പുരുഷമേധാവിത്വസമൂഹത്തിലെ സ്ത്രീജീവിതത്തിന് നൃത്തസംഗീതശില്‍പ്പംതീര്‍ത്ത് പ്രശസ്ത നര്‍ത്തകി മല്ലികാസാരാഭായിയും വിഖ്യാത പിയാനിസ്റ്റ് എലിസബത്ത് സോമ്പാര്‍ട്ടും. ബാല്യകൗമാരയൗവനങ്ങളിലൂടെയുള്ള പെണ്ണിന്റെ യാത്രയും അവളുടെ പ്രതീക്ഷകളും മോഹങ്ങളും ചവിട്ടിയരയ്ക്കപ്പെടുന്നതുമെല്ലാം കണ്ണീരില്‍ കുതിര്‍ന്ന ചുവടുകളോടെ മല്ലികാസാരാഭായി അരങ്ങിലെത്തിച്ചപ്പോള്‍ എലിസബത്ത് സോമ്പാര്‍ട്ടിന്റെ പിയാനോ വേദനയുടെ കയ്പ്പുനീര്‍ പകര്‍ന്നു. ലോകവനിതാദിനാചരണത്തോടനുബന്ധിച്ച് വനിതാവികസന കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് "വിമണ്‍ വിത്ത് ബ്രോക്കണ്‍ വിങ്സ്" എന്ന പേരില്‍ നൃത്തസംഗീതശില്‍പ്പം അവതരിപ്പിച്ചത്. ലോകമെമ്പാടും പീഡിപ്പിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത ദശലക്ഷക്കണക്കിന് സ്ത്രീകള്‍ക്കാണ് പരിപാടി സമര്‍പ്പിച്ചത്.
പിറവി മുതലുള്ള സ്ത്രീജീവിതത്തിന്റെ 11 ഘട്ടങ്ങളാണ് വിമണ്‍ വിത്ത് ബ്രോക്കണ്‍ വിങ്സില്‍ ആവിഷ്കരിച്ചത്. കലാശില്‍പ്പത്തിന്റെ സംവിധാനം നിര്‍വഹിച്ചത് യാദവ് ചന്ദനാണ്. ശ്രീമൂലം ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ സാമൂഹ്യക്ഷേമ മന്ത്രി എം കെ മുനീര്‍ മുഖ്യാതിഥിയായി. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് എവിടെയും പോകാന്‍കഴിയുന്ന സാഹചര്യം സമൂഹത്തില്‍ ഉണ്ടാകണമെന്ന് മന്ത്രി പറഞ്ഞു. മുന്‍മന്ത്രി പി കെ ശ്രീമതി, കവയിത്രി സുഗതകുമാരി, ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടര്‍ ബീനാപോള്‍, ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ ശോഭാകോശി തുടങ്ങി നിരവധി പ്രമുഖര്‍ പരിപാടി കാണാനെത്തി.
deshabhimani 080313

No comments:
Post a Comment