Sunday, March 10, 2013

ബിജെപിയില്‍ ഉള്‍പ്പോര് കനത്തു


തങ്ങളുടെ പ്രതിനിധിയെ ബിജെപി സംസ്ഥാന പ്രസിഡന്റാക്കാനുള്ള നീക്കത്തിന് കനത്ത തിരിച്ചടിയേറ്റ ആര്‍എസ്എസ് നേതൃത്വം അണികള്‍ക്കിടയില്‍ മുഖം രക്ഷിക്കാന്‍ പടപുറപ്പാടില്‍. സംസ്ഥാന അധ്യക്ഷപദവി നിലനിര്‍ത്തുന്നതിന് പാര്‍ടി കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതില്‍ വിജയം കണ്ടതിന്റെ ആത്മവിശ്വാസത്തില്‍ ഇതിനെ ചോദ്യംചെയ്ത് മുരളിധരവിഭാഗവും സംസ്ഥാന ഭാരവാഹികള്‍ക്കായി പിടിമുറക്കിയതോടെ ബിജെപിയില്‍ ഉള്‍പ്പോര് കനത്തു. മഹിളാ മോര്‍ച്ച, യുവമോര്‍ച്ച, കര്‍ഷക മോര്‍ച്ച, പട്ടികജാതി മോര്‍ച്ച, 14 ജില്ലാ പ്രസിഡന്റുമാര്‍ എന്നിവരുടെ പട്ടികയെ ചൊല്ലിയാണ് ബിജെപി- ആര്‍എസ്എസ് പോര് വീണ്ടും മൂര്‍ഛിച്ചത്.

കഴിഞ്ഞദിവസം കൊച്ചിയില്‍ ആര്‍എസ്എസ് കാര്യാലയത്തില്‍ നടന്ന കോര്‍കമ്മിറ്റി യോഗത്തിലാണ് ആര്‍എസ്എസ് പിന്തുണയോടെ പി കെ കൃഷ്ണദാസ് വിഭാഗം ബിജെപിയില്‍ പിടിമുറക്കാന്‍ നീക്കം തുടങ്ങിയത്. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെ ഏകാധിപത്യ നടപടികള്‍ക്കെതിരെ ആഞ്ഞടിച്ച കൃഷ്ണദാസും കൂട്ടരും സംസ്ഥാന ഭാരവാഹിപ്പട്ടിക അവതിരിപ്പിച്ചു. എം എസ് കുമാര്‍, എ എന്‍ രാധാകൃഷ്ണന്‍, എം ടി രമേശ്, ബി രാധാകൃഷ്ണമേനോന്‍ തുടങ്ങിയവര്‍ അടങ്ങുന്നതാണ് പട്ടിക. കെ പി ശ്രീശന്‍, ശോഭാ സുരേന്ദ്രന്‍, കെ സുരേന്ദ്രന്‍ എന്നീ പ്രമുഖരടങ്ങുന്ന മുരളീധര വിഭാഗത്തിന്റെ പട്ടികയ്ക്ക് ബദലായാണ് കൃഷ്ണദാസ്വിഭാഗം പട്ടികയുമായി രംഗത്തെത്തിയത്. ഏകപക്ഷീയമായി ഭാരവാഹിപ്പട്ടിക അവതരിപ്പിച്ചതിനു ഇരുകൂട്ടരും യോഗത്തില്‍ ന്യായങ്ങള്‍ നിരത്തി. പ്രസിഡന്റിന്റെ അധികാരം ഉപയോഗിച്ച് തനിക്ക് പട്ടിക പ്രഖ്യാപിക്കാന്‍ അവകാശമുണ്ടെന്നാണ് മുരളീധരന്റെ ന്യായം. എന്നാല്‍ തെരഞ്ഞെടുക്കപ്പെടാത്ത പ്രസിഡന്റായതു കൊണ്ട് ബിജെപി ഭരണഘടനാപരമായി ഇതിനുള്ള അവകാശമില്ലെന്ന് മറുചേരി വാദിക്കുന്നു. ബൂത്തുതലം മുതല്‍ തെരഞ്ഞെടുപ്പ് പൂര്‍ത്തീകരിക്കാതെ നോമിനേറ്റ് ചെയ്യപ്പെട്ട വി മുരളീധരന്‍ വെറും അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് മാത്രമാണെന്ന് കൃഷ്ണദാസ് വിഭാഗം ആരോപിച്ചു.

കര്‍ണാടക ബിജെപിയില്‍ അഭിപ്രായഭിന്നത രൂക്ഷം

ബംഗളൂരു: കര്‍ണാടകത്തില്‍ ബിജെപിക്ക് പുതിയ അധ്യക്ഷനെ കണ്ടെത്തുന്നതില്‍ പ്രതിസന്ധി തുടരുന്നു. ഇതിനായി ശനിയാഴ്ച കോര്‍കമ്മിറ്റി യോഗം ചേര്‍ന്നെങ്കിലും തീരുമാനമുണ്ടായില്ല. മുതിര്‍ന്ന കേന്ദ്രനേതാക്കളായ അരുണ്‍ ജയ്റ്റ്ലി, ധര്‍മേന്ദ്രപ്രധാന്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു. കര്‍ണാടക ഉപമുഖ്യമന്ത്രികൂടിയായ കെ എസ് ഈശ്വരപ്പ രാജിവച്ചതോടെയാണ് പുതിയ പ്രസിഡന്റിനെ കണ്ടെത്തേണ്ടി വന്നത്. രണ്ടുദിവസത്തിനുള്ളില്‍ ദേശീയ പ്രസിഡന്റ് രാജ്നാഥ് സിങ്ങുമായി കൂടിക്കാഴ്ച നടത്തി ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന് മുന്‍ പ്രസിഡന്റ് ഈശ്വരപ്പ അറിയിച്ചു. മുന്‍ മുഖ്യമന്ത്രി ഡി വി സദാനന്ദഗൗഡയുടെ പേരാണ് അധ്യക്ഷസ്ഥാനത്തേയ്ക്ക് ഏറെ പരിഗണിക്കപ്പെട്ടത്. കേന്ദ്രനേതൃത്വത്തില്‍ വലിയൊരുവിഭാഗത്തിന്റെ പിന്തുണയും ഗൗഡയ്ക്കുണ്ട്.

എന്നാല്‍, ശനിയാഴ്ച ചേര്‍ന്ന യോഗത്തില്‍ എംപിമാരായ നളിന്‍കുമാര്‍ കാട്ടില്‍, പ്രഹ്ലാദ് ജോഷി, മന്ത്രി ഗോവിന്ദ കാര്‍ജോള്‍ എന്നിവര്‍ക്കുവേണ്ടിയും ശക്തമായ വാദങ്ങള്‍ നടന്നു. നേരത്തെ പരിഗണനയിലില്ലായിരുന്ന ആഭ്യന്തരമന്ത്രി ആര്‍ അശോകിന്റെ പേരും കോര്‍കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നുവന്നു. അശോകിനെയാണ് ആര്‍എസ്എസ് പിന്തുണയ്ക്കുന്നത്. ഈശ്വരപ്പ ജഗദീഷ് ഷെട്ടാര്‍ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായതോടെ ഒരാള്‍ രണ്ടു പദവി വഹിക്കുന്നതിനെച്ചൊല്ലി പാര്‍ടിയില്‍ ശക്തമായ അഭിപ്രായഭിന്നത രൂപപ്പെട്ടു. പകരം മറ്റൊരാളെ നിയമിക്കുന്നതിലും അഭിപ്രായവ്യത്യാസമുണ്ടായപ്പോള്‍ ഈശരപ്പയെ നിലനിര്‍ത്തുകയായിരുന്നു. നിയമസഭയിലേക്ക് മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയ സദാനന്ദഗൗഡ പാര്‍ടി അധ്യക്ഷപദവിയാണ് ലക്ഷ്യമിടുന്നത്.

deshabhimani 

No comments:

Post a Comment