സപ്ലൈകോയിലെ ജീവനക്കാരെ കൂട്ടത്തോടെ സ്ഥലംമാറ്റിയശേഷം താല്‍ക്കാലികക്കാരെ നിയമിക്കാന്‍ ലേലംവിളി. തിരുവനന്തപുരം മേഖലാ ഓഫീസിനു കീഴില്‍ ജോലിചെയ്യുന്ന 155 പേരെ സ്ഥലംമാറ്റിയശേഷം പുതിയ ജീവനക്കാരെ നിയമിക്കാനാണ് നീക്കം. 37 പേരെ ഇതിനകം വിദൂരസ്ഥലങ്ങളിലേക്ക് മാറ്റിക്കഴിഞ്ഞു. അവശേഷിക്കുന്നവരെയും ഉടന്‍ മാറ്റും. ഒന്നരക്കോടിയിലേറെ രൂപ കോഴ തരപ്പെടുത്താനുള്ള ഈ നീക്കത്തിനിടെ സപ്ലൈകോയുടെ പ്രവര്‍ത്തനങ്ങളും താളംതെറ്റുകയാണ്. മന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് തിരക്കിട്ട നിയമന നീക്കങ്ങള്‍. താല്‍ക്കാലികജീവനക്കാരായി നിയമിച്ചശേഷം സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനം നല്‍കി സീറ്റൊന്നിന് ഒരുലക്ഷം വീതം പിരിക്കുകയാണ്. സപ്ലൈകോയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിച്ചവരെയെല്ലാം സ്ഥിരപ്പെടുത്തിയിട്ടുണ്ടെന്നും ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു.
സപ്ലൈകോയിലെ അഡീഷണല്‍ ജനറല്‍ മാനേജരുടെ (പി ആന്‍ഡ് എ) ഫാകസ് സന്ദേശമായാണ് ഫെബ്രുവരി 19ന് അടിയന്തരമായി സ്ഥലംമാറ്റനിര്‍ദേശം എത്തിയത്. എറണാകുളത്ത് 32, കോട്ടയത്ത് 40, പാലക്കാട്ട് 64, കോഴിക്കോട്ട് 44 എന്നിങ്ങനെ ജീവനക്കാരുടെ കുറവുണ്ടെന്നും ഇത് പരിഹരിക്കാന്‍ തിരുവനന്തപുരം മേഖലയിലെ ജീവനക്കാരെ അടിയന്തരമായി മാറ്റണമെന്നുമാണ് ആവശ്യം. എന്നാല്‍, തിരുവനന്തപുരത്ത് അധികജീവനക്കാരുണ്ടെന്ന വാദം ശരിയല്ലെന്നും ചൂണ്ടിക്കാട്ടുന്നു. സപ്ലൈകോയിലെ ജീവനക്കാരുടെ തസ്തിക സംബന്ധിച്ച് 2012 സെപ്തംബര്‍ ഒന്നിന് ഇറക്കിയ സര്‍ക്കുലര്‍ പ്രകാരം തിരുവനന്തപുരം മേഖലയില്‍ 115 അസിസ്റ്റന്റുമാരുടെ കുറവാണുള്ളതെന്ന് റീജണല്‍ മാനേജര്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നെടുത്ത 50 പേരുടെ നിയമനകാലാവധി മാര്‍ച്ച് 31ന് അവസാനിക്കുകയാണ്. ഇതോടെ ഒഴിവുകളുടെ എണ്ണം 165 ആകും. ഇത് കണ്ടില്ലെന്നുനടിച്ചാണ് ജീവനക്കാരെ ഇപ്പോള്‍ സ്ഥലംമാറ്റുന്നത്.
മറ്റു മേഖലകളിലെ ഒഴിവുനികത്താന്‍ നടപടി സ്വീകരിക്കാതെയാണ് തിരുവനന്തപുരം മേഖലയിലെ ജീവനക്കാരെ നിയോഗിക്കുന്നത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി താല്‍ക്കാലികജീവനക്കാരെ നിയമിക്കാന്‍ റീജണല്‍ മാനേജര്‍മാര്‍ക്ക് അധികാരമുണ്ട്. എന്നാല്‍, ഇത് നടത്താന്‍ റീജണല്‍ മാനേജര്‍മാര്‍ തയ്യാറാകുന്നില്ല. സപ്ലൈകോയിലെ ഒഴിവുനികത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പില്‍നിന്ന് 52 എല്‍ഡി ക്ലര്‍ക്കുമാരെയും 40 യുഡി ക്ലര്‍ക്കുമാരെയും 67 റേഷനിങ് ഇന്‍സ്പെക്ടര്‍മാരെയും നിയമിക്കുന്നതിന് തീരുമാനമുണ്ടെങ്കിലും വകുപ്പുമന്ത്രിയുടെ ഓഫീസ് ഈ ഫയല്‍ പൂഴ്ത്തിയിരിക്കുകയാണ്. ഇതിനിടെ, സപ്ലൈകോയില്‍ അസിസ്റ്റന്റ് സെയില്‍സ്മാന്മാരായി ജോലിചെയ്യുന്ന താല്‍ക്കാലികജീവനക്കാരില്‍ ഉന്നത ബിരുദധാരികളായ അമ്പതോളംപേര്‍ക്ക് അസിസ്റ്റന്റ് മാനേജര്‍മാരുടെ തസ്തിക നല്‍കാനും ലേലംവിളി സജീവമായി.
(ആര്‍ സാംബന്‍)
വാണിജ്യനികുതി ചെക്ക്പോസ്റ്റുകളില്‍ കോഴനിയമനം
തിരു: വാണിജ്യനികുതി വകുപ്പില്‍ ഇഷ്ടപ്പെട്ട ചെക്ക്പോസ്റ്റുകളില്‍ നിയമനത്തിന് ലേലംവിളി. ഒരു ലക്ഷം മുതല്‍ മുന്ന് ലക്ഷം രൂപ വരെയാണ് ഏകദേശനിരക്ക്. വന്‍തോതില്‍ കൈക്കൂലി ലഭിക്കുന്ന ചെക്ക്പോസ്റ്റുകളിലേക്ക് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ അവിടങ്ങളില്‍ തുക ഉയരും. ചിലയിടത്ത് അഞ്ചു ലക്ഷം രൂപവരെയുണ്ട്. മന്ത്രിയുടെ ഓഫീസും ചില യൂണിയന്‍ നേതാക്കളുമാണ് ഇടനിലക്കാര്‍. തിരുവനന്തപുരം സ്വദേശിയായ കോണ്‍ഗ്രസ് സര്‍വീസ് സംഘടനാ നേതാവിന് താഴ്ന്ന തസ്തികയില്‍ വയനാട്ടില്‍ ഡെപ്യൂട്ടേഷന്‍ നല്‍കിയതടക്കം വന്‍ക്രമക്കേടുകളാണ് വകുപ്പില്‍ അരങ്ങേറുന്നത്. ചെക്ക്പോസ്റ്റുകള്‍ അഴിമതികേന്ദ്രങ്ങളായതോടെ വരുമാനം ഇടിഞ്ഞു. എന്‍ജിഒ അസോസിയേഷന്‍ സംസ്ഥാന കമ്മറ്റി അംഗം സി ശ്രീകുമാറാണ് താഴ്ന്ന തസ്തികയില്‍ ഡെപ്യൂട്ടേഷന്‍ വാങ്ങി വയനാട് ജില്ലയില്‍ സേവനമനുഷ്ഠിക്കുന്നത്. തിരുവനന്തപുരം സ്വദേശിയായ ശ്രീകുമാര്‍ ഡെപ്യൂട്ടി കമീഷണര്‍(ഇന്റലിജന്‍സ്)ഓഫീസില്‍ നിന്നാണ് വയനാട്ടിലേക്കു പോയത്. 2011 നവംബര്‍ 22 മുതല്‍ വയനാട്ടിലെ മുത്തങ്ങ, ലക്കിടി, നിരവില്‍പ്പുഴ ചെക്ക്പോസ്റ്റുകളില്‍ മാറിമാറി ജോലിചെയ്യുന്നു. ക്ലറിക്കല്‍ അറ്റന്‍ഡറാണ് ശ്രീകുമാര്‍. നിയമനമാകട്ടെ ലാസ്റ്ററ്റ്ഗ്രേഡ് തസ്തികയിലും. വയനാട്ടിലെ ചെക്ക്പോസ്റ്റുകളില്‍ ക്ലറിക്കല്‍ തസ്തികയില്‍ ഒഴിവില്ലാത്തതുകാരണം വര്‍ക്കിങ് അറേഞ്ച്മെന്റ് എന്ന പേരിലാണ് ഓഫീസ് അറ്റന്‍ഡര്‍ തസ്തികയില്‍ നിയമിച്ചതെന്നാണ് ഔദ്യോഗിക വിശദീകരണം. ചെക്ക്പോസ്റ്റുകളിലുള്ളവരെ ആറുമാസം കൂടുമ്പോള്‍ ഓഫീസുകളിലേക്കു മാറ്റണമെന്ന വ്യവസ്ഥ ശ്രീകുമാറിന് ബാധകമാക്കിയിട്ടില്ല.
വാണിജ്യനികുതി ജോയിന്റ് കമീഷണറുടെ ഓഫീസ് ഫെബ്രുവരി 28ന് പുറപ്പെടുവിച്ച ഉത്തരവ് ക്രമക്കേടുകളുടെ സാക്ഷ്യപത്രമാണ്. ധനമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗത്തിന്റെ അടുത്ത ബന്ധു എന്നവകാശപ്പെടുന്ന വാണിജ്യനികുതി വകുപ്പ് ഉദ്യോഗസ്ഥനാണ് സ്ഥലംമാറ്റങ്ങളില്‍ വലിയതോതില്‍ ഇടപെടുന്നത്. തിരുവനന്തപുരത്തുനിന്നടക്കം എന്‍ജിഒ യൂണിയന്‍ നേതാക്കളെയും പ്രവര്‍ത്തകരെയും വാളയാറിലേക്ക് മാറ്റി. വാളയാറും അമരവിളയും യുഡിഎഫ് അനുകൂലികള്‍ക്ക് താലപ്പര്യമില്ല. അമരവിളയും വാളയാറും ഒഴിവാക്കി മറ്റു ചെക്ക്പോസ്റ്റുകളും സമാന്തരപാതകളും വഴിയാണ് നികുതിവെട്ടിച്ച് വന്‍തോതിലുള്ള ചരക്കുകടത്ത്. തിരുവനന്തപുരം പിരായുമൂട് ചെക്ക്പോസ്റ്റ് ഇഷ്ടലാവണമാണ്. പാലക്കാട് ഒഴലപ്പതിയില്‍നിന്ന് ഇത്തവണ മാറ്റിയ കൊട്ടാരക്കര സ്വദേശി, ഓഫീസില്‍ നിയമിക്കണമെന്ന വ്യവസ്ഥ തട്ടിമാറ്റി പിരായുമൂട് ചെക്ക്പോസ്റ്റ് പിടിച്ചുവാങ്ങി. മൂന്ന് ഇന്‍സ്പെക്ടര്‍മാരടക്കം ആറു പേര്‍ വേണ്ട ഇവിടെ ഇപ്പോള്‍ എട്ടുപേരെ നിയമിച്ചുകഴിഞ്ഞു. പ്രതിദിനം കാല്‍ലക്ഷം രൂപവരെ ഈ ചെക്ക്പോസ്റ്റില്‍ കൈമടക്ക് വരുന്നതായാണ് വിവരം. അമരവിളയിലൂടെ ദിവസം ശരാശരി 25-30 കോഴിവണ്ടികള്‍ വന്നത് ഇപ്പോള്‍ അഞ്ചോ ആറോ ആയി ചുരുങ്ങി. കള്ളിക്കാട്, ഉച്ചക്കട, ആര്യങ്കാവ്, ഒഴലപ്പതി, വേലന്താവളം, ചമ്മണാംപതി, ഗോപാലപുരം തുടങ്ങിയ ചെക്ക്പോസ്റ്റുകളിലും നിയമനത്തിന് പിടിവലിയാണ്.
എല്‍ഡിഎഫ് ഭരണകാലത്ത് തുടക്കംകുറിച്ച അഴിമതിരഹിത ചെക്ക്പോസ്റ്റ് സംവിധാനം യുഡിഎഫ് അധികാരമേറ്റ് അധികം വൈകാതെ തകര്‍ന്നിരുന്നു. വാളയാറിലും അമരവിളയിലും മാത്രമാണ് ഇത് ഭാഗികമായി നിലനില്‍ക്കുന്നത്. ചെക്ക് പോസ്റ്റുകളിലുള്ളവരെ ആറുമാസം കൂടുമ്പോള്‍ ഓഫീസുകളിലേക്ക് മാറ്റി പുതിയ ജീവനക്കാരെ നിയോഗിക്കണമെന്ന് വ്യവസ്ഥയുണ്ട്. എന്നാല്‍, ഒമ്പതുമാസം കഴിഞ്ഞാണ് ഇത്തവണ നിയമനോത്തരവിറങ്ങിയത്. ആ ഉത്തരവില്‍ തന്നെ ആറുമാസമായവരെ മാറ്റണമെന്ന വ്യവസ്ഥ പാലിച്ചതുമില്ല.
deshabhimani 060313
No comments:
Post a Comment