Friday, March 15, 2013
മാസപ്പടി കൂട്ടി, പരിശോധനകള്‍ നിര്‍ത്തി
അഴിമതി കൊടികുത്തിവാഴുന്ന സിവില്‍ സപ്ലൈസ് കോര്‍പറേഷനില്‍ ഉദ്യോഗസ്ഥര്‍ മാസപ്പടി ഉയര്‍ത്തി. കേന്ദ്രത്തില്‍നിന്ന് പ്രത്യേക ക്വാട്ട അനുവദിച്ച സാഹചര്യത്തിലാണ് റേഷന്‍ കടകളില്‍നിന്നുള്ള പിരിവ് കൂടുതല്‍ ഊര്‍ജിതമാക്കിയത്. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലാണ് മാസപ്പടി പിരിവ് കൃത്യമായി നടക്കുന്നത്. കഴിഞ്ഞമാസം വരെ ആയിരം രൂപയായിരുന്നു ഓരോ മാസവും റേഷന്‍കടക്കാര്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ക്ക് നല്‍കിയിരുന്ന "പടി". ഇത് 1500 രൂപയായി ഉയര്‍ത്തി. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്കുള്ള വിഹിതം വേറെയാണ്. ആയിരം രൂപയാണ് ഇവര്‍ക്കായി ഓരോ റേഷന്‍കടക്കാരനും നല്‍കേണ്ടത്. ഇതുകൂടാതെ സപ്ലൈ ഓഫീസിലെ മറ്റു ജീവനക്കാര്‍ക്കുള്ള വിഹിതംകൂടിയാകുമ്പോള്‍ പ്രതിമാസം നാലായിരത്തിലേറെ രൂപ റേഷന്‍കടക്കാര്‍ നല്‍കേണ്ടിവരുന്നു. റേഷനരി കരിഞ്ചന്തയില്‍ വിറ്റല്ലാതെ എങ്ങനെ കട നടത്തിക്കൊണ്ടുപോകുമെന്നാണ് റേഷന്‍ വ്യാപാരികളുടെ ചോദ്യം.
ജില്ലാ സപ്ലൈ ഓഫീസര്‍ക്കും താലൂക്ക് സപ്ലൈ ഓഫീസര്‍ക്കുമായി അയ്യായിരംരൂപയാണ് പ്രതിമാസം മൊത്തവ്യാപാരി നല്‍കേണ്ടത്. മൊത്തവ്യാപാര കേന്ദ്രത്തില്‍നിന്ന് റേഷനരി സ്വകാര്യ വ്യാപാരികള്‍ക്ക് മറിച്ചുനല്‍കുന്നതിന്റെ വിഹിതമാണിത്്. റേഷന്‍കടക്കാരില്‍നിന്നുള്ള വിഹിതം പിരിച്ച് ഉദ്യോഗസ്ഥര്‍ക്ക് കൈമാറേണ്ട ചുമതലയും മൊത്ത വ്യാപാരികള്‍ക്കാണ്. തൃശൂര്‍ മുതല്‍ വടക്കോട്ടുള്ള ജില്ലകളില്‍ മാസപ്പടി കുറവാണ്. അതുകൊണ്ടുതന്നെ, സപ്ലൈ ഓഫീസര്‍മാരുടെ നിയമനത്തിലും സ്ഥലംമാറ്റത്തിലും വടക്കന്‍ ജില്ലകള്‍ക്ക് പ്രിയം കുറവാണ്. മാസപ്പടി കൃത്യമായി പിരിക്കുന്നതിനാല്‍ പരിശോധനകളും നിലച്ചു.
ജില്ലാ സപ്ലൈ ഓഫീസര്‍ മാസം 30 റേഷന്‍കടകളും പരമാവധി മൊത്ത വ്യാപാര കേന്ദ്രങ്ങളിലും പൊതുവിപണിയും പരിശോധിക്കണമെന്നാണ് ചട്ടം. താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ മൂന്നുമാസം കൂടുമ്പോള്‍ റേഷന്‍കടകളുടെ പരിശോധന ഒരുവട്ടം പൂര്‍ത്തിയാക്കിയിരിക്കണം. തങ്ങളുടെ പരിധിയിലെ എല്ലാ മൊത്തവ്യാപാര കേന്ദ്രങ്ങളും താലൂക്ക് സപ്ലൈ ഓഫീസര്‍ മാസത്തിലൊരിക്കല്‍ പരിശോധിക്കണമെന്ന് ചട്ടങ്ങള്‍ അനുശാസിക്കുന്നു. മാസത്തിലൊരിക്കല്‍ എല്ലാ റേഷന്‍കടകളിലും പരിശോധന നടത്താന്‍ റേഷനിങ് ഇന്‍സ്പെക്ടര്‍മാരും ബാധ്യസ്ഥരാണ്. എന്നാല്‍, സംസ്ഥാനത്ത് ഇപ്പോള്‍ പരിശോധനകള്‍ നടക്കുന്നതേയില്ല. ഏതെങ്കിലും കേന്ദ്രത്തിലേക്ക് റേഷന്‍ വ്യാപാരികളെ വിളിപ്പിച്ച് കടപരിശോധനയുടെ രേഖയുണ്ടാക്കുന്ന താലൂക്ക് സപ്ലൈ ഓഫീസര്‍മാരുണ്ട്. പരിശോധനയില്‍ ക്രമക്കേടൊന്നും കണ്ടെത്തിയില്ലെന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. മൊത്തവ്യാപാര ഡിപ്പോകളിലെയും പൊതുവിപണിയിലെയും പരിശോധനയും പൂര്‍ണമായി നിലച്ചു. സപ്ലൈ ഓഫീസര്‍മാര്‍ നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് സിവില്‍ സപ്ലൈസ് കമീഷണര്‍ക്ക് അയച്ചുകൊടുക്കണമെന്ന ചട്ടവും നടപ്പാകുന്നില്ല.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment