Thursday, March 21, 2013

അഴിമതിക്ക് കളമൊരുക്കാന്‍ കരാര്‍വ്യവസ്ഥയും മാറ്റി


കുട്ടനാടന്‍ ജലാശയങ്ങളിലെ പോളവാരുന്നതിനുള്ള പദ്ധതിക്ക് വീണ്ടും ദര്‍ഘാസ് ക്ഷണിച്ചത് അഴിമതിക്ക് കളമൊരുക്കാന്‍. ഇതിന് കരാര്‍ വ്യവസ്ഥയിലും മാറ്റം വരുത്തി. കുട്ടനാട് പാക്കേജിന്റെ ഭാഗമായ പദ്ധതിയില്‍ പോളയുടെയും പായലിന്റെയും വിത്തടക്കം വേരോടെ പിഴുത് മാറ്റാനായിരുന്നു ആദ്യ കരാര്‍. ഇതിന് പോളവാരല്‍യന്ത്രം (വീഡ് ഹാര്‍വെസ്റ്റിങ് മെഷീന്‍) ഉപയോഗിക്കണമെന്നായിരുന്നു പ്രധാന വ്യവസ്ഥ. വാരിമാറ്റുന്ന പോളയും പായലും പത്ത് കിലോമീറ്ററിനുള്ളില്‍ പഞ്ചായത്ത് നിര്‍ദ്ദേശിക്കുന്ന സ്ഥലത്ത് നിക്ഷേപിക്കണമെന്നും കരാറില്‍ നിര്‍ദ്ദേശിച്ചു. പുതിയ കരാര്‍ വന്നപ്പോള്‍ പോളവാരല്‍ യന്ത്രം ഉപയോഗിക്കണമെന്ന വ്യവസ്ഥയില്‍ വെള്ളം ചേര്‍ത്തു. തുടര്‍ന്നാണ് കരാര്‍ ഏറ്റെടുത്ത മുംബൈ കമ്പനി വെള്ളത്തില്‍ ഉപയോഗിക്കുന്ന ജെസിബി കൊണ്ട് പോളവാരിത്തുടങ്ങിയത്. ജെസിബി ഉപയോഗിച്ചാല്‍ പോള പൂര്‍ണമായി വാരാന്‍ കഴിയില്ല. ജലോപരിതലത്തിലെ പോള മാത്രമേ വാരാനാകൂ. വേരടക്കം പിഴുതുമാറ്റാനാകില്ല. ജെസിബി വെള്ളത്തില്‍ സഞ്ചരിക്കാത്തതിനാല്‍ പോള കയറുകെട്ടി വലിച്ച് യന്ത്രത്തിനടുത്തെത്തിക്കണം. വെള്ളത്തില്‍ അവശേഷിക്കുന്ന പോള വീണ്ടും കിളിര്‍ത്ത് വ്യാപിക്കുകയും ചെയ്യും. ആലപ്പുഴയിലെ രാമങ്കരിയിലും കോട്ടയത്ത് തിരുവാര്‍പ്പിലും ഈ രീതിയിലാണ് പോളവാരല്‍. വാരുന്നതിനു മുമ്പ് വെള്ളത്തിലുള്ള പോള എത്രയെന്ന് കണക്കാക്കിയാണ് കരാറുകാരന് പണം നല്‍കുക. പദ്ധതിയുടെ ചുമതലക്കാരായ സംസ്ഥാന ഫിഷറീസ് റിസോഴ്സ് മാനേജ്മെന്റ് സൊസൈറ്റി എന്ന "ഫിര്‍മ" മറ്റൊരു ഏജന്‍സിയെ ഉപയോഗിച്ച് കുട്ടനാട്ടിലെ പോളയുടെ കണക്ക് തിട്ടപ്പെടുത്തിയിട്ടുണ്ട്. പോള എങ്ങനെ കരയ്ക്കെത്തിച്ചാലും കരാറുകാരന് പണം നല്‍കാമെന്ന വ്യവസ്ഥയും കരാറില്‍ ചേര്‍ത്തു.

മുംബൈ കമ്പനി ഒരു ക്യുബിക് മീറ്റര്‍ പോള വാരന്‍ 220 രൂപയാണ് ചെലവ് കണക്കാക്കിയത്. എന്നാല്‍ ഈ അളവ് കരാറില്‍ നിബന്ധനയില്ല. കരയ്ക്കെത്തിക്കുന്ന അളവ് കുറഞ്ഞാലും കൂടിയാലും കുഴപ്പമില്ലെന്ന് സാരം. ജെസിബി ഉപയോഗിച്ചാല്‍ ഒരു ക്യുബിക് മീറ്ററിന് 20 രൂപയേ ചെലവ് വരൂ. അന്തിമ കരാര്‍ ഒപ്പുവച്ചിട്ടില്ലെന്നായിരുന്നു ഇതുസംബന്ധിച്ച് രാജു എബ്രഹാം എംഎല്‍എയുടെ അഴിമതി ആരോപണത്തിന് മന്ത്രി കെ ബാബു നിയമസഭയില്‍ നല്‍കിയ മറുപടി. എന്നാല്‍ കരാറൊപ്പിടാതെ എങ്ങനെ വര്‍ക്ക് ഓര്‍ഡര്‍ കൊടുത്തെന്ന് മന്ത്രി വ്യക്തമാക്കിയിട്ടില്ല. ജോലി തുടങ്ങി മൂന്നുമാസമായിട്ടും ഒറ്റ പോളവാരല്‍ യന്ത്രവും എങ്ങും എത്തിച്ചിട്ടില്ല. ജെസിബി ഉപയോഗിച്ച് പണി പൂര്‍ത്തിയാക്കാനുള്ള സൗകര്യം ബന്ധപ്പെട്ടവര്‍ തന്നെ ഒരുക്കുകയായിരുന്നു. എന്നാല്‍, സംഭവം വിവാദമായതോടെ അടിയന്തരമായി രണ്ട് പോളവാരല്‍ യന്ത്രങ്ങള്‍ എത്തിക്കണമെന്ന് കരാറുകാരന് നിര്‍ദ്ദേശം നല്‍കി. 2010ല്‍ തുടങ്ങിയ പദ്ധതിയുടെ ആദ്യ കരാര്‍ 2012 ജൂലൈയില്‍ റദ്ദാക്കിയാണ് വീണ്ടും കരാര്‍ നല്‍കിയത്. 15 കോടിയുടെ പദ്ധതിയില്‍ എട്ടുകോടിയോളം കരാറുകാരന്‍ കൈപ്പറ്റിയിട്ടുണ്ട്. ഇത്രയും പണം ചെലവഴിച്ചശേഷമാണ് വീണ്ടും 7.66 കോടി രൂപയുടെ പുതിയ കരാര്‍.
(സിബി ജോര്‍ജ്)

deshabhimani

No comments:

Post a Comment