Monday, March 19, 2012

പ്രതിഷേധമുള്ളവര്‍ മാര്‍ച്ച് നടത്തേണ്ടത് പാണക്കാട്ടേക്ക്: പി കെ കെ ബാവ

 മൂന്ന് നേതാക്കളെ സസ്പന്‍ഡ്ചെയ്തത് താനല്ല പാണക്കാട്ടെ തങ്ങളാണെന്നും പ്രതിഷേധമുള്ള യൂത്ത് ലീഗുകാര്‍ തന്റെ വീട്ടിലേക്കല്ല പാണക്കാട്ടേക്കാണ് മാര്‍ച്ച് നടത്തേണ്ടിയിരുന്നതെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കെ കെ ബാവ പറഞ്ഞു. തനിക്കെതിരെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്തിയവര്‍ യഥാര്‍ഥ യൂത്ത് ലീഗുകാരല്ല. കഴിഞ്ഞ ദിവസം കാപ്പാട് ടൗണില്‍ പ്രകടനം നടത്തുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തവര്‍ക്ക് ലീഗിലെ ഏതെങ്കിലുമൊരു നേതാവിന്റെ പിന്തുണയുണ്ടാകുമെന്നും ബാവ ദേശാഭിമാനിയോട് പറഞ്ഞു.

ലീഗിന് ഒരു സംഘടനാ രീതിയുണ്ട്. അത് ലംഘിക്കുന്നവര്‍ നടപടിക്ക് വിധേയമാകും. കഴിഞ്ഞ ദിവസം ജില്ലാ നേതൃത്വം സി എച്ച് സൗധത്തില്‍ വിളിച്ചുചേര്‍ത്ത മണ്ഡലം ഭാരവാഹികളുടെ യോഗം തടസപ്പെടുത്തിയ മൂന്ന് നേതാക്കളെയാണ് സസ്പന്‍ഡ്ചെയ്തത്. ഇതില്‍ പ്രതിഷേധിച്ചാണ് കാപ്പാടുള്ള ബാവയുടെ വീട്ടിലേക്ക് യൂത്ത് ലീഗുകാര്‍ മാര്‍ച്ച് നടത്തിയത്.

കൊയിലാണ്ടിയില്‍ ലീഗിനകത്ത് ആഭ്യന്തര കലഹം രൂക്ഷം

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തിറങ്ങിയ അണികളെ തള്ളിപ്പറയാന്‍ ലീഗ് നേതാക്കള്‍ തയ്യാറില്ല. ഇതോടെ ലീഗിനകത്ത് ആഭ്യന്തര സംഘര്‍ഷം രൂക്ഷമായി. അണികള്‍ നേതാക്കള്‍ക്കെതിരെ പ്രകടനം നടത്തിയ സംഭവം സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചിരിക്കയാണ്. നേതാക്കള്‍ക്കെതിരെ അണികള്‍ക്കിടയിലുള്ള പ്രതിഷേധമാണ് അണപൊട്ടിയത്. പണമിറക്കി നേതൃത്വം പിടിക്കാനുള്ള പടപ്പുറപ്പാടിലാണ് ഒരു വിഭാഗം. മണ്ഡലം കമ്മിറ്റി തെരഞ്ഞെടുപ്പിനായി കൗണ്‍സിലര്‍മാര്‍ എത്തിയപ്പോഴാണ് സംഘര്‍ഷം മറനീക്കിയത്. കഴിഞ്ഞ ഫെബ്രുവരി 22ന് മണ്ഡലം തെരഞ്ഞെടുപ്പിനിടെ ബഹളമുണ്ടായതിനാല്‍ മാറ്റിവെക്കുകയായിരുന്നു.

 ജില്ലാ സമ്മേളനം കഴിഞ്ഞെങ്കിലും കൊയിലാണ്ടി മണ്ഡലത്തില്‍ നേതൃത്വമില്ലാത്ത അവസ്ഥയിലാണ് ലീഗ്. ഇ ടി മുഹമ്മദ്ബഷീറിനെയടക്കം നേതാക്കളെ കാസര്‍ക്കോട്ട് അണികള്‍ കൈയേറ്റത്തിന് മുതിര്‍ന്ന സാഹചര്യത്തില്‍ കൊയിലാണ്ടിയിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നാണ് പ്രവര്‍ത്തകരില്‍നിന്ന് ലഭിക്കുന്ന വിവരം.

deshabhimani 190312

1 comment:

  1. മൂന്ന് നേതാക്കളെ സസ്പന്‍ഡ്ചെയ്തത് താനല്ല പാണക്കാട്ടെ തങ്ങളാണെന്നും പ്രതിഷേധമുള്ള യൂത്ത് ലീഗുകാര്‍ തന്റെ വീട്ടിലേക്കല്ല പാണക്കാട്ടേക്കാണ് മാര്‍ച്ച് നടത്തേണ്ടിയിരുന്നതെന്നും മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് പി കെ കെ ബാവ പറഞ്ഞു. തനിക്കെതിരെ വീട്ടുപടിക്കലേക്ക് മാര്‍ച്ച് നടത്തിയവര്‍ യഥാര്‍ഥ യൂത്ത് ലീഗുകാരല്ല. കഴിഞ്ഞ ദിവസം കാപ്പാട് ടൗണില്‍ പ്രകടനം നടത്തുകയും വീട്ടിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തവര്‍ക്ക് ലീഗിലെ ഏതെങ്കിലുമൊരു നേതാവിന്റെ പിന്തുണയുണ്ടാകുമെന്നും ബാവ ദേശാഭിമാനിയോട് പറഞ്ഞു.

    ReplyDelete