എന്‍എഫ്പിഇ ഘടകസംഘടനയായ ഓള്‍ ഇന്ത്യ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് സിയുടെ ദേശീയ സമ്മേളനത്തിന് തിരുവനന്തപുരത്ത് തുടക്കമായി. ഞായറാഴ്ച രാവിലെ ഇടപ്പഴഞ്ഞി ആര്‍ഡിആര്‍ ഹാളില്‍(നാനി ബാനര്‍ജി നഗര്‍) സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്തു. യൂണിയന്‍ പ്രസിഡന്റ് എം കൃഷ്ണന്‍ അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍പേഴ്സണ്‍ മേയര്‍ കെ ചന്ദ്രിക സ്വാഗതവും ജനറല്‍ കണ്‍വീനര്‍ ജേക്കബ് തോമസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പ്രതിനിധിസമ്മേളനം ആരംഭിച്ചു. യൂണിയന്‍ ജനറല്‍ സെക്രട്ടറി ആര്‍ ശിവന്‍നാരായണന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സമ്മേളന നഗറില്‍ ബി ജി തമാങ്കര്‍ ദേശീയ പതാകയും ഡി കെ രെഹാത് എന്‍എഫ്പിഇ പതാകയും, കെ വി ശ്രീധരന്‍ എഐപിഇയു പതാകയും ഉയര്‍ത്തി. എംബിഎസ് യൂത്ത് ക്വയര്‍ അവതരിപ്പിച്ച ഗാനങ്ങള്‍ സമ്മേളനത്തിന് ശോഭ പകര്‍ന്നു. വൈകിട്ട് തിരുവനന്തപുരം രാഗലയ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. സമ്മേളനത്തില്‍ 1000 പ്രതിനിധികളും 2800 സന്ദര്‍ശക പ്രതിനിധികളും ഉള്‍പ്പെടെ നാലായിരത്തോളം പേര്‍ പങ്കെടുക്കുന്നു. ഇരുനൂറോളം വനിതാ പ്രതിനിധികളുണ്ട്.
തപാല്‍ വകുപ്പിനെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപം നല്‍കും. പോസ്റ്റ് ഓഫീസുകള്‍ അടച്ചു പൂട്ടാനും തസ്തികകള്‍ വെട്ടിക്കുറയ്ക്കാനുമുള്ള നീക്കങ്ങളെ ചെറുക്കുന്നതിനൊപ്പം തൊഴിലാളികളുടെയും ജനങ്ങളുടെയും പ്രശ്നങ്ങള്‍ ഉയര്‍ത്തിയുള്ള പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കും. തിങ്കളാഴ്ച പകല്‍ 11ന് വനിതാ സമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതി ഉദ്ഘാടനംചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രന്‍ സമ്മാനദാനം നിര്‍വഹിക്കും. മൂന്നിന് ആശാന്‍ സ്ക്വയറില്‍നിന്ന് പ്രകടനം ആരംഭിക്കും. തുടര്‍ന്ന് ഗാന്ധി പാര്‍ക്കില്‍(ക്യാപ്റ്റന്‍ ലക്ഷ്മി നഗര്‍)നടക്കുന്ന പൊതുസമ്മേനം ഡോ. പ്രഭാത് പട്നായിക് ഉദ്ഘാടനംചെയ്യും. സി പി ശോഭന അധ്യക്ഷയാകും. വിവിധ രാഷ്ട്രീയ, സംഘടനാ നേതാക്കള്‍ പങ്കെടുക്കും. ചൊവ്വാഴ്ച രാവിലെ ഒമ്പതിന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. സുവനീര്‍ പ്രകാശനം സുകോമള്‍സെന്‍ നിര്‍വഹിക്കും. സമ്മേളനം വൈകിട്ട് സമാപിക്കും.
സ്ത്രീസുരക്ഷ തൊഴിലാളി സംഘടനകള്‍ ഏറ്റെടുക്കണം: എ കെ പി
സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ തൊഴിലാളി സംഘടനാ പ്രവര്‍ത്തകര്‍ മുന്നിട്ടിറങ്ങണമെന്ന് സിഐടിയു ദേശീയ പ്രസിഡന്റും സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗവുമായ എ കെ പത്മനാഭന്‍ പറഞ്ഞു. ഓള്‍ ഇന്ത്യാ പോസ്റ്റല്‍ എംപ്ലോയീസ് യൂണിയന്‍ ഗ്രൂപ്പ് സിയുടെ ദേശീയ സമ്മേളനം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഒരുവിധ സുരക്ഷയുമില്ല. തൊഴിലിടങ്ങളിലോ യാത്രകളിലോ പോലും അപമാനിക്കപ്പെടുന്നു. പൊതുനിരത്തിലും രക്ഷയില്ല. ഇത് രാജ്യത്തിന് അപമാനമാണ്. ഡല്‍ഹി കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി. തന്റെ മകള്‍ക്കുപോലും ഡല്‍ഹിയില്‍ സുരക്ഷിതത്വമില്ലെന്ന് മുഖ്യമന്ത്രി ഷീലാ ദീക്ഷിത് വിലപിക്കുന്നു. കേന്ദ്രനയങ്ങള്‍ രാജ്യത്തെ ജനങ്ങളെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണ്. ഇതിനെതിരെ ശക്തമായ ജനകീയ മുന്നേറ്റം രാജ്യത്ത് വളരുന്നുണ്ട്. ഇതിന്റെ പ്രതിഫലനമാണ് ദേശീയ പണിമുടക്കില്‍ രാജ്യം കണ്ടത്. തൊഴിലാളി സമരചരിത്രത്തിലിന്നോളം ഉണ്ടാകാത്തവിധം ഒത്തൊരുമയാണ് ഇക്കാര്യത്തില്‍ കാണാനായത്. രാഷ്ട്രീയ ഭേദമെന്യേ തൊഴിലാളികള്‍ അവകാശങ്ങള്‍ക്കായി ഒത്തുചേര്‍ന്നു. കേന്ദ്ര ട്രേഡ് യൂണിയനുകള്‍ മാത്രമല്ല, പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിലാളികളും സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും അസംഘടിത മേഖലയിലെ തൊഴിലാളികളുമെല്ലാം പണിമുടക്കില്‍ അണിചേര്‍ന്നു. തൊഴിലാളി സംഘടനകളില്‍ അംഗത്വമില്ലാത്തവരും പണിമുടക്കി. വിലക്കയറ്റമടക്കമുള്ള സാമൂഹ്യപ്രശ്നങ്ങള്‍ തരണംചെയ്യാനാകാതെ രാജ്യത്തെ കര്‍ഷകര്‍ ആത്മഹത്യയെ അഭയം പ്രാപിക്കുകയാണ്. ഈ സാഹചര്യത്തില്‍ തൊഴിലാളിവര്‍ഗത്തിന്റെ ഉന്നമനത്തിനായി ട്രേഡ് യൂണിയനുകള്‍ ഒന്നിച്ചു നില്‍ക്കേണ്ടതിന്റെ ആവശ്യകത വര്‍ധിച്ചിരിക്കുന്നു. രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് നിര്‍ണായക സംഭാവന നല്‍കുന്ന തൊഴിലാളി വര്‍ഗത്തിന്റെ ന്യായമായ ആവശ്യങ്ങള്‍ പരിഗണിക്കപ്പെടുന്നുണ്ട് എന്നും അവയ്ക്ക് കാലോചിതമായ പരിഗണന ലഭിക്കുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതും തൊഴിലാളി സംഘടനകളുടെ ഉത്തരവാദിത്തമാണ്. തൊഴിലാളികളുടെ ജീവിതനിലവാരം ഉയര്‍ത്താനും, തൊഴിലിടങ്ങളില്‍ കൂടുതല്‍ ഗുണപരമായ അന്തരീക്ഷം ഉണ്ടാക്കാനും അത് നിലനിര്‍ത്താനും, സര്‍ക്കാര്‍ സ്വീകരിക്കുന്ന തൊഴിലാളിവിരുദ്ധ നയങ്ങള്‍ തിരുത്തിക്കാനും തൊഴിലാളികളുടെ ഐക്യം ആവശ്യമാണെന്നും എ കെ പത്മനാഭന്‍ പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ തപാല്‍വകുപ്പ് സെക്രട്ടറി പി ഗോപിനാഥ്, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാകോശി, പി കരുണാകരന്‍ എംപി, എഐടിയുസി സംസ്ഥാന സെക്രട്ടറി ജെ ഉദയഭാനു, മുന്‍ എംപി പി സതീദേവി, ഫെഡറേഷന്‍ ഓഫ് നാഷണല്‍ പോസ്റ്റല്‍ ഓര്‍ഗനൈസേഷന്‍ സെക്രട്ടറി ജനറല്‍ ഡി ത്യാഗരാജന്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്റ്് എംപ്ലോയീസ് ആന്‍ഡ് വര്‍ക്കേഴ്സ് സെക്രട്ടറി ജനറല്‍ കെ കെ എന്‍ കുട്ടി, ബിഎസ്എന്‍എല്‍ഇയു ജനറല്‍ സെക്രട്ടറി പി അഭിമന്യു, ഓള്‍ ഇന്ത്യ സ്റ്റേറ്റ് ഗവണ്‍മെന്റ്് എംപ്ലോയീസ് ഫെഡറേഷന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍, എന്‍എഫ്പിഇ ഓള്‍ ഇന്ത്യ പ്രസിഡന്റ് സി കെ രെഹാത്, മുന്‍ സെക്രട്ടറി ജനറല്‍മാരായ സി സി പിള്ള, കെ രാഘവേന്ദ്രന്‍, മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ബി ജി തമാങ്കര്‍, എഐപിഇയു പോസ്റ്റ്മെന്‍, എംടിഎസ് സി ഗ്രേഡ് ജനറല്‍ സെക്രട്ടറി ഈശ്വര്‍ സിങ് ദബാസ്, എഐആര്‍എംഎസ് ആന്‍ഡ് എംഎംഎസ് ഇയു ഗ്രേഡ് സി ജനറല്‍ സെക്രട്ടറി ഗിരിരാജ് സിങ്, എഐആര്‍എംഎസ് ആന്‍ഡ് എംഎംഎസ്ഇയു എംജി ആന്‍ഡ് എംഎംഎസ് ഗ്രേഡ് ഡി ജനറല്‍ സെക്രട്ടറി പി സുരേഷ്, എഐപിഎഒഇയു (അഡ്മിനിസ്ട്രേഷന്‍) ജനറല്‍ സെക്രട്ടറി പ്രണാബ് ഭട്ടാചാര്യ, എഐപിഎഒഇയു (പോസ്റ്റല്‍ അക്കൗണ്ട്സ്) ജനറല്‍ സെക്രട്ടറി ടി സത്യനാരായണ, എഐപിഇയു-ജിഡിഎസ് (എന്‍എഫ്പിഇ) ജനറല്‍ സെക്രട്ടറി പി പാണ്ഡുരംഗറാവു, എഐപിഎസ്ബിസിഒഇഎ ജനറല്‍ സെക്രട്ടറി എസ് അപ്പന്‍രാജ്, ഓള്‍ ഇന്ത്യ ബിഎസ്എന്‍എല്‍-ഡിഒടി പെന്‍ഷനേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കെ സി ജയരാജ്, എന്‍എഫ്പിഇ മുന്‍ അഖിലേന്ത്യ സെക്രട്ടറി പി ബാലകൃഷ്ണന്‍, എഐപിപിസിസിസിഡബ്ല്യു (കാഷ്വല്‍ ലേബര്‍ ഫെഡറേഷന്‍) ജനറല്‍ സെക്രട്ടറി പി മോഹനന്‍, എഐപിഇയു ഗ്രേഡ് സി മുന്‍ അഖിലേന്ത്യ പ്രസിഡന്റ് ശങ്കര്‍ കഡുസ്കാര്‍, മുന്‍ അസിസ്റ്റന്റ് ജനറല്‍ സെക്രട്ടറി എസ് എസ് റോയി, മുന്‍ വര്‍ക്കിങ് പ്രസിഡന്റ് എന്‍ സി പിള്ള, മുന്‍ ജനറല്‍ സെക്രട്ടറിമാരായ കെ വി ശ്രീധരന്‍, ആര്‍ ശിവന്‍നാരായണന്‍ എന്നിവര്‍ സംസാരിച്ചു.
deshabhiman 110313

No comments:
Post a Comment