Tuesday, March 19, 2013
ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിക്ഷേപം പിടിക്കാന്‍ ബാങ്കുകള്‍ക്ക് വളഞ്ഞവഴി
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിക്ഷേപം പിടിക്കാന്‍ സംസ്ഥാനത്തെ പുതുതലമുറ ബാങ്കുകളും പൊതുമേഖലാ ബാങ്കുകളും വഴിവിട്ട് പ്രവര്‍ത്തിക്കുന്നതായി വ്യാപക പരാതി. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന മൂന്ന് പുതുതലമുറ ബാങ്കുകള്‍ വിദേശപങ്കാളിത്തമുള്ള സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികളില്‍ വന്‍തോതില്‍ കള്ളപ്പണനിക്ഷേപം നടത്തിക്കുന്നതായി കോബ്രാ പോസ്റ്റ് എന്ന വെബ് പോര്‍ട്ടല്‍ വെളിപ്പെടുത്തിയിരുന്നു. ഈ ബാങ്കുകള്‍ക്കെതിരെ വിവിധതലങ്ങളില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തിലാണ് കേരളത്തിലും സമാനമായ ഇടപാടുകള്‍ നടക്കുന്നതിന്റെ വിവരം പുറത്തുവരുന്നത്.
സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിച്ചുകൊടുക്കുന്ന വന്‍തുകയുടെ ടാര്‍ജറ്റ് കൈവരിക്കാന്‍ കേരളത്തിലെ പൊതുമേഖലാ, പുതുതലമുറ ബാങ്കുകളുടെ ഉന്നത ഉദ്യോഗസ്ഥര്‍ക്കിടയില്‍ കടുത്ത മത്സരം നിലനില്‍ക്കുന്നു. വിദേശയാത്രമുതല്‍ പലവിധ സമ്മാനങ്ങളും സൗജന്യങ്ങളുമാണ് ഇതിനായി ഇന്‍ഷുറന്‍സ് കമ്പനികള്‍ വച്ചുനീട്ടുന്നത്. ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ കൊച്ചിനഗരത്തിലെ പ്രധാന ശാഖയുടെ രണ്ട് മേധാവികള്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ ഇങ്ങനെ വിദേശയാത്ര തരപ്പെടുത്തിയിരുന്നു. ഈ ഇടപാടുകള്‍ ബാങ്കിന്റെ ഉന്നതരുടെ അറിവോടെയാണെന്നതാണ് മറ്റൊരു വസ്തുത. ഇന്‍ഷുറന്‍സ് കമ്പനികള്‍ നിശ്ചയിക്കുന്ന ലക്ഷ്യം കൈവരിക്കാന്‍ കടുത്ത സമ്മര്‍ദംചെലുത്തുന്ന ഉന്നത മാനേജ്മെന്റ് നേട്ടമുണ്ടാക്കുന്നവരെ ഔദ്യോഗിക ചുമതലയുടെ ഭാഗമായി വിദേശയാത്ര നടത്താന്‍ അനുവദിക്കുന്നു.
ടാര്‍ജറ്റ് കൈവരിക്കാന്‍ നിക്ഷേപകരെ തെറ്റിദ്ധരിപ്പിച്ചും നിര്‍ബന്ധിച്ചും സമ്മര്‍ദത്തിലാക്കിയും സ്വകാര്യ ഇന്‍ഷുറന്‍സുകളില്‍ വന്‍ നിക്ഷേപം നടത്തിക്കുന്നതിന്റെ പരാതി വ്യാപകമാണ്. അയ്യപ്പന്‍കാവിലെ പ്രമുഖ ബാങ്ക് ശാഖയിലെ ഒരു നിക്ഷേപകന്റെ അക്കൗണ്ട് വിവരം സ്വകാര്യ ഇന്‍ഷുറന്‍സ് കമ്പനിക്ക് ചോര്‍ത്തിക്കൊടുത്തത് വിവാദമായിരുന്നു. അക്കൗണ്ടില്‍ വന്‍തുക നിക്ഷേപമുള്ളതറിഞ്ഞ് ഇന്‍ഷുറന്‍സ് കമ്പനി ശല്യപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ബാങ്കിലെ നിക്ഷേപം പിന്‍വലിച്ചാണ് ആ ഉപയോക്താവ് പ്രതികരിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ അറിഞ്ഞാണ് ഇത്തരം ചോര്‍ത്തലുകള്‍ നടക്കുന്നത്. നിക്ഷേപകനില്‍നിന്ന് എന്തെങ്കിലും പരാതി ഉയര്‍ന്നാല്‍ മേലുദ്യോഗസ്ഥര്‍തന്നെ നേരിട്ട് ഇടപെട്ട് അനുനയിപ്പിക്കുന്നതും പതിവ്. വളാഞ്ചേരിയിലെ ഒരു പ്രമുഖ ബാങ്കിന്റെ ശാഖയില്‍ വായ്പ തേടിവന്ന ചെറുകിട വ്യാപാരിയെ കബളിപ്പിച്ചു. വായ്പ നല്‍കുന്നതിനുപകരമായി പ്രതിവര്‍ഷം 30,000 രൂപ പ്രീമിയം അടയ്ക്കേണ്ട സ്വകാര്യ ഇന്‍ഷുറന്‍സ് ഇയാളെക്കൊണ്ട് എടുപ്പിച്ചു. പ്രീമിയം മുടങ്ങിയതിന്റെപേരില്‍ ഒരുലക്ഷം രൂപ വ്യാപാരിക്ക് നഷ്ടമാകുകയും ചെയ്തു.
വലിയ തുകയുടെ വായ്പയും ഓവര്‍ഡ്രാഫ്റ്റുമൊക്കെ എടുക്കുന്ന വ്യാപാരികളെയും വ്യവസായികളെയും സമ്മര്‍ദത്തിലാക്കി പ്രീമിയം എടുപ്പിക്കലും ബാങ്കുകളുടെ പ്രധാന പരിപാടിയാണ്. മൂവാറ്റുപുഴയിലെ ഒരു പുതുതലമുറ ബാങ്ക് ശാഖയില്‍ നിക്ഷേപിച്ച വന്‍തുക നിക്ഷേപകനറിയാതെ സ്വകാര്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിലേക്ക് മാറ്റിയ സംഭവവും വിവാദമായതാണ്. കോബ്രാ പോസ്റ്റിന്റെ ഒളിക്യാമറ അന്വേഷണത്തില്‍ കേരളത്തിലെ ബാങ്കുകള്‍ ഉള്‍പ്പെട്ടിട്ടില്ല. എന്നാല്‍ കുറ്റാരോപിതരായ ബാങ്കുകളുടെ ശാഖകള്‍ ഇവിടെയും പ്രവര്‍ത്തിക്കുന്നതിനാല്‍ അവയുടെ ഇടപാടുകളും കണക്കുകള്‍ സൂക്ഷിക്കുന്ന കംപ്യൂട്ടര്‍ സോഫ്റ്റ്വെയറുമൊക്കെ പരിശോധിപ്പിക്കണമെന്ന ആവശ്യം ശക്തമാണ്.
deshabhimani 190313
Labels:
ബാങ്കിംഗ്
Subscribe to:
Post Comments (Atom)
No comments:
Post a Comment