Thursday, March 21, 2013

പദ്ധതികള്‍ ഭരണപക്ഷത്തിനു മാത്രം


ബജറ്റ് ചര്‍ച്ചയ്ക്കുള്ള മറുപടി പ്രസംഗത്തില്‍ ഭരണപക്ഷത്തിനു മാത്രമായി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. മറുപടിപ്രസംഗം ആരംഭിച്ചപ്പോള്‍ മുതല്‍ ഭരണപക്ഷത്തെ ചില എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രമായി മന്ത്രി കെ എം മാണി പുതിയ പദ്ധതികള്‍ പ്രഖ്യാപിക്കുകയായിരുന്നു. ഇത് പ്രതിപക്ഷം ചോദ്യംചെയ്തതോടെ ബഹളമായി. ഒടുവില്‍ മറുപടി പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം സഭവിട്ടു. സംസ്ഥാനത്തിന്റെ പൊതുസമ്പത്ത് ഏകപക്ഷീയമായി പങ്കുവയ്ക്കുന്ന നടപടി അവസാനിപ്പിക്കണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം.

വിവേചനത്തിനെതിരെ വി ശിവന്‍കുട്ടിയാണ് ആദ്യം രംഗത്തുവന്നത്. മറ്റ് പ്രതിപക്ഷാംഗങ്ങളും കൂടെ ചേര്‍ന്നു. മുന്‍നിരയിലെത്തി മുദ്രാവാക്യം മുഴക്കി അവര്‍ പ്രതിഷേധം പ്രകടിപ്പിച്ചു. എന്നാല്‍, പ്രതിപക്ഷാംഗങ്ങളുടെ മണ്ഡലങ്ങള്‍ക്ക് നിരവധി പദ്ധതികള്‍ അനുവദിച്ചിട്ടുണ്ടെന്നായിരുന്നു മാണിയുടെ വാദം. ഇതോടെ പ്രതിഷേധം ശക്തമായി. ഗ്രൂപ്പ് നോക്കിയാണ് ധനമന്ത്രി പദ്ധതിത്തുക അനുവദിക്കുന്നതെന്ന് മാണിക്ക് മറുപടിയായി പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഇടഞ്ഞു നില്‍ക്കുന്ന എംഎല്‍എമാരെ പിടിച്ചു നിര്‍ത്താനുള്ള തന്ത്രമാണ് കെ എം മാണി പയറ്റുന്നതെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഊര്‍ധശ്വാസം വലിക്കുന്ന കെഎസ്ആര്‍ടിസിയെയും കെഎസ്ഇബിയെയും എങ്ങനെ രക്ഷിക്കുമെന്ന് പറയാന്‍ ഇനിയും കെ എം മാണിക്ക് കഴിഞ്ഞിട്ടില്ലെന്ന് എ കെ ബാലന്‍ പറഞ്ഞു. ഭരണപക്ഷ എംഎല്‍എമാരുടെ മണ്ഡലങ്ങളെ കേന്ദ്രീകരിച്ച് മാണിയുടെ പ്രഖ്യാപനം നീണ്ടതോടെ മുദ്രാവാക്യം മുഴക്കി പ്രതിപക്ഷം സഭവിട്ടു.

കെ എം മാണി തുടര്‍ച്ചയായി നീതിനിഷേധം കാട്ടുന്നതില്‍ പ്രതിഷേധവുമായി പാലോട് രവി രംഗത്തുവന്നതും ഭരണപക്ഷത്ത് കല്ലുകടിയായി. കഴിഞ്ഞ മൂന്നു ബജറ്റിലും നെടുമങ്ങാട് മണ്ഡലത്തെക്കുറിച്ച് പരാമര്‍ശം പോലുമുണ്ടായില്ലെന്നായിരുന്നു പാലോട് രവിയുടെ ആക്ഷേപം. മറുപടിപ്രസംഗത്തിലും അവഗണന തുടര്‍ന്നതോടെയാണ് പൊട്ടിത്തെറിച്ച് രവി മാണിക്കെതിരെ ആഞ്ഞടിച്ചത്. അതോടെ പൊടുന്നനെ, ജില്ലാ ആശുപത്രി അനുവദിച്ചതായി അറിയിച്ച് മാണി ഇരുന്നു. എന്നാല്‍, ധനമന്ത്രിയുടെ മറുപടിയില്‍ തൃപ്തനാകാതെ പാലോട് രവി സഭ വിട്ടിറങ്ങി. ചെയറിന് മുന്നിലെത്തി പ്രതിഷേധം പ്രകടിപ്പിച്ച വി ശിവന്‍കുട്ടിയെ ശാസിക്കുന്നതായി പിന്നീട് സ്പീക്കര്‍ ജി കാര്‍ത്തികേയന്‍ സഭയെ അറിയിച്ചു.

deshabhimani 210313

No comments:

Post a Comment