Wednesday, March 6, 2013

കര്‍ഷക കടാശ്വാസ പദ്ധതിയില്‍ വ്യാപക ക്രമക്കേട്: സിഎജി

യുപിഎ സര്‍ക്കാരിന്റെ 52000 കോടി രൂപയുടെ കാര്‍ഷിക കടാശ്വാസ പദ്ധതി നടത്തിപ്പില്‍ ഗുരുതര പിഴവുള്ളതായി കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍(സിഎജി)റിപ്പോര്‍ട്ട്. അര്‍ഹരായ പലരും പദ്ധതിക്ക് പുറത്തായപ്പോള്‍ അനര്‍ഹരായവര്‍ കോടികളുടെ ആനുകൂല്യം നേടി. കേരളത്തിലും വന്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. പദ്ധതി നടപ്പാക്കലില്‍ വീഴ്ച വരുത്തിയ ബാങ്കുകള്‍ക്കെതിരെ ബാങ്കിങ് നിയന്ത്രണ നിയമങ്ങള്‍ പ്രകാരം നടപടി, കുറ്റക്കാരായ ബാങ്ക് ഉദ്യോഗസ്ഥരെ കണ്ടെത്തി കര്‍ക്കശ നടപടി, അനര്‍ഹരായവര്‍ക്ക് കടശ്വാസമായി ലഭിച്ച പണം തിരിച്ചുപിടിക്കല്‍, രേഖകളില്‍ കൃത്രിമം വരുത്തിയ സംഭവങ്ങളില്‍ കേസ് രജിസ്റ്റര്‍ ചെയ്യല്‍, ഗുണഭോക്താക്കള്‍ക്ക് കടശ്വാസ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യല്‍ തുടങ്ങിയ നിര്‍ദേശങ്ങള്‍ സിഎജി മുന്നോട്ടുവെച്ചു. ധനസഹമന്ത്രി പളനിമാണിക്യമാണ് ചൊവ്വാഴ്ച ലോക്സഭയില്‍ റിപ്പോര്‍ട്ട് വച്ചത്.

പ്രസക്ത ഭാഗങ്ങള്‍ ഇങ്ങനെ: 2008 മെയ് മാസത്തില്‍ നടപ്പാക്കിയ പദ്ധതിപ്രകാരം ജനുവരി 2012 വരെ 3.45 കോടി കര്‍ഷകര്‍ക്കായി 52,153 കോടി രൂപ കടാശ്വാസം വിതരണം ചെയ്തു. 25 സംസ്ഥാനങ്ങളിലെ 92 ജില്ലകളില്‍ 715 ബാങ്ക് ശാഖകളിലെ 90,576 ഗുണഭോക്താക്കളുടെ അക്കൗണ്ടുകളാണ് സിഎജി പരിശോധിച്ചത്. 1997നും 2007നും ഇടയില്‍ വായ്പയെടുക്കുകയും കടാശ്വാസം ലഭിക്കുകയും ചെയ്ത 80,299 കര്‍ഷകരുടെ അക്കൗണ്ടുകളും വായ്പയെടുക്കുകയും എന്നാല്‍ കടാശ്വാസം ലഭിക്കാതിരിക്കുകയും ചെയ്ത 9334 അക്കൗണ്ടുകളും പരിശോധിച്ചു. പരാതി ഉയര്‍ന്ന 943 കേസും പരിശോധിച്ചു. ഒമ്പത് സംസ്ഥാനങ്ങളില്‍ സിഎജി പരിശോധിച്ച 9334 അക്കൗണ്ടുകളില്‍ 1257 അക്കൗണ്ടുകള്‍ വായ്പയ്ക്ക് അര്‍ഹതയുള്ളതാണെന്ന് കണ്ടെത്തി. ഇത്രയധികം ഗുണഭോക്താക്കളെ ബാങ്കിങ് സ്ഥാപനങ്ങള്‍ ബോധപൂര്‍വം ഒഴിവാക്കി. അര്‍ഹതയുണ്ടായിട്ടും ഒഴിവാക്കപ്പെട്ടവ പരിശോധിച്ച അക്കൗണ്ടുകളിലെ ഏതാണ്ട് 13.46 ശതമാനം വരും.

കടാശ്വാസം ലഭിച്ചവരില്‍ സിഎജി പരിശോധിച്ച 80,229 അക്കൗണ്ടുകളില്‍ എട്ടര ശതമാനത്തോളം കടാശ്വാസത്തിന് അര്‍ഹതയില്ലാത്തതാണ്. ഏതാണ്ട് ഇരുപതര കോടിയോളം അര്‍ഹതയില്ലാത്ത കാര്യങ്ങള്‍ക്ക് വായ്പയെടുത്തതും സര്‍ക്കാര്‍ പ്രഖ്യാപിച്ച കാലയളവില്‍ അല്ലാതെ വായ്പയെടുത്തവര്‍ക്കും ആശ്വാസമായി ലഭിച്ചതാണ്. മാനദണ്ഡം ലംഘിച്ച് ഒരു സ്വകാര്യ ബാങ്കിന് ഏതാണ്ട് 164.60 കോടി രൂപ വായ്പാ തിരിച്ചടവ് ഇനത്തില്‍ ലഭിച്ചു. സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം സ്വകാര്യ ബാങ്കുകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യത്തിന് അര്‍ഹതയില്ല. വായ്പ നല്‍കിയതിന്റെ രേഖകള്‍ വ്യാപകമായി നശിപ്പിക്കപ്പെട്ടുവെന്നും കണ്ടെത്തി. ഇത് 8.64 കോടിയുടെ ഇടപാടുമായി ബന്ധപ്പെട്ടതാണ്. ഏതാണ്ട് 4826 അക്കൗണ്ടുകളുടെ കാര്യത്തില്‍ അര്‍ഹതപ്പെട്ട ആശ്വാസം പൂര്‍ണമായി നല്‍കിയിട്ടില്ല. സിഎജി പരിശോധിച്ച അക്കൗണ്ടുകളില്‍ 3262 കേസുകളില്‍ അനര്‍ഹമായ ആനുകൂല്യം നല്‍കി. പലിശ, മറ്റ് ഫീസ് നിരക്കുകള്‍ എന്ന പേരില്‍ ബാങ്കുകള്‍ വ്യാപകമായി ഗുണഭോക്താക്കളില്‍നിന്ന് പണം ഈടാക്കുകയും ചെയ്തു. ഇത് ഏതാണ്ട് 5.33 കോടിയോളം വരും. സിഎജി പരിശോധിച്ച അക്കൗണ്ടുകളില്‍ 35 ശതമാനത്തിലും കടാശ്വാസ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. സഹകരണ ബാങ്കുകളിലൂടെ 335.62 കോടി രൂപ വിതരണം ചെയ്തെങ്കിലും ഇത് എത്ര ഗുണഭോക്താക്കളുടേതാണെന്ന് വ്യക്തമാക്കിയിട്ടില്ല.


കേരളത്തിലും വന്‍ തട്ടിപ്പ്

ന്യൂഡല്‍ഹി: കേരളത്തില്‍ സിഎജി പരിശോധിച്ച രണ്ട് ജില്ലകളില്‍ വ്യാപക ക്രമക്കേട് കണ്ടെത്തി. സംസ്ഥാനത്ത് ആകെ 14,30738 ഗുണഭോക്താക്കള്‍ക്കായി 2962.97 കോടി രൂപ കടാശ്വാസമായി വിതരണംചെയ്തു. രണ്ട് ജില്ലകളില്‍ രണ്ടുകോടിയിലേറെ ക്രമക്കേട് സിഎജി കണ്ടെത്തി. രണ്ട് ജില്ലകളിലെ 18 ബ്രാഞ്ചുകളിലായി 2978 അക്കൗണ്ടുകള്‍ പരിശോധിച്ചു. ഈ അക്കൗണ്ടുകള്‍ വഴി 10.67 കോടിയാണ് വിതരണം ചെയ്തത്. സംസ്ഥാനത്തെ 185 പരാതി സിഎജി പരിശോധിച്ചു. ഏറ്റവും അധികം പരാതികളില്‍ രണ്ടാമതാണ് കേരളം. 48 അക്കൗണ്ടുകളിലായി 18.15 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ അനര്‍ഹര്‍ക്ക് വിതരണം ചെയ്യപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. വായ്പ കൊടുക്കാതെ ഒമ്പത് അക്കൗണ്ടുകളില്‍ കടാശ്വാസമെന്ന പേരില്‍ സംസ്ഥാനത്ത് പണം വിതരണംചെയ്തു. 2.75 ലക്ഷം രൂപ ഈ വകയില്‍ വിതരണംചെയ്തു. രാജ്യത്താകെ ഇത്തരത്തില്‍ 15 കോടിയിലേറെ പണം വിതരണം ചെയ്തിട്ടുണ്ട്. സിഎജി പരിശോധിച്ച കേസുകളില്‍ മാത്രമാണിത്. കടാശ്വാസത്തിന് പകരം കടം ഇളവ് ചെയ്തുകൊടുത്ത 58 കേസുകളും സംസ്ഥാനത്ത് സിഎജി കണ്ടെത്തി. 1.17 കോടി രൂപ ഈ ഇനത്തില്‍ ക്രമവിരുദ്ധമായി വിതരണം ചെയ്യപ്പെട്ടു. രാജ്യത്താകെ ഈ ഇനത്തില്‍ 11 കോടിയിലേറെ രൂപ വിതരണംചെയ്തു. അനര്‍ഹ ആനുകൂല്യം നല്‍കിയ ഇനത്തില്‍ സംസ്ഥാനത്ത് 201 കേസുകളുണ്ട്. 90 ലക്ഷത്തോളം രൂപ ഈ ഇനത്തില്‍ വിതരണം ചെയ്യപ്പെട്ടു. എസ്ബിടിയും ഫെഡറല്‍ ബാങ്കും അനാവശ്യമായി ഗുണഭോക്താക്കളില്‍നിന്ന് പലവിധത്തില്‍ നിരക്ക് ഈടാക്കിയതിന്റെ 31 കേസുണ്ട്. പദ്ധതി നടപ്പാക്കിയതിലെ ക്രമക്കേടുകള്‍ ധനമന്ത്രാലയം അന്വേഷിക്കണമെന്ന് സിഎജി നിര്‍ദേശിച്ചിട്ടുണ്ട്.


ജനവാസമുള്ളിടത്തെല്ലാം അങ്കണവാടി വേണം: സിഎജി

ന്യൂഡല്‍ഹി: സംയോജിത ശിശുവികസന പദ്ധതി നടപ്പാക്കാന്‍ സ്ഥാപിച്ച അങ്കണവാടികളുടെ പ്രവര്‍ത്തനം ലക്ഷ്യംനേടാന്‍ സഹായകമല്ലെന്ന് സിഎജി. അങ്കണവാടിപ്രവര്‍ത്തനം മെച്ചപ്പെടുത്തണം. കുഞ്ഞുങ്ങള്‍ക്കും അമ്മമാര്‍ക്കുമുള്ള പോഷകാഹാര പദ്ധതി ഫലപ്രദമാക്കണം. രാജ്യത്ത് മനുഷ്യവാസമുള്ള എല്ലായിടത്തും അങ്കണവാടികളുണ്ടോ എന്ന് വനിതാ ശിശുക്ഷേമ മന്ത്രാലയം പരിശോധിക്കണം-സിഎജി റിപ്പോര്‍ട്ടില്‍ നിര്‍ദേശിച്ചു.

സിഎജിയുടെ പരിശോധനയ്ക്ക് വിധേയമാക്കിയ അങ്കണവാടികളില്‍ 61 ശതമാനത്തിനും സ്വന്തം കെട്ടിടമില്ലെന്ന് കണ്ടെത്തി. 52 ശതമാനത്തിലും മൂത്രപ്പുരകളില്ല. 32 ശതമാനത്തില്‍ കുടിവെള്ള സൗകര്യമില്ല. കുട്ടികളുടെ ഭാരം നോക്കാനോ ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന പോഷകാഹാര നിലവാരം ഉറപ്പാക്കാനോ പകുതി അങ്കണവാടികളിലും സൗകര്യമില്ല. ജീവനക്കാര്‍ക്ക് പ്രതിഫലം നല്‍കാന്‍ 2009-11 കാലത്ത് 2853 കോടി രൂപ വേണ്ടപ്പോള്‍ ലഭിച്ചത് 1753 കോടി. 57.82 കോടി രൂപ വകമാറ്റി. എല്ലായിടത്തും പദ്ധതി വ്യാപിപ്പിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാന്‍ മന്ത്രാലയം സര്‍വേ നടത്തണം. പ്രത്യേകിച്ച് പട്ടികവിഭാഗങ്ങള്‍ താമസിക്കുന്ന സ്ഥലങ്ങളില്‍. ഇല്ലാത്ത സ്ഥലങ്ങളില്‍ അങ്കണവാടികള്‍ സ്ഥാപിക്കാന്‍ കാലതാമസമുണ്ടാകുന്നത് എന്തുകൊണ്ടാണെന്ന് പരിശോധിച്ച് പദ്ധതി പ്രവര്‍ത്തനക്ഷമമാക്കാന്‍ നടപടിയെടുക്കണം. അങ്കണവാടി കെട്ടിടങ്ങളുടെ നിര്‍മാണഘട്ടത്തില്‍ സര്‍ക്കാരിന്റെ നേരിട്ടുള്ള മേല്‍നോട്ടം വേണം. നിലവിലുള്ളവയിലെ പാത്രങ്ങളും മറ്റ് ഉപകരണങ്ങളും പഴയതാണെങ്കില്‍ അവ മാറ്റാന്‍ പണം നല്‍കണം. ഔഷധ കിറ്റുകള്‍ക്കുള്ള ഫണ്ട് യഥാസമയം വിനിയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. അധിക പോഷകാഹാര പദ്ധതിയുടെ ഫണ്ട് വിനിയോഗിക്കാത്തതിന്റെ കാരണം കണ്ടെത്തണം. ജീവനക്കാര്‍ക്ക് ശരിയായ പരിശീലനം നല്‍കണം-റിപ്പോര്‍ട്ട് നിര്‍ദേശിച്ചു.


deshabhimani 060313

No comments:

Post a Comment