന്നു. എന്നാല്‍ , ഇപ്പോള്‍ സ്റ്റാന്റിംഗ് കൗണ്‍സിലിലെ പുതുതായി നിയമിതനായ വ്യക്തിയാണ് കോടതിയില്‍ ഹാജരായത്. ഈ കേസിലെ വിധി മുല്ലപ്പെരിയാര്‍ വിഷയത്തിലും കേരളത്തിന് ദോഷകരമാണ്. ഇതെല്ലാം കണക്കിലെടുത്ത് കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാരിന്റെ മുന്നിലും സുപ്രീംകോടതിയിലും ഫലപ്രദമായി അവതരിപ്പിക്കണം. സുപ്രീംകോടതി വിധി നടപ്പാക്കിയാല്‍ ഗണ്യമായ പ്രദേശത്തെ പരിസ്ഥിതി സന്തുലിതാവസ്ഥയും ആവാസവ്യവസ്ഥയും തകിടം മറിയും. നിയമത്തിന്റെ വഴി തേടാന്‍ സംസ്ഥാന നിയമസഭ ഏകകണ്ഠമായി മുന്നോട്ടുവരണമെന്നും പിണറായി വിജയന്‍ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.

നദീസംയോജനം: കോടതിവിധി മുഖ്യമന്ത്രി ലഘൂകരിക്കുന്നു വി എസ്

തൃശൂര്‍ : നദീസംയോജനം സംബന്ധിച്ച സുപ്രീംകോടതി വിധി പിറവം ഉപതെരഞ്ഞെടുപ്പില്‍ ചര്‍ച്ചവിഷയമാവാതിരിക്കുവാനാണ് ഉമ്മന്‍ചാണ്ടിയും, മാണിയും ലഘൂകരിച്ച് സംസാരിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സുപ്രീം കോടതി വിധി കേരളത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കുന്നതാണ്. ഉപതെരഞ്ഞെടുപ്പിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി നേരിടും. രാസവള സംബ്സിഡി കുറയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം കര്‍ഷ ആത്മഹത്യകള്‍ വര്‍ധിക്കാനിടയാക്കുമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

deshabhimani news

1 comment:

  1. നദീസംയോജനം സംബന്ധിച്ച് സുപ്രീംകോടതി വിധി മറികടക്കാനുള്ള മാര്‍ഗം തേടാന്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വകക്ഷിയോഗം വിളിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. വിധി നടപ്പായാല്‍ സംസ്ഥാനത്തെ അഞ്ചു ജില്ലകള്‍ കൊടുംവരള്‍ച്ചയിലാവും. ഇപ്രകാരമൊരു വിധി സുപ്രീംകോടതിയില്‍നിന്നും ഉണ്ടായത് കേസ് നടത്തിപ്പില്‍ യുഡിഎഫ് സര്‍ക്കാര്‍ കാണിച്ച അനാസ്ഥ കൊണ്ടാണ്. അനാസ്ഥയും കെടുകാര്യസ്ഥതയും മറച്ചുവയ്ക്കാനാണ് കോടതി വിധി കേരളത്തിന് ബാധകമാകില്ല എന്ന ആശ്വാസവചനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും നിയമമന്ത്രി കെ എം മാണിയും നല്‍കിയിരിക്കുന്നത്. ഇത് കേരളത്തെ വഞ്ചിക്കലാണ്. ഒരു സംസ്ഥാനത്ത് ഉത്ഭവിച്ച് അതേ സംസ്ഥാനത്തുതന്നെ ഒഴുകിത്തീരുന്ന നദികളെയും പല സംസ്ഥാനങ്ങളിലൂടെ ഒഴുകിപ്പോകുന്ന നദികളെയുമൊക്കെ ഒരുപോലെ ബാധിക്കുന്നതാണ് സുപ്രീംകോടതിയുടെ കല്‍പ്പന.

    ReplyDelete