Tuesday, March 19, 2013

സിഐടിയു: സെമിനാറുകള്‍ക്ക് ഇന്ന് തുടക്കം


സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന്റെ ഭാഗമായ സെമിനാറുകള്‍ ഇ എം എസ് ദിനമായ ചൊവ്വാഴ്ച തുടങ്ങും. ദേശീയ-സംസ്ഥാന നേതാക്കളും വിവിധമേഖലകളിലെ പ്രഗത്ഭരും പങ്കെടുക്കുന്ന 22 സെമിനാറുകളാണ് സംഘടിപ്പിക്കുന്നത്. ആദ്യദിനം നാലെണ്ണം. "യുപിഎ സര്‍ക്കാരിന്റെ നവലിബറല്‍ നയങ്ങള്‍" എന്ന വിഷയത്തില്‍ പയ്യന്നൂര്‍ ഗാന്ധി മൈതാനിയില്‍ ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കുന്ന സെമിനാര്‍ സിഐടിയു അഖിലേന്ത്യാ വൈസ്പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ഉദ്ഘാടനംചെയ്യും. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ഐഎന്‍ടിയുസി സംസ്ഥാന വൈസ്പ്രസിഡന്റ് പി കെ ഗോപാലന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് എം പി ഭാര്‍ഗവന്‍ എന്നിവര്‍ പങ്കെടുക്കും.

അഞ്ചരക്കണ്ടിയില്‍ വൈകിട്ട് അഞ്ചിന് "സഹകരണ മേഖല- പ്രതിസന്ധി" സെമിനാര്‍ മുന്‍ സഹകരണ മന്ത്രി ജി സുധാകരന്‍ ഉദ്ഘാടനംചെയ്യും. എം സി നാരായണന്‍ നമ്പ്യാര്‍, എം മെഹബൂബ്, മധുസൂദനന്‍, പി ഹരീന്ദ്രന്‍ എന്നിവര്‍ സംസാരിക്കും. പെരിങ്ങോം ബസാറില്‍ വൈകിട്ട് നാലിന് "തൊഴിലാളി-കര്‍ഷക ഐക്യത്തിന്റെ പ്രസക്തി" സെമിനാര്‍ കെഎസ്കെടിയു സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനംചെയ്യും. കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറി കെ വി രാമകൃഷ്ണന്‍, കെ എം സുധാകരന്‍, കെ കെ രാഗേഷ് എന്നിവര്‍ പങ്കെടുക്കും. ആലക്കോട് പകല്‍ മൂന്നിന് "ഉദാരവല്‍ക്കരണവും കാര്‍ഷിക പ്രതിസന്ധിയും" സെമിനാര്‍ പ്രൊഫ. സി രവീന്ദ്രനാഥ് എംഎല്‍എ ഉദ്ഘാടനംചെയ്യും. കിസാന്‍സഭ സംസ്ഥാന സെക്രട്ടറി സത്യന്‍ മൊകേരി, കര്‍ഷകസംഘം നേതാക്കളായ കെ എം ജോസഫ്, എം പ്രകാശന്‍ എന്നിവര്‍ പങ്കെടുക്കും.

20ന് ഇരിട്ടി, പിലാത്തറ, പിണറായി എന്നിവിടങ്ങളിലാണ് സെമിനാര്‍. ഇരിട്ടിയില്‍ "ചില്ലറവില്‍പ്പന മേഖലയിലെ വിദേശനിക്ഷേപം" സെമിനാര്‍ സിഐടിയു സംസ്ഥാന സെക്രട്ടറി കെ ചന്ദ്രന്‍പിള്ളയും പിലാത്തറയില്‍ "സ്ത്രീവിമോചനവും സാമൂഹ്യവ്യവസ്ഥയും" സെമിനാര്‍ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി കെ കെ ശൈലജയും പിണറായിയില്‍ "വ്യവസായ മേഖലയിലെ യുഡിഎഫ് നയം" സെമിനാര്‍ സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ഉദ്ഘാടനംചെയ്യും.

2 ലക്ഷം പേരുടെ റാലി

കണ്ണൂര്‍: സിഐടിയു അഖിലേന്ത്യാ സമ്മേളനത്തിന് സമാപനം കുറിച്ച് ഏപ്രില്‍ എട്ടിന് നടക്കുന്ന റാലിയില്‍ തൊഴിലാളികളും കുടുംബാംഗങ്ങളുമുള്‍പ്പെടെ രണ്ടു ലക്ഷം പേര്‍ അണിനിരക്കും. കണ്ണൂര്‍ നഗരം മുമ്പൊരിക്കലും ദര്‍ശിക്കാത്ത ജനസഞ്ചയമാകും ഒഴുകിയെത്തുക. ഏപ്രില്‍ നാലിന് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി രണ്ടായിരം ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകര്‍ പങ്കെടുക്കും.

സിഐടിയു രൂപീകരണശേഷം ആദ്യമായി കണ്ണൂര്‍ ആതിഥ്യമേകുന്ന അഖിലേന്ത്യാ സമ്മേളനം ചരിത്രസംഭവമാക്കാനുള്ള ഒരുക്കങ്ങളാണ് നടക്കുന്നതെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ പി സഹദേവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഇരുപത് വര്‍ഷമായി നടപ്പാക്കുന്ന നവലിബറല്‍ സാമ്പത്തിക നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ ട്രേഡ്യൂണിയനുകളെയാകെ യോജിപ്പിച്ച് പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ് സിഐടിയു. ലോകചരിത്രത്തില്‍ ഇടംനേടിയ രണ്ടുദിവസത്തെ ഐതിഹാസിക പണിമുടക്കിന്റെ ആവേശവുമായാണ് കണ്ണൂര്‍ സമ്മേളനം നടക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധ-തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരെ കൂടുതല്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് സമ്മേളനം രൂപംനല്‍കും. ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിനും ശക്തമായ അടിത്തറയുള്ള കണ്ണൂര്‍ ഏറെ ആവേശത്തോടെയാണ് സമ്മേളനം ഏറ്റെടുത്തിരിക്കുന്നത്. പ്രാദേശികതലംവരെ സംഘാടക സമിതി രൂപീകരിച്ചു. അറുപതു വയസുകഴിഞ്ഞ് ജോലിയില്‍നിന്ന് പിരിഞ്ഞ തൊഴിലാളികളെയും പഴയകാല ട്രേഡ്യൂണിയന്‍ പ്രവര്‍ത്തകരെയും ആദരിക്കുന്ന ചടങ്ങ് പ്രാദേശികതലത്തില്‍ നടന്നുവരികയാണ്. ഇരുന്നൂറില്‍പരം കേന്ദ്രങ്ങളിലായി അമ്പതിനായിരത്തിലേറെ പേരെയാണ് ആദരിക്കുന്നത്.

സാര്‍വദേശീയ തലത്തില്‍ തൊഴിലാളി സംഘടന നിലവില്‍വന്നതുമുതലുള്ള ട്രേഡ്യൂണിയന്‍ ചരിത്രവും ദേശീയ-സംസ്ഥാന-ജില്ലാതലങ്ങളിലെ മുന്നേറ്റവും വിവരിക്കുന്ന ചരിത്ര പ്രദര്‍ശനം പൊലീസ് മൈാതാനിയില്‍ 28ന് ആരംഭിക്കും. ജില്ലയിലെ 18 ഏരിയകളിലും ബാന്‍ഡ് സംഘങ്ങള്‍ ഒരുങ്ങുന്നു. ഇവയുടെ പൊതു ഡിസ്പ്ലേ ഏപ്രില്‍ ഒന്നിന് കണ്ണൂരില്‍ നടക്കും. ടി എം ജനാര്‍ദനന്റെ പേരിലുള്ള വോളിബോള്‍ ടൂര്‍ണമെന്റ് 23ന് തുടങ്ങും. കലാപരിപാടികള്‍, സാംസ്കാരിക സമ്മേളനം, ട്രേഡ്യൂണിയന്‍ ഐക്യസമ്മേളനം എന്നിവയും സംഘടിപ്പിക്കും. പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനായി വയലാറില്‍നിന്ന് കൊണ്ടുവരുന്ന പതാകയും കയ്യൂരില്‍നിന്നുള്ള കൊടിമരവും മൂന്നിന് വൈകിട്ട് കണ്ണൂരിലെത്തും. തില്ലങ്കേരിയില്‍നിന്നാണ് ദീപശിഖയെത്തിക്കുക. പ്രതിനിധി സമ്മേളനത്തില്‍ ഉയര്‍ത്താനുള്ള പതാക നാലിന് രാവിലെ പയ്യാമ്പലത്തുനിന്ന് കൊണ്ടുവരുമെന്നും ഭാരവാഹികള്‍ പറഞ്ഞു. മീഡിയ കമ്മിറ്റി ചെയര്‍മാന്‍ എം സുരേന്ദ്രന്‍, പി വി കൃഷ്ണന്‍, അരക്കന്‍ ബാലന്‍, വാടി രവി, കെ അശോകന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 190313

No comments:

Post a Comment