Saturday, March 16, 2013

നയതന്ത്രജ്ഞരെ പുറത്താക്കിയത് അട്ടിമറിക്ക് ശ്രമിച്ചതിന്: വെനസ്വേല


രണ്ട് അമേരിക്കന്‍ നയതന്ത്രജ്ഞരെ വെനസ്വേല പുറത്താക്കിയത് അവര്‍ അട്ടിമറിക്ക് ശ്രമിച്ചതായി കണ്ടെത്തിയതിനാലാണെന്ന് വിദേശമന്ത്രി എല്യാസ് ജോവ വ്യക്തമാക്കി. ഇതിനെത്തുടര്‍ന്ന് അമേരിക്ക രണ്ട് വെനസ്വേലന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയത് ഇതിനു പകരമായി കാണാനാവില്ല. കാരണം അവര്‍ അമേരിക്കന്‍ പ്രസിഡന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് ജോവ ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് ഹ്യൂഗോ ഷാവേസിന്റെ മരണത്തിന് തൊട്ടുമുമ്പാണ് വെനസ്വേല അമേരിക്കന്‍ നയതന്ത്രജ്ഞ കാര്യാലയത്തിലെ രണ്ട് എയര്‍ അറ്റാഷെമാരെ പുറത്താക്കിയത്. ഇവര്‍ വെനസ്വേലന്‍ സേനാ ഉദ്യോഗസ്ഥരെ ബന്ധപ്പെട്ട് അട്ടിമറിക്ക് പ്രേരിപ്പിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പുറത്താക്കിയത്. എന്നാല്‍, അമേരിക്ക പുറത്താക്കിയ വെനസ്വേലന്‍ നയതന്ത്രജ്ഞര്‍ അമേരിക്കന്‍ സേനാ ഉദ്യോഗസ്ഥരോട് പ്രസിഡന്റ് ഒബാമയെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയിട്ടില്ല. അതിനാല്‍ അമേരിക്ക പുറത്താക്കിയതിനെ പകരത്തിന് പകരമുള്ള നടപടിയായി കാണാനാവില്ല. അത് പ്രതികാര നടപടിയായേ കാണാനാവൂ എന്ന് ജോവ പറഞ്ഞു. ഇതിനിടെ ഏപ്രില്‍ 14ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഏഴുപേരുടെ സ്ഥാനാര്‍ഥിത്വം ദേശീയ തെരഞ്ഞെടുപ്പ് കമീഷന്‍ അംഗീകരിച്ചു. യുണൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ടിയുടെയും 13 സഖ്യകക്ഷികളുടെയും സ്ഥാനാര്‍ഥിയായി ആക്ടിങ് പ്രസിഡന്റ് നിക്കോളാസ് മഡുറോയും മുഖ്യ പ്രതിപക്ഷ സഖ്യമായ ഡെമോക്രാറ്റിക് യൂണിറ്റി ടേബിളിന്റെ സ്ഥാനാര്‍ഥിയായി മിറാന്‍ഡ സംസ്ഥാന ഗവര്‍ണര്‍ ഹെന്‍റിക് കാപ്രലിലെസും രജിസ്റ്റര്‍ചെയ്തു.

deshabhimani

No comments:

Post a Comment