Saturday, March 16, 2013
ജോര്‍ജിനെ പുറത്താക്കണം: കോണ്‍. നിയമസഭാകക്ഷിയോഗം
പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗത്തില്‍ എംഎല്‍എമാര്‍ ആവശ്യപ്പെട്ടു. യുഡിഎഫ് നേതാക്കളെക്കുറിച്ചുപോലും മോശം പരാമര്‍ശം നടത്തുന്ന ജോര്‍ജുമായി ഇനി മുന്നോട്ടു പോകാനാവില്ലെന്ന് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ യോഗത്തില്‍ വ്യക്തമാക്കി. ഈ വിഴുപ്പുഭാണ്ഡം ഇനിയും ചുമക്കാന്‍ കഴിയില്ല. ഇയാള്‍ക്കെതിരെ നടപടി വേണമെന്ന് മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ് എന്നിവരും ടി എന്‍ പ്രതാപന്‍, വി ഡി സതീശന്‍, ഷാഫിപറമ്പില്‍ തുടങ്ങിയിവരും ആവശ്യപ്പെട്ടു. ജോര്‍ജ് നല്‍കുന്ന വിപ്പ് അംഗീകരിക്കില്ലെന്ന് വി ഡി സതീശന്‍ വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കുന്ന വിപ്പ് അംഗീകരിക്കാം. ഇല്ലാതെ ഇയാള്‍ പറയുന്നത് കേള്‍ക്കില്ല. ഇയാള്‍ യുഡിഎഫിനുതന്നെ അപമാനമാണ്. ഇയാളെപ്പോലുള്ളവരെ താങ്ങുന്നവര്‍ നാറും. ഇയാളുമായി ഇനി തങ്ങള്‍ക്ക് യാതൊരു ബന്ധവും ഉണ്ടാവില്ലെന്നും എംഎല്‍എമാര്‍ പറഞ്ഞു.
ജോര്‍ജിന്റെ ഇടപെടല്‍ യുഡിഎഫിന് മൊത്തം നാണക്കേടായിട്ടുണ്ടെന്ന് ഷാഫിപറമ്പില്‍ പറഞ്ഞു. എവിടെപ്പോയാലും ഇയാളുടെ വാര്‍ത്തകള്‍മാത്രമാണ് പറയാനുള്ളത്. ഇത്തരം ചര്‍ച്ചകള്‍ മുന്നണിക്ക് കോട്ടമേയുണ്ടാക്കൂ. കേരള കോണ്‍ഗ്രസ് ഇയാളെ നിയന്ത്രിക്കണം. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കുവരെ അയോഗ്യത കല്‍പ്പിക്കുമെന്നാണ് ജോര്‍ജ് പറഞ്ഞുനടക്കുന്നത്. ജോര്‍ജ് ഇനിയും അനാവശ്യങ്ങള്‍ വിളിച്ചുപറയും. അത് സര്‍ക്കാരിന്റെ പ്രതിച്ഛായ തകര്‍ക്കുമെന്നും എംഎല്‍എമാര്‍ പറഞ്ഞു. ജോര്‍ജ് എല്ലാ അതിരുകളും വിട്ടാണ് പ്രവര്‍ത്തിക്കുന്നതെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സമ്മതിച്ചു. പറഞ്ഞുവിലക്കാനേ കഴിയുകയുള്ളു. പറയേണ്ട രീതിയിലെല്ലാം പറഞ്ഞിട്ടുണ്ട്. ശാസിച്ചിട്ടുണ്ട്. എന്നിട്ടും അനുസരിച്ചിട്ടില്ല. ഇതില്‍ നടപടിയെടുക്കേണ്ടത് അവരുടെ പാര്‍ടിയാണെന്നു പറഞ്ഞ് മുഖ്യമന്ത്രി കൈയൊഴിഞ്ഞു.
deshabhimani
Subscribe to:
Post Comments (Atom)
No comments:
Post a Comment