Friday, March 22, 2013
വൈദ്യുതി നിരക്ക് വര്‍ധന ഏപ്രില്‍ 30നു ശേഷം
നിലവിലുള്ള വൈദ്യുതി നിരക്കുകള്‍ ഏപ്രില്‍ 30 വരെ തുടരാന്‍ റെഗുലേറ്ററി കമീഷന്‍ ഉത്തരവായി. കേന്ദ്ര വൈദ്യുതി നിയമപ്രകാരം സംസ്ഥാനത്ത് ഏപ്രില്‍ ഒന്നുമുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരണം. ഇത് മെയ് ഒന്നിലേക്ക് നീട്ടുകയായിരുന്നു. കഴിഞ്ഞ ജൂലൈ 25ന് പുറപ്പെടുവിച്ച ഉത്തരവുപ്രകാരമാണ് നിലവിലെ നിരക്കുകള്‍ പ്രാബല്യത്തില്‍ വന്നത്. മാര്‍ച്ച് 31 വരെയായിരുന്നു കാലാവധി. ഏപ്രില്‍ ഒന്നുമുതല്‍ നിരക്ക് പുതുക്കാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് ഒരു മാസത്തേക്കുകൂടി നിലവിലുള്ള നിരക്ക് തുടരാന്‍ കമീഷന്‍ തീരുമാനിച്ചത്.
വൈദ്യുതി നിരക്ക് വര്‍ധന ശുപാര്‍ശചെയ്യുന്ന താരിഫ് പെറ്റീഷന്‍ ജനുവരി മൂന്നിന് കെഎസ്ഇബി സമര്‍പ്പിച്ചിരുന്നു. അപേക്ഷ സ്വീകരിച്ച കമീഷന്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പൊതുതെളിവെടുപ്പിലൂടെ ജനാഭിപ്രായം സ്വരൂപിച്ചു. പുതിയ നിരക്ക് ഏര്‍പ്പെടുത്തുന്നതിനൊപ്പം സ്ലാബ് സംവിധാനം ഒഴിവാക്കണമെന്നും ബോര്‍ഡ് ആവശ്യപ്പെട്ടു. ഈ ആവശ്യം അംഗീകരിക്കേണ്ടെന്ന് കമീഷന്‍ തത്വത്തില്‍ തീരുമാനിച്ചിട്ടുണ്ട്. ജനങ്ങള്‍ക്കു താങ്ങാനാകാത്ത വര്‍ധനയാകും ഈ തീരുമാനത്തിലൂടെ ഉണ്ടാവുകയെന്നാണ് കമീഷന്‍ അംഗങ്ങളുടെ അഭിപ്രായം. ഈ സാഹചര്യത്തില്‍ മറ്റൊരു ഫോര്‍മുല രൂപപ്പെടുത്താനുള്ള ശ്രമത്തിലാണ് കമീഷന്‍.
അടുത്ത സാമ്പത്തിക വര്‍ഷം 11,237 കോടി ചെലവും 8478 കോടി വരവുമാണ് ഉണ്ടാവുകയെന്നാണ് കെഎസ്ഇബി അറിയിച്ചിട്ടുള്ളത്. 2758 കോടി രൂപയുടെയാണ് നഷ്ടം. എന്നാല്‍, ശമ്പളവും പെന്‍ഷനും നല്‍കാന്‍ 2551.50 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. ഇതിന്റെ ഭാരം പൂര്‍ണമായി ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നതിനോട് കമീഷന്‍ യോജിക്കുന്നില്ല. ഈ സാഹചര്യത്തിലാണ് ഏപ്രില്‍ ഒന്നിന് പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരുത്തേണ്ടതില്ലെന്ന് കമീഷന്‍ തീരുമാനിച്ചത്. പുതിയ ഫോര്‍മുല രൂപപ്പെടുത്തിയശേഷം ഏപ്രില്‍ അവസാനത്തോടെ പുതിയ നിരക്കുകള്‍ പ്രഖ്യാപിക്കാനാണ് തീരുമാനം.
deshabhimani 220313
Subscribe to:
Post Comments (Atom)
No comments:
Post a Comment