Friday, March 8, 2013
അങ്കമാലിയിലെ വൈദ്യുതി ബോര്‍ഡിന്റെ 15 ഏക്കര്‍ സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു
കൊച്ചി: വൈദ്യുതി ബോര്‍ഡിന്റെ കോടികള്‍ വിലമതിക്കുന്ന സ്ഥലം എഫ്സിഐയുടെ സൈലോ (ആധുനിക ഭക്ഷ്യധാന്യ ഗോഡൗണ്‍) നിര്‍മാണത്തിന് സ്വകാര്യമേഖലയ്ക്ക് കൈമാറുന്നു.അങ്കമാലി ടെല്‍ക്കിന് കിഴക്കുഭാഗത്ത് റെയില്‍ സൗകര്യത്തോടെയുള്ള 14.5 ഏക്കര്‍ സ്ഥലം ഏറ്റെടുക്കാനാണ് എഫ്സിഐ നടപടി ആരംഭിച്ചിട്ടുള്ളത്. വൈദ്യുതി ബോര്‍ഡിന്റെ സംസ്ഥാനത്തെ മൂന്ന് ഫാബ്രിക്കേഷന്‍ യൂണിറ്റുകളില്‍ പ്രധാനപ്പെട്ടത് പ്രവര്‍ത്തിക്കുന്ന ഈ സ്ഥലം മറ്റ് വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനും ബോര്‍ഡിന് പദ്ധതിയുണ്ടായിരുന്നു. സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതോടെ ആ പദ്ധതി തകിടം മറിയും.
പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ 10 സംസ്ഥാനങ്ങളിലായി സ്ഥാപിക്കുന്ന 20 ലക്ഷം ടണ്‍ ശേഷിയുള്ള സൈലോകളില്‍ രണ്ടെണ്ണമാണ് കേരളത്തിലുള്ളത്. കൊച്ചിയിലും കോഴിക്കോടുമാണ് ഇവ. കാല്‍ലക്ഷം ടണ്‍ വീതമാകും സംഭരണശേഷി. കേന്ദ്രസഹമന്ത്രി കെ വി തോമസിന്റെ നിര്‍ദേശപ്രകാരമാണ് കൊച്ചിയിലെ സൈലോക്ക് അങ്കമാലിയില്‍ കെഎസ്ഇബിയുടെ സ്ഥലം പരിഗണിച്ചത്. അഞ്ചേക്കര്‍ സ്ഥലം ഏറ്റെടുക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാല്‍ എഫ്സിഐ ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം മുഴുവനും ഏറ്റെടുക്കണമെന്ന് നിര്‍ദേശിച്ചു. ഇതനുസരിച്ചുള്ള നടപടിയാണ് പുരോഗമിക്കുന്നത്. ദേശീയപാതയുടെ സാമീപ്യവും റെയില്‍വേ സൗകര്യവുമുള്ള സ്ഥലം എഫ്സിഐക്ക് കൈമാറുന്നതോടെ സൈലോ നിര്‍മാണം സ്വകാര്യ പങ്കാളി നടത്തും. വന്‍കിട സ്വകാര്യ സംരംഭകരായ അഗ്രിവയര്‍ ഗ്ലോബലാണ് 10 സംസ്ഥാനങ്ങളിലും സൈലോ നിര്‍മിക്കുന്നത്. നിര്‍മാണം പൂര്‍ത്തിയാകുന്ന സൈലോകള്‍ ദീര്‍ഘകാലത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നതും ഇവര്‍തന്നെയാകും.
സംസ്ഥാനത്ത് 23 ഗോഡൗണ്‍ എഫ്സിഐക്കുണ്ട്. പലയിടത്തും അനുബന്ധമായി നിര്‍ദിഷ്ട സൈലോ നിര്‍മിക്കാനുള്ള സ്ഥലവുമുണ്ട്. എന്നിട്ടും കെഎസ്ഇബിയുടെ സ്ഥലം ഏറ്റെടുക്കുന്നത് സൈലോയും സ്ഥലവും പൂര്‍ണമായി സ്വകാര്യ സംരംഭകര്‍ക്ക് കൈമാറാനാണെന്ന ആക്ഷേപം ഉയരുന്നു. അങ്കമാലിയിലെ കണ്ണായ 14.5 ഏക്കര്‍ സ്ഥലം കൈവിട്ടുപോകുന്നത് കെഎസ്ഇബിക്ക് വലിയ നഷ്ടമാകും. ഇവിടെ പ്രവര്‍ത്തിക്കുന്ന ഫാബ്രിക്കേഷന്‍ യൂണിറ്റ്, മീറ്റര്‍ ടെസ്റ്റിങ് യൂണിറ്റ്, കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മാണ യൂണിറ്റ് എന്നിവയും ജീവനക്കാരുടെ ക്വാര്‍ട്ടേഴ്സും മാറ്റേണ്ടിവരും. റെയില്‍ സൗകര്യം ഇല്ലാതാകുന്നതോടെ കോണ്‍ക്രീറ്റ് പോസ്റ്റ് നിര്‍മാണ യൂണിറ്റും ഫാബ്രിക്കേഷന്‍ യൂണിറ്റും ഇല്ലാതാകാനും സാധ്യതയുണ്ട്. ഇപ്പോള്‍ത്തന്നെ കോണ്‍ക്രീറ്റ് പോസ്റ്റും മറ്റ് സാമഗ്രികളും പുറത്ത് സ്വകാര്യമേഖലയില്‍നിന്ന് വാങ്ങിത്തുടങ്ങി. യുഡിഎഫ് സര്‍ക്കാര്‍ വന്നശേഷം ഫാബ്രിക്കേഷന്‍ യൂണിറ്റിലെ നിര്‍മാണജോലികള്‍ മുമ്പുണ്ടായതിന്റെ 20 ശതമാനമായി കുറഞ്ഞിട്ടുമുണ്ട്.
ബ്രഹ്മപുരത്തെ ഡീസല്‍ പ്ലാന്റ് എല്‍എന്‍ജിയിലേക്ക് മാറുമ്പോള്‍ ഇന്ധന സംഭരണകേന്ദ്രം അങ്കമാലിയിലെ സ്ഥലത്ത് സ്ഥാപിക്കാനും കെഎസ്ഇബിക്ക് പദ്ധതിയുണ്ടായിരുന്നു. സൈലോ നിര്‍മാണത്തിന് ഈ സ്ഥലത്തിന്റെ ഒരുഭാഗം ഏറ്റെടുത്താല്‍പ്പോലും ഈ പദ്ധതി തകിടം മറിയും. എന്നാല്‍ സ്ഥലം ഏറ്റെടുക്കുന്നതിന് ശക്തമായ സമ്മര്‍ദമാണ് സര്‍ക്കാര്‍തലത്തില്‍ ഉയരുന്നത്. പദ്ധതിക്ക് ഭൂമിയും മറ്റ് സൗകര്യങ്ങളും യഥാസമയം നല്‍കാന്‍ സംസ്ഥാനതലത്തില്‍ പ്രത്യേക സമിതിയുണ്ട്. സ്വകാര്യ പങ്കാളിത്തത്തോടെ ഗോഡൗണ്‍ നിര്‍മിക്കാനുള്ള എഫ്സിഐ പദ്ധതികളൊന്നും സംസ്ഥാനത്ത് വിജയം കണ്ടിട്ടില്ല. ഉചിതമായ ഭൂമി കിട്ടാത്തതും കുടിയൊഴിപ്പിക്കലുമൊക്കെയാണ് പ്രധാന തടസം. കെഎസ്ഇബിയുടെ ഭൂമി ഏറ്റെടുത്താല്‍ ആ പ്രശ്നങ്ങളുണ്ടാകില്ലെന്നും എഫ്സിഐ കണക്കാക്കുന്നു.
(എം എസ് അശോകന്‍)
deshabhimani 080313
Labels:
വലതു സര്‍ക്കാര്‍,
വൈദ്യുതി
Subscribe to:
Post Comments (Atom)
No comments:
Post a Comment