Thursday, March 21, 2013

ശ്രീലങ്കയ്ക്കെതിരായ അമേരിക്കന്‍ പ്രമേയം പാസായി


ജനീവ: ശ്രീലങ്കന്‍ സര്‍ക്കാര്‍ തമിഴ്പുലികള്‍ക്കെതിരെ നടത്തിയ മനുഷ്യാവകാശലംഘനത്തിനെതിരെ അമേരിക്ക കൊണ്ടു വന്ന പ്രമേയം പാസായി. ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ കമ്മീഷനാണ് പ്രമേയം അംഗീകരിച്ചത്. 25 അംഗങ്ങള്‍ അനുകൂലമായി വോട്ടുചെയ്തപ്പോള്‍ 13 അംഗങ്ങള്‍ എതിര്‍ത്തു. 8 അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇന്ത്യ അനുകൂലിച്ചു. മനുഷ്യാവകാശ കൗണ്‍സിലില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് അനുകൂലിച്ച് സംസാരിച്ചു. ഇന്തോനേഷ്യയും പാകിസ്ഥാനും പ്രമേയത്തെ എതിര്‍ത്തു. ശ്രീലങ്കയുടെ പരമാധികാരത്തില്‍ ഇടപെടുന്നത് അംഗീകരിക്കാനാവില്ലെന്ന് ശ്രീലങ്കന്‍ പ്രതിനിധി കൗണ്‍സിലില്‍ അറിയിച്ചു. 2012ല്‍ലെ സമ്മേളനത്തിലും അമേരിക്ക അവതരിപ്പിച്ച പ്രമേയത്തെ ഇന്ത്യ അനുകൂലിച്ചിരുന്നു. അന്ന് 23 രാജ്യങ്ങള്‍ അനുകൂലിച്ചപ്പോള്‍ 15 രാജ്യങ്ങള്‍ എതിര്‍ക്കുകയും എട്ടു രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

കേന്ദ്ര സര്‍ക്കാരിന്റെ നിലനില്‍പ്പ് പോലും അപകടത്തിലാക്കി ഡിഎംകെ ഉയര്‍ത്തിയ രാഷ്ട്രീയ വെല്ലുവിളി പരിഗണിച്ച് ഇന്ത്യ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കുമെന്ന് സൂചനയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അമേരിക്ക ശ്രീലങ്കയ്ക്കെതിരെ അവതരിപ്പിച്ചത് ദുര്‍ബലമായ പ്രമേയമാണെന്ന് ഡിഎംകെ കുറ്റപ്പെടുത്തിക്കഴിഞ്ഞു. ഇന്ത്യ പ്രമേയത്തില്‍ ഭേദഗതി നിര്‍ദേശിക്കണമെന്ന ഡിഎംകെയുടെ ആവശ്യം പരിഗണിക്കാത്തതിലെ അമര്‍ഷവും ഡിഎംകെ പ്രകടിപ്പിച്ചു.

ലങ്കന്‍ സൈന്യം പുലികളെ പൂര്‍ണമായി തുരത്തി 26 വര്‍ഷത്തെ ആഭ്യന്തരയുദ്ധത്തിന് കഴിഞ്ഞ വര്‍ഷം വിരാമമിടുമ്പോള്‍ ഒരു ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ തന്നെ അവസാനത്തെ ഒരു മാസത്തെ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ കണക്ക് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. കഴിഞ്ഞ അഞ്ചു മാസത്തിനിടെ ഏതാണ്ട് നാല്‍പ്പതിനായിരത്തോളം പേര്‍ കൊല്ലപ്പെട്ടിരിക്കാമെന്നാണ് ഐക്യരാഷ്ട്ര സഭ നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇതില്‍ ഭൂരിഭാഗം പേരും ലങ്കന്‍ സൈന്യം നടത്തിയ ബോംബാക്രമണത്തിലാണ് കൊല്ലപ്പെട്ടതെന്നും യുഎന്‍ സംഘത്തിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന് പുറമെ ലങ്കന്‍ സൈന്യം നടത്തിയ ക്രൂരമായ പീഡനങ്ങളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു. എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ മകന്റെ മരണം സംബന്ധിച്ച വീഡിയോയും ഇതില്‍ ഉള്‍പ്പെടും.

deshabhimani

No comments:

Post a Comment