Wednesday, March 6, 2013
പ്രത്യേക സാമ്പത്തിക സഹായവും പാക്കേജുകളും എവിടെ
ബജറ്റുകളില്‍ സംസ്ഥാനം അപമാനിക്കപ്പെട്ടപ്പോള്‍ അവകാശബോധമുണര്‍ന്ന് "ദ്വിദിനദൗത്യ"വുമായി ഡല്‍ഹിക്ക് കുതിച്ച മുഖ്യമന്ത്രിയും മന്ത്രിമാരും കേരളം നിരന്തരം ഉന്നയിക്കുന്ന പ്രത്യേക സാമ്പത്തികസഹായം, വിവിധ പാക്കേജുകള്‍ക്കുള്ള വിഹിതം തുടങ്ങിയവയെക്കുറിച്ച് മിണ്ടിയില്ല. കേന്ദ്രസര്‍ക്കാര്‍ അവഗണിച്ച സുപ്രധാനമായ ഈ ആവശ്യങ്ങള്‍ വീണ്ടും ഓര്‍മിപ്പിക്കാന്‍ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല. സംസ്ഥാനത്തിന്റെ സാമ്പത്തികാവശ്യങ്ങള്‍ ശക്തമായി അവതരിപ്പിക്കേണ്ട ധനമന്ത്രി കെ എം മാണി "ഡല്‍ഹിയാത്രാനാടക"ത്തിന് വിസമ്മതിച്ചു. ബജറ്റിന്റെ പണിപ്പുരയിലാണെന്നാണ് ഇതിനുള്ള വിശദീകരണം. മുസ്ലിംലീഗ് മന്ത്രിമാരും ഡല്‍ഹിയാത്രയില്‍നിന്ന് തടിയൂരി. എല്ലാം വാരിക്കൊണ്ടുവരുമെന്നായിരുന്നു ഡല്‍ഹിക്ക് പുറപ്പെടുമ്പോഴുള്ള വീരവാദം. പ്രധാനമന്ത്രിയെ കാണാനുള്ള അനുവാദംപോലും കിട്ടിയില്ലെങ്കിലും അവകാശവാദങ്ങള്‍ക്ക് കുറവില്ല. വെറും കൈയോടെ മടങ്ങുമ്പോഴും "എല്ലാം പിന്നാലെ വരും" എന്ന് മുഖ്യമന്ത്രി ആശ്വസിപ്പിക്കുന്നു.
21 കേന്ദ്രമന്ത്രിമാരെ കാണുമെന്നായിരുന്നു ഔദ്യോഗിക അറിയിപ്പ്. ഇവര്‍ക്കുമുമ്പില്‍ ഉന്നയിക്കുന്ന ആവശ്യങ്ങളുടെ പട്ടികയും മുന്‍കൂട്ടി പ്രസിദ്ധപ്പെടുത്തി. എന്നാല്‍, പതിവ് നിവേദനസമര്‍പ്പണത്തിനപ്പുറം കാര്യമായി ഒന്നും നടന്നില്ല. അതുകൊണ്ടുതന്നെയാണ് നേട്ടങ്ങളുടെ പട്ടിക നിരത്തുന്നതിനുപകരം ഉടനെ വരുമെന്ന പ്രതീക്ഷയില്‍ മുഖ്യമന്ത്രിക്ക് ഒതുങ്ങേണ്ടിവന്നത്. 12-ാം ധനകാര്യകമീഷന്‍ ശുപാര്‍ശപ്രകാരം സംസ്ഥാനത്തിന് ലഭിച്ച കേന്ദ്രവായ്പയില്‍ ബാക്കിയുണ്ടായിരുന്ന 2716 കോടി രൂപ എഴുതിത്തള്ളണമെന്ന ആവശ്യം കേരളം നേരത്തേ ഉന്നയിച്ചിരുന്നു. ഇത് അംഗീകരിച്ചില്ല. പിന്നീട് ഇക്കാര്യത്തില്‍ യുഡിഎഫ് സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയില്ല.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോഴിക്കോട് ദേശീയപാത ബൈപ്പാസുകള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ കേന്ദ്ര ഗതാഗതമന്ത്രാലയത്തോട് അധിക ധനസഹായം ചോദിച്ചിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് 3,000 കോടി രൂപയുടെ ധനസഹായം ലഭ്യമാക്കണമെന്ന ആവശ്യം കേന്ദ്രഷിപ്പിങ് മന്ത്രാലയത്തില്‍ പൊടിപിടിച്ചു കിടക്കുന്നു. ഊര്‍ജമേഖലയിലെ പരിഷ്കരണം-കെഎസ്ഇബി ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യതയ്ക്കുള്ള ധനസഹായം-പവര്‍ഹൗസുകളുടെ ആധുനികവല്‍കരണം എന്നിവയ്ക്കായി 2,000 കോടി രൂപ ചോദിച്ചിട്ട് ഏറെനാളായി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ ഭവനവായ്പാ ഇനത്തില്‍ നല്‍കിയ 458.86 കോടി രൂപ എഴുതിത്തള്ളാന്‍ ഹഡ്കോയ്ക്ക് നിര്‍ദേശം നല്‍കണമെന്ന ആവശ്യവും അംഗീകരിക്കപ്പെട്ടില്ല. ഗതാഗത രംഗത്തെ പരിഷ്കാരങ്ങള്‍ക്കും കെഎസ്ആര്‍ടിസിയുടെ പുനരുജ്ജീവനത്തിനുമായി 960 കോടിരൂപ മൂലധനഗ്രാന്റ് ഇനത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഗ്രാന്റിനു പകരം ഡീസല്‍ വില വര്‍ധിപ്പിച്ച് ഇരുട്ടടിയാണ് കിട്ടിയത്. കാസര്‍കോട് ജില്ലയിലെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പുനരധിവാസത്തിന് 477.11 കോടി രൂപ ഗ്രാന്റ് അനുവദിക്കുക, കൈത്തറിമേഖലയ്ക്ക് പ്രഖ്യാപിച്ച 3000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളല്‍ പദ്ധതിയുടെ ആനുകൂല്യം സംസ്ഥാനത്തിനും ബാധകമാകും വിധം വ്യവസ്ഥകളില്‍ ഇളവ് വരുത്തുക തുടങ്ങിയ ആവശ്യങ്ങളും ദീര്‍ഘകാലമായി കേന്ദ്രസര്‍ക്കാറിനു മുമ്പിലുണ്ട്. ഡല്‍ഹിദൗത്യത്തില്‍ ഇക്കാര്യങ്ങളിലൊന്നും ധാരണയുണ്ടായില്ല. കുട്ടനാട്, ഇടുക്കി പാക്കേജുകളുടെ അവസ്ഥയും ഇതുതന്നെ. 1840 കോടി രൂപ അടങ്കലുള്ള കുട്ടനാട് പാക്കേജിനായി 231 കോടി രൂപ മാത്രമാണ് ഇതിനകം അനുവദിച്ചത്. 136 കോടി രൂപ മാത്രമേ വിനിയോഗിച്ചിട്ടുള്ളു. 764 കോടി രൂപയാണ് ഇടുക്കി പാക്കേജിന്റെ അടങ്കല്‍. 110 കോടി രൂപ മാത്രം അനുവദിച്ചു. വിനിയോഗിച്ചത് 79 കോടിയാണ്.
deshabhimani 060313
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment