Thursday, March 21, 2013

300 കോടിയുടെ അപ്രഖ്യാപിത നികുതികൂടി


ധനമന്ത്രിയുടെ പുതിയ പ്രഖ്യാപനത്തോടെ 300 കോടിയുടെ അപ്രഖ്യാപിത നികുതികൂടി അടിച്ചേല്‍പ്പിക്കപ്പെടും. ബജറ്റ് പ്രഖ്യാപനം വഴി 1400 കോടി രൂപയുടെ അധികച്ചെലവ് കണക്കാക്കിയിരുന്നു. ഇതിനു പുറമെയാണ് ചര്‍ച്ചയ്ക്ക് മറുപടി പറഞ്ഞ വേളയില്‍ ധനമന്ത്രി കെ എം മാണി പ്രഖ്യാപിച്ച പദ്ധതികള്‍ക്കുള്ള ചെലവ്. 298.77 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്ന് ധനമന്ത്രി നേരത്തെ സൂചിപ്പിച്ചിരുന്നു. എന്നാല്‍, ഇതിനുള്ള വിഭവസമാഹരണത്തെക്കുറിച്ച് മന്ത്രി മൗനം പാലിച്ചു. അധിക വരുമാനം കണ്ടെത്താനുള്ള ഒരു നിര്‍ദേശവും അദ്ദേഹം മുന്നോട്ടുവച്ചില്ല.

നേരത്തെ പ്രഖ്യാപിച്ച പദ്ധതികള്‍ക്ക് തന്നെ പണം കണ്ടെത്താന്‍ കഴിയാതിരിക്കെയാണ് 300 കോടിയുടെ അധിക ബാധ്യതകൂടി അടിച്ചേല്‍പ്പിച്ചത്. ഒന്നുകില്‍ അപ്രഖ്യാപിത നികുതി ചുമത്തി വരുമാനം കണ്ടെത്താനുള്ള ശ്രമമായിരിക്കും മന്ത്രിയുടെ മനസ്സില്‍. അല്ലെങ്കില്‍ പുതിയ പ്രഖ്യാപനങ്ങള്‍ പാഴ്വാക്കാകും. വാറ്റ് നികുതി ഒരു ശതമാനം കൂട്ടിയതുവഴി 650 കോടി രൂപയുടെ വരുമാനം കിട്ടുമെന്നാണ് മാണി ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞത്. സോപ്പ്, പേസ്റ്റ് തുടങ്ങിയ സാധനങ്ങള്‍ക്കെല്ലാം നികുതി 13.5 ശതമാനത്തില്‍ നിന്ന് 14.5 ശതമാനമായി ഉയര്‍ത്തി. ഇതില്‍ നിന്നുള്ള അധിക വരുമാനം 1000 കോടി കവിയുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.

യഥാര്‍ഥ നികുതിവരുമാനം മറച്ചുവച്ചാണ് മന്ത്രി തുക കുറച്ചുകാണിച്ചത്. മദ്യത്തിനും സിഗററ്റിനും നികുതി കൂട്ടിയതുവഴി 250 കോടി അധിക വരുമാനമാണ് ലക്ഷ്യം. ബജറ്റില്‍ 1138.33 കോടിയുടെ അധിക നികുതിയാണ് ചുമത്തിയിട്ടുള്ളത്. എന്നിട്ടും കമ്മി 526 കോടിയാണ്. പുതിയ അധിക ചെലവുകൂടി കണക്കിലെടുക്കുമ്പോള്‍ കമ്മി 825 കോടിയാകും. വര്‍ഷാന്ത കമ്മി ഇതിനേക്കാള്‍ ഉയരുമെന്നാണ് മുന്‍കാല അനുഭവം നല്‍കുന്ന സൂചന. പുതിയ 12 താലൂക്ക്, 22 കോളേജ് എന്നിവയ്ക്കുള്ള ചെലവ് എത്രയായിരിക്കുമെന്ന് തിട്ടപ്പെടുത്തിയിട്ടില്ല. പൊലീസിനുള്ള പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ചെലവും കണക്കാക്കിയിട്ടില്ല. ഇതെല്ലാംകൂടി ചേര്‍ത്താല്‍ അധിക ചെലവ് 300 കോടി കവിയും. ഒന്നുകില്‍ പുതിയ പ്രഖ്യാപനങ്ങള്‍ ജനങ്ങളുടെ കണ്ണില്‍പൊടിയിടാനാണെന്ന് തെളിയും. അല്ലെങ്കില്‍ പലയിനങ്ങള്‍ക്കും രഹസ്യമായി പുതിയ നികുതി ചുമത്തുകയോ നിലവിലുള്ള നികുതി വര്‍ധിപ്പിക്കുകയോ ചെയ്യും.

deshabhimani

No comments:

Post a Comment