സ്ത്രീകള്‍ക്കെതിരായ അക്രമം തടയാന്‍ സര്‍ക്കാര്‍ കാര്യക്ഷമാമായി ഇടപെടണമെന്നും അധികാരത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പുവരുത്തണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. ജസ്റ്റിസ് വര്‍മ കമീഷന്‍ റിപ്പോര്‍ട്ടില്‍ വെള്ളം ചേര്‍ക്കരുത്. സ്ത്രീകള്‍ക്കെതിരായ വിവേചനം കണക്കിലെടുത്ത് ലിംഗപരിഗണനയോടെ വേണം ഇതുമായി ബന്ധപ്പെട്ട നിയമം തയ്യാറാക്കാന്‍. ലൈംഗിക പീഡനത്തിന് ഇരയാക്കപ്പെടുന്ന സ്ത്രീകള്‍ക്ക് സംരക്ഷണവും പുനരധിവാസവും ഉറപ്പുവരുത്തണം തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ന്നു. സൂര്യനെല്ലിക്കേസില്‍ പെണ്‍കുട്ടിക്ക് നീതി നിഷേധിക്കുന്ന ഹൈക്കോടതി വിധി സുപ്രീംകോടതി തള്ളിയത് സ്ത്രീശാക്തീകരണത്തിന്റെ വിജയമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സുധ സുന്ദരരാമന്‍ പറഞ്ഞു. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് ജുഡീഷ്യറിയില്‍ അടക്കമുണ്ടാകുന്ന തിരിച്ചറിവിന്റെ ഭാഗമാണ് വിധി-സുധ പറഞ്ഞു. എഐഡിഎംഎഎം, എഐപിഡബ്ല്യുഎ, സിഡബ്ല്യുഡിഎസ്, ഫോഴ്സസ്, ജാഗരി, എംഡബ്ല്യുഎഫ്, എന്‍എഫ്ഐഡബ്ല്യു, നിരന്തര്‍, പുരോഗമി മഹിളാ സംഘതന്‍, സ്വസ്തിക് മഹിള, വൈഡബ്ല്യുസിഎ (ഡല്‍ഹി) തുടങ്ങിയ സംഘടനകളും അണിനിരന്നു.
സ്ത്രീ സുരക്ഷയില്‍ ആശങ്കയോടെ സഭയും
ന്യൂഡല്‍ഹി: പാര്‍ലമെന്റിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്ന നിയമം എത്രയുംവേഗം പാസാക്കണമെന്ന് അന്താരാഷ്ട്ര വനിതാദിനത്തില്‍ വനിതാ എംപിമാര്‍ ആവശ്യപ്പെട്ടു. സ്ത്രീകള്‍ക്കെതിരെ രാജ്യത്ത് വര്‍ധിച്ചുവരുന്ന അതിക്രമങ്ങളില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളിലും നടന്ന പ്രത്യേക ചര്‍ച്ചയില്‍ അംഗങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകള്‍ക്കെതിരായ അതിക്രമ കേസുകളില്‍ കുറ്റവാളികള്‍ക്ക് ശിക്ഷ ഉറപ്പാക്കണമെന്ന്അംഗങ്ങള്‍ ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ വെള്ളിയാഴ്ച ചോദ്യോത്തരവേള ഉപേക്ഷിച്ചായിരുന്നു പ്രത്യേകചര്‍ച്ച. സഭ ചേര്‍ന്നപ്പോള്‍ത്തന്നെ വനിതാദിനത്തെക്കുറിച്ച് അധ്യക്ഷന്‍ ഹമീദ് അന്‍സാരി പ്രസ്താവന നടത്തി. സാമൂഹിക- രാഷ്ട്രീയ- സാമ്പത്തിക മേഖലകളില്‍ വന്‍പുരോഗതി നേടാന്‍ സ്ത്രീകള്‍ക്കായിട്ടുണ്ടെങ്കിലും ലിംഗസമത്വം ഇന്നും വിദൂരസ്വപ്നമാണ്. പെണ്‍ഭ്രൂണഹത്യ, ദുരഭിമാനഹത്യ, സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന അതിക്രമം എന്നിവ ആശങ്ക ഉയര്‍ത്തുന്നു. ഈ വിഷയങ്ങളില്‍ ആത്മപരിശോധന അടിയന്തരമായി ആവശ്യമാണ്. വനിതാവകാശങ്ങള്‍ക്ക് അനുകൂലമായി പൊതു അഭിപ്രായം ഉണ്ടാകണം. സ്ത്രീകള്‍ക്ക് കഴിവുകള്‍ പൂര്‍ണതയില്‍ എത്തിക്കാനും അന്തസ്സോടെ ജീവിക്കാനും ജനങ്ങളുടെ നിലപാടുകളില്‍ മാറ്റംവരുത്തേണ്ടതുണ്ട്- അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധമനോഭാവത്തില്‍ മാറ്റമുണ്ടാകാതെ ആഘോഷങ്ങളില്‍ അര്‍ഥമില്ലെന്ന് ജയാബച്ചന്‍ (എസ്പി) പറഞ്ഞു. നിയമസംരക്ഷകര്‍തന്നെ സ്ത്രീകളെ അതിക്രമിക്കുന്ന സാഹചര്യമാണുള്ളത്. ബലാത്സംഗവും പീഡനവും ഗാര്‍ഹികപീഡനവും പൊതുസ്ഥലങ്ങളില്‍ സ്ത്രീകളെ കൈയേറ്റം ചെയ്യുന്നതുമെല്ലാം വര്‍ധിച്ചു. വലിയ ഉദ്ഘോഷങ്ങള്‍ നടത്തിയശേഷം പൊതുവേദിയില്‍ സ്ത്രീകളെ അപമാനിക്കുകയാണ് നിയമസംരക്ഷകര്‍- ജയാബച്ചന്‍ പറഞ്ഞു.
രാഷ്ട്രനിര്‍മാണത്തില്‍ സ്ത്രീകള്‍ക്ക് തുല്യപങ്കാളിത്തം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് വനിതാദിനം ആചരിക്കുന്നതെന്ന് സിപിഐ എം ഉപനേതാവ് പ്രശാന്ത ചാറ്റര്‍ജി പറഞ്ഞു. യഥാര്‍ഥത്തില്‍ ഇതിനുവിരുദ്ധമായാണ് കാര്യങ്ങള്‍. അതിക്രമം വര്‍ധിക്കുകയാണ്. ഒരേതൊഴിലിന് ഒരേകൂലിയെന്നത് ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു. ജാതിപഞ്ചായത്തുകളുടെ പ്രവര്‍ത്തനം ഭീതിപ്പെടുത്തുന്നവിധത്തിലാണ്. തൊഴിലിടങ്ങളിലും സ്ത്രീകള്‍ പീഡനങ്ങളെ അഭിമുഖീകരിക്കുന്നു. വനിതാബില്‍ ഇനിയും പാസാക്കാന്‍ കഴിഞ്ഞിട്ടില്ല. അതിനുള്ള മുന്‍കൈയെങ്കിലും സര്‍ക്കാര്‍ സ്വീകരിക്കണം- പ്രശാന്ത ചാറ്റര്‍ജി പറഞ്ഞു. അംബികാ സോണി, ഗുണ്ടു സുധാറാണി, രജനി പാട്ടീല്‍, സ്മൃതി ഇറാനി, ഡി രാജാ, നജ്മ ഹെപ്തുള്ള തുടങ്ങിയവര്‍ സംസാരിച്ചു. 2013 സ്ത്രീസുരക്ഷാവര്‍ഷമായി ആചരിക്കണമെന്ന് ലോക്സഭയില്‍ പ്രതിപക്ഷനേതാവ് സുഷമ സ്വരാജ് പറഞ്ഞു. ഗിരിജാ വ്യാസ്, ഹര്‍സിമ്രത് കൗര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വനിതാസുരക്ഷയ്ക്കായി നിയമം കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് സ്പീക്കര്‍ മീരാകുമാര്‍ പറഞ്ഞു. ഇവ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അവര്‍ അഭിപ്രായപ്പെട്ടു.
ന്യൂഡല്‍ഹി: "ഈ നഗരത്തില്‍ എന്റെ മകള്‍പോലും സുരക്ഷിതയല്ല"- ഇത് പറയുന്നത് ഡല്‍ഹി നിവാസിയായ ഒരു സാധാരണ രക്ഷിതാവല്ല. തലസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രി ഷീല ദീക്ഷിത് തന്നെയാണ്. ദേശീയ ചാനലായ എന്‍ഡിടിവിക്കു നല്‍കിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി തന്റെ ഉല്‍ക്കണ്ഠയും നിസ്സഹായതയും പ്രകടിപ്പിച്ചത്.
ഡല്‍ഹിയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നത് ഞെട്ടിപ്പിക്കുന്നു. രാജ്യത്താകമാനം ഇത് സംഭവിക്കുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളെ നിശ്ചയദാര്‍ഢ്യത്തോടെ നേരിടണം. ഡല്‍ഹിനഗരത്തിലെ നിയമവാഴ്ചയില്‍ താന്‍ സംതൃപ്തയല്ല. ഡല്‍ഹി കൂട്ട ബലാത്സംഗത്തിനുശേഷം നഗരത്തില്‍ സ്ത്രീകളുടെ സുരക്ഷ വര്‍ധിച്ചെന്ന് വിലയിരുത്താന്‍ തനിക്ക് കഴിയില്ല. പ്രധാനമന്ത്രിയോട് ഡല്‍ഹിയില്‍ സുരക്ഷ ഉറപ്പാക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മികച്ച സമാധാനപാലനം എന്നത് ഒരു മാന്ത്രികവിദ്യയല്ല. ഒരു തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരില്‍ ഒരാള്‍ക്കുമാത്രം ഒന്നും ചെയ്യാനാകില്ല. നിയമസംവിധാനത്തെക്കുറിച്ച് തനിക്ക് ഉല്‍ക്കണ്ഠയുണ്ട്. എന്നാല്‍, എല്ലാം തന്റെമാത്രം ഉത്തരവാദിത്തമല്ല. പരിമിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടു മാത്രമേ തന്റെ സര്‍ക്കാരിന് പലതും ചെയ്യാനാകൂ- അവര്‍ പറഞ്ഞു. ഡല്‍ഹിയില്‍ ദിവസവും നാല് പീഡനക്കേസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അവ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് നല്ലതാണെന്ന് പരിഹാസരൂപേണ ഷീല ദീക്ഷിത് പ്രതികരിച്ചു. സ്ത്രീകളെ സഹായിക്കാന്‍ ഹെല്‍പ്ലൈന്‍ തുടങ്ങുമെന്നും അവര്‍ പറഞ്ഞു.
deshabhimani 090313
No comments:
Post a Comment