Friday, March 22, 2013

ഇറ്റലി വഴങ്ങി; സൈനികര്‍ ഇന്നെത്തും


മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസില്‍ പ്രതികളായ സൈനികരെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഒടുവില്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ വഴങ്ങി. സുപ്രീംകോടതി അനുവദിച്ച സമയപരിധി അവസാനിക്കുന്ന വെള്ളിയാഴ്ച ഇരുവരും ഹാജരാകുമെന്ന് ഇറ്റാലിയന്‍ സര്‍ക്കാര്‍ വ്യാഴാഴ്ച രാത്രി അറിയിച്ചു. തങ്ങളുടെ സൈനികര്‍ക്ക് മാന്യമായ പരിഗണനയും മൗലികാവകാശങ്ങളുടെ സംരക്ഷണവും ഉറപ്പുനല്‍കുമെന്ന് ഇന്ത്യ രേഖാമൂലം ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ഇറ്റാലിയന്‍ സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വോട്ടെടുപ്പില്‍ പങ്കെടുക്കാന്‍ സുപ്രീംകോടതിയുടെ അനുമതി നേടി നാട്ടിലേക്ക് മടങ്ങിയ ഇറ്റാലിയന്‍ സൈനികരെ ഇനി ഇന്ത്യയിലേക്ക് തിരിച്ചയക്കില്ലെന്ന് ഇറ്റാലിന്‍ വിദേശമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്ന് ഇന്ത്യയിലുയര്‍ന്ന പ്രതിഷേധവും സുപ്രീംകോടതിയുടെ കര്‍ക്കശ ഇടപെടലുമാണ് ഇറ്റലിയുടെ മനംമാറ്റത്തിനു കാരണം. കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിരണ്ടിനാണ് സൈനികര്‍ക്ക് ഇറ്റലിയിലേക്ക് പോകാന്‍ സുപ്രീംകോടതി അനുമതി നല്‍കിയത്. നാലാഴ്ച നാട്ടില്‍ ചെലവഴിച്ചശേഷം തിരിച്ചെത്തുമെന്ന് ഇവര്‍ക്കുവേണ്ടി ഇറ്റാലിയന്‍ സ്ഥാനപതി കോടതിക്ക് ഉറപ്പുനല്‍കിയിരുന്നു. വെള്ളിയാഴ്ചയ്ക്കകം പ്രതികള്‍ തിരിച്ചെത്തിയില്ലെങ്കില്‍ കോടതിയലക്ഷ്യനടപടിയിലേക്ക് കടക്കുമെന്ന് തിങ്കളാഴ്ച ചീഫ്ജസ്റ്റിസ് അല്‍ത്തമാസ് കബീറിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് വ്യക്തമാക്കിയിരുന്നു. ഉറപ്പുപാലിക്കാത്ത സ്ഥാനപതിക്ക് നയതന്ത്ര പരിരക്ഷ ലഭിക്കില്ലെന്ന് വ്യക്തമാക്കിയ കോടതി അദ്ദേഹം രാജ്യംവിട്ടുപോകുന്നതും വിലക്കി. ഇതോടെയാണ് ഇറ്റാലിയന്‍ സര്‍ക്കാര്‍ കുടുങ്ങിയത്. ഏപ്രില്‍ രണ്ടിന് സുപ്രീംകോടതി കേസ് വീണ്ടും പരിഗണിക്കും.

deshabhimani

No comments:

Post a Comment