Thursday, March 21, 2013

കെഎസ്ആര്‍ടിസിക്ക് പൊതുനിരക്കില്‍ ഡീസല്‍ നല്‍കണം


പൊതുവിപണിവിലയ്ക്ക് കെഎസ്ആര്‍ടിസിക്ക് ഡീസല്‍ ലഭ്യമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഇക്കാര്യത്തില്‍ അന്തിമവിധി വരുന്നതു വരെ ഈ രീതി തുടരണം. കേസില്‍ വിശദവാദം തുടരും. ജസ്റ്റിസ് വി ചിദംബരേഷിന്റെയാണ് വിധി. തമിഴ്നാട് ഹൈക്കോടതിയുടെ വിധിയും ഹൈക്കോടതി പരിഗണിച്ചു. അന്തിമ വിധി എതിരായാല്‍ എണ്ണക്കമ്പനികളുടെ ബാധ്യത ഏറ്റെടുക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍  കോടതിയില്‍ ഉറപ്പു നല്‍കി.

എണ്ണക്കമ്പനികള്‍ക്ക് ഉണ്ടാകുന്ന നഷ്ടം സംസ്ഥാനസര്‍ക്കാര്‍ നികത്തുമോയെന്ന് വ്യക്തമാക്കാന്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. സാധാരണനിരക്കില്‍ ഡീസല്‍ ലഭ്യമാക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും സബ്സിഡി ഒഴിവാക്കിയുള്ള കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഇതേസമയം, കെഎസ്ആര്‍ടിസിയെ സഹായിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും വില്‍പ്പന നികുതിയും വാറ്റും ഒഴിവാക്കിയാല്‍ ഡീസല്‍വില കുറയുമെന്നും എണ്ണക്കമ്പനികള്‍ ബോധിപ്പിച്ചു. നിലവില്‍ 20 ശതമാനമാണ് വില്‍പ്പന നികുതിയായി സര്‍ക്കാര്‍ ഈടാക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് വന്‍കിട ഉപയോക്താക്കള്‍ക്ക് സബ്സിഡി ഒഴിവാക്കാന്‍ തീരുമാനിച്ചത്.

പൊതു ഗതാഗത സംവിധാനമെന്ന നിലയില്‍ കെഎസ്ആര്‍ടിസിയെ സംരക്ഷിക്കേണ്ട ബാധ്യത സംസ്ഥാനസര്‍ക്കാരിനാണെന്നും ഇതിനായി വില്‍പ്പന നികുതിയില്‍ ഇളവ് നല്‍കുകയാണ് വേണ്ടതെന്നും കമ്പനികള്‍ ചൂണ്ടിക്കാട്ടി. കമ്പനികളുടെ വാദം തല്‍ക്കാലത്തേക്ക് മരവിപ്പിച്ചാണ് ഹൈക്കോടതി ഉത്തരവ്.

deshabhimani

No comments:

Post a Comment