Tuesday, March 5, 2013
പ്രധാനമന്ത്രി കാണാന്‍ വിസമ്മതിച്ചു
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഏഴ് മന്ത്രിമാരുമടങ്ങുന്ന സംഘത്തെ കാണാന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് സമയം അനുവദിച്ചില്ല. മന്ത്രിസംഘം ഡല്‍ഹിയിലെത്തിയ ശേഷമാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടങ്ങിയത്. രണ്ട് ദിവസമായി പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചിരിക്കുന്നതിനാല്‍ പ്രധാനമന്ത്രി വലിയ തിരക്കിലല്ലാതിരുന്നിട്ടും കൂടിക്കാഴ്ചയ്ക്ക് സമയം നല്‍കിയില്ല.
ഒമ്പത് കേന്ദ്ര മന്ത്രിമാരുമായി സംസ്ഥാനവിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ട ഏതെങ്കിലും കാര്യത്തില്‍ ആരും വ്യക്തമായ ഉറപ്പ് നല്‍കിയില്ല. ഗൗരവമായി പരിഗണിക്കാമെന്ന മറുപടി മാത്രമാണ് ലഭിച്ചത്. റെയില്‍മന്ത്രി പവന്‍കുമാര്‍ ബന്‍സലുമായി മുഖ്യമന്ത്രിയടക്കമുള്ള മന്ത്രിമാര്‍ നടത്തിയ കൂടിക്കാഴ്ചയിലും പുതിയ ഒരു തീരുമാനവുമില്ല. കേരളത്തില്‍ നിന്നുള്ള ഇടതുപക്ഷ എംപിമാര്‍ക്കും യുഡിഎഫ് എംപിമാര്‍ക്കും നല്‍കിയ വാഗ്ദാനങ്ങളില്‍ കൂടുതലൊന്നും മുഖ്യമന്ത്രിക്ക് ലഭിച്ചില്ല. പാലക്കാട് കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഫാക്ടറി, പെനിന്‍സുലാര്‍ റെയില്‍വേ സോണ്‍, പുതിയ സര്‍വീസുകള്‍, ടൂറിസ്റ്റ് കോച്ചുകള്‍, പുതിയ പാത, പാത ഇരട്ടിപ്പിക്കല്‍ തുടങ്ങിയ ആവശ്യങ്ങളെല്ലാം ഉന്നയിച്ചു. റെയില്‍ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ കേരളത്തിന് അനുകൂലമായ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന പ്രതീക്ഷമാത്രമാണ് മുഖ്യമന്ത്രിക്കുള്ളത്. കെഎസ്ടിപിയുടെ രണ്ടാംഘട്ടം നടപ്പാക്കാന്‍ അടങ്കല്‍ തുകയുടെ പകുതികൂടി ആവശ്യമായി വരുന്നതുകൊണ്ട് അത്രയും തുക ലോകബാങ്ക് വായ്പയായി ലഭിക്കാന്‍ നടപടിയെടുക്കണമെന്ന് ധനമന്ത്രി ചിദംബരത്തോട് ആവശ്യപ്പെട്ടു. അതും പരിഗണിക്കാമെന്ന് മറുപടി കിട്ടി.
ചരക്കു സേവനനികുതി എത്രയും വേഗം നടപ്പാക്കണമെന്നായിരുന്നു മറ്റൊരു ആവശ്യം. റബറിന്റെ ഇറക്കുമതി തീരുവ വര്‍ധിപ്പിക്കണമെന്നും കേരളം ആവശ്യപ്പെട്ടു. കൊച്ചി-പാലക്കാട് ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് മാനുഫാക്ചറിങ് സോണ്‍ സ്ഥാപിക്കണമെന്ന് വാണിജ്യമന്ത്രി ആനന്ദ് ശര്‍മയോട് ആവശ്യപ്പെട്ടു. സ്ഥലം ഏറ്റെടുത്ത ഇടങ്ങളില്‍ ബൈപാസ് നിര്‍മാണം എത്രയും വേഗം ആരംഭിക്കണമെന്ന് ഉപരിതല ഗതാഗതമന്ത്രി സി പി ജോഷിയോട് ആവശ്യപ്പെട്ടു. മലയാളത്തിന് ക്ലാസിക്കല്‍ പദവി നല്‍കുന്ന കാര്യത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് സാംസ്കാരിക മന്ത്രി ചന്ദ്രകുമാരി കടോചിനോട് ആവശ്യപ്പെട്ടതെന്ന് ആദ്യം പറഞ്ഞ മുഖ്യമന്ത്രി പത്രസമ്മേളനത്തിന്റെ അവസാനം അത് തിരുത്തി. സാംസ്കാരിക മന്ത്രാലയം ഇക്കാര്യത്തില്‍ അനുകൂലമായ നിലപാടെടുത്തിട്ടുണ്ടല്ലോ എന്ന് ചൂണ്ടിക്കാട്ടിയപ്പോള്‍, അതിന് നന്ദി പറയാനാണ് മന്ത്രിയെ കണ്ടതെന്നായിരുന്നു മറുപടി.
കേരളത്തിന് 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത് അംഗീകരിച്ചുവെന്നും മുഖ്യമന്ത്രി ആദ്യം പറഞ്ഞു. ഉടന്‍ അടുത്തിരുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദ് മുഖ്യമന്ത്രിയെ തിരുത്തി. ഗൗരവമായി പരിഗണിക്കാമെന്ന് അറിയിച്ചിട്ടുണ്ടെന്ന്. ഒറീസയില്‍ ബൈതരണി കല്‍ക്കരിപ്പാടം അനുവദിക്കണമെന്ന് കേന്ദ്ര കല്‍ക്കരി മന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിനോട് വിമാനത്താവളത്തിലേക്ക് പോകുംവഴി ആവശ്യപ്പെടുമെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി ബസിന് സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കാന്‍ സൗകര്യംചെയ്യുന്ന കാര്യം പരിഗണനയിലാണെന്നായിരുന്നു ആര്യാടന്റെ മറുപടി. മറ്റ് പല മാര്‍ഗങ്ങളും ആരായുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. മന്ത്രി ഗണേഷ്കുമാറിന്റെ പ്രശ്നത്തില്‍ ഒന്നും പറയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രതിരോധമന്ത്രി എ കെ ആന്റണിയേയും സംഘം കണ്ടു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, കെ പി മോഹനന്‍, അനൂപ് ജേക്കബ് എന്നീ മന്ത്രിമാരും സംഘത്തിലുണ്ടായിരുന്നു.
(വി ജയിന്‍)
deshabhimani 060313
Labels:
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)

No comments:
Post a Comment