Thursday, March 21, 2013
എസ്എഫ്ഐക്കെതിരെ സംഘടിത കുപ്രചാരണം
തൃശൂര്‍ കേരളവര്‍മ കോളേജിലുണ്ടായ ചില അനിഷ്ടസംഭവങ്ങളുമായി ബന്ധപ്പെട്ട് എസ്എഫ്ഐക്കെതിരെ നടത്തുന്ന പ്രചാരണം വസ്തുതകള്‍ക്ക് നിരക്കാത്തതാണെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അറിയിച്ചു.
ഏകപക്ഷീയമായി എസ്എഫ്ഐയെ കരിവാരിത്തേക്കുന്ന പ്രചാരണങ്ങളാണ് എഐഎസ്എഫ് ജില്ലാ നേതൃത്വം നടത്തുന്നത്. കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറി എം കെ വൈശാഖിനെതിരെ വ്യക്തിഹത്യാപരമായി വ്യാജപരാതി ഉന്നയിച്ചതിനെ ചോദ്യം ചെയ്തതിനെത്തുടര്‍ന്ന് എഐഎസ്എഫ് ജില്ലാ കമ്മിറ്റിയംഗം ചില്ലോഗ് തോമസ് അച്യുതിന്റെ നേതൃത്വത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ ആശുപത്രിയില്‍ സന്ദര്‍ശിക്കാനെത്തിയ എസ്എഫ്ഐ സംസ്ഥാനകമ്മിറ്റിയംഗം കെ എസ് സെന്തില്‍കുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് കെ എസ് അനൂപ് എന്നിവരെയും വീട്ടിലേക്ക് പോവുകയായിരുന്ന കോളേജ് യൂണിയന്‍ ഫൈന്‍ ആര്‍ട്സ് സെക്രട്ടറി അശ്വിന്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ സഞ്ജയ് എന്നിവരെയും എഐഎസ്എഫ് പ്രവര്‍ത്തകര്‍ മര്‍ദിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാതെ ആക്രമിക്കപ്പെട്ടവരെ പിടികൂടുന്ന സമീപനമാണ് പൊലീസ് സ്വീകരിച്ചത്.
നഗരത്തില്‍ ചൊവ്വാഴ്ചയുണ്ടായ അക്രമപരമ്പര എഐഎസ്എഫ്, എഐവൈഎഫ് ജില്ലാ നേതൃത്വത്തിന്റെ അറിവോടുകൂടിയാണ്. നിരന്തര അക്രമത്തില്‍ നിന്നും എഐഎസ്എഫ്, എെഐവൈഎഫ് നേതൃത്വം പിന്മാറണം. എസ്എഫ്ഐ പ്രവര്‍ത്തകനായ അനുരാജിനെ എഐഎസ്എഫ് പ്രവര്‍ത്തകരായ സനല്‍, അനസ് തുടങ്ങിയവര്‍ ചേര്‍ന്ന് മര്‍ദിക്കുന്നത് ചാനലുകള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍നിന്ന് വ്യക്തമാണ്. ഇത് മറച്ചുവച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അക്രമകാരികളാണെന്ന് പ്രചരിപ്പിക്കുന്നത് അവജ്ഞയോടെ തള്ളിക്കളയണമെന്ന് എസ്എഫ്ഐ ജില്ലാ കമ്മിറ്റി അഭ്യര്‍ഥിച്ചു.
ഡിവൈഎഫ്ഐ സമ്മേളനം: മാധ്യമങ്ങള്‍ അപവാദം പ്രചരിപ്പിക്കുന്നു
തൃശൂര്‍: ഡിവൈഎഫ്ഐ ജില്ലാ സമ്മേളനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.
കുന്നംകുളത്ത് നടന്ന ജില്ലാ സമ്മേളനം വിജയകരമായാണ് സമാപിച്ചത്. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചതും ഐകകണ്ഠ്യേനയാണ്. ഭാരവാഹികളെക്കുറിച്ച് ഒരഭിപ്രായവ്യത്യാസവും സമ്മേളനത്തില്‍ ഉയര്‍ന്നില്ല. ഭാരവാഹികളാവുന്നതിന് സംഘടന നിശ്ചയിച്ച പ്രായപരിധിയും ലംഘിക്കപ്പെട്ടിട്ടില്ല. ഭാരവാഹി തെരഞ്ഞെടുപ്പില്‍ സംസ്ഥാനനേതൃത്വത്തിന് അഭിപ്രായവ്യത്യാസം ഉണ്ടെന്നും അതുമൂലമാണ് പൊതുസമ്മേളനത്തില്‍ വിട്ടുനിന്നതെന്നും കഥമെനഞ്ഞ മാധ്യമങ്ങള്‍ക്ക് ഡിവൈഎഫ്ഐ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനെ സംബന്ധിച്ച് നിശ്ചയമില്ലെന്ന് ബോധ്യമാകും. പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ നിശ്ചയിച്ച മുഴുവനാളുകളും പങ്കെടുത്തു. കഴിഞ്ഞ മൂന്നുവര്‍ഷവും സംഘടനയുടെ മെമ്പര്‍ഷിപ് വര്‍ധിച്ചിരിക്കയാണ്.
ഒറ്റ സമരംകൊണ്ട് ഉന്നയിക്കുന്ന എല്ലാ ആവശ്യങ്ങളും നേടിയെടുക്കാന്‍ കഴിയുമെന്ന് ഡിവൈഎഫ്ഐ കരുതുന്നില്ല. നിരന്തര പ്രക്ഷോഭങ്ങളും അതിലൂടെയുണ്ടാകുന്ന ബഹുജനപിന്തുണയുമാണ് സമരത്തിന്റെ വിജയം. പാലിയേക്കര ടോള്‍പ്ലാസ വിഷയത്തില്‍ ഡിവൈഎഫ്ഐ പ്രക്ഷോഭത്തിലാണ്. തുടര്‍ന്നും മുന്നോട്ട് കൊണ്ടുപോകണമെന്നാണ് ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം തീരുമാനിച്ചത്-ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
deshabhimani 210313
Labels:
എസ്.എഫ്.ഐ,
ഡി.വൈ.എഫ്.ഐ,
നുണപ്രചരണം
Subscribe to:
Post Comments (Atom)
No comments:
Post a Comment