Friday, March 2, 2012

വീണ്ടും കടല്‍ക്കൊല


നീണ്ടകരയില്‍നിന്ന് മത്സ്യബന്ധനത്തിനു പോയ ബോട്ടില്‍ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. മൂന്നു പേരെ കാണാതായി. രക്ഷപ്പെടുത്തിയ രണ്ടുപേരെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കപ്പല്‍ കണ്ടെത്താനായിട്ടില്ല.

ബോട്ടിന്റെ സ്രാങ്ക് ചവറ കോവില്‍തോട്ടം കിണറ്റിന്‍കരയില്‍ ജസ്റ്റിന്‍(41), നീണ്ടകര പുത്തന്‍തുറ ആന്റണി മന്ദിരത്തില്‍ സേവ്യര്‍ ആന്റണി (45) എന്നിവരാണ് മരിച്ചത്. ചവറ കാവില്‍തോട്ടം കല്ലിശേരില്‍ വീട്ടില്‍ ക്ലീറ്റസ്(34), കൊല്ലം തോപ്പ് പള്ളിത്തോട്ടത്തില്‍ ബര്‍ണാഡ്(ബേബിച്ചന്‍), സന്തോഷ്(40) എന്നിവരെയാണ് കാണാതായത്. കോവില്‍തോട്ടം ജോണി ഭവനില്‍ മൈക്കിള്‍(55), ചവറ ഡോണി മന്ദിരത്തില്‍ ജോസഫ്(56) എന്നിവരാണ് ആശുപത്രിയിലുള്ളത്.

ചേര്‍ത്തല അര്‍ത്തുങ്കലിന് 13 നോട്ടിക്കല്‍ മൈല്‍ (24 കിലോ മീറ്റര്‍) അകലെ തീരക്കടലില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 1.30നാണ് സംഭവം. നിര്‍ത്തിയിട്ടിരുന്ന ബോട്ടിലേക്ക് കപ്പല്‍ ഇടിച്ചുകയറുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്ന മത്സ്യബന്ധന ബോട്ടുകളിലെ തൊഴിലാളികള്‍ പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ ബോട്ട് പല കഷണങ്ങളായി. തൊഴിലാളികള്‍ പലദിക്കിലേക്ക് തെറിച്ചു. കപ്പല്‍ ലൈറ്റുകള്‍ അണച്ച് നിര്‍ത്താതെപോയി.കോവില്‍തോട്ടം സ്വദേശി മാണിയുടെ ഡോണ്‍ -1 എന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.

മാണിയുടെ മറ്റു നാല് ബോട്ടും ദുരന്തസ്ഥലത്തിനു സമീപം ഉണ്ടായിരുന്നു. കപ്പല്‍ കടന്നുപോയശേഷം ബോട്ടിന്റെ ലൈറ്റ് കാണാത്തതിനെത്തുടര്‍ന്ന് മറ്റു ബോട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് തകര്‍ന്ന നിലയില്‍ കണ്ടത്. വലയില്‍ കുരുങ്ങിയ നിലയിലായിരുന്നു ജസ്റ്റിന്റെ ജഡം. ഇളകിത്തെറിച്ച പലകകളില്‍ പിടിച്ചുകിടന്ന മൈക്കിളിനെയും ജോസഫിനെയും മറ്റു ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. ജസ്റ്റിന്റെയും സേവ്യറിന്റെയും മൃതദേഹങ്ങള്‍ സമീപത്തുണ്ടായിരുന്ന ക്രിസ്റ്റീന, ആന്റണി എന്നീ ബോട്ടുകളിലാണ് കരയ്ക്കെത്തിച്ചത്. മുങ്ങിപ്പോയ ബോട്ടിന്റെ എന്‍ജിന്‍ റൂമില്‍ ചിലര്‍ അകപ്പെട്ടിട്ടുണ്ടാകാമെന്ന് ദൃക്സാക്ഷികളായ മത്സ്യത്തൊഴിലാളികള്‍ പറയുന്നു. തങ്ങളുടെ കൈവശമുണ്ടായിരുന്ന വാക്കിടോക്കികളില്‍ അപകടശേഷം "ജെഫ്രിയ" എന്ന അജ്ഞാത സന്ദേശം വന്നതായി മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. ഇത് ഇടിച്ച കപ്പലിന്റെ പേരാകാമെന്നും അവര്‍ പറയുന്നു.

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കും കപ്പലിനും വേണ്ടി കോസ്റ്റ് ഗാര്‍ഡും നാവികസേനയും തെരച്ചില്‍ തുടരുകയാണ്. ഇറ്റാലിയന്‍ കപ്പല്‍ രണ്ട് മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന് രണ്ടാഴ്ച തികയും മുമ്പുണ്ടായ ദുരന്തം തീരമേഖലയെ ഞെട്ടിച്ചു. കൊല്ലം കാവില്‍തോട്ടം സ്വദേശി മാണിയുടെ ഡോണ്‍ -1 എന്ന ബോട്ടാണ് അപകടത്തില്‍പെട്ടത്. ഇറ്റാലിയന്‍ കപ്പല്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന വിവരം പുറംലോകത്തെ അറിയിച്ചതും രക്ഷാപ്രവര്‍ത്തനം നടത്തിയതും ഡോണായിരുന്നു. അന്ന് ഡോണില്‍നിന്ന് വിവരം വയര്‍ലെസിലൂടെ അറിയിച്ചത് വ്യാഴാഴ്ച കൊല്ലപ്പെട്ട ജസ്റ്റിനാണ്. വ്യാഴാഴ്ച സംഭവം നടന്ന ഉടനെ നീണ്ടകര, തോട്ടപ്പള്ളി തുറമുഖങ്ങളില്‍ വിളിച്ചറിയിച്ചിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് ബോട്ടിന്റെ ഉടമയെ വിളിച്ചറിയിച്ചു. അദ്ദേഹം ബന്ധപ്പെട്ടതനുസരിച്ചാണ് രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്.

സേവ്യര്‍ ആന്റണിയെ രാവിലെ 8.45ന് മത്സ്യബന്ധന വള്ളങ്ങള്‍ തോട്ടപ്പള്ളിയിലെത്തിക്കുമ്പോള്‍ ജീവനുണ്ടായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് സ്പീഡ്ബോട്ട് ഉണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ ജില്ലാ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ പറഞ്ഞു. ആലപ്പുഴ കലക്ടര്‍ സ്ഥലത്തെത്തിയത് എട്ടരയോടെയാണ്. രക്ഷാപ്രവര്‍ത്തനത്തിലെ അനാസ്ഥയില്‍ പ്രതിഷേധിച്ച് മത്സ്യത്തൊഴിലാളികള്‍ കലക്ടറെ തടഞ്ഞു. തുറമുഖം ഉപരോധിച്ചു. സംഭവത്തില്‍ അമ്പലപ്പുഴ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തു. ഡിവൈഎസ്പി മനേഷ്കുമാറിന് കേസിന്റെ അന്വേഷണച്ചുമതല നല്‍കിയതായി ജില്ലാ പൊലീസ് സൂപ്രണ്ട് കെ ജെ ജയിംസ് അറിയിച്ചു. കൊച്ചി തുറമുഖത്തുനിന്ന് നേരെ 20 നോട്ടിക്കല്‍ മൈല്‍(37 കി. മീറ്റര്‍) സഞ്ചരിച്ച് കപ്പല്‍പ്പാതയില്‍ കയറേണ്ടതിനു പകരം ചരിഞ്ഞ് സഞ്ചരിച്ചതാണ് അപകടമുണ്ടാക്കിയതെന്ന് കരുതുന്നു. മൃതദേഹങ്ങള്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. ജസ്റ്റിന്റെ സംസ്കാരം വ്യാഴാഴ്ച വൈകിട്ട് ആറിന് കോവില്‍തോട്ടം സെന്റ് ആന്‍ഡ്രൂസ് പള്ളി സെമിത്തേരിയില്‍ നടന്നു. പരേതനായ ലിയോണിന്റെയും മേരിയുടെയും മകനാണ്. ഭാര്യ: മെറ്റില്‍ഡ. മക്കള്‍ : മാക്സ്വെല്‍ , ജിനി. സേവ്യറിന്റെ സംസ്കാരം വെള്ളിയാഴ്ച പകല്‍ 10ന് കുളങ്ങരഭാഗം വേളാങ്കണ്ണിമാതാ ചാപ്പലില്‍ നടക്കും. പരേതനായ ആന്റണിയുടെയും സിസിലിയുടെയും മകനാണ്. ഭാര്യ: സോണിയ. മക്കള്‍ : ആന്റണി, ആല്‍വിന്‍ .

കുറ്റവാളികള്‍ക്ക് സര്‍ക്കാര്‍ തണല്‍ ; കടലില്‍ വീണ്ടും അരുംകൊല

നിരായുധരും നിരാലംബരുമായ മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ വീണ്ടും കവരാനിടയാക്കിയത് കടല്‍ കുറ്റവാളികള്‍ക്ക് താങ്ങും തണലും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ . രണ്ട് മല്‍സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവെച്ചിട്ട ഇറ്റാലിയന്‍ സൈനികരായ ക്രിമിനല്‍ കേസ് പ്രതികളെ ആഡംബര സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിത്യവൃത്തിക്ക് വേണ്ടി ആഴക്കടലിലേക്കിറങ്ങുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കുന്നില്ല. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചിട്ടപ്പോള്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും മന്ത്രിമാരും സമുദ്രതീരത്ത് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

വെടിവെയ്പിനു ശേഷം മല്‍സ്യത്തൊഴിലാളികള്‍ക്ക് പൊതുവെ കടലില്‍ പോകുന്നതിന് അരക്ഷിത ബോധം അനുഭവപ്പെടുന്നുണ്ടെന്നും ഈ സാഹചര്യത്തില്‍ തീരദേശ സുരക്ഷ അവലോകനത്തിന് ഉടന്‍ ഉന്നതതലയോഗം ചേരുമെന്നുമാണ് ഫെബ്രുവരി 22ന് മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞത്. ഇതുവരെ യോഗം ചേര്‍ന്നില്ല. വ്യാഴാഴ്ച കടലില്‍ വീണ്ടും മത്സ്യത്തൊഴിലാളികളുടെ ജീവന്‍ പൊലിഞ്ഞപ്പോഴും ഉന്നതതലയോഗം വിളിക്കുമെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ശേഷമെങ്കിലും കോസ്റ്റ്ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് തുടങ്ങിയ ഏജന്‍സികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ വ്യാഴാഴ്ചത്തെ ദരന്തം ആവര്‍ത്തിക്കില്ലായിരുന്നു.

കപ്പല്‍ച്ചാല്‍ ലംഘിച്ച് തീരത്തേക്കു കടക്കുന്ന കപ്പലുകളെ തടയാന്‍ കോസ്റ്റ്ഗാര്‍ഡിനും നേവിക്കും മറൈന്‍ എന്‍ഫോഴ്സ്മെന്റിനും അധികാരമുണ്ട്. പക്ഷെ പാശ്ചാത്യ രാജ്യങ്ങളോടുള്ള അമിത വിധേയത്വം കാരണം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നടപടിക്ക് മടിക്കുന്നു. ഇന്ത്യന്‍ ശിക്ഷാനിയമ പ്രകാരം അകത്തായ രണ്ട് പ്രതികള്‍ക്ക് തുടര്‍ച്ചയായി സര്‍ക്കാര്‍ നല്‍കുന്ന സംരക്ഷണം വെല്ലുവിളിയായി മാറി.

ഫെബ്രുവരി 15 മുതല്‍ ഈ പ്രതികള്‍ പൊലീസ് കസ്റ്റഡിയിലാണ്. ചോദ്യം ചെയ്യാനും തെളിവുകള്‍ ശേഖരിക്കാനുമാണ് റിമാണ്ടില്‍ കഴിയുന്ന പ്രതികളെ സാധാരണനിലയില്‍ പൊലീസ് കസ്റ്റഡിയില്‍ വാങ്ങുക. എന്നാല്‍ , ഈ പ്രതികളെ കാര്യമായി ചോദ്യം ചെയ്യുകയോ തെളിവെടുക്കുകയോ ചെയ്തിട്ടില്ല. സിഐഎസ്എഫിന്റെ ഗസ്റ്റ്ഹൗസില്‍ ഇവര്‍ക്ക് സുഖവാസമാണ്. സ്റ്റാര്‍ ഹോട്ടലില്‍ നിന്ന് ഇറ്റാലിയന്‍ ഭക്ഷണവും എത്തിച്ചുകൊടുക്കുന്നതായാണ് വിവരം. പ്രതികള്‍ ഇപ്പോഴും സൈനികവേഷത്തിലാണ്. ഇറ്റലിയില്‍ നിന്നു വരുന്ന മന്ത്രി ഉള്‍പ്പെടെയുള്ള ആര്‍ക്കും പ്രതികളെ ഏതു സമയവും സന്ദര്‍ശിച്ച് സുഖവിവരം തിരക്കാം. കഴിഞ്ഞ ദിവസം ഇറ്റാലിയന്‍ മന്ത്രി വന്നപ്പോള്‍ പ്രതികള്‍ ഹസ്തദാനം നല്‍കി പൊട്ടിച്ചിരിക്കുന്നത് മാധ്യമങ്ങളിലൂടെ കണ്ട് കേരളീയര്‍ ഞെട്ടി. ഇപ്പോഴും ഇവര്‍ സൈനികവേഷത്തില്‍ എന്തുകൊണ്ട് നടക്കുന്നുവെന്ന് കോടതി തന്നെ ചോദിച്ചു. പ്രതികളെ ചോദ്യംചെയ്തുകഴിഞ്ഞാല്‍ സ്വാഭാവികമായും ജയിലിലേക്ക് അയക്കേണ്ടതാണ്.എന്നാല്‍ , കസ്റ്റഡി കാലാവധി നീട്ടിക്കൊണ്ടുപോയി പ്രതികള്‍ക്ക് സൗകര്യമൊരുക്കുന്നു. ഇത്തരം നടപടികള്‍ വിദേശ കപ്പലുകള്‍ക്ക് നിയമലംഘനത്തിന് പ്രചോദനമായെന്നതിന്റെ തെളിവാണ് പുതിയ സംഭവം.

സ്പീഡ് ബോട്ടുകള്‍ വിശ്രമത്തില്‍ ; തുറക്കാതെ പൊലീസ്സ്റ്റേഷനും

മൂക്കിന് താഴെ ദുരന്തം നടക്കുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് ചുമതലപ്പെട്ട സ്പീഡ് ബോട്ടുകളും പൊലീസ് സേനയും വിശ്രമത്തില്‍ . തീരദേശ സംരക്ഷണത്തിനും മത്സ്യതൊഴിലാളി സുരക്ഷയ്ക്കും വേണ്ടി സ്ഥാപിച്ച ഹാര്‍ബര്‍ പൊലീസ് സ്റ്റേഷന്‍ പണി പൂര്‍ത്തീകരിച്ചിട്ടും ഉദ്ഘാടനം പോലും ചെയ്യാതെ നോക്കുകുത്തിയായി. കടലില്‍ അപകടമുണ്ടാകുമ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിനും തീരസുരക്ഷയ്ക്കുമായി മുന്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് മൂന്ന് സ്പീഡ് ബോട്ടുകള്‍ തോട്ടപ്പള്ളി ഹാര്‍ബറില്‍ അനുവദിച്ചത്. കടല്‍ ക്ഷോഭമുണ്ടാകുമ്പോഴും കടലില്‍ സഞ്ചരിക്കാന്‍ കഴിയുന്ന ഈ ബോട്ടുകളില്‍ ഓക്സിജന്‍ അടക്കമുള്ള ശുശ്രൂഷ സംവിധാനവുമുണ്ടായിരുന്നു. ഒന്നരക്കോടി രൂപ വീതം വിലവരുന്ന ഈ ബോട്ടുകള്‍ ഇന്ന് തൃക്കുന്നപ്പുഴ കായലില്‍ മുരിങ്ങ പിടിച്ചു നശിക്കുന്നു. ഇവ പ്രവര്‍ത്തനക്ഷമമായിരുന്നുവെങ്കില്‍ വ്യാഴാഴ്ച ഒരു ജീവനെങ്കിലും രക്ഷിക്കാമായിരുന്നുവെന്ന് മത്സ്യതൊഴിലാളികള്‍ പറയുന്നു.
 
അപകടത്തില്‍പെട്ട സേവ്യര്‍ ആന്റണി കരയ്ക്കെത്തിയശേഷമാണ് മരിച്ചത്. സ്പീഡ്ബോട്ടും ഓക്സിജനും ലഭിച്ചിരുന്നെങ്കില്‍ ആ ജീവനെങ്കിലും രക്ഷപെട്ടേനെ. ബോട്ടുള്ള പൊലീസ് സ്റ്റേഷനുകളിലെ ഡ്രൈവര്‍മാരെ മാറി മാറിയാണ് ഈ ബോട്ടുകളില്‍ നിയമിക്കുന്നത്. അതിനാല്‍ ഇവയെ പരിപാലിക്കാന്‍ ആര്‍ക്കും ഉത്തരവാദിത്തമില്ല. കായലില്‍ ബോട്ട് ഓടിക്കുന്ന ഇവര്‍ക്ക് കടലില്‍ ബോട്ട് ഓടിക്കാന്‍ പരിശീലനവും നല്‍കിയിട്ടില്ല. കടലില്‍ ബോട്ട് കൈകാര്യം ചെയ്യാനുള്ള എംഎംഡി ലൈസന്‍സും ഇല്ല. കടലില്‍ ബോട്ട് ഓടിക്കാന്‍ ഇവര്‍ക്ക് ധൈര്യവുമില്ല. അതിനാല്‍ ഓടിക്കാതെ കിടന്ന് അടിയിലാകെ മുരിങ്ങ പിടിച്ചു. ബാറ്ററിയും പ്രവര്‍ത്തിക്കാതായി. ഇതോടെ കായലില്‍ കെട്ടിയിടുകയായിരുന്നു. പ്രവര്‍ത്തിക്കാതെ കുറെനാള്‍ കിടന്നതു മൂലമുണ്ടായ തകരാര്‍ മാത്രമാണ് ഈ ബോട്ടുകള്‍ക്ക് ഉള്ളതെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. ഹാര്‍ബറില്‍ മാത്രം ഇടേണ്ട സ്പീഡ് ബോട്ടുകളാണ് കായലില്‍ വിശ്രമിക്കുന്നത്.

ഹാര്‍ബര്‍ പൊലീസ് സ്റ്റേഷന്റെ സ്ഥിതിയും ഇതു തന്നെ. കെട്ടിടം പണി പൂര്‍ത്തിയായിട്ട് മാസങ്ങളായെങ്കിലും ഉദ്ഘാടനം ചെയ്യാനും ആവശ്യമുള്ള വിദഗ്ധ സ്രാങ്കുമാരെയടക്കം നിയമിക്കാനും സര്‍ക്കാര്‍ തയ്യാറാകുന്നില്ല. മൂന്നു നിലയുള്ള ഹാര്‍ബര്‍ സ്റ്റേഷന്റെ മുകളില്‍ നിന്ന് ബൈനോക്കുലറിലൂടെ നോക്കിയാല്‍ കടലില്‍ 20 മൈല്‍ ചുറ്റളവില്‍ കാണണമെന്നാണ് ചട്ടം. എന്നാല്‍ ഹാര്‍ബര്‍ എന്‍ജിനിയറിങ് വിഭാഗത്തിന്റെ സ്ഥലത്ത് സ്ഥാപിച്ച പൊലീസ്സ്റ്റേഷന്റെ മുകളില്‍ നിന്ന് നോക്കിയാല്‍ കടല്‍പോലും കാണില്ലെന്നും പരാതിയുണ്ട്.

എന്‍റിക്ക ലെക്സിയെ കുടുക്കിയ ജസ്റ്റിന്റെ ജീവനെടുത്തതും വിദേശ കപ്പല്‍

രണ്ടു മത്സ്യത്തൊഴിലാളികളെ വെടിയുണ്ടയ്ക്കിരയാക്കി കടന്ന ഇറ്റാലിയന്‍ കപ്പലിനെ കുടുക്കാന്‍ തീരത്തേക്ക് ആദ്യസന്ദേശം കൈമാറിയ ജസ്റ്റിന്റെ ജീവന്‍ അപഹരിച്ചതും വിദേശകപ്പല്‍ . കപ്പല്‍ ഇടിച്ചുതകര്‍ന്ന ബോട്ട് "ഡോണ്‍ വണ്ണി"ന്റെ സ്രാങ്കായിരുന്നു ജസ്റ്റിന്‍ . ഫെബ്രുവരി 15ന് സെന്റ് ആന്റണി ബോട്ടിനുനേരെ ഇറ്റാലിയന്‍ കപ്പല്‍ എന്‍റിക്ക ലക്സിയില്‍നിന്ന് സുരക്ഷാഭടന്മാരുടെ വെടിവയ്പുണ്ടായപ്പോള്‍ സമീപത്ത് ജസ്റ്റിനും സംഘവും ഡോണ്‍ ബോട്ടില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. ഈ ബോട്ടിന്റെ സ്രാങ്കാണ് ജസ്റ്റിന്‍ . മത്സ്യത്തൊഴിലാളികള്‍ക്കുനേരെ വെടിവച്ചശേഷം വേഗത്തില്‍ പോയ കപ്പലിനെക്കുറിച്ച് ജസ്റ്റിന്‍ വാക്കിടോക്കിയിലൂടെ ഡോണ്‍ ഒന്ന് ബോട്ടുടമ ആന്റണി ഡൊമിനിക്കിനെ വിവരം അറിയിച്ചു. ആന്റണി നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നീണ്ടകര തീരദേശ പൊലീസ് കൊച്ചിയിലെ തീരസംരക്ഷണ സേനാ ആസ്ഥാനത്ത് വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് തീരസംരക്ഷണ സേനയുടെ കപ്പലുകളും ഹെലികോപ്റ്ററും എന്‍റിക്ക ലക്സിയെ പിടികൂടിയത്. പത്തുവര്‍ഷമായി ഡോണിന്റെ സ്രാങ്കാണ് ജസ്റ്റിന്‍ . കഴിഞ്ഞ ഞായറാഴ്ചയാണ് നീണ്ടകര തുറമുഖത്തുനിന്ന് കടലില്‍ പോയത്. സാധാരണ ഒരാഴ്ച മത്സ്യബന്ധനം നടത്തിയശേഷമാണ് തിരികെവരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെ കരയിലേക്ക് മടങ്ങാനിരിക്കെയാണ് ദുരന്തം. അപകടം നടക്കുമ്പോള്‍ അഞ്ഞൂറോളം ബോട്ടുകള്‍ സമീപത്തുണ്ടായിരുന്നു.

മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബര്‍ ഉപരോധിച്ചു

അമ്പലപ്പുഴ: തീരക്കടലില്‍ അപകടം പതിവായിട്ടും രക്ഷാപ്രവര്‍ത്തനത്തിന് സൗകര്യമൊരുക്കാത്തതില്‍ പ്രതിഷേധിച്ച് തോട്ടപ്പള്ളി ഫിഷറീസ് ഹാര്‍ബര്‍ ഉപരോധിച്ച മത്സ്യത്തൊഴിലാളികള്‍ കലക്ടറെ തടഞ്ഞു. വ്യാഴാഴ്ച രാവിലെ പത്തോടെയാണ് മത്സ്യത്തൊഴിലാളികള്‍ ഹാര്‍ബര്‍ ഉപരോധിച്ചത്. ഈ സമയം ഇതുവഴിയെത്തിയ കലക്ടര്‍ സൗരഭ് ജയിന്റേയും മറ്റ് ഉദ്യോഗസ്ഥരുടേയും കാറുകള്‍ തൊഴിലാളികള്‍ തടഞ്ഞു.

മൂന്ന് വര്‍ഷം മുമ്പ് ആറുകോടി രൂപ ചെലവില്‍ റഡാര്‍ , ഓക്സിജന്‍ , ക്യാമറ തുടങ്ങി അത്യന്താധുനിക ഉപകരണങ്ങളോടുകൂടിയ മൂന്ന് ബോട്ടുകള്‍ തോട്ടപ്പള്ളിയില്‍ ലഭ്യമാക്കിയിരുന്നു. കോസ്റ്റല്‍ സെക്യൂരിറ്റി പൊലീസിന്റെ ഉടമസ്ഥതയിലാണ് ബോട്ടുകള്‍ . ശരിയായി പ്രവര്‍ത്തിപ്പിക്കാനറിയാവുന്ന ജീവനക്കാരോ തകരാറുണ്ടായാല്‍ പരിഹരിക്കാനുള്ള സാങ്കേതികവിദഗ്ധരോ ഇല്ലാത്തതിനാല്‍ മൂന്ന് ബോട്ടുകളും വിശ്രമത്തിലാണ്. ബാറ്ററി തകരാറിലായ ബോട്ടുകള്‍ തൃക്കുന്നപ്പുഴ കായലിലേക്ക് മാറ്റാന്‍ ഒരുവര്‍ഷംമുമ്പ് കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ഫെബ്രുവരിയില്‍ ബോട്ടുകള്‍ തോട്ടപ്പള്ളിയില്‍നിന്നു മാറ്റി. ബോട്ടുകള്‍ തോട്ടപ്പള്ളിയില്‍ ഉണ്ടായിരുന്നെങ്കില്‍ വ്യാഴാഴ്ച അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളില്‍ സേവ്യറിന്റെ ജീവന്‍ രക്ഷിക്കാമായിരുന്നു. സേവ്യറിനെ കടലില്‍നിന്ന് കണ്ടെത്തുമ്പോള്‍ ജീവനുണ്ടായിരുന്നു. വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചശേഷമാണ് മരിച്ചത്. ഓക്സിജന്‍ സൗകര്യമുള്ള ബോട്ടുണ്ടായിരുന്നെങ്കില്‍ ജീവന്‍ രക്ഷിക്കാമായിരുന്നു.

ബോട്ട് തോട്ടപ്പള്ളിയില്‍നിന്നു മാറ്റിയതില്‍ പ്രതിഷേധിച്ചാണ് മത്സ്യത്തൊഴിലാളികള്‍ രാവിലെ ഹാര്‍ബര്‍ ഉപരോധിച്ചത്. ഉപരോധം മത്സ്യത്തൊഴിലാളി ഫെഡറേഷന്‍ (സിഐടിയു) ജില്ലാ സെക്രട്ടറി പി പി ചിത്തരഞ്ജന്‍ ഉദ്ഘാടനംചെയ്തു. യു രാജുമോന്‍ , ടി എസ് ജോസഫ്, എ എസ് സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.

സര്‍ക്കാര്‍ ദൃക്സാക്ഷി മാത്രമായി: എസ് ശര്‍മ

ആലപ്പുഴ: ദുരന്തമുണ്ടായാല്‍ അത് ആവര്‍ത്തിക്കാതിരിക്കാന്‍ നടപടി സ്വീകരിക്കേണ്ട കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദൃക്സാക്ഷിയുടെ പങ്ക് മാത്രമാണ് നിര്‍വഹിക്കുന്നതെന്ന് മുന്‍ ഫിഷറീസ് മന്ത്രി എസ് ശര്‍മ പറഞ്ഞു. കപ്പല്‍ ജീവനക്കാര്‍ക്ക് ജോലിക്കിടെ അപകടം ഉണ്ടായാല്‍ കിട്ടുന്ന ഉയര്‍ന്ന നഷ്ടപരിഹാരം ബോട്ട് ജീവനക്കാര്‍ക്കും ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ സൂക്ഷിച്ചിരുന്ന ജനറല്‍ ആശുപത്രിയിലെത്തിയ ശര്‍മ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

ഇറ്റാലിയന്‍ കപ്പലില്‍ നിന്നുള്ള വെടിവയ്പിന് ശേഷം തീരദേശം ആകെ മാനസികസംഘര്‍ഷത്തിലാണ്. മുമ്പൊരിക്കലും ഉണ്ടാകാത്ത അരക്ഷിതാവസ്ഥയാണ് മത്സ്യതൊഴിലാളികള്‍ അനുഭവിക്കുന്നത്. ആദ്യ സംഭവത്തിന് ശേഷം തീരത്ത് കോസ്റ്റ് ഗാര്‍ഡ്, നേവി, മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഇവയുടെ ശക്തമായ സാന്നിധ്യം ഉറപ്പുവരുത്തേണ്ടതായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിനായി മുന്‍ സര്‍ക്കാര്‍ വന്‍ വില കൊടുത്ത് സ്പീഡ്ബോട്ടുകള്‍ വാങ്ങിയിരുന്നു. എന്നാല്‍ ഇവ പ്രയോജനപ്പെടുന്നില്ല. കോസ്റ്റ് ഗാര്‍ഡ് അപകടം നടന്നാല്‍ രക്ഷാപ്രവര്‍ത്തനം നടത്തേണ്ട ഏജന്‍സിയല്ല. കടല്‍മാപ്പ് വച്ച് പരിധികള്‍ ലംഘിക്കുന്ന കപ്പലുകള്‍ക്കും ബോട്ടുകള്‍ക്കും മുന്നറിയിപ്പ് നല്‍കാനുള്ള ബാധ്യതയും അവര്‍ക്കുണ്ട്. എന്നാല്‍ അതുണ്ടായില്ല. ഈ അവസ്ഥ മാറ്റാന്‍ കേന്ദ്രം ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കപ്പല്‍ കണ്ടെത്താനായില്ല

കൊച്ചി: കടലില്‍ മത്സ്യബന്ധന ബോട്ട് ഇടിച്ചുതകര്‍ത്ത കപ്പല്‍ സംഭവം നടന്ന് 24 മണിക്കൂര്‍ പിന്നിട്ടിട്ടും കണ്ടെത്താനായില്ല. ഗുരുതരമായ സുരക്ഷാ പാളിച്ചയിലേക്ക് സംഭവം വിരല്‍ചൂണ്ടുന്നു. ഇന്ത്യന്‍ നേവിയും കോസ്റ്റ്ഗാര്‍ഡും കപ്പലിനായി തെരച്ചില്‍ തുടരുകയാണ്.

വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് കപ്പല്‍ ബോട്ടിലിടിച്ചത്. ലോകത്തെ ആറാമത്തെ നാവിക ശക്തിയാണ് ഇന്ത്യ. സമുദ്രാതിര്‍ത്തിക്കുള്ളില്‍ മത്സ്യബന്ധന ബോട്ടിനെ ഇടിച്ചു തകര്‍ത്ത കപ്പല്‍ കണ്ടെത്താന്‍ കഴിയാത്തതോടെ ഇന്ത്യയുടെ നാവികശക്തി അന്താരാഷ്ട്രതലത്തില്‍ പരിഹാസപാത്രമാകുകയാണ്. കടല്‍ അരിച്ചുപെറുക്കാന്‍ റഡാറും ഉപഗ്രഹ കേന്ദ്രീകൃത നിരീക്ഷണ സംവിധാനവുമൊക്കെ ഉണ്ടെങ്കിലും വെറുമൊരു ചരക്കുകപ്പല്‍ കണ്ടെത്താന്‍ നാവികസേനയ്ക്ക് കഴിയുന്നില്ല. തീരസുരക്ഷയില്‍ പ്രതിരോധ മന്ത്രാലയത്തിന്റെ അനാസ്ഥ വെളിപ്പെടുത്തുന്നതായി ഈ വീഴ്ച.

മുംബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് തീരസുരക്ഷ ശക്തമാക്കണമെന്ന മുറവിളി രാജ്യമൊട്ടാകെ ഉയര്‍ന്നിരുന്നു. എന്നാല്‍ , കേന്ദ്രസര്‍ക്കാര്‍ അലംഭാവം തുടരുകയാണ്. തീരം വഴി പൊടുന്നനെ ഒരു ആക്രമണം ഉണ്ടായാല്‍ അതു ചെറുക്കാന്‍ നാവികസേനയ്ക്ക് കഴിയുമോ എന്ന് ആശങ്ക ഉയര്‍ത്തുന്നതാണ് ഈ സംഭവം. കപ്പലിനായുള്ള തെരച്ചില്‍ വെള്ളിയാഴ്ചയും തുടരുമെന്ന് നാവികസേന അധികൃതര്‍ അറിയിച്ചു. കോസ്റ്റ്ഗാര്‍ഡിന്റെ വിമാനവും തെരച്ചിലിനായി ഒപ്പം ചേരും. മുംബൈയിലെ മറൈന്‍ റെസ്ക്യൂ കോ ഓര്‍ഡിനേഷന്‍ സെന്റര്‍ , കൊച്ചി തുറമുഖം എന്നിവിടങ്ങളില്‍ ലഭിച്ച സന്ദേശങ്ങളും മറ്റു വിവരങ്ങളും പരിശോധിച്ചു വരികയാണെന്നും നേവി അറിയിച്ചു.

deshabhimani 020312

2 comments:

  1. നിരായുധരും നിരാലംബരുമായ മല്‍സ്യത്തൊഴിലാളികളുടെ ജീവന്‍ വീണ്ടും കവരാനിടയാക്കിയത് കടല്‍ കുറ്റവാളികള്‍ക്ക് താങ്ങും തണലും നല്‍കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍ . രണ്ട് മല്‍സ്യത്തൊഴിലാളികളെ നിഷ്കരുണം വെടിവെച്ചിട്ട ഇറ്റാലിയന്‍ സൈനികരായ ക്രിമിനല്‍ കേസ് പ്രതികളെ ആഡംബര സൗകര്യങ്ങള്‍ ഒരുക്കി സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിത്യവൃത്തിക്ക് വേണ്ടി ആഴക്കടലിലേക്കിറങ്ങുന്ന മല്‍സ്യത്തൊഴിലാളികളുടെ ജീവന് പുല്ലുവിലപോലും കല്‍പിക്കുന്നില്ല. മല്‍സ്യത്തൊഴിലാളികളെ വെടിവെച്ചിട്ടപ്പോള്‍ കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിയും മന്ത്രിമാരും സമുദ്രതീരത്ത് പൂര്‍ണ സുരക്ഷ ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കുമെന്ന് ആവര്‍ത്തിച്ചതല്ലാതെ ഒന്നുമുണ്ടായില്ല.

    ReplyDelete
  2. അര്‍ത്തുങ്കലില്‍ കപ്പല്‍ ഇടിച്ചു തകര്‍ത്ത ബോട്ടിന്റെ അവശിഷ്ടം കണ്ടെത്തിയതായി സൂചന. ഇന്ത്യന്‍ നേവിയുടെ കപ്പലായ സര്‍വേശക് നടത്തിയ പരിശോധനയിലാണ് കടലിനടിയില്‍ അവശിഷ്ടം കണ്ടെത്തിയത്. ഇത് വിശദമായി പരിശോധന നടത്താന്‍ കൊച്ചിയില്‍ നിന്ന് നേവിയുടെ മുങ്ങല്‍ വിദഗ്ധര്‍ സ്ഥലത്തേക്ക് പോകും. അവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നത് പരിശോധയിലേ സ്ഥിരീകരിക്കാനാവൂ എന്ന് നേവി അധികൃതര്‍ അറിയിച്ചു.

    ReplyDelete