Monday, March 11, 2013
നേരിട്ടുള്ള വിദേശനിക്ഷേപം 34% ഇടിഞ്ഞു
വിദേശനിക്ഷേപം ആകര്‍ഷിക്കാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ ആഭ്യന്തര ചെലവും ക്ഷേമപദ്ധതികളും വന്‍തോതില്‍ വെട്ടിക്കുറയ്ക്കുമ്പോഴും ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വന്‍ കുറവ്. 2012ല്‍ നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ 34 ശതമാനത്തിന്റെ കുറവാണ് അനുഭവപ്പെട്ടത്. വ്യവസായ പ്രോത്സാഹന വകുപ്പിന്റെ രേഖയിലാണ് ഈ വിവരം. 2011ല്‍ 3462 കോടി ഡോളറിന്റെ നേരിട്ടുള്ള വിദേശനിക്ഷേപം ഉണ്ടായി. ആഗോള സാമ്പത്തിക വ്യവസ്ഥയിലെ മാന്ദ്യമാണ് ഇന്ത്യയിലേക്കുള്ള നിക്ഷേപം കുറച്ചതെന്നാണ് വിലയിരുത്തല്‍.
ഇന്ത്യയുടെ പശ്ചാത്തലസൗകര്യ വികസനത്തിന് വന്‍തോതില്‍ വിദേശനിക്ഷേപം വേണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. പശ്ചാത്തലസൗകര്യ മേഖലയില്‍നിന്ന് സര്‍ക്കാര്‍ ക്രമേണ പിന്‍വാങ്ങുമ്പോള്‍ ആ സ്ഥാനത്തേക്ക് സ്വകാര്യനിക്ഷേപം, പ്രത്യേകിച്ച് വിദേശനിക്ഷേപം വരണമെന്നാണ് മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ കാഴ്ചപ്പാട്. എന്നാല്‍, വിദേശനിക്ഷേപത്തിലെ കുറവ് മന്മോഹന്സിങ്ങിന്റെയും ചിദംബരത്തിന്റെയും ഉറക്കം കെടുത്തുകയാണ്. ഉയര്‍ന്ന ധനകമ്മിയും അതിന് കാരണമാകുന്ന പൊതുചെലവും സബ്സിഡികളുമാണ് വിദേശനിക്ഷേപം വരാന്‍ തടസ്സമെന്ന് ആവര്‍ത്തിച്ചു പറയുകയും അതനുസരിച്ച് കേന്ദ്ര ബജറ്റിലും മറ്റ് നടപടികളിലും മാറ്റം കൊണ്ടുവരികയും ചെയ്തു. എന്നിട്ടും വിദേശനിക്ഷേപം വരുന്നില്ലെന്നു മാത്രമല്ല, മുന്‍വര്‍ഷത്തേക്കാള്‍ കുറയുകയും ചെയ്തു.
വരുന്ന അഞ്ച് വര്‍ഷം കൊണ്ട് ഒരു ലക്ഷം കോടി ഡോളര്‍ വിദേശനിക്ഷേപം ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. എന്നാല്‍, വരുന്ന അഞ്ച് വര്‍ഷം, ശരാശരി 5000 കോടി ഡോളറില്‍ കൂടുതല്‍ വിദേശനിക്ഷേപം എന്ന നിരക്കില്‍ ഇന്ത്യയിലേക്ക് വരുമെന്ന് ഇന്നത്തെ നിലയില്‍ കരുതാനാകില്ല. 2012ല്‍ വികസ്വര രാജ്യങ്ങളിലേക്ക് നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിച്ചുവെന്നാണ് വാണിജ്യം, വികസനം എന്നിവയ്ക്കായുള്ള ഐക്യരാഷ്ട്രസഭാ ഏജന്‍സിയായ അണ്‍ക്ടാഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വികസിത രാജ്യങ്ങളിലേക്കുള്ളതിനേക്കാള്‍ വിദേശനിക്ഷേപം വികസ്വരരാജ്യങ്ങളിലേക്ക് വന്നുവെന്നാണ് റിപ്പോര്‍ട്ട്. ലോകത്താകെ വിദേശനിക്ഷേപത്തില്‍ വന്ന കുറവ് 18 ശതമാനമെന്നാണ് കണക്കാക്കുന്നത്. എന്നാല്‍, ഇന്ത്യയിലേക്കുള്ള വിദേശനിക്ഷേപത്തിലെ കുറവ് ഇതിന്റെ ഇരട്ടിയോളമാണ്. വികസിതരാജ്യങ്ങളില്‍ നിന്നുള്ള ആവശ്യം കുറഞ്ഞതിനാല്‍ ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതിയില്‍ വലിയ ഇടിവുണ്ടായി. എന്നാല്‍, പെട്രോളിയം പോലുള്ള അവശ്യവസ്തുക്കള്‍ ഇന്ത്യക്ക് ഇറക്കുമതി ചെയ്യാതിരിക്കാനും വയ്യ. ഇതുമൂലം വിദേശവ്യാപാര കമ്മി അപകടകരമായി വര്‍ധിച്ചതും അതുമൂലം ഡോളറുമായി രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ കുറവും കേന്ദ്ര സര്‍ക്കാരിന് തുടര്‍ച്ചയായ തലവേദന സൃഷ്ടിക്കുകയാണ്. അതിന് പരിഹാരമായി കാണുന്നത് വിദേശനിക്ഷേപം ആകര്‍ഷിക്കലാണ്. അതിന് സഹായകമായി ആഭ്യന്തര ധനകാര്യ സംവിധാനങ്ങള്‍ ഉദാരവല്‍ക്കരിച്ച് വിദേശനിക്ഷേപകര്‍ക്ക് അനുകൂലമാക്കുന്നുമുണ്ട്. എന്നിട്ടും നിക്ഷേപം കുറയുന്നു.
(വി ജയിന്)
deshabhimani 110313
Labels:
വാർത്ത,
സാമ്പത്തികം
Subscribe to:
Post Comments (Atom)
No comments:
Post a Comment