കോഴിക്കോട്: അസംസ്കൃത വസ്തുവായ പരുത്തി ലഭ്യമല്ലാത്തതിനാല്‍ തിരുവണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ സ്പിന്നിങ് ആന്‍ഡ് വീവിങ് കോട്ടണ്‍മില്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. യഥാസമയം പരുത്തി വാങ്ങുന്നതില്‍ കേരള സ്റ്റേറ്റ് ടെക്സ്റ്റൈല്‍സ് കോര്‍പറേഷന്‍ (കെഎസ്ടിസി) കാണിക്കുന്ന അനാസ്ഥയാണ് ഉല്‍പ്പാദനം തടസപ്പെടാന്‍ കാരണം. പ്രാരംഭജോലി നടക്കുന്ന ബ്ലോര്‍ റൂമിന്റെയും കാര്‍ഡിങ്, പ്രിപ്പേറ്ററി വിഭാഗങ്ങളിലും ഒരാഴ്ചയായി പ്രവര്‍ത്തനം നിലച്ചു. പരുത്തി കിട്ടിയില്ലെങ്കില്‍ മില്ലിന്റെ പ്രവര്‍ത്തനം രണ്ടുദിവസത്തിനകം പൂര്‍ണമായി നിലയ്ക്കും. വിപണനത്തിലെ കെടുകാര്യസ്ഥത കാരണം ഒന്നര കോടി രൂപയുടെ നൂല്‍ കെട്ടിക്കിടക്കുന്നതും മില്ലിന്റെ പ്രവര്‍ത്തനം താളംതെറ്റിക്കുന്നു. അടുത്ത മാസത്തോടെ ശമ്പളം കൂടി മുടങ്ങുമെന്ന ആശങ്കയിലാണ് ജോലിക്കാര്‍.
മില്‍ സ്വകാര്യവത്കരിക്കാന്‍ കെഎസ്ടിസി കൂട്ടുനില്‍ക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റശേഷം മില്ലിന്റെ പ്രവര്‍ത്തനം മുന്നോട്ടുകൊണ്ടുപോകുന്നതിനുള്ള ഒരു ഇടപെടലും ഉണ്ടായിട്ടില്ല. വൈദ്യുതി ചാര്‍ജ് അടിക്കടി വര്‍ധിപ്പിച്ചതോടെ 15 ലക്ഷം രൂപയുടെ അധിക ബാധ്യതയാണ് പ്രതിമാസം മില്ലിനുള്ളത്. യുഡിഎഫ് അധികാരമേറ്റ ശേഷം അമ്പതോളം പേരെ പുതുതായി നിയമിച്ചിരുന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയ കോട്ടണ്‍ മില്‍ എല്‍ഡിഎഫ് സര്‍ക്കാരാണ് തുറന്നത്. 40 കോടി രൂപ മുതല്‍ മുടക്കി ആധുനിക നെയ്ത്ത് യന്ത്രങ്ങളടക്കം സ്ഥാപിച്ചാണ് മില്‍ പ്രവര്‍ത്തന സജ്ജമാക്കിയത്. യുഡിഎഫ് സര്‍ക്കാര്‍ വില്‍പ്പനയ്ക്ക് വെച്ച സ്ഥാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ വ്യവസായമന്ത്രിയായിരുന്ന എളമരം കരീമിന്റെ ശ്രമഫലമായി 2006 ഡിസംബര്‍ 17ന് തുറന്ന് പ്രവര്‍ത്തിപ്പിച്ച് ലാഭകരമാക്കിയത്.
കാഡ്കോ വ്യവസായശാല നാശത്തിലേക്ക്
നടുവണ്ണൂര്‍: ലക്ഷങ്ങള്‍ ചെലവഴിച്ച് നടുവണ്ണൂര്‍ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ തുടങ്ങിയ കാഡ്കോ വ്യവസായശാല നാശത്തിലേക്ക്. എല്‍ഡിഎഫ് സര്‍ക്കാര്‍ 2009-10ല്‍ സംസ്ഥാന ബജറ്റിലുള്‍പ്പെടുത്തി കേരള ആര്‍ട്ടിസാന്‍സ് ഡവലപ്പ്മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കാഡ്കോ) ആരംഭിച്ച ഫര്‍ണിച്ചര്‍ ആന്‍ഡ് ബ്ലാക്ക്സ്മിത്ത് നിര്‍മാണ യൂണിറ്റാണ് രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഉദ്ഘാടനം കാത്തുകിടക്കുന്നത്. ലക്ഷങ്ങള്‍ വിലയുള്ള യന്ത്രസാമഗ്രികളും പ്ലാന്റുകളും തുരുമ്പെടുത്തു നശിക്കുകയാണ്. ത്രീഫേസ് കണക്ഷന്‍ ലഭിച്ച സ്ഥാപനം ഭീമമായ സംഖ്യ കറന്റ് ചാര്‍ജിനത്തില്‍ അടച്ച് കണക്ഷന്‍ നിലനിര്‍ത്തേണ്ട ഗതികേടിലാണ്. ജില്ലാ വ്യവസായ കേന്ദ്രത്തിന് വാടകയിനത്തില്‍ 14.88 ലക്ഷം രൂപ അടിയന്തരമായി അടയ്ക്കാന്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് നോട്ടീസ് നല്‍കിയിട്ടുണ്ട്.
2012-13 വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ പ്ലാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി 48.15 ലക്ഷം രൂപ കാഡ്കോ ഫര്‍ണിച്ചര്‍ ആന്‍ഡ് ബ്ലാക്ക്സ്മിത്ത് യുണിറ്റിന് അനുവദിച്ചിരുന്നു. നിര്‍മാണ സാമഗ്രികള്‍ വാങ്ങുന്നതിനായി 12 ലക്ഷം കൂടി അനുവദിച്ചതായും അറിയുന്നു. എന്നാല്‍ ഇതൊന്നും ഫലം കണ്ടില്ല. കാഡ്കോ ഹെഡ് ഓഫീസില്‍ തുക വകമാറ്റി ചെലവഴിച്ചുവെന്ന് ആക്ഷേപമുണ്ട്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് അനുമതി നല്‍കിയത്. യുഡിഎഫ് സര്‍ക്കാരിന്റെ 100 ദിന പരിപാടിയിലുള്‍പ്പെടുത്തി ഉദ്ഘാടനം നടത്തുന്നതിന് പരിസ്ഥിതി വകുപ്പ്, ഫയര്‍ ആന്‍ഡ് റെസ്ക്യു വകുപ്പ്, വനംവകുപ്പ് എന്നിവയില്‍നിന്ന് എന്‍ഒസിയും നടുവണ്ണൂര്‍ പഞ്ചായത്തില്‍നിന്ന് ലൈസന്‍സും വാങ്ങിയിരുന്നു. എന്നാല്‍ രണ്ട് വര്‍ഷമായിട്ടും ഉദ്ഘാടനം നടന്നിട്ടില്ല. പദ്ധതികളുടെ മേല്‍നോട്ടം വഹിക്കേണ്ട കാഡ്കോ ഹെഡ് ഓഫീസില്‍ പ്രൊജക്ട് മാനേജര്‍ തസ്തിക 2011 നവംബര്‍ മുതല്‍ ഒഴിഞ്ഞുകിടക്കുകയാണ്.
deshabhimani 180313
No comments:
Post a Comment