Sunday, March 10, 2013

ഡീസല്‍ സബ്സിഡി 2 വര്‍ഷത്തിനകം ഇല്ലാതാക്കും: മൊയ്ലി


ഡീസല്‍ സബ്സിഡി ഘട്ടംഘട്ടമായി ഇല്ലാതാക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ പരിശ്രമം രണ്ടുവര്‍ഷം കൊണ്ട് പൂര്‍ത്തിയാകുമെന്ന് പെട്രോളിയംമന്ത്രി വീരപ്പമൊയ്ലി വ്യക്തമാക്കി. ഒരു ഇംഗ്ലീഷ് പത്രം സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സബ്സിഡി വെട്ടിക്കുറച്ചതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ വന്‍കിട ഡീസല്‍ ഉപയോക്താക്കളെ രക്ഷിക്കാന്‍ തന്റെ കൈയില്‍ പണമിരിപ്പില്ലെന്നും മന്ത്രി വ്യക്തമാക്കി. വന്‍കിട ഉപയോക്താക്കളുടെ പട്ടികയില്‍പ്പെടുന്ന സംസ്ഥാന ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകള്‍ അടക്കമുള്ള സ്ഥാപനങ്ങള്‍ തകര്‍ച്ചയിലേക്ക് നീങ്ങുകയാണ്. ഡീസല്‍വില നിയന്ത്രണം നീക്കാന്‍ തത്ത്വത്തില്‍ തീരുമാനിച്ചതാണ്. അത് നടപ്പാക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും മൊയ്ലി പറഞ്ഞു. വിലനിയന്ത്രണം നീക്കിയതിന്റെ പ്രശ്നം പരിഹരിക്കാന്‍ വന്‍കിട ഉപയോക്താക്കള്‍ക്ക് അവരുടെ ബജറ്റില്‍ തുക നീക്കിവയ്ക്കാം-മൊയ്ലി പറഞ്ഞു. ഡീസല്‍ വിലനിയന്ത്രണം നീക്കിയതില്‍ റെയില്‍വേയ്ക്ക് എതിര്‍പ്പുണ്ടല്ലോ എന്ന ചോദ്യത്തോട് "വന്‍കിട ഉപയോക്താക്കളെ സഹായിക്കാന്‍ തനിക്ക് എവിടെനിന്നാണ് പണം" എന്നായിരുന്നു പ്രതികരണം. പ്രശ്നം അതത് സ്ഥാപനങ്ങള്‍ സ്വയം പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

രാജ്യത്തിനാവശ്യമായ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ 75 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. ഏത് രാജ്യത്തെ സംബന്ധിച്ചാണെങ്കിലും ഇതൊരു നല്ല കാര്യമല്ല. ഇറക്കുമതിയുടെ വാര്‍ഷിക ചെലവ് 14000 കോടി ഡോളര്‍ വരും. ഇത് ഇനിയും കൂടും. എന്നാല്‍, 2020 ഓടെ ഇറക്കുമതി 50 ശതമാനമാക്കി കുറയ്ക്കാമെന്നാണ് പ്രതീക്ഷ. ഡീസല്‍ വാഹനങ്ങളുടെ എണ്ണം കുറയ്ക്കാനല്ല വില കൂട്ടുന്നത്. എണ്ണ കമ്പനികളുടെ സാങ്കല്‍പ്പിക നഷ്ടം മറികടക്കുകയാണ് ലക്ഷ്യം. 2030 ഓടെ ഇന്ത്യയെ എണ്ണ, വാതക സ്വയംപര്യാപ്ത രാഷ്ട്രമാക്കാനുള്ള ശ്രമമാണ് താന്‍ നടത്തുന്നതെന്നും മൊയ്ലി അവകാശപ്പെട്ടു. കഴിഞ്ഞ ജനുവരിയിലാണ് ഡീസല്‍ വില നിയന്ത്രണം കേന്ദ്രസര്‍ക്കാര്‍ എടുത്തുകളഞ്ഞത്. സബ്സിഡി പൂര്‍ണമായും ഇല്ലാതാകുന്നതുവരെ ഓരോ മാസവും 50 പൈസ വീതം കൂട്ടാന്‍ എണ്ണ കമ്പനികള്‍ക്ക് അനുവാദം നല്‍കുകയായിരുന്നു. കമ്പനികള്‍ അവകാശപ്പെടുന്ന സാങ്കല്‍പ്പികനഷ്ടം മറികടക്കുന്നതുവരെ ഇത്തരത്തില്‍ വില കൂട്ടിക്കൊണ്ടിരിക്കും. അതിനുശേഷം അന്താരാഷ്ട്രതലത്തിലെ വിലവര്‍ധന അനുസരിച്ചും ആഭ്യന്തരവിലയില്‍ മാറ്റം വരുത്തും.

deshabhimani 110313

No comments:

Post a Comment