Monday, March 18, 2013

ചൈനീസ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ യത്നിക്കും: പുതുനേതൃത്വം


ചൈനയില്‍ പുതിയ മന്ത്രിസഭ

ചൈനയിലെ നേതൃമാറ്റത്തിന്റെ ഭാഗമായി പുതിയ മന്ത്രിസഭ നിലവില്‍വന്നു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ലീ കെഷിയാങ് നിര്‍ദേശിച്ച മന്ത്രിമാരെ പാര്‍ലമെന്റായ നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസ് അംഗീകരിച്ചു. ഴാങ് ഗവവോലി, ലിയു യാന്ദോങ്, വാങ് യാങ്, മാ കായ് എന്നിവരാണ് ഉപപ്രധാനമന്ത്രിമാര്‍. യാങ് ജിങ്ങിനെ മന്ത്രിസഭയുടെ സെക്രട്ടറി ജനറലായി നിയോഗിച്ചു. പീപ്പിള്‍സ് ബാങ്ക് ഗവര്‍ണറായി ഷൂ ഷ്യാച്വാനെയും ഓഡിറ്റര്‍ ജനറലായി ലിയു ജിയായിയെയും നിയമിക്കാനും 12-ാം പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ആറാം പ്ലീനറി സമ്മേനളം അനുമതി നല്‍കി.

വാങ് യി ആണ് പുതിയ വിദേശമന്ത്രി. പ്രതിരോധമന്ത്രിയായി ചാങ് വാങ്ക്വാന്‍, ധനമന്ത്രിയായ ലൂ ജിവേഗി, പരിസ്ഥതി സംരക്ഷണമന്ത്രിയായി ഷൂ ഷെങ്സിയാന്‍ എന്നിവര്‍ പ്രവര്‍ത്തിക്കും. പ്രസിഡന്റായി ഷീ ജിന്‍പിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് മറ്റ് സുപ്രധാനപദവികളിലും നേതൃമാറ്റം നടപ്പായത്. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി ജിന്‍പിങ്ങിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് പത്തുവര്‍ഷത്തിലൊരിക്കലുള്ള നേതൃമാറ്റം രാജ്യത്ത് നടപ്പാവുകയായിരുന്നു.

ചൈനീസ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ യത്നിക്കും: പുതുനേതൃത്വം

ചൈനീസ് സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ മഹത്തായ നവോത്ഥാനത്തിന് യത്നിക്കുമെന്ന് പുതിയ നേതൃത്വം. ആധിപത്യത്തിന് ശ്രമിക്കാതെ സൈനികമായും സാമ്പത്തികമായും രാജ്യത്തെ ശക്തിപ്പെടുത്തുമെന്നും അവര്‍ വ്യക്തമാക്കി. അടുത്ത പതിറ്റാണ്ടില്‍ ചൈനയെ നയിക്കേണ്ട ഉത്തരവാദിത്തം ഞായറാഴ്ച പുതുനേതൃത്വം ഔദ്യോഗികമായി ഏറ്റെടുത്തു. ചൈനയുടെ മഹത്തായ നവോത്ഥാനം സാര്‍ഥകമാക്കാനുള്ള പരിശ്രമം ശക്തമായി തുടരാന്‍ പ്രസിഡന്റ് ഷീ ജിന്‍പിങ് നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ സമാപന സെഷനില്‍ നടത്തിയ പ്രസംഗത്തില്‍ ആഹ്വാനംചെയ്തു.

ചൈനീസ് സ്വപ്നം മുഴുവന്‍ രാജ്യത്തിന്റേതുമാണ്. അതേസമയംതന്നെ ഓരോ പൗരന്റേതുമാണ്. ആ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ നാം ചൈനയുടെ സ്വന്തം പാത സ്വീകരിക്കണം. വികസനമെന്നത് മറ്റെന്തിനേക്കാളും പ്രാധാന്യമുള്ളതാണെന്ന തന്ത്രപ്രധാനമായ ചിന്ത പിന്തുടരണം. രാജ്യത്തിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാന്‍ ചൈനീസ് സേന ഇനിയും കരുത്താര്‍ജിക്കണം. ചൈനയുടെ സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ തുടര്‍ച്ചയായ സാമ്പത്തിക വികസനവും അനിവാര്യമാണ്. 130 കോടി ജനങ്ങളും ഈ ദൗത്യം മനസ്സില്‍ കരുതണം. വിവേകവും ശക്തിയുംകൊണ്ട് ഒത്തൊരുമിച്ച് മുന്നേറണം- ജിന്‍പിങ് പറഞ്ഞു. നവംബറിലെ പാര്‍ടി കോണ്‍ഗ്രസില്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജിന്‍പിങ്ങിന് രാജ്യത്തിന്റെ പ്രസിഡന്റും സൈനിക കമീഷന്‍ ചെയര്‍മാനുമായി സ്ഥാനമേല്‍ക്കാന്‍ കഴിഞ്ഞദിവസം പാര്‍ലമെന്റ് അനുമതി നല്‍കിയിരുന്നു. ചൈനയുടെ ഉയര്‍ച്ചയില്‍ ആരും ആശങ്കപ്പെടേണ്ടെന്നും മറ്റൊരു രാജ്യത്തിനുമേലും ആധിപത്യം സ്ഥാപിക്കാന്‍ തങ്ങള്‍ക്ക് ആഗ്രഹമില്ലെന്നും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ലീ കെചിയാങ് ആദ്യ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.

സ്വന്തം പരമാധികാരം സംരക്ഷിക്കുന്നതിലും മേഖലയുടെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിലും ചൈനയ്ക്ക് സുദൃഢമായ പ്രതിബദ്ധതയുണ്ട്. ഇത് മറ്റൊരാളെ വരുതിയില്‍നിര്‍ത്താന്‍ ഉദ്ദേശിച്ചുള്ളതല്ല. ആധുനികകാലത്ത് ഇഷ്ടമില്ലാത്ത കാര്യം മറ്റൊരാളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത് ഉചിതമാകില്ലെന്ന് സ്വന്തം അനുഭവങ്ങളില്‍നിന്നുതന്നെ ചൈനയ്ക്ക് ബോധ്യമുണ്ട്. സമാധാനപരമായ വികസനത്തിന് ചൈനയ്ക്ക് ഉറച്ച നിശ്ചയദാര്‍ഢ്യമുണ്ടെന്ന് അടിവരയിട്ടു വ്യക്തമാക്കുന്നതായി ലീ പറഞ്ഞു. സ്വന്തം പരമാധികാരം സംരക്ഷിക്കാനും സമാധാനപരമായ വികസനത്തിനുമുള്ള ചൈനയുടെ ആഗ്രഹം പരസ്പരവിരുദ്ധമല്ല. സത്യത്തില്‍, മേഖലയുടെ സുസ്ഥിരതയ്ക്കും ലോകസമാധാനത്തിനും ഇവ പ്രധാനമാണ്. വലിയ വികസ്വര രാജ്യമെന്ന നിലയിലുള്ള അന്താരാഷ്ട്ര കടമകള്‍ ചൈന നിര്‍വഹിക്കും. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ലോകത്തിന്റെ പുരോഗതിക്കും ആഗോള സമാധാനത്തിനുമായി മറ്റ് രാജ്യങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ചൈനയ്ക്ക് സന്തോഷമേയുള്ളൂ- ചൈനീസ് പ്രധാനമന്ത്രി വ്യക്തമാക്കി.

പ്രസിഡന്റായി ഷീ ജിന്‍പിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് മറ്റ് പദവികളിലും നേതൃമാറ്റം നടപ്പായത്. കഴിഞ്ഞ നവംബറില്‍ ചേര്‍ന്ന ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ടി കോണ്‍ഗ്രസാണ് ജനറല്‍ സെക്രട്ടറിയായി ജിന്‍പിങ്ങിനെ തെരഞ്ഞെടുത്തത്. തുടര്‍ന്ന് പത്തുവര്‍ഷത്തിലൊരിക്കലുള്ള നേതൃമാറ്റം രാജ്യത്ത് നടപ്പാവുകയായിരുന്നു. നേതൃമാറ്റത്തിന്റെ ഭാഗമായി നിലവില്‍വന്ന പുതിയ മന്ത്രിസഭയ്ക്ക് ശനിയാഴ്ചയാണ് 12-ാം പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ ആറാം പ്ലീനറി സമ്മേളനം അംഗീകാരം നല്‍കിയത്.

പൊതുപദവിയും പണമുണ്ടാക്കലും ഒരുമിച്ചുവേണ്ട

ഔദ്യോഗികപദവിയിലും നേതൃസ്ഥാനത്തുമിരുന്ന് പണമുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് ചൈനീസ് സര്‍ക്കാര്‍ വ്യക്തമാക്കി. പൊതുപദവിയും പണമുണ്ടാക്കലും ഒരുമിച്ച് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ടെന്ന് പ്രധാനമന്ത്രി ലീ കെചിയാങ് പറഞ്ഞു. അഴിമതി തുടച്ചുനീക്കാനും ജനങ്ങളുടെ വിശ്വാസം പുനഃസ്ഥാപിക്കാനും പ്രതിജ്ഞാബദ്ധമായ പ്രവര്‍ത്തനമാകും പുതിയ സര്‍ക്കാരിന്റേതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സംശുദ്ധമായ ഭരണത്തിന് സമൂഹത്തിന്റെയും മാധ്യമങ്ങളുടെയും ക്രിയാത്മക ഇടപെടലും സഹായവും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

പൊതുപദവിയില്‍ എത്തുന്നയാള്‍ ധനികനാകാനുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ സന്നദ്ധനായിരിക്കണം. പൊതുജനസേവനവും പണമുണ്ടാക്കലും പുരാതനകാലംമുതല്‍ക്കേ രണ്ട് വ്യത്യസ്തമായ വഴികളാണ്. നട്ടെല്ലുയര്‍ത്തി നില്‍ക്കാന്‍ സ്വയം സാധിക്കുന്ന വ്യക്തിക്കേ മറ്റുള്ളവരോടും നിവര്‍ന്നുനില്‍ക്കാന്‍ ആവശ്യപ്പെടാനാകൂ. അഴിമതിയും ക്രമക്കേടും തടയാന്‍ നിരീക്ഷണസംവിധാനം ശക്തമാക്കും. അഴിമതിക്കെതിരായ പോരാട്ടം സര്‍ക്കാരിന്റെ പ്രധാന ദൗത്യമാണ്. അഴിമതി കാട്ടിയാല്‍ പിടിക്കപ്പെടുമെന്ന് ഉറപ്പാക്കാന്‍ ആധുനിക ശബ്ദസംവിധാനം ഏര്‍പ്പെടുത്തും. പിടിക്കപ്പെടുന്നവരെ ശിക്ഷിക്കും. സര്‍ക്കാരിന്റെ പാഴ്ചെലവ് കുറച്ച് ജനങ്ങള്‍ക്ക് കൂടുതല്‍ സഹായം എത്തിക്കുമെന്നും ലീ കെചിയാങ് പറഞ്ഞു.

സര്‍ക്കാര്‍ ഉപയോഗത്തിനായി പുതിയ ഓഫീസുകള്‍ നിര്‍മിക്കാനും ഹാളുകളും ഗസ്റ്റ്ഹൗസുകളും പണിയാനും ഈ സര്‍ക്കാരിന്റെ കാലത്ത് പൊതുപണം ചെലവിടില്ല. നേതാക്കളുടെ വിദേശയാത്രകളും സര്‍ക്കാരിനായി വാഹനം വാങ്ങലും മറ്റും പരമാവധി കുറയ്ക്കും. കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്ന ഈ മാതൃക എല്ലാതലത്തിലുമുള്ള ഭരണസംവിധാനങ്ങളും പിന്തുടരണം. ജനങ്ങള്‍ക്ക് നന്നായി ജീവിക്കാന്‍ സര്‍ക്കാര്‍ ചെലവ് കുറയ്ക്കണമെന്നും പുതിയ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

deshabhimani 180313

No comments:

Post a Comment