Monday, March 18, 2013

ചെരുപ്പിന്റെ പ്രയോഗങ്ങള്‍ കേവലം താക്കീതുകൊണ്ട് തടയാനാവുമോ?


ചെരുപ്പ് ഉയര്‍ത്തിക്കാട്ടിയതിന് സി പി ഐ നേതാവായ വി എസ് സുനില്‍കുമാറിന് നിയമസഭാ സ്പീക്കര്‍ താക്കീത് നല്‍കി. അതൊരു വലിയ ഫലിതമാകുന്നത് പി സി ജോര്‍ജ് എന്ന ചീഫ് വിപ്പിനെതിരായി ഉയര്‍ന്ന ആക്ഷേപങ്ങള്‍ എത്തിക്‌സ് കമ്മിറ്റിയുടെ പരിഗണനയ്ക്കുവിട്ടതുകൊണ്ടാണ്. നിയമസഭാ സ്പീക്കര്‍ക്കുമുണ്ടോ രണ്ടുപക്ഷം എന്ന് ന്യായമായും ആരും സംശയിക്കാവുന്ന നിലപാടാണ് സ്പീക്കറുടെ പക്ഷത്തുനിന്നുണ്ടായതെന്ന് പറയാതെവയ്യ. നിയമസഭാ സ്പീക്കര്‍ തന്റെ കര്‍ത്തവ്യനിര്‍വഹണം നീതിബോധത്തോടെ നിര്‍വഹിക്കുക തന്നെവേണം. വി എസ് സുനില്‍കുമാറിന് ഒരു നീതി പി സി ജോര്‍ജിന് മറ്റൊരു നീതി എന്നത് അപലപനീയം തന്നെ. അത് അപഹാസ്യവും കൂടിയാണ്.

നിയമസഭയില്‍ ഇതിനുമുമ്പും ഇതിലേറെ രൂക്ഷമായ പ്രതിഷേധ പ്രകടനങ്ങള്‍ ഉണ്ടായിട്ടുണ്ട്. എം എല്‍ എ മാര്‍ തമ്മിലുള്ള കയ്യേറ്റത്തിന്റെ മലീമസ കഥകള്‍ നിയമസഭാ രേഖകളില്‍ നിന്ന് വായിച്ചെടുക്കാനാവും. എന്നിട്ടും യു ഡി എഫിലെയും കോണ്‍ഗ്രസിലെയും പി സി ജോര്‍ജ് വിഷയത്തിലെ ഭിന്നതയുടെ ഭാഗമായി ജോസഫ് വാഴയ്ക്കന്‍ എം എല്‍ എ ധാര്‍മ്മിക രോഷപ്രകടനം നടത്തിയ വി എസ് സുനില്‍കുമാറിന്റെ പ്രവൃത്തി ഗുരുതരമായ കുറ്റകൃത്യമാണെന്ന് വ്യാഖ്യാനിക്കുന്നതിലൂടെ സ്വയം കോമാളിയായി.

പി സി ജോര്‍ജ് പറഞ്ഞ അവിശുദ്ധ പരാമര്‍ശങ്ങള്‍ ആര്‍ക്കാണ് സഹിക്കാനാവുന്നതും കേട്ടുകൊണ്ടിരിക്കുവാനാകുന്നതും? യു ഡി എഫ് നേതാക്കളില്‍ പ്രമുഖയായ കെ ആര്‍ ഗൗരിയമ്മയെ കിഴവിയെന്നും ബുദ്ധിഭ്രമം ബാധിച്ചവരെന്നും ചാനലുകള്‍ക്കുമുന്നില്‍ പ്രഖ്യാപിക്കുന്നത് യു ഡി എഫ് ക്യാബിനറ്റ് പദവിയോടെ നിയോഗിച്ച ചീഫ് വിപ്പ് പി സി ജോര്‍ജാണ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ അഗ്രഗണ്യമായ സ്ഥാനമുള്ള, മികച്ച പാര്‍ലമെന്റേറിയനും ഭരണാധികാരിയുമായിരുന്ന സി പി ഐ നേതാവ് ടി വി തോമസിനെ നികൃഷ്ടമായി ചിത്രീകരിച്ച് വാര്‍ത്താ മാധ്യമങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചതും ചീഫ് വിപ്പായ പി സി ജോര്‍ജ് തന്നെ.

സ്വന്തം മുന്നണിയിലെ നേതാക്കളെയും സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെയും അപഹസിക്കുന്നതിലും അവഹേളിക്കുന്നതിലും മുന്‍നിരക്കാരനായി ജോര്‍ജ് മാറിയിരിക്കുന്നു. കേരള കോണ്‍ഗ്രസിന്റെ സ്ഥാപക നേതാവായ കെ എം ജോര്‍ജിനെപോലും നിന്ദ്യമായ നിലയില്‍ ജോര്‍ജ് അപഹസിച്ചുകൊണ്ടേയിരിക്കുന്നു.

മാപ്പപേക്ഷയും ഖേദപ്രകടനവും ഒരു പരിഹാസ പ്രകടനമാക്കി മാറ്റുന്നതിലും ജോര്‍ജ് വിജയിച്ചിരിക്കുന്നു. പക്ഷേ ജോര്‍ജിനെ നിലയ്ക്കു നിര്‍ത്തുവാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കോ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്‌ക്കോ ജോര്‍ജിന്റെ പാര്‍ട്ടി ചെയര്‍മാനായ കെ എം മാണിക്കോ കഴിയുന്നില്ല എന്ന ദയനീയത ഐക്യജനാധിപത്യ മുന്നണി അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നു. യു ഡി എഫിലെ മുതിര്‍ന്ന നേതാവായ കെ ആര്‍ ഗൗരിയമ്മ തന്നെ പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെടുന്നു. കോണ്‍ഗ്രസിന്റെ വിപ്പായ ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ജോര്‍ജിനെ പുറന്തള്ളണമെന്ന് ആവശ്യപ്പെടുന്നു.

കേരള കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം നേതാക്കള്‍ ജോര്‍ജിന്റെ ധാര്‍ഷ്ട്യപ്രകടനത്തിനെതിരായി പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. ജോര്‍ജ് എന്ന വിഴുപ്പുഭാണ്ഡത്തെ ചുമക്കുവാന്‍ ആവില്ലെന്ന് ജോര്‍ജിന്റെ പാര്‍ട്ടിക്കാരും മുന്നണിക്കാരും പരസ്യമായി പറയുന്നു. എന്നിട്ടും ജോര്‍ജിനെ ശിരസ്സിലേറ്റി നടക്കുവാന്‍ നിര്‍ബന്ധിതമാവുകയാണ് ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടിയുടെ ഈ ദൗര്‍ബല്യമാണ് വി എസ് സുനില്‍കുമാറിനെ താക്കീതു ചെയ്യാനും അതേ സമയം ജോര്‍ജിനെ നിരീക്ഷിക്കുവാനുമുള്ള നീക്കത്തിന് പിന്നില്‍. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും. ഉമ്മന്‍ചാണ്ടിയുടെ സ്ഥിതി ഈ വിധമായിരിക്കുന്നു. നിയമസഭയില്‍ ചെരുപ്പ് വി എസ് സുനില്‍കുമാര്‍ ഉയര്‍ത്തിക്കാട്ടിയതേയുള്ളു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമാദരണീയ നേതാക്കള്‍ക്കെതിരെ അസഭ്യവര്‍ഷം തുടര്‍ന്നാല്‍ ചെരുപ്പ് കരണത്തില്‍ പതിക്കുന്ന അവസ്ഥയുണ്ടാവും.കഴുമരങ്ങളെയും തോക്കിന്‍ കുഴലുകളെയും നേരിട്ട കമ്മ്യൂണിസ്റ്റുകാര്‍ക്ക് ശിക്ഷാവിധികളെ ഭയമില്ലെന്ന് മനസ്സിലാക്കുന്നത് നന്ന്.യു ഡി എഫുകാര്‍ തന്നെ പി സി ജോര്‍ജ് ചീഫ് വിപ്പ് പദവി ഒഴിയണമെന്ന് ആവശ്യപ്പെടുമ്പോള്‍, സ്വന്തം പാര്‍ട്ടിക്കാര്‍പോലും അതേ ആവശ്യം ഉന്നയിക്കുമ്പോള്‍, ജോര്‍ജ് എത്രമേല്‍ അപഹാസ്യനാണെന്ന് മനസ്സിലാകാത്തത് ആര്‍ക്കാണ്.

'ഞാന്‍ കൂടുതല്‍ പറഞ്ഞാല്‍ കുഴപ്പമാവും' എന്നു പറഞ്ഞുകൊണ്ട് കെ ആര്‍ ഗൗരിയമ്മ ഉമ്മന്‍ ചാണ്ടിയെ കുറിച്ച് പറഞ്ഞത് ജോര്‍ജിന്റെ തോളില്‍ തട്ടി അഭിനന്ദന രൂപത്തില്‍ ഉമ്മന്‍ചാണ്ടി പ്രതികരിച്ചത് അങ്ങേയറ്റം തെറ്റാണെന്നാണ്.യു ഡി എഫ് ഘടകക്ഷികളായ ജെ എസ് എസും സോഷ്യലിസ്റ്റ് ജനതയും ആര്‍ എസ് പി (ബി) യും കേരളാ കോണ്‍ഗ്രസും (ജേക്കബ്) സി എം പി യും എല്ലാം പി സി ജോര്‍ജിന്റെ രാജി ആവശ്യപ്പെടുമ്പോള്‍ ഞാനീ നാട്ടുകാരനല്ല എന്ന മട്ടില്‍ കഴിയുകയാണ് ഉമ്മന്‍ചാണ്ടി.

തടവിലായ ഒരു മുഖ്യമന്ത്രിയുടെ പരാധീനതകളും ദയനീയതകളുമാണ് ഉമ്മന്‍ചാണ്ടിയുടേത്. ജോര്‍ജിന്റെ പ്രശംസാപത്രവുമായി ഉമ്മന്‍ചാണ്ടിയും കൂട്ടരും. അതേസമയം അക്കൂട്ടര്‍ ജോര്‍ജിന്റെ നെറികേടുകള്‍ക്കെതിരെ പ്രതിഷേധിച്ചവര്‍ക്ക് താക്കീതുമായി രംഗത്ത്. നമ്മുടെ ജനാധിപത്യം മലീമസമാവുകയാണ്.

വി പി ഉണ്ണികൃഷ്ണന്‍ ജനയുഗം

No comments:

Post a Comment